Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്ര ഏജൻസികളുടെ വിരട്ടൽ കേരളത്തിൽ നടക്കില്ല; നേരായ കളി കളിക്കണമെന്നും മറിച്ചായാൽ ക്ഷീണിക്കുമെന്നും മുഖ്യമന്ത്രി; കോൺഗ്രസിന്റെയും ബിജെപിയുടെയും നുണയ്ക്ക് അധിക നാൾ ആയുസ്സുണ്ടാകില്ലെന്നും പിണറായി; കൊടുവള്ളിയിൽ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചത് നഗരസഭയുടെ എതിർപ്പ് വകവയ്ക്കാതെ

കേന്ദ്ര ഏജൻസികളുടെ വിരട്ടൽ കേരളത്തിൽ നടക്കില്ല; നേരായ കളി കളിക്കണമെന്നും മറിച്ചായാൽ ക്ഷീണിക്കുമെന്നും  മുഖ്യമന്ത്രി;  കോൺഗ്രസിന്റെയും ബിജെപിയുടെയും നുണയ്ക്ക് അധിക നാൾ ആയുസ്സുണ്ടാകില്ലെന്നും പിണറായി;  കൊടുവള്ളിയിൽ  കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചത് നഗരസഭയുടെ എതിർപ്പ് വകവയ്ക്കാതെ

ജാസിം മൊയ്തീൻ

കൊടുവള്ളി: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഏജൻസികളുടെ ഭീഷണികൾ മറ്റുപലയിടങ്ങളിലും വിലപ്പോവുമായിരിക്കും എന്നാൽ അത് കേരളത്തിൽ നടക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊടുവള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച കേരള പര്യടനത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് വയനാട് ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലെ യോഗങ്ങളിൽ പങ്കെടുത്തതിന് ശേഷമാണ് മുഖ്യമന്ത്രി കൊടുവള്ളിയിലെത്തിയത്. കോഴിക്കോട് ജില്ലയിലെ ആദ്യ കേന്ദ്രമായിരുന്നു കൊടുവള്ളി. കേരളം വിരട്ടലിന് പറ്റിയ മണ്ണല്ല. കേരളത്തിന്റെ വികസനത്തിന് തടയിടാനാണ് ഇവിടുത്തെ ബിജെപിയും യുഡിഎഫും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര ഏജൻസികൾ നേരായ കളി കളിക്കണമെന്നും മറിച്ചായാൽ ക്ഷീണിക്കുമെന്നും കേന്ദ്ര ഏജൻസികൾക്ക് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

കോൺഗ്രസും യുഡിഎഫും ബിജെപിയും നേരുപേക്ഷിച്ച് നുണയെ ആശ്രയിക്കുകയാണ്. അവർ വലിയ തോതിൽ നുണ പ്രചരിപ്പിക്കുകയാണ്. ഒരു നുണ നൂറ് പ്രാവശ്യം പറഞ്ഞാൽ അത് സത്യമാകുമെന്നാണ് അവർ കരുതുന്നത്. അപ്പോൾ നമ്മൾ ശ്രമിക്കേണ്ടത് യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാനാണെന്നും നുണയ്ക്ക് അധിക നാൾ ആയുസ്സുണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഇവിടുത്തെ ജനങ്ങൾ കണക്കാക്കിയത് ഇന്നത്തെ കേരളത്തിനൊരു മാറ്റം വേണം എന്നായിരുന്നു. കാരണം ഒരുപാട് നല്ല പേര് സമ്പാദിച്ചൊരു നാട് അന്ന് ദുഷ്‌പേര് സമ്പാദിക്കുന്ന സ്ഥിതിയിലേക്കെത്തിയിരുന്നു. വികസന മുരടിപ്പായിരുന്നു ഉണ്ടായിരുന്നത്. നല്ലതെല്ലാം പോയി കെട്ടകാര്യങ്ങൾ മാത്രമേ കേൾക്കാൻ ഉണ്ടായിരുന്നുള്ളു. അതിന് മാറ്റം വന്നത് കേരളത്തിൽ ഇടതുപക്ഷം എത്തിയതിന് ശേഷമാണ്.എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തി കുറച്ചുനാളുകൾക്കുള്ളിൽ തന്നെ പ്രകടമായ മാറ്റങ്ങൾ കണ്ടുതുടങ്ങി.

നഷ്ടപ്പെട്ടുപോയിരുന്ന കേരളത്തിന്റെ യശസ് നമ്മൾ വീണ്ടെടുത്തെന്നും മുഖ്യമന്ത്രി കൊടുവള്ളിയിൽ പറഞ്ഞു.ആവേശകരമായ സ്വീകരണമാണ് കൊടുവള്ളിയിൽ മുഖ്യമന്ത്രിക്ക് ലഭിച്ചത്. കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ, വികസനത്തെക്കുറിച്ചുള്ള ഭാവി പ്രതീക്ഷകൾ, പദ്ധതികൾ എന്നിവയെല്ലാം അദ്ദേഹം ജനങ്ങളോടു പങ്കുവച്ചു. നാടിന്റെ പുരോഗതിയും ജനാധിപത്യ അടിത്തറയും തകർക്കാൻ ശ്രമിക്കുന്ന വിധ്വംസക രാഷ്ട്രീയ ശക്തികൾക്കെതിരെ കേരളത്തിലെ ജനങ്ങളുടെ ചെറുത്തു നില്പിന് ഇടതുപക്ഷത്തിന്റെ നേതൃത്വം ജനങ്ങൾക്കുണ്ടാകുമെന്ന് ഉറപ്പു നൽകുകയും ചെയ്തു അദ്ദേഹം.

യോഗത്തിൽ എളമരം കരീം എംപി.,സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ,സിപിഐ ജില്ലാ സെക്രട്ടറി ടി.വി.ബാലൻ ,എൽഡിഎഫ് കൺവീനർ മുക്കം മുഹമ്മദ്,കൊടുവള്ളിയിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി കാരാട്ട് റസാഖ് തുടങ്ങിയവർ പങ്കെടുത്തു.
നേരത്തെ മുഖ്യമന്ത്രിയുടെ തെരഞ്ഞൈടുപ്പ് യോഗം കൊടുവള്ളി ബസ് സ്റ്റാന്റിൽ നടത്തുന്നതിന് കൊടുവള്ളി നഗരസഭ അനുമതി നിഷോധിച്ചിരുന്നു. ബസ് സ്റ്റാൻഡിൽ പൊതു യോഗത്തിന് അനുമതി നൽകാനാകില്ലെന്നായിരുന്നു നഗരസഭാ സെക്രട്ടറി രേഖാമൂലം അറിയിച്ചത്.എന്നാൽ തടസം പറയുന്നതിന് പിന്നിൽ രാഷ്ട്രീയമാണെന്നും നിശ്ചയിച്ച പ്രകാരം പരിപാടി നടത്തുമെന്നും എൽഡിഎഫ് നേതാക്കളും അറിയിച്ചു.കൊടുവള്ളി ബസ് സ്റ്റാൻഡ് കയ്യേറിയാണ് സ്റ്റേജ് നിർമ്മിച്ചത് എന്നായിരുന്നു പരാതി.

ഇതുമൂലം ബസ് സ്റ്റാൻഡിലെ ഗതാഗതം പൂർണമായും തടസപ്പെടുമെന്ന് കാട്ടി നഗരസഭാ കൗൺസിലർ എ.പി. മജീദ് ആണ് പരാതി നൽകിയത്. പരാതി കണക്കിലെടുത്ത് യോഗത്തിനുള്ള അനുമതി നഗരസഭാ സെക്രട്ടറി നിഷേധിക്കുകയായിരുന്നു.വൈകിട്ടാണ് എൽഡിഎഫ് സ്ഥാനാർത്ഥി കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള പൊതുയോഗം നിശ്ചയിച്ചത്. അതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പുണ്ടായ തടസത്തിന് പിന്നിൽ രാഷ്ട്രീയമാണെന്ന ആരോപണവുമായി എൽഡിഎഫ് രംഗത്തെത്തി. നിശ്ചയിച്ച പ്രകാരം പരിപാടി നടത്തുമെന്നും എൽഡിഎഫ് പ്രവർത്തകർ പറഞ്ഞിരുന്നു. സംഘർഷ സാധ്യത മുന്നിൽ കണ്ട് കൂടുതൽ പൊലിസിനെയും സ്ഥലത്ത് വിന്യസിച്ചിരുന്നു. നഗരസഭയുടെ എതിർപ്പിനെ മറികടന്നാണ് കൊടുവള്ളിയിൽ പരിപാടി നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP