Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സംഘടനാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ തർക്കം തുടങ്ങി; സമവായ സാഹചര്യം തള്ളിക്കളയാതെ സുധീരൻ; അത്തരം സാധ്യത ആരും തേടില്ലെന്ന് മുല്ലപ്പള്ളി; സുധീരനെ എ-ഐ ഗ്രൂപ്പുകൾ പിന്തുണക്കില്ല

സംഘടനാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ തർക്കം തുടങ്ങി; സമവായ സാഹചര്യം തള്ളിക്കളയാതെ സുധീരൻ; അത്തരം സാധ്യത ആരും തേടില്ലെന്ന് മുല്ലപ്പള്ളി; സുധീരനെ എ-ഐ ഗ്രൂപ്പുകൾ പിന്തുണക്കില്ല

ന്യൂഡൽഹി: കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ സമവായത്തിനുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ലെന്ന് കെപിസിസി അധ്യക്ഷൻ വി. എം. സുധീരൻ. കേരളത്തിൽ ബൂത്തുതലം മുതൽ വീണ്ടും സംഘടനാ തെരഞ്ഞെടുപ്പു നടത്തും. പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്മാരുടെ യോഗത്തിനു ശേഷമാണ് സുധീരന്റെ പ്രതികരണം.

രാഹുൽ ഗാന്ധിയുടെ നിലപാടിനെ തള്ളുന്നതാണ് സുധീരന്റെ പ്രതികരണം. പിസിസി അധ്യക്ഷന്മാരുടെ യോഗത്തിൽ പാർട്ടിക്കുള്ളിലേ സംഘടനാ സംവിധാനങ്ങളിൽ സമവായമല്ല മറിച്ച് തെരഞ്ഞെടുപ്പാണ് വേണ്ടതെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. കേരളത്തിൽ ഇതിനു മുമ്പും സമവായത്തിലൂടെ സംഘടനാ ഭാരവാഹികളെ കണ്ടെത്തിയിട്ടുണ്ടെന്നും സുധീരൻ ഓർമ്മിപ്പിച്ചു. പ്രവർത്തകർ സമവായത്തിലൂടെ ഭാരവാഹികളെ കണ്ടെത്തണമെന്നാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിനെ എതിർക്കില്ലെന്നും സുധീരൻ പറഞ്ഞു.

എന്നാൽ സുധീരന്റെ നിലപാടിനെ മുല്ലപ്പള്ളി രാമചന്ദ്രൻ തള്ളിപ്പറഞ്ഞു. നിലവിൽ അത്തരമൊരു ചർച്ച ഒരു തലത്തിലും ഇല്ലെന്നാണ് മുല്ലപ്പള്ളിയുടെ അഭിപ്രായം. അതിന്റെ സാധ്യതകൾ തേടില്ലെന്നും വ്യക്തമാക്കി. കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാണ് മുല്ലപ്പള്ളി. കേരളത്തിലെ കോൺഗ്രസുകാരുടെ പൊതുവികാരം മനസ്സിലാക്കിയാണ് അഭിപ്രായ പ്രകടനമെന്നും മുല്ലപ്പള്ളി സൂചന നൽകുന്നു

സമവായത്തിലൂടെ ഭാരവാഹികളെ കണ്ടെത്താനായിരുന്നു കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ പൊതു നിലപാട്. ഇതിനായി ബൂത്ത് തല യോഗം ചേർന്ന് അധ്യക്ഷന്മാരെ നിശ്ചയിക്കുകയും ചെയ്തു. അടുത്ത ഘട്ടത്തിലേക്ക് കെപിസിസി നീങ്ങിയപ്പോൾ എതിർപ്പുകൾ ശക്തമായി. മദ്യനയത്തിൽ സർക്കാരിനെതിരെ സുധീരൻ നിലപാട് എടുത്തതായിരുന്നു ഇതിന് കാരണം. ഇതോടെ എ-ഐ ഗ്രൂപ്പുകൾ സുധീരനെതിരെ നീങ്ങി. സമവായം വേണ്ട സംഘടനാ തെരഞ്ഞെടുപ്പ് മതിയെന്ന നിലപാടിലുമെത്തി.

കോൺഗ്രസ് ഹൈക്കമാണ്ടും സംഘടനാ തെരഞ്ഞെടുപ്പിനോട് അനുകൂല നിലപാട് എടുത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്നായിരുന്നു ഇത്. ഇതിലെ വിശദമായ ചർച്ചയാണ് രാഹുൽ ഗാന്ധി ഇന്ന് നടത്തിയത്. കോൺഗ്രസിൽ സമ്പൂർണ്ണ അഴിച്ചു പണിക്ക് സംഘടനാ തെരഞ്ഞെടുപ്പ് അനിവാര്യമാണെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്.

എന്നാൽ കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ സമവായമായാലും കുഴപ്പമില്ലെന്നാണ് സുധീരന്റെ നിലപാട്. കരുണാകരനൊപ്പമുള്ളവരെല്ലാം ഐ ഗ്രൂപ്പിൽ മടങ്ങിയെത്തിയതോടെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ആ വിഭാഗം ശക്തമായി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുകൂലിക്കുന്നവരും കരുത്തരാണ്. ഈ സാഹചര്യത്തിൽ കെ.പിസിസി പിടിക്കാൻ കടുത്ത മത്സരവും ഉണ്ടായേക്കും. അതുണ്ടായാൽ കെപിസിസി പദവിയിൽ സുധീരന്റെ സാധ്യതയും കുറയും.

അതുകൊണ്ട് കൂടിയാണ് സമവായത്തിലൂടെ സംഘടനാ തെരഞ്ഞെടുപ്പ് എന്ന നിർദ്ദേശത്തിൽ സുധീരൻ ഉറച്ച് നിൽക്കുന്നത്. എന്നാൽ എ-ഐ ഗ്രൂപ്പുകൾ വഴങ്ങില്ലെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP