Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

രാഷ്ട്രീയത്തിൽ തുടർന്നാലും ഇല്ലെങ്കിലും പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ല; എ കെ ആന്റണിക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ ചില സന്ദർഭങ്ങളിൽ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിപ്പോയി; ലാഭനഷ്ടങ്ങളുടെ കണക്കു പുസ്തകം സൂക്ഷിച്ചിട്ടില്ല; വീക്ഷണത്തിന്റെ ലേഖനത്തിന് പിന്നാലെ തെറ്റേറ്റു പറഞ്ഞ് ചെറിയാൻ ഫിലിപ്പ്

രാഷ്ട്രീയത്തിൽ തുടർന്നാലും ഇല്ലെങ്കിലും പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ല; എ കെ ആന്റണിക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ ചില സന്ദർഭങ്ങളിൽ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിപ്പോയി; ലാഭനഷ്ടങ്ങളുടെ കണക്കു പുസ്തകം സൂക്ഷിച്ചിട്ടില്ല; വീക്ഷണത്തിന്റെ ലേഖനത്തിന് പിന്നാലെ തെറ്റേറ്റു പറഞ്ഞ് ചെറിയാൻ ഫിലിപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോൺഗ്രസിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള വീക്ഷണം പത്രത്തിന്റെ മുഖപ്രസംഗത്തിന് പിന്നാലെ എ കെ ആന്റണിക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ പ്രതികരിച്ചത് തെറ്റായി പോയെന്ന് തുറന്നു പറഞ്ഞ് ചെറിയാൻ ഫിലിപ്പ്. അതേസമയം കഴിഞ്ഞ ഇരുപതുകൊല്ലം തനിക്ക് രാഷ്ട്രീയ അഭയം നൽകിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ചെറിയാൻ ഫിലിപ്പ് പ്രതികരണം നടത്തിയത്. ചെറിയാൻ ഫിലിപ്പിനെ സ്വാഗതം ചെയ്യുന്നതായി കഴിഞ്ഞ ദിവസം മുല്ലപ്പള്ളിയും ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ചെറിയാൻ ഫിലിപ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

രാഷ്ട്രീയത്തിൽ തുടർന്നാലും ഇല്ലെങ്കിലും ഇരുപതു വർഷം രാഷ്ടീയ അഭയം നൽകിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ല. ബാല്യം മുതൽ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന എ കെ ആന്റണിക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ ചില സന്ദർഭങ്ങളിൽ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നുവെന്ന് പിന്നീട് ബോദ്ധ്യപ്പെട്ടു.. ഇക്കാര്യം ആന്റണിയേയും ഉമ്മൻ ചാണ്ടിയേയും വർഷങ്ങൾക്കു മുമ്പുതന്നെ നേരിൽ അറിയിച്ചിട്ടുണ്ട്. ഇവർ രണ്ടു പേരും ആത്മബന്ധമുള്ള ജേഷ്ഠ സഹോദരന്മാരാണ്.

കോൺഗ്രസിനും തനിക്കും നൽകിയ സേവനങ്ങൾക്ക് പ്രത്യുപകാരമായി ചെറിയാൻ ഫിലിപ്പിന് ഒരു സഹായവും ചെയ്യാൻ കഴിയാത്തതിൽ തനിക്ക് തീവ്ര ദുഃഖമുണ്ടെന്നു് കേന്ദ്ര മന്ത്രിയായിരിക്കെ എ കെ ആന്റണി 2010 ൽ കെ.ടി ഡി.സിയുടെ ഒരു ചടങ്ങിൽ പറഞ്ഞത് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിലാണ്.
ചെറിയാൻ ഫിലിപ്പ് ആദർശവാനാണെന്നും പറയുന്നതിൽ മാത്രമല്ല നടപ്പാക്കുന്നതിൽ നിർബന്ധമുള്ളയാളാണെന്നും നിയമസഭാ സാമാജികത്വത്തിന്റെ അമ്പതാം വാർഷികത്തിൽ ഒരു അഭിമുഖത്തിൽ ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.

അരനൂറ്റാണ്ടിലേറെക്കാലത്തെ രാഷ്ട്രിയ ജീവിതത്തിൽ ആരെയും ദ്രോഹിക്കുകയോ ശത്രുക്കളെ സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല. കോൺഗ്രസിലും സിപിഐ എം ലും ഇതര രാഷ്ട്രീയ കക്ഷികളിലും വിവിധ മത-സമുദായ സംഘടനകളിലും മാധ്യമങ്ങളിലും ആയിരക്കണക്കിന് ഉറ്റ സുഹൃത്തുക്കളാണുള്ളത്. ശരീരത്തിലും മനസ്സിലും കറ പുരളാത്തതിനാൽ മരണം വരെ കേരളത്തിലെ പൊതു സമൂഹത്തിൽ തലയുയർത്തി നിൽക്കും. ഒരു രാഷ്ടീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോആകില്ല. ലാഭനഷ്ടങ്ങളുടെ കണക്കു പുസ്തകം സൂക്ഷിച്ചിട്ടില്ല.

1976 മുതൽ 1982 വരെ ഞാൻ വീക്ഷണത്തിന്റെ രാഷ്ട്രീയ ലേഖകനായിരുന്നു. ഗോഹട്ടി എ.ഐ സി സി സമ്മേളനത്തിൽ അടിയന്തിരാവസ്ഥക്കെതിരായ എ കെ ആന്റണിയുടെ പ്രസംഗം സെൻസർഷിപ്പ് നിയമങ്ങൾ ലംഘിച്ച് റിപ്പോർട്ട് ചെയ്തത് ഞാനാണ്. വീക്ഷണത്തിൽ ചില വേളകളിൽ മുഖപ്രസംഗം എഴുതിയിട്ടുമുണ്ട്.

കഴിഞ്ഞ ദിവസം ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേക്ക് ക്ഷണിച്ച് പാർട്ടി മുഖപത്രമായ വീക്ഷണം രംഗത്തുവന്നിരുന്നു അപരാധങ്ങൾ ഏറ്റുപറഞ്ഞ്, തെറ്റ് തിരുത്തി വന്നാൽ സ്വീകരിക്കുമെന്നാണ് മുഖപ്രസംഗത്തിൽ പറയുന്നത്. രാജ്യസഭാ സീറ്റ് നൽകാതെ സിപിഎം ചതിച്ചെന്ന വിലയിരുത്തലിലാണ് നിലപാട്. മോഹമുക്തനായ ചെറിയാന് വീണ്ടും അവഗണന എന്ന തലക്കെട്ടുള്ള മുഖപ്രസംഗത്തിൽ തുടലിലിട്ട കുരങ്ങനെപ്പോലെ ചാടിക്കളിക്കട കുഞ്ഞിരാമ എന്ന് പറഞ്ഞ് ചുടുചോറ് മാന്തിച്ച് ചെറിയാൻ ഫിലിപ്പിനെ സിപിഎം വഞ്ചിച്ചുവെന്ന് ആരോപിക്കുകയാണ്. കാരണങ്ങളും നിരത്തുന്നുണ്ട്.

2001ൽ തിരുവനന്തപുരം വെസ്റ്റ് നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാത്തതിന്റെ പേരിലായിരുന്നു ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ടത്. കെ.ടി.ഡി.സി പ്രസിഡന്റ്, ലൈഫ് മിഷൻ കോർഡിനേറ്റർ എന്നീ ആശ്വാസ പദവികൾക്കപ്പുറം സിപിഎം ചെറിയാന് ഒന്നും നൽകിയില്ല. 2016ൽ രാജ്യസഭാ സീറ്റിലേക്ക് പരിഗണിച്ചെങ്കിലും എളമരം കരീമിന് വേണ്ടി തഴഞ്ഞു. ഇത്തവണ രണ്ട് സീറ്റുണ്ടായിട്ടും മുഖ്യമന്ത്രിയുടെ അടുക്കള സംഘത്തിന് വേണ്ടി ചെറിയാനെ വീണ്ടും ഒഴിവാക്കിയെന്നും ആരോപിക്കുന്നു. വിമതരായ ടി.കെ.ഹംസയേയും ലോനപ്പൻ നമ്പാടനെയും കെ.ടി.ജലീലിനെയും സ്വീകരിച്ച് മന്ത്രിയാക്കിയ സിപിഎം ചെറിയാൻ ഫിലിപ്പിനോട് കാണിച്ചത് ചിറ്റമ്മ നയമെന്നുമാണ് ആക്ഷേപം.

ഈ സാഹചര്യത്തിലാണ് തെറ്റുതിരുത്തിയെത്തിയാൽ സ്വീകരിക്കുമെന്ന വാഗ്ദാനം മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ പാർട്ടിയിലേക്ക് ക്ഷണിക്കുന്നതിനപ്പുറം ചെറിയാൻ ഫിലിപ്പിനോടുള്ള രൂക്ഷവിമർശനവും ആക്ഷേപവും മുഖപ്രസംഗത്തിലുണ്ട്. ഉമ്മൻ ചാണ്ടിക്കും എ.കെ.ആന്റണിക്കുമെതിരെ ചെറിയാൻ പറഞ്ഞതൊന്നും സാമാന്യമര്യാദക്ക് നിരക്കുന്നതല്ല. അതുകൊണ്ട് പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കുമെന്ന് പറയുന്നത് പോലെ കോൺഗ്രസിനെ ചതിച്ച ചെറിയാനെ സിപിഎം ചതിച്ചുവെന്നുമാണ് വിലയിരുത്തൽ. ആക്ഷേപത്തോടും കോൺഗ്രസിലേക്കുള്ള ക്ഷണത്തോടും പ്രതികരിക്കാനില്ലെന്നാണ് ചെറിയാൻ ഫിലിപ്പിന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP