Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202204Tuesday

യൂണിവേഴ്‌സിറ്റി കോളേജിലെ പ്രതികാരം തീർക്കാൻ രണ്ടാം നിലയിൽ നിന്ന് എസ് എഫ് ഐക്കാർ വലിച്ചെറിഞ്ഞതു കൊലപ്പെടുത്താൻ; എ ഗ്രൂപ്പിനെ ചാണ്ടി ഹൈജാക്ക് ചെയ്തപ്പോൾ കളം മാറി പിണറായിക്കൊപ്പം കൂടി; ഈ പോരാളിക്ക് ഇനിയും പാർലമെന്ററീ ജീവിതം അന്യം; ചെറിയാൻ ഫിലിപ്പിന് സിപിഎം നിഷേധിച്ചത് അഹർതയുടെ രാജ്യസഭാ സീറ്റ്

യൂണിവേഴ്‌സിറ്റി കോളേജിലെ പ്രതികാരം തീർക്കാൻ രണ്ടാം നിലയിൽ നിന്ന് എസ് എഫ് ഐക്കാർ വലിച്ചെറിഞ്ഞതു കൊലപ്പെടുത്താൻ; എ ഗ്രൂപ്പിനെ ചാണ്ടി ഹൈജാക്ക് ചെയ്തപ്പോൾ കളം മാറി പിണറായിക്കൊപ്പം കൂടി; ഈ പോരാളിക്ക് ഇനിയും പാർലമെന്ററീ ജീവിതം അന്യം; ചെറിയാൻ ഫിലിപ്പിന് സിപിഎം നിഷേധിച്ചത് അഹർതയുടെ രാജ്യസഭാ സീറ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ പോരാളിയാണ് ചെറിയാൻ ഫിലിപ്പ്. ഒരു കാലത്ത് കോൺഗ്രസിന്റെ എ ഗ്രൂപ്പിലെ പ്രധാനി. എകെ ആന്റണിയുടെ അതിവിശ്വസ്തൻ. ഗ്രൂപ്പിന്റെ നേതൃത്വം ഉമ്മൻ ചാണ്ടിക്കായപ്പോൾ പാർട്ടിയിലെ കറിവേപ്പിലയായി. തിരുവനന്തപുരം വെസ്റ്റ് സീറ്റിൽ മത്സരിക്കണമെന്ന ആഗ്രഹം പാർലമെന്ററീ മോഹങ്ങൾ ഒരിക്കലും കാട്ടത്ത ചെറിയാൻ ഫിലിപ്പ് മുമ്പോട്ടു വച്ചപ്പോൾ ആ സീറ്റ് എംവി രാഘവന് കൊടുക്കുകയായിരുന്നു ഉമ്മൻ ചാണ്ടി ചെയ്തത്. അന്ന് പാർട്ടിയിൽ ഒറ്റപ്പെട്ടപ്പോൾ ആശ്വസിപ്പിക്കാനുണ്ടായിരുന്നത് ലീഡർ കെ കരുണാകരൻ മാത്രമായിരുന്നു. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ രക്തസാക്ഷി പരിവേഷവുമായി ചെറിയാൻ ഫിലിപ്പ് സിപിഎം സഹയാത്രികനായി. മൂന്ന് തവണ നിയമസഭയിലേക്ക് മത്സരിച്ചു. അതും ഉറപ്പില്ലാത്ത സീറ്റുകളിൽ. ഇത്തവണയെങ്കിലും ചെറിയാൻ ഫിലിപ്പിന്റെ രാഷ്ട്രീയ മികവിന് അംഗീകാരമായി സിപിഎം രാജ്യസഭാ സീറ്റ് നൽകുമെന്ന് ഏവരും കരുതി. എന്നാൽ ചെറിയാനെ സ്‌നേഹിക്കുന്നവർക്ക് നിരാശയായിരുന്നു ഫലം. ഇത്തവണയും ചെറിയാൻ ഫിലിപ്പിനെ സിപിഎം കണ്ടില്ലെന്ന് നടിച്ചു. അപ്പോഴും നിരാശ പുറത്തു കാട്ടാതെ പോരാളിയുടെ മുഖഭാവത്തിൽ ചിരിക്കുകയാണ് ചെറിയാൻ ഫിലിപ്പ്.

കോൺഗ്രസ് നേത്വനിരയിൽ മുന്നിൽനിന്ന് പ്രവർത്തിച്ചിരുന്ന കാലത്താണ് 2001ൽ ചെറിയാൻഫിലിപ്പ് ഇടുതുപക്ഷത്തേക്ക് തിരിഞ്ഞത്. ഒരുകാലത്ത് എ.കെ.ആന്റണിയുടെയും ഉമ്മൻ ചാണ്ടിയുടെയും മനസാക്ഷിസൂക്ഷിപ്പുകാരനായി അറിയപ്പെട്ടിരുന്ന ചെറിയാൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാണെന്ന് ഏവരും കരുതുന്നു. ഇടത് സഹയാത്രികനായിട്ട് ഇരുപതുകൊല്ലമായി. ഇതിനിടെ മൂന്ന് തവണ സിപിഎം. നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകിയെങ്കിലും ജയിക്കാൻ കഴിഞ്ഞില്ല. തീർത്തും ജയസാധ്യതയില്ലാത്ത പുതുപ്പള്ളിയിലും കല്ലൂപ്പാറയിലും വട്ടിയൂർക്കാവിലുമായിരുന്നു ആ മത്സരങ്ങൾ. തോൽക്കുന്ന സീറ്റിൽ പരാതി കൂടാതെ മ്ത്സരിച്ച ചെറിയാൻ ഫിലിപ്പിന് ഇത്തവണ രാജ്യസഭാ സീറ്റ് ഏവരും പ്രതീക്ഷിച്ചു. അതും കിട്ടുന്നില്ല.

രാജ്യസഭാ സീറ്റിലേക്ക് സിപിഎം രണ്ടു തവണ പരിഗണിച്ച പേരാണ് ചെറിയാൻ ഫിലിപ്പ്. കോൺഗ്രസ് വിട്ട് ഇടതുപക്ഷത്ത് എത്തിയപ്പോൾ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച ചെറിയാൻ ഫിലിപ്പ് തോറ്റു. പിന്നീട് വട്ടിയൂർക്കാവിൽ കെ മുരളീധരനോടും. കൈരളി ടിവിയിലും മറ്റും സിപിഎം പറഞ്ഞ പണിയെല്ലാം ചെയ്തു. അതിന് ശേഷം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്കും. കുടുംബശ്രീയും മറ്റും ജനകീയമാക്കുന്നതിന് സിപിഎമ്മിന് ഒരു പാട് ആശയങ്ങൾ പകർന്നു നൽകിയ നേതാവ്. വിവാദങ്ങളില്ലാതെ എകെജി സെന്ററിൽ ഇരുന്ന് പ്രവർത്തിക്കുന്ന വിശ്വസ്തൻ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ചെറു ചലനങ്ങൾ പോലും നടത്താത്ത സഹയാത്രികൻ. അതുകൊണ്ട് തന്നെ ഇത്തവണയെങ്കിലും രാജ്യസഭയിലേക്ക് ചെറിയാൻ ഫിലിപ്പിന് സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചവരെല്ലാം നിരാശരായി. ഇത്തവണയും കണ്ണൂർ ലോബി ആ സീറ്റുകൾ സ്വന്തമാക്കി. എങ്കിലും പാർട്ടിയോട് പരിഭവം കാട്ടാതെ ചെറിയാൻ ഫിലിപ്പ് പുസ്തക രചനയും സോഷ്യലിസ്റ്റ് ആശയ സംവാദവുമായി എകെജി സെന്ററിൽ തുടരും.

സംഘടനാ പ്രവർത്തനത്തിന് യൂണിവേഴ്സിറ്റി കോളേജിൽ ആർക്കും വിലക്കില്ലാത്ത കാലമുണ്ടായിരുന്നു. അന്ന് കെ എസ് യുവിന്റെ കോട്ടയായിരുന്ന യൂണിവേഴ്സിറ്റി. കെ എസ് യു കോട്ട ഗുണ്ടായിസത്തിലൂടെ എസ്എഫ്ഐ എങ്ങിനെ പിടിച്ചെടുത്തു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു യൂണിവേഴ്‌സിറ്റി കോളേജിൽ 1972-ൽ എസ്എഫ്ഐ നടത്തിയത്. എസ്എഫ്ഐ ക്രൂരതയുടെ ജീവിക്കുന്ന രക്തസാക്ഷിയായ അന്നത്തെ കെഎസ് യു യൂണിവേഴ്‌സിറ്റി കോളേജ് യൂണിയൻ നേതാവായിരുന്നു ചെറിയാൻ ഫിലിപ്പ്. ഇടത് സർക്കാരിൽ ഹരിതകേരളം, ആർദ്രം തുടങ്ങി പ്രധാന നാലു മിഷനുകളുടെ കോ-ഓർഡിനേറ്ററായും ചെറിയാൻ ഫിലിപ്പ് പ്രവർത്തിച്ചു. അന്നെല്ലാം ഈ പദ്ധതികൾക്കായി മികച്ച ആശയങ്ങൾ ചെറിയാൻ അവതരിപ്പിച്ചു.

1972-ലെ യൂണിവേഴ്‌സിറ്റി കോളെജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥിയായ ചെറിയാൻ ഫിലിപ്പ് വിജയിച്ച വാർത്ത പുറത്തുവന്ന അതേ ദിവസം യൂണിവേഴ്‌സിറ്റി കോളേജിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിയുകയായിരുന്നു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജനറൽ സീറ്റിൽ കെഎസ് യു നേതാവ് ചെറിയാൻ ഫിലിപ്പ് തിരഞ്ഞെടുക്കപ്പെട്ട ചൊരുക്കാണ് എസ്എഫ്ഐ ഗുണ്ടകൾ ചെറിയാന്റെ ശരീരത്തിൽ തീർത്തത്. രണ്ടാം നിലയിൽ നിന്ന് താഴേക്കുള്ള വലിച്ചെറിയലിൽ ചെറിയാന്റെ കാലൊടിഞ്ഞു. നട്ടെല്ലിന് ഗുരുതര ക്ഷതമേൽക്കുകയും ചെയ്തു. നട്ടെല്ലിന് ഏറ്റ ശക്തമായ ക്ഷതത്തിൽ ചെറിയാൻ ഫിലിപ്പിന് ജീവിതം തന്നെ നഷ്ടമായി. ഇവിടെ നിന്ന് എസ് എഫ് ഐ കോളേജിൽ കാലുറപ്പിക്കാനും തുടങ്ങി. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഇന്നും ചെറിയാൻ ഫിലിപ്പ്.

ജീവിതത്തിൽ ഒരിക്കലും വിവാഹ ജീവിതം പോലും നയിക്കാൻ പോലും കഴിയാത്ത ശക്തമായ ക്ഷതമാണ് ആ വലിച്ചെറിയലിൽ ചെറിയാൻ ഫിലിപ്പിനു നൽകിയത്. ഒരു കാലു ശോഷിച്ചുപോയി. നടക്കാൻ പോലും കഴിയാത്ത അവസ്ഥ വന്നു. പാരാലിസിസ് വന്ന അവസ്ഥയായി. വർഷങ്ങൾ തന്നെ ചെറിയാൻ ഫിലിപ്പ് ചികിത്സയിലായി. യൂണിവേഴ്‌സിറ്റി കോളേജിലെ ഏറ്റവും സ്വാധീന ശക്തിയുള്ള നേതാവായിരുന്നു കെഎസ് യു നേതാവായിരുന്നു അന്ന് ചെറിയാൻ ഫിലിപ്പ്. ആ ചെറിയാൻ ഫിലിപ്പിനെ 1972-ൽ തന്നെ ഇല്ലാതാക്കാനാണ് എസ്എഫ്ഐ ശ്രമിച്ചത്. കോളേജിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്കാണ് വലിച്ചറിഞ്ഞത്. എഴുപതുകളിൽ നടത്തിയ ഇത്തരം ആക്രമണ പരമ്പരകൾക്കൊടുവിലാണ് എൺപതുകളിൽ യൂണിവേഴ്സിറ്റി കോളെജ് കെഎസ് യുവിൽ നിന്ന് പിടിച്ചെടുത്ത് എസ്എഫ്ഐ കോട്ടയാക്കി മാറ്റുന്നത്. അന്നുള്ള പരുക്കുകൾക്ക് ചെറിയാൻ ഇന്നും ചികിത്സ തേടുകയാണ്. ഡിഗ്രിയും പിജിയും ഇതേ കോളജിൽ നിന്ന് തന്നെയാണ് ചെറിയാൻ പൂർത്തിയാക്കുന്നതും.

ആക്രമണങ്ങളെ തുടർന്നുള്ള കാലഘട്ടത്തിനു ശേഷം ചെറിയാൻ കെഎസ് യുവിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയും പിന്നീട് കെഎസ് യുവിന്റെ സംസ്ഥാന പ്രസിഡന്റും ആയി മാറി. ഇതേ ചെറിയാൻ കാലങ്ങൾ കഴിഞ്ഞപ്പോൾ താൻ ജീവിതം മുഴുവൻ എതിർത്ത അതേ ഇടത് പ്രസ്ഥാനത്തിന്റെ ഭാഗമായി. ചെറിയാൻ ഉറച്ചു നിന്ന കോൺഗ്രസ് യുവതലമുറയെ പൂർണമായി അവഗണിക്കുന്നതിൽ എതിർപ്പ് അറിയിച്ചാണ് ചെറിയാൻ സിപിഎമ്മിലേക്ക് നീങ്ങുന്നത്. കോൺഗ്രസിൽ യുവതലമുറക്ക് വേണ്ടി എന്നും ശക്തമായി വാദിച്ചിരുന്ന ചെറിയാൻ ഫിലിപ് 2001 ൽ കോൺഗ്രസ് വിട്ടു.

2001 ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർത്തിയാണ് ചെറിയാൻ കോൺഗ്രസ് വിടുന്നത്. താമസിയാതെ തന്നെ ചെറിയാൻ സിപിഎമ്മിലേക്ക് ചേക്കേറുകയും പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് എതിരെ മത്സരിക്കുകയും ചെയ്തു. പിന്നീട് വട്ടിയൂർക്കാവ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും ചെറിയാന് വിജയിക്കാനായില്ല. കെടിഡിസി ചെയർമാൻ പോസ്റ്റ് നൽകി സിപിഎം പക്ഷെ ചെറിയാനെ കൂടെ നിർത്തി. വി എസ് അച്യുതാനന്ദനായിരുന്നു മുഖ്യമന്ത്രി. പിന്നീട് സിപിഎം പ്രതിപക്ഷത്തായി. അപ്പോൾ കൈരളി ടിവിയിലൂടെ വിമർശനവുമായി കോൺഗ്രസ് രാഷ്ട്രീയത്തെ കടന്നാക്രമിച്ചു ഈ പഴയ ആന്റണിയുടെ വിശ്വസ്തൻ.

ചെറിയാൻ ഫിലിപ്പ് 7 ൽ പരം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് . കേരളപ്പിറവിക്കു ശേഷമുള്ള 25 വർഷക്കാലത്തെ കേരള രാഷ്ട്രീയ രംഗത്തെ അവലോകനം ചെയ്യുന്ന 'കാൽനൂറ്റാണ്ട്' ആണ് പ്രധാന കൃതി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP