Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ത്രീകളുടെ അഭിമാനബോധം വ്രണപ്പെടുത്താൻ ഇഷ്ടമില്ല; അനഭിലഷണീയ പ്രവണതകൾ ചൂണ്ടിക്കാണിച്ചു; ഫേസ്‌ബുക്ക് പരാമർശം സ്ത്രീ സമൂഹത്തിനു വിഷമം ഉണ്ടാക്കിയെങ്കിൽ ഖേദമെന്നു ചെറിയാൻ ഫിലിപ്പ്

സ്ത്രീകളുടെ അഭിമാനബോധം വ്രണപ്പെടുത്താൻ ഇഷ്ടമില്ല; അനഭിലഷണീയ പ്രവണതകൾ ചൂണ്ടിക്കാണിച്ചു; ഫേസ്‌ബുക്ക് പരാമർശം സ്ത്രീ സമൂഹത്തിനു വിഷമം ഉണ്ടാക്കിയെങ്കിൽ ഖേദമെന്നു ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: തന്റെ പരാമർശങ്ങൾ ആർക്കെങ്കിലും വേദനയായിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദിക്കുന്നതായി ചെറിയാൻ ഫിലിപ്പ്. ഫേസ്‌ബുക്കിൽ കോൺഗ്രസുകാരുടെ ഉടുപ്പഴിക്കൽ സമരത്തെക്കുറിച്ചുള്ള പോസ്റ്റിട്ടതു വിവാദമായതോടെയാണു ചെറിയാൻ ഫിലിപ്പ് ഖേദം പ്രകടിപ്പിച്ചത്.

'ഫേസ്‌ബുക്കിലെ എന്റെ ചില പരാമർശങ്ങൾ സ്ത്രീ സമൂഹത്തിനു വിഷമമുണ്ടാക്കിയിട്ടുനെങ്കിൽ അതിൽ എനിക്ക് നിർവ്യാജമായ ഖേദമുണ്ട് ജീവിതത്തിൽ ഒരിക്കലും വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ഒരു സ്ത്രീയെ പോലും ഞാൻ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല'- ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.

സമൂഹത്തിലെ ചില അനഭിലഷണീയമായ പ്രവണതകൾ സൂചിപ്പിക്കുക മാത്രമാണ് താൻ ചെയ്തതെന്നും അവയെ സമൂഹമദ്ധ്യത്തിൽ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിച്ചതിൽ അത്യധികമായ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്ത്രീയുടെയും അഭിമാനബോധത്തെ വ്രണപ്പെടുത്താൻ ഞാൻ മരണം വരെയും ഇഷ്ടപ്പെടുന്നില്ലെന്നും മറ്റൊരു ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചെറിയാൻ ഫിലിപ്പ് പ്രതികരിച്ചു.

'യൂത്തുകൊണ്ഗ്രസുകാരുടെ ഉടുപ്പഴിക്കൾ സമരം മാതൃകാപരമായ ഒരു സമര മാർഗമാണ് ഈ സമരം രഹസ്യമായി നടത്തിയ വനിതകൽക്കെല്ലാം പണ്ട് കൊണ്ഗ്രസിൽ സീറ്റ് കിട്ടിയിട്ടുണ്ട് !!' എന്ന ഫേസ്‌ബുക്ക് പോസ്റ്റാണു വിവാദമായത്. തുടർന്ന് വിവിധ കോണുകളിൽ നിന്ന് എതിർപ്പുകൾ ഉയർന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഉൾപ്പെടെയുള്ളവർ എതിർപ്പറിയിച്ചു.

സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും ചെറിയാന്റെ പരാമർശത്തിനെതിരെ രംഗത്തെത്തിയിരുന്നു. 'ഒരു സ്ത്രീ വിരുദ്ധ പ്രസ്താവനയും ഞാൻ നടത്തിയിട്ടില്ല ഒരു സ്ത്രീയെയും ഞാൻ പേരെടുത്തു പറഞ്ഞു അപമാനിച്ചിട്ടില്ല സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്ന ഒരാളാണ് സ്ത്രീ സമൂഹത്തിനാകെ അപമാനകരമാകുന്ന ചിലരെ മാത്രമാണ് ഉദ്ദേശിച്ചത് ഈ സാംസ്‌കാരിക ജീർണതക്കെതിരെ ശബ്ദം ഉയർത്തേണ്ടത് സ്ത്രീ തന്നെയാണ് സ്ത്രീകളെ ഇരകളാക്കുന്ന പുരുഷന്മാരെയാണ് ഞാൻ പരോക്ഷമായി വിമശിച്ചത്' എന്നും ചെറിയാൻ ഫിലിപ്പ് പ്രതികരിച്ചിരുന്നു. പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ ചെറിയാൻ ഫിലിപ്പ് സ്ത്രീകളെയല്ല, കോൺഗ്രസിന്റെ സംസ്‌കാരത്തെയാണ് പരിഹസിച്ചത് എന്നും നിലപാടെടുത്തിരുന്നു.

'പണ്ട് , ഭൂമി ഉരുണ്ടതാണെന്നും സൂര്യന് ചുറ്റും കറങ്ങുന്നുവെന്നും ഗലീലിയോ പറഞ്ഞപ്പോൾ അത് തിരുത്തണമെന്ന് മതമേധാവികൾ പറഞ്ഞു ഞാൻ തിരുത്തിയാലും പ്രപഞ്ച സത്യം ഇല്ലാതാവില്ലെന്നു ഗലീലിയോ മറുപടി നല്കി സുധീരൻ പറയുന്നതുപോലെ ഞാൻ മാപ്പ് പറഞ്ഞാൽ സത്യം മരിക്കുകയില്ല. എ കെ ആന്റണി പ്രസിഡന്റും സുധീരൻ വൈസ് പ്രസിഡന്റും ആയിരുന്നപ്പോൾ ഞാൻ കെ പി സി സി സെക്രട്ടറിയായിരുന്നു മാന്യതയുടെ പേരിൽ കൊണ്ഗ്രസിലെ പല രഹസ്യങ്ങളും ഞാൻ പുറത്തു പറഞ്ഞിട്ടില്ല ആത്മകഥയിൽ പോലും കൊണ്ഗ്രസിൽ ചില നേതാക്കൾ വനിതകളെ ചൂഷണം ചെയ്ത എത്രയോ കഥകൾ എന്നെ സ്ത്രീ വിരുദ്ധനാക്കാൻ ശ്രമിച്ചാൽ പലതും തുറന്നു പറയേണ്ടി വരും കൊണ്ഗ്രസിൽ 'ചില' വനിതകൾ എങ്ങനെ സീറ്റ് നേടിയെന്ന നാറുന്ന കഥകൾ അവയെല്ലാം സുധീരനും അറിവുള്ളതാണല്ലോ ഇവിടെയും ഞാൻ കുറ്റപ്പെടുത്തുന്നത് പുരുഷ നേതാക്കളെയാണ് എന്റെ കൊച്ചനുജത്തിമാരായ ഷാനിമോൾ ,ബിന്ദു കൃഷ്ണ എന്നിവർ ദയവായി എന്നെ സ്ത്രീ വിരുദ്ധനാക്കല്ലേ അവർക്ക് കുട്ടിക്കാലം മുതൽ എന്നെ അടുത്തറിയാമല്ലോ' എന്നും മറ്റൊരു പോസ്റ്റിൽ നേരത്തെ ചെറിയാൻ ഫിലിപ്പ് പ്രതികരിച്ചു.

പരാമർശങ്ങൾ കൂടുതൽ വിവാദങ്ങളിലേക്ക് വഴുതി വീണതോടെയാണ് ഖേദപ്രകടനവുമായി ചെറിയാൻ ഫിലിപ്പ് വീണ്ടുമെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP