Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിവിൽ സർവീസ് പരീക്ഷയിൽ രമേശ് ചെന്നിത്തലയുടെ മകൻ രമിത് ചെന്നിത്തലയ്ക്ക് 210-ാം റാങ്ക്; എഴുത്തു പരീക്ഷയിലെ ഒന്നാം റാങ്കുകാരനേക്കാൾ അഭിമുഖ പരീക്ഷയിൽ 30 മാർക്ക് രമിത്തിന് കൂടുതൽ കിട്ടിയത് എങ്ങനെ? പേരു പറയാതെ കോൺഗ്രസ് ഉന്നത നേതാവിന്റെ മകന് ലഭിച്ച മാർക്ക് അന്വേഷണ വിധേയമാക്കണമെന്ന് മന്ത്രി കെ.ടി.ജലീൽ; തന്നെപ്പറ്റി ഒന്നും പറയാനില്ലാത്തതിനാൽ വീട്ടിലിരിക്കുന്ന കുട്ടികളെപ്പറ്റി പറഞ്ഞത് മോശമായിപ്പോയെന്നും മന്ത്രി അബദ്ധമാണ് വിളമ്പുന്നതെന്നും ചെന്നിത്തല

സിവിൽ സർവീസ് പരീക്ഷയിൽ രമേശ് ചെന്നിത്തലയുടെ മകൻ രമിത് ചെന്നിത്തലയ്ക്ക് 210-ാം റാങ്ക്; എഴുത്തു പരീക്ഷയിലെ ഒന്നാം റാങ്കുകാരനേക്കാൾ അഭിമുഖ പരീക്ഷയിൽ 30 മാർക്ക് രമിത്തിന് കൂടുതൽ കിട്ടിയത് എങ്ങനെ? പേരു പറയാതെ കോൺഗ്രസ് ഉന്നത നേതാവിന്റെ മകന് ലഭിച്ച മാർക്ക് അന്വേഷണ വിധേയമാക്കണമെന്ന് മന്ത്രി കെ.ടി.ജലീൽ; തന്നെപ്പറ്റി ഒന്നും പറയാനില്ലാത്തതിനാൽ വീട്ടിലിരിക്കുന്ന കുട്ടികളെപ്പറ്റി പറഞ്ഞത് മോശമായിപ്പോയെന്നും മന്ത്രി അബദ്ധമാണ് വിളമ്പുന്നതെന്നും ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: അച്ഛനെ നേരിടാൻ മകനെ ലാക്കാക്കി മന്ത്രിയുടെ ആരോപണം. എംജി സർവകലാശാല മാർക്ക് ദാന വിവാദത്തിൽ പ്രതിരോധത്തിലായ മന്ത്രി കെ.ടി.ജലീലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ലാക്കാക്കി പ്രത്യാക്രമണം നടത്തിയത്. സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത കോൺഗ്രസ് നേതാവിന്റെ മകന് ലഭിച്ച മാർക്ക് അന്വേഷണ വിധേയമാക്കണമെന്നാണ് മന്ത്രി ജലീൽ ആവശ്യപ്പെട്ടത്. ആരുടെയും പേര് ജലീൽ പറഞ്ഞില്ലെങ്കിലും ഉന്നം വച്ചത് ആരെയാണെന്ന് വ്യക്തമായിരുന്നു. ആരോപണത്തിന് മറുപടിയുമായി ഉടൻ രമേശ് ചെന്നിത്തല വാർത്താസമ്മേളനം വിളിച്ചു. ഇതോടെ വിവാദം പുതിയ തലത്തിലേക്ക് നീങ്ങി.

2017-ലെ സിവിൽ സർവീസ് പരീക്ഷയിൽ രമേശ് ചെന്നിത്തലയുടെ മകൻ രമിത് ചെന്നിത്തലയ്ക്ക് 210-ാം റാങ്കുണ്ടായിരുന്നു. എഴുത്തു പരീക്ഷയിൽ ഒന്നാം റാങ്കുകാരനായ ദുരൈഷെട്ടി അനുദീപിനെക്കാൾ 122 മാർക്ക് കുറവായിരുന്നു രമിത്തിന്. എന്നാൽ അഭിമുഖ പരീക്ഷയിൽ ഒന്നാം റാങ്കുകാരനെക്കാൾ 30 മാർക്ക് രമിത്തിന് കൂടുതൽ കിട്ടിയത് അന്വേഷണ വിധേയമാക്കണമെന്നാണ് മന്ത്രി ജലീൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടത്. ചെന്നിത്തലയുടെ മകന്റെ പേര് പറയാതെ ഒന്നാം റാങ്കുകാരന്റെ പേര് പറഞ്ഞായിരുന്നു മന്ത്രിയുടെ ആരോപണം. ഉന്നത കോൺഗ്രസ് നേതാവിന്റെ മകൻ എന്ന് മന്ത്രി പറഞ്ഞെങ്കിലും രമേശ് ചെന്നിത്തലയുടെയോ മകന്റെയോ പേര് വാർത്താ സമ്മേളനത്തിൽ പറഞ്ഞില്ല. പിഎസ് സിയുടെ വിശ്വാസ്യത മാത്രം സംരക്ഷിച്ചാൽ മതിയോ എന്നും യുപിഎസ് സിയുടെ വിശ്വാസത്യതയും കാത്തുസൂക്ഷിക്കേണ്ടെ എന്നുമായിരുന്നു പ്രതിപക്ഷ നേതാവിനോടുള്ള മന്ത്രിയുടെ ചോദ്യം.

അതേസമയം, ആരോപണത്തിന് ചെന്നിത്തലയുടെ മറുപടി ഇങ്ങനെയാണ്:

സിവിൽ സർവീസ് പരീക്ഷയുടെ നടപടി ക്രമങ്ങളേക്കുറിച്ച് മന്ത്രിക്ക് അറിയില്ലെങ്കിൽ ചീഫ് സെക്രട്ടറി ടോം ജോസിനോടോ പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസിനോടോ ചോദിച്ച് മനസിലാക്കേണ്ടിയിരുന്നുവെന്ന് ചെന്നിത്തല പരിഹസിച്ചു. മന്ത്രിക്ക് ഈ വിഷയത്തേക്കുറിച്ച് അടിസ്ഥാനപരമായ വിവരമെങ്കിലും ഉണ്ടായിരിക്കുമെന്നാണ് താൻ കരുതിയത്. അദ്ദേഹം എന്തു വിഡ്ഢിത്തമാണ് വിളമ്പുന്നതെന്നും ചെന്നിത്ത ചോദിച്ചു.

ഇത്തരം മണ്ടത്തരങ്ങൾ പറഞ്ഞാൽ പൊതുസമൂഹം ചിരിക്കുകയേ ഉള്ളുവെന്ന് പറഞ്ഞ ചെന്നിത്തല വീട്ടിലിരിക്കുന്ന മക്കൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് ശരിയായില്ലെന്നും പറഞ്ഞു. ഇതുകൊണ്ടൊന്നും ജലീലിനെതിരായ പ്രതിഷേധ നടപടികൾ അവസാനിപ്പിക്കില്ലെന്നും ശക്തമായി മുന്നോട്ട് പോകുമെന്നും ജലീലിന്റെ വാദമുഖങ്ങൾ പൂർണമായും തെറ്റാണെന്ന് സമൂഹത്തിനു മുന്നിൽ തെളിയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തന്നെ നേരിടാൻ മകനെതിരെ ആരോപണം ഉന്നയിക്കേണ്ടിയിരുന്നില്ല. ആരോപണങ്ങൾ അബദ്ധജടിലമാണ്. മോഡറേഷൻ നിർത്തണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല കൊച്ചിയിൽ പറഞ്ഞു. ചെന്നിത്തലയുടെ മകന് സിവിൽ സർവീസ് അഭിമുഖ പരീക്ഷയിൽ ഒന്നാം റാങ്കുകാരനേക്കാൾ ഇരുനൂറിലേറെ മാർക്ക് അധികം ലഭിച്ചതിൽ ക്രമക്കേടുണ്ടെന്നായിരുന്നു മന്ത്രിയുടെ ആരോപണം. എന്നെപ്പറ്റി ഒന്നും പറയാനില്ലാത്തതിനാൽ വീട്ടിലിരിക്കുന്ന കുട്ടികളെപ്പറ്റി പറഞ്ഞത് മോശമായിപ്പോയെന്നും ചെന്നിത്തല പറഞ്ഞു.

അതിനിടെ എംജി സർവകലാശാല മാർക്ക് ദാനത്തിൽ ഗവർണർ ഇടപെട്ടു. വിഷയത്തിൽ വിസിയോട് ഗവർണർ റിപ്പോർട്ട് തേടി. ചെന്നിത്തല നൽകിയ പരാതി മുഖ്യമന്ത്രിക്ക് കൈമാറി. മാർക്ദാനവിവാദത്തിൽ മന്ത്രി ജലീൽ ഇന്ന് മലക്കം മറിഞ്ഞു. അദാലത്തിൽ തന്റെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തിട്ടില്ല എന്നല്ല, ഒപ്പിട്ടിട്ടില്ല എന്നാണു താൻ പറഞ്ഞതെന്ന് മന്ത്രി. മോഡറേഷൻ നിർത്തണമെന്നാണ് ആവശ്യമെങ്കിൽ അക്കാര്യം പ്രതിപക്ഷ നേതാവ് പറയണമെന്നും മന്ത്രി കാസർകോട്ട് ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP