Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202330Thursday

കരുവന്നൂരിൽ ഇഡിയുടെ ലക്ഷ്യം വിജയിക്കാൻ പോകുന്നില്ല; തെറ്റു ചെയ്തവർക്കെതിരെ നടപടിയെടുക്കും; ഒരു പാത്രം ചോറിൽ ഒരു കറുത്ത വറ്റുണ്ടെങ്കിൽ ആകെ മോശമാണെന്നു പറയരുത്; പ്രതിപക്ഷത്തിന്റേത് സങ്കുചിത മനോഭാവം എന്നും മുഖ്യമന്ത്രി

കരുവന്നൂരിൽ ഇഡിയുടെ ലക്ഷ്യം വിജയിക്കാൻ പോകുന്നില്ല; തെറ്റു ചെയ്തവർക്കെതിരെ നടപടിയെടുക്കും; ഒരു പാത്രം ചോറിൽ ഒരു കറുത്ത വറ്റുണ്ടെങ്കിൽ ആകെ മോശമാണെന്നു പറയരുത്; പ്രതിപക്ഷത്തിന്റേത് സങ്കുചിത മനോഭാവം എന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സഹകരണ മേഖലയെ തകർക്കാൻ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി. കേരളത്തിന്റെ സഹകരണ മേഖല ചിലരുടെ ഉറക്കം കളയുകയാണ്. തെറ്റു ചെയ്തവർക്കെതിരെ നടപടിയെടുക്കും. ഒരു പാത്രം ചോറിൽ ഒരു കറുത്ത വറ്റുണ്ടെങ്കിൽ ആകെ മോശമാണെന്നു പറയരുത്. കരുവന്നൂർ ബാങ്കിനെതിരായ ആരോപണങ്ങൾ സർക്കാർ ഗൗരവത്തോടെയാണ് കണ്ടത്. അവിടുത്തെ പ്രശ്‌നങ്ങൾ ആദ്യം കണ്ടെത്തിയ കേന്ദ്ര ഏജൻസികളല്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സഹകരണ മേഖലയിലെ ക്രമക്കേടുകൾ തടയാൻ 50 വർഷം പഴക്കമുള്ള നിയമങ്ങൾ പരിഷ്‌കരിച്ചതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബാങ്കിനെ തകർച്ചയിൽനിന്ന് കരകയറ്റാനാണ് സർക്കാർ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചത്. ഇപ്പോഴത്തെ നീക്കങ്ങൾ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്ന് സംശയിക്കണം. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയം ഉയർന്നുവന്നപ്പോൾത്തന്നെ പൊലീസും ക്രൈംബ്രാഞ്ചും ക്രിയാത്മകമായി ഇടപെട്ടു. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുമ്പോഴാണ് ഇ.ഡി വന്നത്. എന്തായാലും ഇ.ഡിയുടെ ലക്ഷ്യം വിജയിക്കാൻ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കരുവന്നൂർ വിഷയത്തിൽ കേരളത്തിന്റെ സഹകരണ മേഖലയെ പരിഗണിച്ചേ നിലപാടെടുക്കാനാവൂ. കേരളത്തിലെ സഹകരണ പ്രസ്ഥാനം നാടിന് വലിയ സംഭാവന നൽകുന്നതാണ്. തെറ്റായ വഴിയിൽ സഞ്ചരിച്ചവർക്കെതിരെ നടപടി വേണം. 16000 ത്തിലേറെ സഹകരണ സംഘങ്ങൾ നാട്ടിലുണ്ട്. 98 ശതമാനവും കുറ്റമറ്റ രീതിയിലാണ് മുന്നോട്ട് പോകുന്നത്. 1.5 ശതമാനത്തിലാണ് ക്രമക്കേടുള്ളത്. സഹകരണ മേഖല കേരളത്തിൽ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. അത് സാധാരണ ജനത്തിന്റെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ബാങ്ക് അക്കൗണ്ട് നാട്ടിൽ സാർവത്രികമാക്കിയത് സഹകരണ സ്ഥാപനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ കൂടുതലായി ജനങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി മേഖലാ യോഗങ്ങൾ നടത്തും. ഒക്ടോബർ 3ന് എറണാകുളത്തും അഞ്ചിന് കോഴിക്കോട്ടും മേഖലാ യോഗങ്ങൾ നടത്തും. പദ്ധതികളുടെ അവലോകനമാകും ഈ യോഗങ്ങളുടെ മുഖ്യ അജൻഡ. അതിദാരിദ്ര്യ നിർമ്മാർജനം, ദേശീയപാത ഉൾപ്പെടെയുള്ള പദ്ധതികൾ ചർച്ച ചെയ്യും. പുരോഗതി ഇല്ലാത്ത പദ്ധതികൾ പ്രത്യേകം ചർച്ച ചെയ്യും. ഭരണാനുമതി ലഭ്യമാക്കേണ്ട പദ്ധതികൾക്ക് അത് ലഭ്യമാക്കുന്നതും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പ്രശ്‌നപരിഹാരം വേഗത്തിലാക്കാനാണ് മേഖലാ യോഗങ്ങൾ ചേരുന്നത്. 14 ജില്ലകളിൽ നിന്നായി 260 വിഷയങ്ങൾ അവലോകന യോഗത്തിലേക്ക് തിരഞ്ഞെടുത്തു. 241 വിഷയങ്ങൾ ജില്ലാതലത്തിൽത്തന്നെ പരിഹരിക്കും. മാലിന്യ നിർമ്മാർജനത്തിന് അവബോധം സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധമാണ്. 2025 നവംബർ ഒന്നിനു മുൻപ് സംസ്ഥാനത്തെ അതിദരിദ്ര മുക്തമാക്കും. 2024ൽ അതിദരിദ്ര നിർമ്മാർജനം 93 ശതമാനം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലൈഫ് ഭവനപദ്ധതിക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കാൻ കൂടുതൽ നടപടി സ്വീകരിക്കും. മുതലപ്പൊഴിയിൽ അപകടം ഇല്ലാതാക്കാൻ നടപടികൾ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷത്തിന് സങ്കുചിതഭാവം

കേരളീയം, നവ കേരള സദസ് തുടങ്ങിയ പരിപാടികളിൽ പ്രതിപക്ഷം പങ്കെടുക്കാത്തത് ദൗർഭാഗ്യകരമായ നിലപാടെന്ന് മുഖ്യമന്ത്രി. കേരളീയം രാഷ്ട്രീയ പരിപാടിയല്ല. അത് സംസ്ഥാനത്തിന്റെ തനതായ നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന പരിപാടിയെ സങ്കുചിതമായി കാണേണ്ട എന്ത് കാര്യമാണ്. പ്രതിപക്ഷം ഇത്തരം പരിപാടികൾ ബഹിഷ്‌കരിക്കുന്നതാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്തിനെയും ധൂർത്ത് എന്ന് പറഞ്ഞ് ആക്ഷേപിക്കുകയാണ് പ്രതിപക്ഷം. നാടിന്റെ മുന്നോട്ട് പോക്കിന് നവകേരള സൃഷ്ടിക്കുള്ള യാത്രയിൽ കരുത്തേകുന്ന പരിപാടിയാണ് കേരളീയം അടക്കമുള്ളവയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവയെല്ലാം സർക്കാർ പരിപാടിയായി നടക്കും. സ്‌പോൺസർഷിപ്പ് വന്നാൽ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിന്റെ നേട്ടങ്ങൾക്ക് ജനങ്ങളിലേക്കെത്തിക്കാനാണ് മേഖലാ യോഗങ്ങൾ സംഘടിപ്പിക്കുന്നത്. സർക്കാരിന്റെ പല പദ്ധതികളുടെയും അവലോകനം മേഖലാ യോഗങ്ങളിൽ നടക്കുന്നുണ്ട്. ദാരിദ്ര്യ നിർമ്മാർജ്ജനവും സർക്കാരിന്റെ നാല് മിഷനുകളുടെയും വികസന പദ്ധതികളും വിശദീകരിക്കും. ജനങ്ങളെ പരിഗണിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ജനങ്ങളെ കേട്ട് സർക്കാരിന്റെ ഭാവിയിലെ പ്രവർത്തനത്തിന് കൂടുതൽ സഹായകരമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP