Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202116Wednesday

കാനം രാജേന്ദ്രന്റെ ആശ്രിതവാത്സല്യം പാർട്ടിയെ നയിക്കുന്നത് തകർച്ചയിലേക്കോ? ചീഫ് വിപ്പ് നിയമനം അനവസരത്തിലെന്ന വാദവുമായി എതിർചേരി എത്തുമ്പോൾ ഒപ്പം നിന്ന് കയ്യടിച്ച അണികൾ പോലും കാനത്തിനെ കയ്യൊഴിയുന്നു; എതിർക്കുന്നവരെ തകർക്കുകയും ആശ്രിതർക്ക് അന്നദാതാവാകുകയും ചെയ്യുന്ന കാനം ശൈലിയിൽ പെട്ട പാർട്ടി പിളർപ്പിന്റെ വക്കിൽ

കാനം രാജേന്ദ്രന്റെ ആശ്രിതവാത്സല്യം പാർട്ടിയെ നയിക്കുന്നത് തകർച്ചയിലേക്കോ? ചീഫ് വിപ്പ് നിയമനം അനവസരത്തിലെന്ന വാദവുമായി എതിർചേരി എത്തുമ്പോൾ ഒപ്പം നിന്ന് കയ്യടിച്ച അണികൾ പോലും കാനത്തിനെ കയ്യൊഴിയുന്നു; എതിർക്കുന്നവരെ തകർക്കുകയും ആശ്രിതർക്ക് അന്നദാതാവാകുകയും ചെയ്യുന്ന കാനം ശൈലിയിൽ പെട്ട പാർട്ടി പിളർപ്പിന്റെ വക്കിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ ആശ്രിതവാത്സല്യം പാർട്ടിയെ നയിക്കുന്നത് തകർച്ചയിലേക്കോ?  സി കെ ചന്ദ്രപ്പന്റെ മരണത്തെ തുടർന്ന് പാർട്ടിക്കുള്ളിൽ തലപൊക്കിയ വിഭാഗീയത ചീഫ് വിപ്പ് നിയമനത്തോടെ എത്തിനിൽക്കുന്നത് പൊട്ടിത്തെറിയുടെ വക്കിൽ. വളരെ സീനിയറും പ്രഗത്ഭരുമായ പലരെയും വെട്ടിയാണ് കാനം രാജേന്ദ്രൻ തന്റെ കട്ടഅനുയായിയായ ഒല്ലൂർ എംഎൽഎ കെ രാജനെ ചീഫ് വിപ്പായി തീരുമാനിച്ചത്. സി ദിവാകരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെയും വനിതാ എംഎൽഎമാരെയും ഒഴിവാക്കി കാനം തന്റെ വിശ്വസ്ഥനെ തന്നെ സർക്കാർ ചീഫ് വിപ്പാക്കുകയായിരുന്നു. സി ദിവാകരൻ ഉൾപ്പെടെ മുതിർന്ന നാല് നേതാക്കൾ വിയോജിച്ചിട്ടും കാനം തന്റെ നിലപാടിൽ ഉറച്ചു നിന്നു.

2015 മാർച്ചിലാണ് കാനം രാജേന്ദ്രൻ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാകുന്നത്. വെളിയം ഭാർഗവൻ സംസ്ഥാന സെക്രട്ടറിയായിരിക്കുന്ന കാലഘട്ടത്തിൽ പാർട്ടിയുടെ നാവും തലച്ചോറും ആയിരുന്ന മുൻ മന്ത്രി കെ ഇ ഇസ്മായിലിനെ പിന്തള്ളിയാണ് കാനം സെക്രട്ടറി പദത്തിൽ എത്തിയത്. അപ്പോഴും പാർട്ടിയിലെ ശക്തരായ നേതാക്കൾ എല്ലാം ഇസ്മായിലിനും സി ദിവാകരനും ഒപ്പം ഉറച്ചു നിന്നു. സംസ്ഥാനത്ത് പാർട്ടിയുടെ ശക്തി കേന്ദ്രമായ കൊല്ലവും തൃശ്ശൂരും പോലും ഇസ്മായിൽ-സി ദിവാകരൻ പക്ഷത്തിനൊപ്പമായിരുന്നു. എന്നാൽ പാർട്ടിയോടുള്ള കൂറും അച്ചടക്കവും നേതാക്കൾ പാലിച്ചതിനാൽ വിഭാഗീയത കടുത്ത നിലപാടിലേക്ക് പോകാതെ നിന്നു.

അപ്പോഴും കാനത്തിനൊപ്പം ഉണ്ടായിരുന്നത് കുറച്ച് സതുതിപാടകർ മാത്രമായിരുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട വിവാദത്തിൽ പെട്ടതോടെ സി ദിവാകരനെ മൂലയ്‌ക്കൊതുക്കി കാനം കരുത്ത് തെളിയിച്ചു. അപ്പോഴും ഇസ്മായിൽ പക്ഷത്ത് വിള്ളൽ ഉണ്ടാക്കാനോ എതിർ ചേരിയിൽ നിൽക്കുന്നവരെ ഒപ്പം കൂട്ടാനോ കാനം ശ്രമിച്ചില്ല. പകരം എതിർചേരിയിലുള്ളവരെ വെട്ടിനിരത്താനാണ് കാനം കരുക്കൾ നീക്കിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അതിന് ശേഷം നടന്ന മന്ത്രിസഭാ രൂപീകരണത്തിലും കാനം വൈരാഗ്യബുദ്ധിയോടെ പ്രവർത്തിച്ചു. തെല്ലാം പാർട്ടി അച്ചടക്കത്തിന്റെ പേരിൽ അനുസരിച്ചെങ്കിലും അനവസരത്തിലെ ചീഫ് വിപ്പ് നിയമനം അംഗീകരിക്കാനാവില്ലെന്നാണ് പാർട്ടി അണികളുടെയും നിലപാട്.

പിണറായി ആകാൻ കഴിയാതെ കാനം

സിപിഎമ്മിലെ വിഭാഗീയതയെ ഇല്ലാതാക്കാൻ പിണറായി വിജയന് കഴിഞ്ഞിരുന്നു. വി എസ് പക്ഷത്ത് നിന്ന ഓരോ നേതാക്കളെയായി സ്വന്തം പക്ഷത്ത് എത്തിച്ചാണ് പിണറായി പാർട്ടിയിലെ കരുത്തനായത്. ഒടുവിൽ എതിർ ചേരി വി എസ് മാത്രമായി ഒതുങ്ങുകയായിരുന്നു. എന്നാൽ, സിപിഐയിൽ ആ നയം നടപ്പിലാക്കാൻ കാനത്തിന് താല്പര്യം ഉണ്ടായിരുന്നില്ല. എതിർ ചേരിയിൽ നിൽക്കുന്നവരെ രാഷ്ട്രീയമായി നശിപ്പിക്കുക എന്നതായിരുന്നു കാനത്തിന്റെ അജണ്ട. സിപിഐയുടെ പൊതു വികാരമായ സിപിഎം വിരുദ്ധത സമയാസമയങ്ങളിൽ ഊതിക്കത്തിച്ച് അണികളെ അടക്കി നിർത്തുന്നതിനും കാനം ശ്രദ്ധിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ എതിർ ചേരിയിൽ നിന്നും വെട്ടി നിർത്താൻ പറ്റുന്നവരെ പരമാവധി വെട്ടിയിട്ടും വി എസ് സുനിൽകുമാറിനും പാർട്ടി കൊല്ലം ജില്ലാ സെക്രട്ടറി ആർ രാമചന്ദ്രനും സി ദിവാകരനും ഉൾപ്പെടെയുള്ളവർക്ക് സീറ്റ് നൽകേണ്ടി വന്നു. സി ദിവാകരന് വിജയ സാധ്യത തീരെ കുറവുള്ള നെടുമങ്ങാട് മണ്ഡലമാണ് മത്സരിക്കാൻ നൽകിയതും. പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകുമെന്ന് പറയുമ്പോഴും സീനിയർ നേതാക്കളെ തഴഞ്ഞത് തന്നോട് വിധേയത്വം പുലർത്താത്തതിന്റെ കലിപ്പ് കാനം തീർക്കുകയായിരുന്നു.

തെരഞ്ഞെടുപ്പിൽ സിപിഐ 19 സീറ്റുകൾ നേടിയപ്പോഴും കാനം കലിയടക്കിയില്ല. സി ദിവാകരന് മന്ത്രിസ്ഥാനം നിഷേധിച്ചതിനൊപ്പം കൊല്ലം ജില്ലാ സെക്രട്ടറി ആയിരുന്ന ആർ രാമചന്ദ്രനെയും വെട്ടി. നിയമസഭയിലെ സീനിയർ അംഗമായ ബിജിമോൾ എംഎൽഎ ഉൾപ്പെടെയുള്ള വനിതകൾക്ക് മന്ത്രിസഭയിലേക്ക് യാതൊരു പരിഗണനയും നൽകിയില്ല. അപ്പോഴും പാർട്ടി അച്ചടക്കം ലംഘിക്കാൻ എതിർ ചേരിയിലെ നേതാക്കൾ തയ്യാരായില്ല. കാനത്തിന്റെ ആശ്രിത വാത്സല്യം കെ രാജു ഉൾപ്പെടെയുള്ളവർക്ക് മന്ത്രിപദം പ്രദാനം ചെയ്തപ്പോൾ കഴിവുറ്റ നേതാക്കൾ പലരും അപമാന ഭാരം സഹിച്ച് മിണ്ടാതെ നിന്നു.

2018ലെ പാർട്ടി സമ്മേളനങ്ങളോടെയാണ് കാനം പാർട്ടിയിൽ അണികൾക്കു പോലും അനഭിമതനായി തുടങ്ങുന്നത്. കൊല്ലവും എറണാകുളവും ഉൾപ്പെടെയുള്ള ജില്ലകളിൽ കാനം സ്വന്തം ആശ്രിതരെ സെക്രട്ടറി സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ശ്രമം നടത്തി. ജില്ലയിലെ മുഴുവൻ മണ്ഡലം കമ്മിറ്റികളും ഇസ്മയിൽ പക്ഷത്തിനൊപ്പമായിരുന്നിട്ടും, ജില്ലയിലെ മുഴുവൻ പാർട്ടി പ്രവർത്തകരും ആഗ്രഹിച്ചിട്ടും ഇസ്മയിൽ പക്ഷത്തിനൊപ്പം നിന്ന മുൻ പുനലൂർ എംഎൽഎ പി എസ് സുപാലിനെ ജില്ലാ സെക്രട്ടറിയാക്കാൻ കാനം അനുവദിച്ചില്ല. പല ജില്ലകളിലും കാനം പക്ഷം നിർദ്ദേശിച്ചവർക്ക് സ്ഥാനങ്ങൾ ലഭിക്കാത്ത അവസ്ഥയുണ്ടായി. അപ്പോഴും പാർട്ടി അച്ചടക്കം കൈവിടാൻ ഇരുപക്ഷത്തും നിൽക്കുന്നവർ തയ്യാറായിരുന്നില്ല.

എല്ലാ സീമകളും ലംഘിച്ച് ചീഫ് വിപ്പ് തീരുമാനം

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയവും ശബരിമല വിവാദത്തിലൂടെ പാർട്ടിക്ക് നഷ്ടമായ അടിത്തറയും വീണ്ടെടുക്കാൻ വേണ്ട പരിശ്രമങ്ങൾ നടത്തേണ്ട സമയത്ത് ചീഫ് വിപ്പിനെ നിയമിച്ചതോടെ പാർട്ടിയിൽ തർക്കം രൂക്ഷമായിരിക്കുകയാണ്. സംസ്ഥാന എക്‌സിക്യൂട്ടീവിൽ തന്നെ സി ദിവാകരൻ ഉൾപ്പെടെ നാലുപേർ തീരുമാനത്തെ എതിർത്തു. പാർട്ടിയെ ശക്തിപ്പെടുത്തുകയും സർക്കാരിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയുമാണ് വേണ്ടത് എന്ന് ഇവർ ചൂണ്ടിക്കാട്ടി. പാർട്ടി അംഗങ്ങലെ പോലും ഇത് പറഞ്ഞ് 'കൺവിൻസ്' ചെയ്യിക്കാനാകില്ല എന്നായിരുന്നു ഇവരുടെ നിലപാട്. എന്നാൽ, കെ രാജനെ ചീഫ് വിപ്പാക്കണം എന്ന നിർബന്ധ ബുദ്ധിയിൽ കാനം ഉറച്ചു നിൽക്കുകയായിരുന്നു.

ആദ്യം പിളരുക കൊല്ലം

പാർട്ടിയിൽ ആദ്യം പിളർപ്പുണ്ടാകുക കൊല്ലം ജില്ലയിൽ തന്നെയാകും. കഴിഞ്ഞ സമ്മേളനത്തിന് ശേഷം കൊല്ലം പിടിക്കാൻ കാനം നടത്തുന്ന ശ്രമങ്ങളിൽ താഴെ തട്ടിലുള്ള പ്രവർത്തകർ വരെ അസ്വസ്ഥരാണ്. കെ ഇ ഇസ്മായിലിനൊപ്പം ഉറച്ചുനിൽക്കുന്ന പി എസ് സുപാലിനെ ജില്ലാ സെക്രട്ടറി ആയി തെരഞ്ഞെടുക്കണം എന്ന പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും വികാരം മാനിക്കാൻ കാനം തയ്യാറായിരുന്നില്ല. പകരം തന്റെ ആശ്രിതനായ ആർ രാജേന്ദ്രനെ പിൻവാതിലിലൂടെ സെക്രട്ടറിയാക്കാനായിരുന്നു കാനം ശ്രമിച്ചത്. സമ്മേളനത്തിന് ശേഷം സംസ്ഥാന എക്‌സിക്യൂട്ടീവ് ചേർന്ന് ആർ രാജേന്ദ്രനെ സെക്രട്ടറിയായി തീരുമാനിച്ചിട്ടും ജില്ലാ കൗൺസിൽ ആ തീരുമാനം അംഗീകരിച്ചില്ല.

തെരഞ്ഞെടുപ്പ് സമയത്തുകൊല്ലം പാർലമെന്റ് മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയുടെ വിജയത്തിനായി സിപിഐ സംസ്ഥാന നേതാക്കൾ ഉൾപ്പെടെ പ്രവർത്തിച്ചില്ല എന്ന ആക്ഷേപവും നിലവിലുണ്ട്. മാവേലിക്കര പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ കൊല്ലം ജില്ലയിലെ ഒരു നിയോജകമണ്ഡലത്തിൽ പോലും പാർട്ടിക്ക് മുന്നിലെത്താനും കഴിഞ്ഞിരുന്നില്ല. പാർട്ടി സംസ്ഥാന സക്രട്ടറി തന്നെ ജില്ലയിൽ വിഭാഗീയത പ്രോത്സാഹിപ്പിക്കുന്നു എന്നാണ് പ്രവർത്തകർ പറയുന്നത്. ഇത്തരത്തിൽ മുന്നോട്ടു പോകാനാകില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പി എസ് സുപാലിനെ ജില്ലാ സെക്രട്ടറി ആക്കുകയും കെ രാജുവിന് പകരം ആർ രാമചന്ദ്രനെ മന്ത്രിസഭയിൽ എടുക്കുകയും വേണം എന്ന നിലപാട് കടുപ്പിച്ചാകും വരും ദിവസങ്ങളിൽ കൊല്ലം കാനത്തിനെ എതിർക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP