Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'വാഴക്കുല ബൈ വൈലോപ്പിള്ളി'; ഗവേഷണ പ്രബന്ധത്തിൽ 'കോപ്പിയടിച്ച' ഭാഗങ്ങളും; ചിന്തയുടെ നന്ദി മുഖ്യമന്ത്രിക്കും പാർട്ടി നേതാക്കൾക്കും ലോക്‌നാഥ് ബെഹ്‌റയ്ക്കും; 'മെന്റർ' എന്ന നിലയ്ക്ക് എം.എ.ബേബിക്ക് കടപ്പാട്; വിവാദം കത്തുന്നു

'വാഴക്കുല ബൈ വൈലോപ്പിള്ളി'; ഗവേഷണ പ്രബന്ധത്തിൽ 'കോപ്പിയടിച്ച' ഭാഗങ്ങളും; ചിന്തയുടെ നന്ദി മുഖ്യമന്ത്രിക്കും പാർട്ടി നേതാക്കൾക്കും ലോക്‌നാഥ് ബെഹ്‌റയ്ക്കും; 'മെന്റർ' എന്ന നിലയ്ക്ക് എം.എ.ബേബിക്ക് കടപ്പാട്; വിവാദം കത്തുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധത്തിൽ കോപ്പിയടിച്ച ഭാഗങ്ങളും ഉണ്ടെന്ന ആരോപണങ്ങൾക്കിടെ തന്റെ പ്രബന്ധത്തിൽ ചിന്ത നന്ദി അറിയിച്ചിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു സിപിഎം നേതാക്കൾക്കുമാണ് എന്നതും ചർച്ചയാകുന്നു. ഗവേഷണ പ്രബന്ധം സമർപ്പിക്കുമ്പോൾ അതിനു സഹായിച്ച അക്കാദമിക വൈജ്ഞാനിക സമൂഹത്തിനും വ്യക്തികൾക്കുമാണ് സാധാരണ കടപ്പാട് രേഖപ്പെടുത്താറുള്ളത്. ചിന്ത ജെറോം തന്റെ പ്രബന്ധത്തിൽ നന്ദി അറിയിച്ചിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു സിപിഎം നേതാക്കൾക്കും ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയ്ക്കുമാണ്.

്തന്നിലുള്ള വിശ്വാസത്തിനും പിന്തുണയ്ക്കുമാണ് മുഖ്യമന്ത്രിക്കു നന്ദി പറഞ്ഞിരിക്കുന്നത്. തന്റെ 'മെന്റർ' എന്ന നിലയ്ക്ക് എം.എ.ബേബിക്ക് കടപ്പാട് രേഖപ്പെടുത്തിയിരിക്കുന്നു. എം വി. ഗോവിന്ദൻ, കെ.എൻ.ബാലഗോപാൽ, എ.എൻ. ഷംസീർ, ഇ.പി.ജയരാജൻ, പി.കെ. ശ്രീമതി, എം.സ്വരാജ്, ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ എന്നിവർക്കും ഗവേഷണം പൂർത്തിയാക്കുന്നതിന് നൽകിയ പിന്തുണയ്ക്ക് ചിന്ത നന്ദി പറഞ്ഞിരിക്കുന്നത്. മുതിർന്ന സി പി എം നേതാവ് എം എ ബേബിയെ 'മെന്റർ' എന്നാണ് പ്രബന്ധത്തിൽ ചിന്ത വിശേഷിപ്പിക്കുന്നത്.

ഒരു തലമുറയ്ക്കാകെ വിപ്ലവ വീര്യം പകർന്ന വാഴക്കുല എന്ന കാലാതീത കവിതയുടെ രചയിതാവിനെ തെറ്റിച്ചെഴുതി, മലയാളത്തിലെ കാവ്യഗോപുരങ്ങളായ ചങ്ങമ്പുഴയെയും വൈലോപ്പിള്ളിയെയും അപമാനിച്ചെന്ന ആക്ഷേപം കേൾക്കുന്ന യുവജനകമ്മിഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ വിവാദ ഗവേഷണപ്രബന്ധത്തിൽ കോപ്പിയടിയും ഉണ്ടെന്ന് പുതിയ ആരോപണം.

ബോധി കോമൺസ് എന്ന വെബ് സൈറ്റിൽ 2010ൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ആശയവും ആ ലേഖനത്തിൽ വാഴക്കുലയുടെ രചയിതാവിനെ തെറ്റായി രേഖപ്പെടുത്തിയത് അതേപടിയും ചിന്ത തീസിസിൽ പകർത്തിയെന്നാണ് ആക്ഷേപം. സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിൻ കമ്മിറ്റി ഇതു സംബന്ധിച്ച് ഇന്നു തെളിവുസഹിതം കേരള സർവകലാശാല വൈസ് ചാൻസലർക്കു പരാതി നൽകും.

2010 ഒക്ടോബർ 17 നു 'ബോധി കോമൺസ്' എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച 'ദ് മൈൻഡ് സ്‌പേയ്‌സ് ഓഫ് മെയിൻ സ്ട്രീം മലയാളം സിനിമ' എന്ന ലേഖനത്തിലെ ആശയം ചിന്ത തന്റെ പ്രബന്ധത്തിൽ അതേപടി പകർത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ബ്രഹ്മപ്രകാശ് എന്നു പേരുള്ള ആൾ എഴുതിയ ലേഖനത്തിൽ 'വാഴക്കുല'യുടെ രചയിതാവിന്റെ പേര് 'വൈലോപ്പിള്ളി' എന്ന് തെറ്റായാണ് ചേർത്തിരിക്കുന്നത്. ഈ ഭാഗം അതേപടി ചിന്തയുടെ പ്രബന്ധത്തിലുമുണ്ട്. 'വൈലോപ്പള്ളി' എന്ന് അക്ഷരത്തെറ്റോടെയാണ് പേരു കുറിച്ചിരിക്കുന്നത്.

പ്രിയദർശന്റെയും രഞ്ജിത്തിന്റെയും സിനിമകളിലെ ജാതി, വർഗ, രാഷ്ട്രീയ തലങ്ങൾ ചർച്ച ചെയ്യുന്നതാണ് 'ബോധി കോമൺസി'ൽ വന്ന ബ്രഹ്മപ്രകാശിന്റെ ലേഖനം. ചിന്താ ജെറോമിന്റെ പ്രബന്ധവും ഇതിനു സമാനമാണ്. ലേഖനത്തിൽ 'ആര്യൻ' എന്ന സിനിമയിലെ സംഭാഷണത്തെ സൂചിപ്പിക്കുന്ന ഭാഗത്താണ് ചങ്ങമ്പുഴയ്ക്കു പകരമായി വാഴക്കുലയുടെ രചയിതാവായി വൈലോപ്പിള്ളിയെ രേഖപ്പെടുത്തിയിരിക്കുന്നത്.

കേരള സർവകലാശാല പ്രോ വൈസ് ചാൻസലറായിരുന്ന ഡോ. അജയകുമാറിന്റെ മേൽനോട്ടത്തിലാണ് ചിന്ത ഗവേഷണ പ്രബന്ധം സമർപ്പിച്ചത്. 2021 ൽ സർവകലാശാല ഇതിന് പിഎച്ച്ഡി നൽകുകയായിരുന്നു. ഗവേഷണ പ്രബന്ധം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പരാതിയും സർവകലാശാലയ്ക്കു മുന്നിലുണ്ട്.

ഗവേഷണ പ്രബന്ധത്തിൽ വാഴക്കുലയുടെ രചയിതാവായി ചങ്ങമ്പുഴയ്ക്കു പകരം വൈലോപ്പിള്ളിയെന്ന് തെറ്റിച്ചെഴുതിയതാണ് ആദ്യം വിവാദമായത്. കേരള സർവകലാശാല പി. വി. സിയായിരുന്നു ചിന്തയുടെ ഗൈഡ്. ജന്മി കുടിയാൻ, അടിമ ഉടമ, കീഴാള മേലാള, ഉച്ച നീചത്വ വ്യവസ്ഥിതിക്കെതിരെ 85 കൊല്ലം മുമ്പ് കവിതയുടെ വാൾ വീശി ചങ്ങമ്പുഴ രചിച്ച അനശ്വര കൃതിയായ വാഴക്കുലയെ പറ്റി, ഇതേ ദുരാചാരങ്ങൾക്കെതിരെ പൊരുതിയ മഹാപ്രസ്ഥാനത്തിന്റെ യുവ വനിതാ നേതാവിന്റെ അജ്ഞത ഗവേഷണ പ്രബന്ധത്തിൽ തന്നെ പ്രകടമായത് സമൂഹത്തിലാകെ ചർച്ചയായിട്ടുണ്ട്.

ചിന്തയുടെ ശമ്പള കുടിശിക വിവാദം കെട്ടടങ്ങും മുമ്പാണ് ഗവേഷണ പ്രബന്ധത്തിലെ തെറ്റുകൾ ചർച്ചയായത്.'നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ' എന്ന ഗവേഷണ വിഷയത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടിൽ വെള്ളം ചേർക്കുന്നതാണ് പ്രിയദർശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്ന് പറയുന്ന ഭാഗത്താണ് 'വാഴക്കുല ബൈ വൈലോപ്പിള്ളി' എന്ന് ചിന്ത എഴുതിയിരിക്കുന്നത്.

ഗുരുതരമായ തെറ്റ് പുറത്തുവന്നിട്ടും കേരള സർവകലാശാല നടപടിയെടുക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. തെറ്റ് കണ്ടെത്താൻ ഗൈഡായിരുന്ന മുൻ പി. വി. സി പി.പി. അജയകുമാറിനും മൂല്യനിർണയം നടത്തിയവർക്കും കഴിയാത്തതിനെതിരെയും പരാതികളുണ്ട്. ഓപ്പൺ ഡിഫൻസിൽ പോലും ഒരു ചർച്ചയും വിലയിരുത്തലും നടത്താതെയാണോ ഡോക്ടറേറ്റ് നൽകുന്നതെന്ന ചോദ്യമാണ് കേരള സർവകലാശാല നേരിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP