Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202122Wednesday

നർക്കോട്ടിക്ക് മാഫിയകൾക്ക് മതചിഹ്നം നൽകരുത്: പാലാ ബിഷപ്പിനെതിരെ കേസെടുക്കാൻ ആലോചനയില്ല; മതസ്പർധ ഉണ്ടാക്കുന്നവരെ കർശനമായി നേരിടുമെന്നും മുഖ്യമന്ത്രി; കോൺഗ്രസ് തകരുന്ന കൂടാരം എന്നും പിണറായി

നർക്കോട്ടിക്ക് മാഫിയകൾക്ക് മതചിഹ്നം നൽകരുത്: പാലാ ബിഷപ്പിനെതിരെ കേസെടുക്കാൻ ആലോചനയില്ല; മതസ്പർധ ഉണ്ടാക്കുന്നവരെ കർശനമായി നേരിടുമെന്നും മുഖ്യമന്ത്രി; കോൺഗ്രസ് തകരുന്ന കൂടാരം എന്നും പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് പാല ബിഷപ്പിന്റെ പ്രസ്താവനയിൽ കേസെടുക്കാൻ ആലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലാ ബിഷപ്പിന്റെ വിശദീകരണങ്ങൾ വന്നിട്ടുണ്ട്. അതിൽ മതസ്പർധയുണ്ടാക്കാൻ ഉദ്ദേശിച്ചിട്ടില്ല, തങ്ങളുടെ വിഭാഗത്തിന് ആവശ്യമായ മുന്നറിയിപ്പ് നൽകുക മാത്രമാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ കൂടുതൽ പ്രകോപനപമരായി പോകാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

'ജിഹാദ്' എന്ന പദം മനഃപൂർവ്വം ഒഴിവാക്കിയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യത്തിൽ പ്രതികരിച്ചത്. നാർകോട്ടിക് മാഫിയ ലോകത്തെമ്പാടുമുണ്ട്. അവർക്കെതിരെ ശക്തമായ നടപടികൾ ആവശ്യമാണ്. എന്നാൽ അത്തരമൊരു പ്രസ്താവന നടത്തുമ്പോൾ മത ചിഹ്നങ്ങൾ ഉപയോഗിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മതവുമായി ബന്ധപ്പെട്ട പ്രയോഗങ്ങൾ അപ്രസക്തമാണെന്ന അടിവരയിടുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

വിഷയത്തിൽ ഇരു കൂട്ടരെയും സർക്കാരിന്റെ മുൻഗണനയിൽ വിളിച്ചുവരുത്തി സർവ്വകക്ഷി യോഗം നടത്തണമെന്ന് പ്രതിപക്ഷത്തിന്റെ നിർദ്ദേശം പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിദ്വേഷ പ്രചാരണം നടത്തിയാൽ ചർച്ചയുണ്ടാവില്ല കർശന നടപടിയാണ് സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സമുദായത്തിന്റെ ഉന്നമനത്തിനായി അവർ ശ്രമിക്കും. അവർ അവരോട് തന്നെ സംസാരിക്കും, അതിൽ തെറ്റില്ല. ഇവിടെ സമുദായത്തോട് അവർ സ്വന്തം കാര്യങ്ങൾ പറയുമ്പോൾ മറ്റു സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്ന നിലയുണ്ടാവരുത്. അത് മാത്രമാണ് ഇവിടെ വിവാദ വിഷയം.

 ചില സർക്കാരുകളേക്കാൾ ശക്തമാണ് നാർകോട്ടിക് മാഫിയ. ആഭിചാരം വഴി സ്ത്രീകളെ വശീകരിക്കുന്നതൊക്കെ നാടുവാഴികളുടെ കാലത്തെ കാര്യമാണ്. ശാസ്ത്ര യുഗത്തിൽ വശീകരിക്കുകയെന്നൊക്കെ പറയുന്നതിൽ കഴമ്പില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമൂഹത്തിൽ യോജിപ്പ് ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം കോൺഗ്രസിൽ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞു പോക്കിനോടും മുഖ്യമന്ത്രി പ്രതികരിച്ചു. കോൺഗ്രസ് തകരുന്ന കൂടാരമാണെന്നും തകർച്ചയുടെ ഭാഗമായി നിൽക്കേണ്ടതില്ലെന്ന് കോൺഗ്രസിലുള്ളവർ ചിന്തിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതാണ് ഇപ്പോഴത്തെ പ്രത്യേക രീതിക്കിടയാക്കിയത്. കോൺഗ്രസ് വിടുന്നവർ ബിജെപിയിലേക്കു പോകും എന്നു കണ്ടപ്പോൾ അവരെ നിലനിർത്താൻ കോൺഗ്രസ് നേതൃത്വം ഇടപെട്ടിരുന്നു.

എന്നാൽ, ബിജെപി സ്വീകരിക്കുന്ന തെറ്റായ നയത്തെ എതിർക്കാൻ കോൺഗ്രസ് നേതൃത്വം തയാറാകുന്നില്ലെന്ന് അണികൾ തിരിച്ചറിഞ്ഞതാണ് ഇപ്പോൾ വന്ന ഗുണകരമായ മാറ്റം. പ്രധാന നേതാക്കൾ കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്കു വരുന്നത് ആരോഗ്യകരമായ പ്രവണതയാണെന്നും അത് ഇനിയും ശക്തിപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേതാക്കൾ കോൺഗ്രസ് വിടുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ...

സംസ്ഥാന സർക്കാരിന് പാലാ ബിഷപ്പിന്റെ പ്രസ്താവനയിൽ കേസ് എടുക്കാൻ ആലോചനയില്ല. നമ്മുടെ സമൂഹത്തിന്റെ പ്രത്യേകത നിലനിർത്താനുള്ള ശ്രമമാണ് എല്ലാവരുടേയും ഭാഗത്ത് നിന്നുണ്ടാവേണ്ടത്. എല്ലാ പ്രശ്‌നങ്ങളും ചർച്ച ചെയ്തു പരിഹരിക്കാനുള്ള ശ്രമമാണ് വേണ്ടത്. നമ്മുടെ നാടിന്റെ മതനിരപേക്ഷതയും അതിന്റെ ഭാഗമായുള്ള പ്രത്യേകത നിലനിൽക്കണം എന്നാഗ്രഹിക്കുന്നവരാണ് ന്യൂനപക്ഷ/ഭൂരിപക്ഷ വിഭാഗത്തിലെ മഹാഭൂരിപക്ഷം പേരും. അതിന് ഉതകുന്ന തരത്തിലുള്ള സമീപനമാണ് സ്വീകരിക്കേണ്ടത്. അതിന് വിരുദ്ധമായ രീതിയൽ സമൂഹത്തെ മാറ്റാനുള്ള നീക്കം ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവാൻ പാടില്ല.

സമൂഹത്തിൽ നല്ല യോജിപ്പുണ്ടാക്കുക എന്നതാണ് പ്രധാനം. മാഫിയയെ മാഫിയായി കാണണം അതിന് മതചിഹ്നം നൽകേണ്ട ആവശ്യമില്ല. ഇതുമായി ബന്ധപ്പെട്ട് ആദരണീയനായ പാലാ ബിഷപ്പിന് വേണ്ടിയുള്ള വിശദീകരണങ്ങൾ വന്നിട്ടുണ്ട്. അതിൽ മതസ്പർധയുണ്ടാക്കാൻ ഉദ്ദേശിച്ചിട്ടില്ല, തങ്ങളുടെ വിഭാഗത്തിന് ആവശ്യമായ മുന്നറിയിപ്പ് നൽകുക മാത്രമാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അപ്പോൾ ഇത്തരം കാര്യങ്ങളിൽ കൂടുതൽ പ്രകോപനപമരായി പോകാതെ സൂക്ഷിക്കുക എന്നത് പ്രധാനമാണ്.

ആഭിചാര പ്രവൃത്തിയിലൂടെ വശീകരിക്കാനാവും എന്നൊക്കെ പറയുന്നത് പഴയ നാടുവാഴി കാലത്തുള്ള സംസ്‌കാരത്തിന്റെ ഭാഗമായിട്ടാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ നീക്കങ്ങൾ അന്നുണ്ടായിരുന്നു. അതൊന്നും ഈ ശാസ്ത്രയുഗത്തിൽ ചെലവാക്കില്ല. ഇങ്ങനെയൊരു പൊതുസാഹചര്യം നിലനിൽക്കുമ്പോൾ ഇതിനെ തെറ്റായ നിലയിൽ ഉപയോഗിക്കാൻ ശ്രമിക്കുന്ന ചില ശക്തികളുണ്ട്.

ഈ സമൂഹത്തിൽ വർഗീയ ചിന്തയോടെ നീങ്ങുന്ന വൻകിട ശക്തികൾ ദുർബലമായി വരികയാണ്. അവർക്ക് ആരെയെങ്കിലും ചാരാൻ ഒരൽപം ഇടകിട്ടുമോ എന്ന് നോക്കി നടക്കുകയാണ്. അതെല്ലാവരും മനസ്സിലാക്കാണം എന്ന് മാത്രമേ ഇപ്പോൾ എനിക്ക് പറയാനുള്ളൂ. ഇരുവിഭാഗത്തേയും ഒന്നിച്ചിരുത്തിയുള്ള ചർച്ചയുടെ സാധ്യത സർക്കാർ പരിശോധിക്കും.

മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പ്രചാരണം നടത്തുന്നവരെ കർശനമായി നേരിടും. ഒരു സമുദായം എന്ന നിലയ്ക്ക് ആ സമുദായത്തിലെ മുഴുവൻ അംഗങ്ങളുടെ കാര്യങ്ങൾ ആ സമുദായം ആലോചിക്കും. ഇതൊക്കെ സാധാരണ ഗതിയിൽ ഒരു തെറ്റല്ല. ബന്ധപ്പെട്ട വിഭാഗങ്ങളുടെ മുന്നിൽ ആരാണോ സംസാരിക്കുന്നത് അവർ ഒരഭ്യർത്ഥന നടത്തും. സ്വന്തം സമുദായത്തെ ആരെങ്കിലും അഭിസംബോധന ചെയ്യുന്നതിൽ ആരും തെറ്റ് കാണുന്നില്ല. എന്നാൽ അത്തരം സന്ദർഭത്തിൽ ഇതരെ മതത്തെ അവഹേളിക്കുന്ന രീതി പാടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP