Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാണിയെ തൊട്ടുകളിക്കേണ്ടെന്ന് വീക്ഷണത്തോട് ഉമ്മൻ ചാണ്ടിയും സുധീരനും; യുഡിഎഫിലെ സമുന്നതനായ നേതാവാണ് മാണിയെന്ന് മുഖ്യമന്ത്രി; ഇത്തരം ലേഖനങ്ങൾ വേണ്ടെന്ന് പാർട്ടി പത്രത്തോട് കെപിസിസി പ്രസിഡന്റ്

മാണിയെ തൊട്ടുകളിക്കേണ്ടെന്ന് വീക്ഷണത്തോട് ഉമ്മൻ ചാണ്ടിയും സുധീരനും; യുഡിഎഫിലെ സമുന്നതനായ നേതാവാണ് മാണിയെന്ന് മുഖ്യമന്ത്രി; ഇത്തരം ലേഖനങ്ങൾ വേണ്ടെന്ന് പാർട്ടി പത്രത്തോട് കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം: കോൺഗ്രസിന്റെ പാർലമെന്റ് അംഗത്തെ വിമർശിച്ച് വീക്ഷണം മുഖപ്രസംഗമെഴുതിയാൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കെപിസിസി. അധ്യക്ഷൻ വി എം സുധീരനും മിണ്ടാതിരിക്കാം. എന്നാൽ കേരളാ കോൺഗ്രസ് നേതാവ് കെഎം മാണിയെ ഉപദേശിച്ച് നേർ വഴിക്കാൻ വീക്ഷണം ശ്രമിച്ചാൽ പോലും ഉമ്മൻ ചാണ്ടിയും സുധീരനും പാർട്ടി പത്രത്തെ തള്ളിപ്പറയും. ഇതാണ് യഥാർത്ഥ നിലനിൽപ്പ് രാഷ്ട്രീയം. 

രണ്ട് ദിവസം മുമ്പ് ശശി തരൂർ എംപിയുടെ മോദി സ്തുതിയെ വീക്ഷണം വിമർശിച്ചു. കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കാകെ ആ എഡിറ്റോറിയൽ പിടിച്ചു. ഇതോടെ ആവേശം കൂടിയ വീക്ഷണം ധനമന്ത്രി മാണിയെ പിടിച്ചു. ഇടതു പാളയത്തിലേക്ക് പോയാലുണ്ടാകാവുന്ന നഷ്ടങ്ങളാണ് മാണിക്ക് വീക്ഷണം ചൂണ്ടിക്കാട്ടി കൊടുത്തത്. കേരളാ കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ ചെറുതായി വിമർശിക്കുകയും ചെയ്തു.

എന്നാൽ കേരളാ കോൺഗ്രസ് (എം)നെ വിമർശിച്ചു കൊണ്ട് കോൺഗ്രസ് മുഖപത്രമായ വീക്ഷണം പ്രസിദ്ധീകരിച്ച ലേഖനത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി എം.സുധീരനും പരസ്യമായി തന്നെ തള്ളിപ്പറഞ്ഞു. വീക്ഷണത്തിലെ ലേഖനത്തോട് യോജിക്കുന്നില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. കെ.എം.മാണി യു,ഡി.എഫിന്റെ സമുന്നതനായ നേതാവാണ്. അദ്ദേഹത്തെ വിമർശിച്ചത് ശരിയായില്ല. മുതിർന്ന നേതാക്കൾക്കെതിരായ പരാമർശങ്ങൾ ഒഴിവാക്കേണ്ടതാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. പാർട്ടിയുടെ നിലപാടല്ല അത് വെറുമൊരു ലേഖനം മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

കോൺഗ്രസാണ് ഭരണത്തിന് നേതൃത്വം നൽകുന്നത്. ഘടകക്ഷികളെ വിശ്വാസത്തിലെടുത്താണ് ഭരണം കൊണ്ടു പോകുന്നത്. ഘടകകക്ഷി നേതാക്കൾക്ക് എല്ലാ ബഹുമാനവും നൽകേണ്ടതാണ്. അതിനെതിരായി ഒന്നും കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ല. വീക്ഷണത്തിൽ വന്നത് ഒരു ലേഖനം മാത്രമാണെന്നാണ് അറിയുന്നത്. എന്നാലും അത് ഒഴിവാക്കേണ്ടതായിരുന്നു-ഉമ്മൻ ചാണ്ടി കോട്ടയത്ത് വിശദീകരിച്ചു

വീക്ഷണം പത്രത്തിൽ വന്ന ലേഖനം പാർട്ടിയുടെ അറിവോടെയല്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം.സുധീരനും തിരുവനന്തപുരത്ത് വിശദീകരിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. യു.ഡി.എഫിലെ പ്രധാന കക്ഷിയുടെ നേതാവാണ് കെ.എം.മാണി. അദ്ദേഹത്തിന്റെ സേവനങ്ങളെ ആദരവോടെ കാണുന്നതായും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി. 

കേരളാ കോൺഗ്രസ് നാണം കുണുങ്ങരുത് എന്ന പേരിലാണ് വീക്ഷണം ലേഖനം പ്രസിദ്ധീകരിച്ചത്. മാണി എൽ.ഡി.എഫിൽ പോവുകയാണെങ്കിൽ അതോടെ കേരളാ കോൺഗ്രസ് തകരുമെന്നും ലേഖനം വിശദീകരിച്ചിരിക്കുന്നു. ഇതിന് മറുപടിയായി മാണിയെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്നായിരുന്നു പാർട്ടി വാരികയായ പ്രതിച്ഛായയിലൂടെ കേരളാ കോൺഗ്രസ് തിരിച്ചടിച്ചത്. 

അമ്പതിൽ നാണം കുണുങ്ങരുത് എന്ന തലക്കെട്ടോടെ എഡിറ്റോറിയൽ പേജിൽ വന്ന ലേഖനത്തിലാണ് കേരള കോൺഗ്രസിനെതിരേ വീക്ഷണം രൂക്ഷ വിമർശനം ഉന്നയിച്ചത്. കേരള കോൺഗ്രസുകൾ അടിസ്ഥാനപരമായി കമ്യൂണിസ്റ്റ് വിരുദ്ധരെന്നും കമ്യൂണിസ്റ്റുകളുമായി അധികാരം പങ്കിട്ടാൽ പാർട്ടി തകരുമെന്നും വീക്ഷണം അടിവരയിടുന്നു. മാണിയുടെ പാർട്ടി നിലനിൽക്കുന്നത് കോൺഗ്രസ് ബന്ധം മൂലമാണ്. ഈ അടുത്ത കാലത്ത് കമ്യൂണിസ്റ്റ് നേതാക്കൾ കേരള കോൺഗ്രസിനെ ചൂണ്ടയിടാൻ നോക്കിയിട്ടുണ്ട്. അപ്പോഴേല്ലാം തകർപ്പൻ പ്രസ്താവനകൾ നടത്താൻ കെഎം മാണി ശ്രമിച്ചിട്ടില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ടെന്നും വീക്ഷണം ഓർമ്മപ്പെടുത്തിയിരുന്നു. 

വീക്ഷണം ലേഖകന്റെ ഇംഗിതം അനുസരിച്ചല്ല കേരള കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നായിരുന്നു പ്രതിച്ഛായയിലൂടെ കേരളാ കോൺഗ്രസ് തിരിച്ചടിച്ചത്. രാഷ്ട്രീയ തീരുമാനം എടുക്കുമ്പോൾ അടിസ്ഥാനവർഗത്തിന്റെ താൽപര്യമാണ് പാർട്ടി കൈക്കൊള്ളുന്നത്. ഏതെങ്കിലും പാർട്ടിക്കൊപ്പം ചേർന്നാൽ കേരള കോൺഗ്രസ് തകർന്നുപോകുമെന്ന ജൽപ്പനം പുച്ഛത്തോടെ അവഗണിക്കുകയാണെന്നും വ്യക്തമാക്കി. ഏത് മുന്നണിയിൽ തുടരണമെന്ന് പാർട്ടി തീരുമാനിക്കും. ഇക്കാര്യത്തിൽ ആരുടെയും ഉപദേശം ആവശ്യമില്ലെന്നും എന്തു തീരുമാനവും യുക്തമായ സമയത്ത് എടുക്കാനും നടപ്പാക്കുനുമുള്ള തന്റേടം പാർട്ടിക്കുണ്ടെന്നും ലേഖനം വ്യക്തമാക്കുന്നു. 

മുഖ്യമന്ത്രി കസേര മോഹവുമായി മാണി മറുകണ്ടം ചാടുമെന്ന ഊഹാപോഹങ്ങൾക്കിടെയാണ് വീക്ഷണം ലേഖനം പ്രസിദ്ധീകരിച്ചത്. കോൺഗ്രസ് മുഖപത്രത്തിൽ വന്ന ലേഖനത്തിനെതിരെ കേരളാ കോൺഗ്രസ് നേതാക്കളും രംഗത്ത് എത്തി. ഇടതുമുന്നണിയിലേക്ക് മാറി കോൺഗ്രസിന് തിരിച്ചടി നൽകണമെന്ന അഭിപ്രായവും കേരളാ കോൺഗ്രസിൽ ഉയർന്നിട്ടുണ്ട്. എന്നാൽ പാർട്ടി ചെയർമാൻകൂടിയായ മാണി ഇക്കാര്യങ്ങളിൽ ആരോടും വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP