Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാർക്കോട്ടിക്ക് ജിഹാദ് എന്ന പാലാ ബിഷപ്പിന്റെ പദപ്രയോഗം ശരിയായില്ല; ഒരു മതത്തെയും ഒന്നാകെ അടച്ച് ആക്ഷേപിക്കുന്നത് ശരിയല്ല; വിവാദങ്ങളിൽ കഴമ്പില്ല; മതസൗഹാർദ്ദം തകർക്കുന്ന പ്രസ്താവനകൾ അരുത്; ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ തള്ളി സി.കെ.പത്മനാഭൻ

നാർക്കോട്ടിക്ക് ജിഹാദ്  എന്ന പാലാ ബിഷപ്പിന്റെ പദപ്രയോഗം ശരിയായില്ല; ഒരു മതത്തെയും ഒന്നാകെ അടച്ച് ആക്ഷേപിക്കുന്നത് ശരിയല്ല; വിവാദങ്ങളിൽ കഴമ്പില്ല; മതസൗഹാർദ്ദം തകർക്കുന്ന പ്രസ്താവനകൾ അരുത്; ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ തള്ളി സി.കെ.പത്മനാഭൻ

അനീഷ് കുമാർ

കണ്ണൂർ: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്ക് ജിഹാദ് പരാമർശത്തെ തുടർന്ന് വിവാദം ഏറ്റുപിടിച്ച ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ പരോക്ഷമായി തള്ളി പാർട്ടി നേതാവ് സി.കെ.പത്മനാഭൻ. പാലാ ബിഷപ്പ് നടത്തിയ പരാമർശം അന്വേഷിക്കണമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പിന് പരാതി നൽകിയ ബിജെപി സംസ്ഥാന നേതൃത്വത്തെ പരോക്ഷമായി തള്ളിയാണ് നാർക്കോട്ടിക്ക് വിവാദത്തിൽ കഴമ്പില്ലെന്ന വാദവുമായി സി കെ പി കണ്ണുരിൽ രംഗത്തുവന്നത്.

കേരളത്തിലെ മതസൗഹാർദ്ദം തകർക്കുന്ന സമീപനം ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്ന് ബിജെപി ദേശീയ സമിതിയംഗം സി.കെ.പത്മനാഭൻ കണ്ണുരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു. പാലാ ബിഷപ്പ് നടത്തിയ പരാമർശങ്ങളെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ട ഉത്തരവാദിത്വം സിപിഎമ്മിനാണ്. തന്റെ സമുദായ അംഗങ്ങളെ ബോധവൽക്കരിക്കുന്നതിനായി നടത്തിയ പരാമർശമായേ അതിനെ കാണേണ്ടതുള്ളൂ. അത്രമാത്രം ഗൗരവമേ അതിനുള്ളുവെന്നാണ് തോന്നുന്നത്.

കേരളത്തിൽ ചില മതങ്ങൾ മറയാക്കി തീവ്രവാദ സംഘടനകൾ പ്രവർത്തിക്കുന്നുവെന്ന സിപിഎം സമ്മേളന റിപ്പോർട്ടിലുള്ള കാര്യം അന്നേ ബിജെപി പറഞ്ഞതാണ്. നിർബന്ധിത മതപരിവർത്തനം ഇന്ത്യയിൽ ആരു നടത്തിയാലും തെറ്റാണ്. ഒരു വ്യക്തി ഇഷ്ടപ്പെട്ട മതം സ്വീകരിക്കുന്നതിൽ ആരും എതിരല്ല. ഹൈന്ദവ മതത്തിലേക്ക് ആരെയും നിർബന്ധിതമായി ചേർക്കാറില്ല. അതിന്റെ ആവശ്യവും ഹിന്ദു മതത്തിനില്ല.

നാർകോട്ടിക്ക് ജിഹാദ് എന്ന പദപ്രയോഗത്തിന് പല മാനങ്ങളുണ്ട്. മയക്കുമരുന്ന് മാഫിയ വളർന്നുകൊണ്ടിരിക്കുന്ന ഒരു യാഥാർത്ഥ്യമാണ്. അതിന്റെ പേരിൽ ഒരു മതത്തെയും ഒന്നാകെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. എങ്കിലും ജിഹാദ് എന്ന പദപ്രയോഗം ബിഷപ്പ് പ്രയോഗിച്ചത് ശരിയായില്ല. ഇത്തരം കാര്യങ്ങൾ നോക്കിയും കണ്ടും മാത്രമേ പറയാൻ പാടുള്ളു. സമുഹത്തിൽ അതിന്റെ പ്രത്യാഘാതമുണ്ടാകുമോയെന്ന കാര്യവും കൂടി പരിഗണിക്കേണ്ടിയിരുന്നു. ജനങ്ങളുടെ സമാധാന ജീവിതത്തിന് പോറലേൽപ്പിക്കുന്ന അന്തരീക്ഷം തകർക്കുന്ന യാതൊരു കാര്യവും ആരുടെ ഭാഗത്തു നിന്നും ഉണ്ടാവാൻ പാടില്ല. ആ ഒരു കരുതൽ എല്ലാവരുടെ ഭാഗത്തു നിന്നും എപ്പോഴും ഉണ്ടാകണം.

നിർബന്ധിത പരിവർത്തനത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ പാർട്ടി തന്നെ പറഞ്ഞ സാഹചര്യത്തിൽ അതു തടയാനുള്ള ഉത്തരവാദിത്വവും ഭരിക്കുന്ന പാർട്ടിയെന്ന നിലയിൽ സിപിഎമ്മിന് തന്നെയാണ്.നിർബന്ധിത മതപരിവർത്തനം നമ്മുടെ രാജ്യത്ത് കുറ്റകൃത്യമാണ് പ്രലോഭനത്തോടു കൂടിയും പ്രകോപനത്തോടെയും നിർബന്ധിതമായി മത പരിവർത്തനം നടത്തുന്നത് ഭരണഘടനാവിരുദ്ധമാണ് അതു കുറ്റകൃത്യമാണ്. ആ നിലയ്ക്ക് അതു തടയണം. ഓരോരുത്തർക്കും ഇഷ്ടമുള്ള മതം സ്വമേധയാ സ്വീകരിക്കുന്നതിൽ ഇവിടെ ആരും എതിരല്ല.

ഇപ്പോൾ നടക്കുന്ന കോലഹലങ്ങൾ വാസ്തവത്തിൽ അതു സംവാദങ്ങളല്ല വിവാദങ്ങളാണെന്ന് പറയേണ്ടി വരും. എല്ലാ മതങ്ങളെയും സ്‌നേഹനിർഭരമായി ഒരുമിച്ചു കൊണ്ടുപോവാനുള്ള ആത്മസംയമനത്തോടു കൂടിയുള്ള സമീപനമാണ് എല്ലാവരും സ്വീകരിക്കേണ്ടത്. വാസ്തവത്തിൽ ഒരു തീപ്പൊരി വീണാൽ അതു കാട്ടുതീയായി വളരെ വേഗത്തിൽ മാറിയേക്കും അതിന് ആദ്യം ഇരയായി മാറുന്നത് അതിനു മുൻപിൽ നിൽക്കുന്നവരും എരിയിക്കുന്നവരുമായിരിക്കും അങ്ങനെയൊന്നുണ്ടാകാൻ പാടില്ല. എല്ലാ മതങ്ങളെയും സ്‌നേഹനിർഭരമായി പരസ്പരം ഒന്നിച്ചു കൊണ്ടുേ പോകാൻ എല്ലാവർക്കും കഴിയണം. ഏതെങ്കിലും സാഹചര്യത്തിൽ എന്തെങ്കിലും തെറ്റിദ്ധാരണാജനകമായ കാര്യങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അതു നീക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും സി.കെ.പി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP