Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൗ ജിഹാദിനും മതംമാറ്റ കേന്ദ്രം സത്യസരണിക്കുമെതിരെ നിയമപോരാട്ടം നടത്തി; അർത്തുങ്കൽ പള്ളിയെ 'ഹൈന്ദവ ക്ഷേത്ര'മാക്കിയ ടി ജി മോഹൻദാസിനും നൽകിയത് ഉചിതമായ മറുപടി; ഇസ്രയേൽ സന്ദർശനത്തിന്റെ പേരിൽ മോദിയെ വിമർശിച്ചപ്പോഴും പ്രതിരോധിക്കാൻ സൈബർ പോരാട്ടം; ബിജെപി ന്യൂനപക്ഷ മോർച്ചയുടെ സ്ഥാനം പ്രവർത്തനത്തിലൂടെ കൈയടക്കി ക്രിസ്റ്റ്യൻ ഹെൽപ്പ് ലൈൻ

ലൗ ജിഹാദിനും മതംമാറ്റ കേന്ദ്രം സത്യസരണിക്കുമെതിരെ നിയമപോരാട്ടം നടത്തി; അർത്തുങ്കൽ പള്ളിയെ 'ഹൈന്ദവ ക്ഷേത്ര'മാക്കിയ ടി ജി മോഹൻദാസിനും നൽകിയത് ഉചിതമായ മറുപടി; ഇസ്രയേൽ സന്ദർശനത്തിന്റെ പേരിൽ മോദിയെ വിമർശിച്ചപ്പോഴും പ്രതിരോധിക്കാൻ സൈബർ പോരാട്ടം; ബിജെപി ന്യൂനപക്ഷ മോർച്ചയുടെ സ്ഥാനം പ്രവർത്തനത്തിലൂടെ കൈയടക്കി ക്രിസ്റ്റ്യൻ ഹെൽപ്പ് ലൈൻ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരളത്തിൽ രാഷ്ട്രീയ വിജയം നേടണമെങ്കിൽ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്തിയാൽ മാത്രമേ സാധിക്കൂ എന്ന യാഥാർഥ്യം ഏറ്റവും അധികം മനസിലാക്കിയത് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തന്നെയണ്. മുസ്ലിം സമൂഹം ബിജെപിയോട് പുറംതിരിഞ്ഞ് നിൽക്കുന്നു എന്നു മനസിലാക്കിയതു കൊണ്ടു തന്നെയാണ് ക്രൈസ്തവ മേഖലയിൽ ഒരു കൈ പയറ്റാൻ ബിജെപി ഒരുങ്ങിയതും. അൽഫോൻസ് കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രിസ്ഥാനത്തിലൂടെ ബിജെപി ലക്ഷ്യമിട്ടത് ക്രൈസ്തവ മേഖലയിൽ ചുവടുറപ്പിക്കുക എന്നതാണ്. എന്നാൽ, അൽഫോൻസിലൂടെ പോലും തങ്ങളുടെ ലക്ഷ്യങ്ങൾ സാധിച്ചെടുക്കുമോ എന്ന് ബിജെപി നേതാക്കൾ സംശയം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

ക്രൈസ്തവ സമൂഹത്തിനിടയിൽ പ്രവർത്തിക്കുന്ന ബിജെപി ന്യൂനപക്ഷ മോർച്ചക്ക് പോലും കാര്യമായ ചലനം കേരളത്തിൽ ഉണ്ടാക്കാൻ സാധിക്കുന്നില്ല. ഇതിനിടെയാണ് ബിജെപി ന്യൂനപക്ഷ മോർച്ചയെയും വെല്ലുന്ന വിധത്തിൽ പ്രവർത്തനങ്ങളിലൂടെ ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ നേട്ടം കൊയ്യുന്നത്. ന്യൂനപക്ഷ മോർച്ചയുടെ മലപ്പുറം ജില്ലാ മുൻ ജനറൽ സെക്രട്ടറി രഞ്ജിത്ത് ഏബ്രഹാം തോമസ് തുടങ്ങിവച്ച പ്രസ്ഥാനം സജീവമാകുമ്പോൾ അതിന്റെ നേട്ടം ലഭിക്കുന്നത് ബിജെപിക്ക് കൂടിയാണ്. പി സി തോമസിലൂടെ ക്രൈസ്തവ മേഖലയിൽ കൂടുതൽ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമങ്ങളും വേണ്ടവിധത്തിൽ ഫലിക്കാതെ പോയിടത്താണ് ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ നേട്ടം കൊയ്യുന്നത്.

ലൗ ജിഹാദിനെതിരെ ക്രൈസ്തവർക്കിടയിൽ അവബോധം വളർത്തുക എന്ന നിലയിൽ തുടങ്ങിയ സംഘടനയാണ് ഇത്. പിന്നീട് ക്രിസ്ത്യാനികളെ ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ ഇടപെടലുകൾ നടത്താൻ തുടങ്ങിയതോടെ സമുദായത്തിനുള്ളിലും 'ആരാധകരെ ' നേടിക്കഴിഞ്ഞു. സമുദായ വിഷയത്തിൽ തീവ്ര ക്രിസ്ത്യൻ നിലപാടുകൾ സ്വീകരിക്കുമ്പോൾ തന്നെയും ഹൈന്ദവ സംഘടനകളോട് ചേർന്നു നിൽക്കുന്ന സമീപനമാണ് ക്രിസ്ത്യൻ ഹെൽപ്പ് ലൈനിന്റേത്.

സോഷ്യൽ മീഡിയയിലൂടെ നടത്തിയ 'സൈബർ പോരാട്ടങ്ങളുടെ പേരിലും ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ രാഷ്ട്രീയ നേട്ടം കൊയ്തു. മുസ്ലിം മത്സ്യ തൊഴിലാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കും എന്ന സ്പീക്കർ പി.ശ്രീരാമ കൃഷ്ണന്റെ പ്രസ്താവനക്കെതിരെ കടുത്ത പ്രതിഷേധമാണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയത്. ഫാദർ ടോം ഉഴുന്നാലിനെ രക്ഷപെടുത്താൻ താനും ഇബ്രാഹിംകുട്ടി കല്ലാറും ചേർന്ന് നടത്തിയ ഇടപെടലുകൾ ഫേസ്‌ബുക്കിൽ വിവരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പൊങ്ങച്ചത്തെയും പൊളിച്ചടുക്കാൻ സംഘടന രംഗത്തെത്തിയിരുന്നു.

സംഘപരിവാർ സംഘടനകൾക്കെതിരെ ഇടതുപക്ഷം ആരോപിക്കുന്ന ന്യൂനപക്ഷ പീഡനമെന്ന തുറുപ്പ് ചീട്ട് കൃത്യമായി പ്രതിരോധിക്കാൻ ബിജെപിയുടെ ന്യൂനപക്ഷ സെല്ലിന് പോലും കഴിയാത്തിടത്ത് നേട്ടമുണ്ടാക്കിയത് ക്രിസ്ത്യൻ ഹെൽപ്പ് ലൈനാണ്. അതേസമയം ക്രൈസ്തവ വിശ്വാത്തെ ഹനിക്കുന്ന പ്രസ്താവനകൾക്കെതിരെയും സംഘടന രംഗത്തെത്തിയിരുന്നു. അർത്തുങ്കൽ പള്ളി ഹൈന്ദവ ക്ഷേത്രമാണെന്ന ആർ.എസ്.എസ്. സൈദ്ധാന്തികൻ ടി.ജി മോഹൻദാസിന്റെ പ്രസ്താവനക്കെതിരെ അതിശക്തമായ പ്രതിഷേധമാണ് ക്രിസ്ത്യൻ ഹെൽപ്പ് ലൈനിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.

വിവാദ മതംമാറ്റ കേന്ദ്രമായ സത്യസരണിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയും സംഘനട രംഗത്തത്തിയിരുന്നു. ക്രൈസ്തവ സഭകൾ പോലും ഏറ്റെടുക്കാൻ മടിച്ച വിഷയമാണ് ഈ ന്യൂജനറേഷൻ സംഘടന ഏറ്റെടുത്തത്. ലൗ ജിഹാദിൽ അകപ്പെടുന്ന പെൺകുട്ടികൾക്ക് കൗൺസിലിങ് നൽകുവാൻ ആ മേഖലയിൽ പ്രാപ്തരായവരെയും ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ ഒരുക്കിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൈപ്പത്തി വെട്ടിമാറ്റിയ ജോസഫ് മാഷിന് സർക്കാർ അനുവദിച്ച ചികിത്സാ സഹായം ലഭ്യമാക്കാൻ ഇടപെടൽ നടത്തിയെന്നാണ് ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ കൺവീനർ രഞ്ജിത്ത് ഏബ്രഹാം തോമസ് വ്യക്തമാക്കിയത്. വേണ്ടി വന്നാൽ ഇതിനായി സക്രട്ടേറിയറ്റിന് മുമ്പിൽ നിരാഹാരം ഉൾപ്പെടെയുള്ള സമരപരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറയുന്നു.

വർഷങ്ങളായി കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ചു പോരുന്ന ഇസ്രയേൽ വിരുദ്ധ നിലപാടിനും മറുവാക്കാകാൻ സാധിച്ചെന്നും രഞ്ജിത്ത് അവകാശപ്പെടുന്നു. സിപിഎമ്മിന്റെ നേതൃത്വത്തിൽ നടത്തിയ ഇസ്രയേൽ വിരുദ്ധ പ്രചരണങ്ങൾക്കെതിരെ ശക്തമായി തന്നെ സംഘടന രംഗത്തെത്തിയിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ജന്മദിനം പോലും ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ ആഘോഷമാക്കി മാറ്റി. ഇസ്രയേലിൽ ക്രിസ്ത്യൻ ഹെൽപ്പ് ലൈന്റെ യൂണിറ്റ് ഒരു മാസത്തിനുള്ളിൽ യാഥാർത്ഥ്യമാകുമെന്നും രഞ്ജിത്ത് പറഞ്ഞു.

കൂടാതെ ഡിസംബർ 15 ന് മുമ്പായി കേരളത്തിലെ എല്ലാ സഭാ പിതാക്കന്മാരെയും നേരിൽ കാണുകയും തങ്ങൾ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം അവരെ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2018 ജനുവരി 26,27,28 തീയതികളിൽ സംഘടനയുടെ പ്രഥമ ഇന്റർനാഷണൽ കോൺഫ്രൻസിന് ചരൽക്കുന്ന് വേദിയാകുകയാണ്. ക്രൈസ്തവ സമുദായത്തെയും കർഷക സമൂഹത്തെയും മൊത്തവിലയ്ക്കു വിറ്റ് സ്വന്തം ഉന്നമനത്തിനായി കരുക്കൾ നീക്കിയ ചില രാഷ്രീയ ശകുനിമാരുടെ കുതന്ത്രങ്ങൾക്കായിരുന്നു മുൻപ് പലപ്പോളും ചരൽക്കുന്ന് സാക്ഷ്യം വഹിച്ചിരുന്നതെങ്കിൽ, ഇക്കുറി സമുദായ സ്‌നേഹികളും രാജ്യസ്‌നേഹികളുമായ ക്രൈസ്തവരുടെ ശക്തവും ധീരവുമായ നിലപാടുകളുടെ പ്രഖ്യാപനത്തിനായാണ് ചരൽക്കുന്ന് കാതോർക്കുന്നതെന്നാണ് സംഘടനാ നേതാക്കൾ വ്യക്തമാക്കുന്നത്.

കേരളം ഭരിച്ച പ്രമുഖ കക്ഷികൾ വോട്ടുബാങ്ക് ലക്ഷ്യമാക്കി പ്രീണനനയങ്ങൾ തുടരുമ്പോൾ ക്രൈസ്തവ സമുദായം പലമേഖലകളിലും അവഗണിക്കപ്പെടുകയാണ്. ന്യൂനപക്ഷങ്ങൾക്കായുള്ള പ്രത്യേക ആനുകൂല്യങ്ങൾപോലും ക്രൈസ്തവർക്കു നിഷേധിക്കപ്പെടുമ്പോൾ മറ്റു ചിലർക്ക് ന്യൂനപക്ഷ ആനുകൂല്യങ്ങളും സംവരണവും ഒരുപോലെ ലഭിക്കുന്നു. കേരളത്തിൽ വളർന്നുവരുന്ന തീവ്രവാദ സംഘടനകളുടെ 'സോഫ്റ്റ് ടാർജറ്റ്' ആയി ക്രിസ്ത്യാനികളും ക്രൈസ്തവ സ്ഥാപനങ്ങളും മാറുന്നു. വിദ്യാഭ്യാസ വായ്പയെടുത്തും കാർഷിക വായ്പയെടുത്തും കടക്കെണിയിലായിരിക്കുന്നവരിൽ മഹാഭൂരിപക്ഷവും ക്രൈസ്തവരാണ്. എങ്കിലും ക്രൈസ്തവ സമുദായത്തിന്റെ ദുരവസ്ഥയെക്കുറിച്ച് പഠിക്കാൻ കമ്മിഷനുകളുമില്ല, റിപ്പോർട്ടുകളുമില്ല. വിവിധ സഭകളായി ഭിന്നിച്ചു നിൽക്കുന്നതിനാൽ സാധാരണക്കാരായ ക്രിസ്ത്യാനികൾക്ക് തങ്ങളുടെ ആവശ്യങ്ങൾ ഭരണകർത്താക്കളുടെ ശ്രദ്ധയിൽപ്പെടുത്താൻപോലും അവസരം ലഭിക്കുന്നില്ല. പ്രബല സഭകളുടെ നേതൃത്വമാകട്ടെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം മാത്രമാണ് സമുദായം നേരിടുന്ന പ്രശ്‌നമായി കണക്കാക്കുന്നത്. ഈ സാഹചര്യത്തിലാണ് സഭാഭേദമെന്യേ ക്രൈസ്തവവിശ്വാസികൾ ഒരുമിക്കുന്ന ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ കേരള രാഷ്ട്രീയത്തിൽ വ്യത്യസ്ത ശബ്ദമായി ഉയരുന്നത്.- സംഘടനയുടെ ഫേസ്‌ബുക്ക് പേജിൽ ഇവർ അഭിപ്രായപ്പെടുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP