Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊച്ചി പഴയ കൊച്ചിയായിരിക്കും, പക്ഷെ കൊച്ചിയിലെ കോൺഗ്രസ് പഴയ കോൺഗ്രസല്ല; ജോജു വിവാദത്തിലൂടെ തിരികൊളുത്തിയ ബോംബുകൾ മോഫിയാ കേസിൽ തെരുവിൽ സ്ഫോടനം സൃഷ്ടിക്കുന്നു; സമരതലസ്ഥാനമായി എറണാകുളം

കൊച്ചി പഴയ കൊച്ചിയായിരിക്കും, പക്ഷെ കൊച്ചിയിലെ കോൺഗ്രസ് പഴയ കോൺഗ്രസല്ല; ജോജു വിവാദത്തിലൂടെ തിരികൊളുത്തിയ ബോംബുകൾ മോഫിയാ കേസിൽ തെരുവിൽ സ്ഫോടനം സൃഷ്ടിക്കുന്നു; സമരതലസ്ഥാനമായി എറണാകുളം

വിഷ്ണു ജെ ജെ നായർ

 കൊച്ചി: എക്കാലത്തും കേരളത്തിൽ കോൺഗ്രസിന്റെ ശക്തിദുർഗമാണ് എറണാകുളം ജില്ല. എ ഗ്രൂപ്പിനും ഐ ഗ്രൂപ്പിനും വ്യക്തമായ സ്വാധീനമുള്ള ഇവിടെ ഇരുഗ്രൂപ്പുകളുടെയും ശക്തിപ്രകടനങ്ങൾക്കും വേദിയായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് തെരഞ്ഞെടുപ്പുകളായി അതല്ല സ്ഥിതി. പലപ്പോഴും ഒപ്പത്തിനൊപ്പം പിടിക്കാറുണ്ടെങ്കിലും പണ്ടത്തേത് പോലുള്ള ഏകപക്ഷീയവിജയങ്ങൾ അപൂർവമാണ്. പലപ്പോഴും കോൺഗ്രസിനുള്ളിലെ പടലപിണക്കങ്ങളും പ്രവർത്തനത്തിലുള്ള അലസതയുമൊക്കെയാണ് എറണാകുളത്ത് തിരിച്ചടിയായിരുന്നത്. എന്നാൽ എറണാകുളത്തിപ്പോൾ കോൺഗ്രസ് പഴയ പ്രൗഢി വീണ്ടെടുക്കുകയാണെന്നാണ് അടുത്തകാലത്തെ സംഭവവികാസങ്ങൾ നൽകുന്ന സൂചന.

ജില്ലയിൽ കോൺഗ്രസിന് നേതൃത്വം നൽകുന്ന നേതാക്കൾക്കിടയിലെ ഗ്രൂപ്പിനതീതമായ ബന്ധങ്ങൾ തന്നെയാണ് എറണാകുളത്തെ കോൺഗ്രസിന്റെ തിരിച്ചുവരവിന് വേദിയൊരുക്കുന്നത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ ബെന്നി ബെഹ്നാന് സീറ്റ് നിഷേധിച്ചപ്പോൾ പൊതുവേദിയിൽ പൊട്ടിക്കരഞ്ഞത് ഐ ഗ്രൂപ്പുകാരനായ ഹൈബി ഈഡനായിരുന്നു. മോഫിയാ വിഷയത്തിൽ പൊലീസ് സ്റ്റേഷന് മുന്നിൽ അൻവർ സാദത്ത് എംഎൽഎ ഒറ്റയ്ക്ക് സമരമാരംഭിച്ചപ്പോൾ ആദ്യം ഓടിയെത്തിയത് അയൽ മണ്ഡലത്തിലെ എംഎൽഎ ആയ റോജി ജോണും അയൽ എംപിയായ ഹൈബി ഈഡനുമാണ്. അത്രത്തോളം മാറിയിട്ടുണ്ട് എറണാകുളത്തെ കോൺഗ്രസ്. അതോടൊപ്പം പ്രവർത്തകർക്കൊപ്പം കട്ടയ്ക്ക് നിൽക്കുന്ന ഒരു യുവഡിസിസി പ്രസിഡന്റ് കൂടി എത്തിയതോടെ എറണാകുളത്തെ കോൺഗ്രസുകാർ ആവേശത്തോടെ തെരുവിലിറങ്ങുകയാണ്.

ഇക്കഴിഞ്ഞ ഡിസിസി പ്രസിഡന്റുമാരുടെ ലിസ്റ്റിൽ ഏറ്റവും പ്രായം കുറഞ്ഞ ഡിസിസി പ്രസിഡന്റുമാർ എറണാകുളത്തും മലപ്പുറത്തുമാണ്. എന്നാൽ ഇപ്പോൾ അവിടങ്ങളിൽ മാത്രമാണ് എന്തെങ്കിലും നടക്കുന്നതെന്നാണ് പ്രവർത്തകരുടെ അഭിപ്രായം. എറണാകുളത്ത് കോൺഗ്രസ് തിരിച്ചുവരവിന്റെ കാഹളം മുഴക്കിയത് ജോജു വിവാദത്തോടെയാണ്. സംഭവത്തിൽ കേരളീയസമൂഹത്തിൽ മിശ്രപ്രതികരണങ്ങൾ ഉണ്ടായെങ്കിലും സിപിഎമ്മിന്റെയും സംഘപരിവാറിന്റെയും സംയുക്ത സൈബർ ആക്രമണത്തെ പ്രതിരോധിക്കാൻ അന്ന് കോൺഗ്രസിനായി. മാത്രമല്ല കോൺഗ്രസ് എവിടെ എന്ന് ചോദിച്ചവരെ കൊണ്ട് സമരത്തിന്റെ തീവ്രത കൂടിപ്പോയെന്ന് മാറ്റി പറയിക്കാനും സാധിച്ചു.

പൊതുസമൂഹത്തിൽ മിശ്രപ്രതികരണങ്ങൾ ഉണ്ടായെങ്കിലും അതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് വേട്ടയാടിയപ്പോൾ നേതൃത്വം ഒപ്പം നിന്നതും തുടർന്ന് ടോണി ചമ്മിണി അടക്കമുള്ളവർ പിടി കൊടുക്കാൻ ആയിരങ്ങളുടെ അകമ്പടിയോടെ എത്തിയതുമെല്ലാം എറണാകുളത്തെ കോൺഗ്രസ് പ്രവർത്തകർക്ക് ആവേശമായെന്ന് നേതൃത്വം കണക്ക് കൂട്ടുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ റോഡ് തടഞ്ഞുകൊണ്ടുള്ള ഷൂട്ടിങ്ങുകൾ തടസപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചതും ആ ആവേശത്തിന്റെ അനുരണനങ്ങളായിരുന്നു.

പ്രതിപക്ഷനേതാവും കെപിസിസി വർക്കിങ് പ്രസിഡന്റും മുൻ യുഡിഎഫ് കൺവിനറുമടക്കം ജനപ്രതിനിധികളായിട്ടുള്ള ജില്ലയാണ് എറണാകുളം. മുതിർന്ന നേതാക്കളേയും യുവനേതാക്കളേയും ഒരു മാലയിൽ കോർത്ത മുത്തുകൾ പോലെ കൊണ്ടുപോകാൻ സാധിക്കുന്നു എന്നിടത്താണ് ഷിയാസിന്റെ വിജയം. ഒരു ഭാഗത്ത് കടുത്ത ഉമ്മൻ ചാണ്ടി ഭക്തനായ ടോണി ചമ്മിണിയേയും മറുഭാഗത്ത് രമേശ് ചെന്നിത്തലയുടെ അടുത്ത അനുയായി അൻവർ സാദത്തിനേയും ഉറപ്പിച്ചുനിർത്താൻ വിഡി സതീശന്റെ നോമിനിയായ ഷിയാസിന് കഴിയുന്നു. ജോജു വിഷയത്തിൽ ഗോഡ്ഫാദറായ വിഡി സതീശൻ തന്നെ തള്ളിപ്പറഞ്ഞപ്പോഴും ഷിയാസിന് കരുത്തായത് ഈ സർവസമ്മിതിയാണ്.

സമീപകാലത്ത് കേരളം കണ്ട ഏറ്റവും ശക്തമായ പ്രക്ഷോഭമാണ് മോഫിയ വിഷയത്തിൽ ആലുവയിൽ ഇപ്പോൾ നടക്കുന്നത്. ആലുവ എംഎൽഎ അൻവർ സാദത്ത് തുടങ്ങിവച്ച സമരം ഇന്ന് കേരളമാകെ ഏറ്റെടുക്കുംവിധം പടർന്നത് ഈഗോ ഏതുമില്ലാതെ എറണാകുളത്തെ എല്ലാ നേതാക്കളും ഒന്നിച്ചു നിന്നതുകൊണ്ടാണ്. ഇത് അൻവർ സാദത്തിന്റെ സമരമാണെന്ന് കരുതാതെ പൊതുപ്രശ്നമായി കണ്ട് എറണാകുളം ഡിസിസി മുന്നിൽ നിന്നും നയിക്കുന്നതുകൊണ്ടാണ്

.

നീണ്ട ഇടവേളയ്ക്കു ശേഷമാണ് കേരളത്തിൽ ഇത്തരത്തിൽ ഒരു പ്രതിഷേധ സമരം നടക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ നൂറിലധികം പ്രവർത്തകരാണ് ഇന്ന് മുദ്രാവാക്യം വിളികളോടെ പൊലീസ് ബാരിക്കേഡിന് നേരെ പാഞ്ഞടുത്തത്. ജലപീരങ്കികൾക്ക് പോലും ഇന്ന് പ്രവർത്തകരുടെ വർദ്ധിതവീര്യത്തെ തടുക്കാൻ കഴിഞ്ഞില്ലെന്നത് ആലുവ കണ്ടു. പ്രവർത്തകരെ പൊലീസിന് മുന്നിൽ ഇട്ടുകൊടുത്ത് മാറിനിൽക്കാതെ എംപിമാരായ ബെന്നി ബഹന്നാനും ഹൈബി ഈഡനും, എംഎൽഎമാരായ റോജി ജോണും അൻവർ സാദത്തും മറ്റു നേതാക്കളും സമരത്തിന് മുന്നിൽ തന്നെ നിന്നത് മാറുന്ന കോൺഗ്രസിന്റെ മുഖമായി.

നേതാക്കളുടെ ഉൾപ്പടെ തൂവെള്ള ഖദറിനു നിറം മാറി ചെളിവെള്ളത്തിന്റെ കളറു പിടിച്ചു. പ്രവർത്തകരും നനഞ്ഞു കുതിർന്നു. എന്നാൽ പ്രവർത്തകരോട് ശാന്തരാകാൻ ഡിസിസി പ്രസിഡന്റും നേതാക്കളും ആവശ്യപ്പെട്ട ആ നിമിഷം തന്നെ അതനുസരിക്കാൻ അവർ തയ്യാറായി. അച്ചടക്കത്തിന്റെ വാറോലകൾ കൊണ്ടല്ല, മുന്നിൽ നിന്നും നയിക്കാൻ, പ്രവർത്തകർക്ക് ഒപ്പം നിൽക്കാൻ, ആവേശം നൽകാൻ നേതാക്കളുണ്ടായാൽ അച്ചടക്കത്തോടെ പിന്നിൽ നിരക്കാൻ പ്രവർത്തകരുണ്ടാകും എന്നാണ് എറണാകുളം നൽകുന്ന പാഠം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP