Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഏറ്റവും കൂടുതൽ ജനപ്രീതി ചെന്നിത്തലയ്‌ക്കെന്ന് കേന്ദ്ര ഏജൻസികൾ; പ്രതിപക്ഷ നേതാവിനുള്ളത് 39 ശതമാനം പേരുടെ പിന്തുണ; യുഡിഎഫ് തന്നെ കേരളം പിടിക്കുമെന്നും വിലയിരുത്തൽ; നേമത്ത് ബിജെപിക്ക് രക്ഷയില്ല; താമര വിരിയുക മഞ്ചേശ്വരത്തും ചാത്തന്നൂരിലുമെന്ന അപ്രതീക്ഷിത വിലയിരുത്തൽ; മംഗളം വാർത്ത തള്ളുന്നത് സർവ്വേ ഫലങ്ങളെ

ഏറ്റവും കൂടുതൽ ജനപ്രീതി ചെന്നിത്തലയ്‌ക്കെന്ന് കേന്ദ്ര ഏജൻസികൾ; പ്രതിപക്ഷ നേതാവിനുള്ളത് 39 ശതമാനം പേരുടെ പിന്തുണ; യുഡിഎഫ് തന്നെ കേരളം പിടിക്കുമെന്നും വിലയിരുത്തൽ; നേമത്ത് ബിജെപിക്ക് രക്ഷയില്ല; താമര വിരിയുക മഞ്ചേശ്വരത്തും ചാത്തന്നൂരിലുമെന്ന അപ്രതീക്ഷിത വിലയിരുത്തൽ; മംഗളം വാർത്ത തള്ളുന്നത് സർവ്വേ ഫലങ്ങളെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : കേരളത്തിൽ യൂഡിഎഫിനാണ് മുൻതൂക്കമെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ. സർവ്വേ ഫലങ്ങൾക്ക് നേരെ വിപരീതം,. ഇപ്പോഴിതാ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഫുൾമാർക്ക് കൊടുക്കുകയാണ് കേന്ദ്ര ഏജൻസി. ജനപ്രീതിയുടെ കാര്യത്തിൽ ചാനൽ സർവേകൾ എഴുതിത്ത്തള്ളിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് 39% ജനപിന്തുണയുണ്ടെന്നു വിലയിരുത്തി രണ്ട് കേന്ദ്ര ഏജൻസികളുടെ രഹസ്യ റിപ്പോർട്ട്. മംഗളം പത്രമാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്.

തെരഞ്ഞെടുപ്പ് വേളയിൽ പ്രമുഖ നേതാക്കളുടെ ജനപിന്തുണ പരിശോധിക്കുന്ന പതിവിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തയാറാക്കിയ പ്രതിവാര റിപ്പോർട്ടിലാണ് ഈ വിലയിരുത്തൽ. യു.ഡി.എഫ്. നേരിയ ഭൂരിപക്ഷം നേടുമെന്നു പറയുന്ന റിപ്പോർട്ടിൽ, ബിജെപിയെ നേമം നിരാശപ്പെടുത്തുമെന്നും പറയുന്നു. കേരളത്തിൽ താമര വിരിയുന്നതു കൊല്ലത്തു ചാത്തന്നൂരിലും കാസർഗോഡ് മഞ്ചേശ്വരത്തുമായിരിക്കുമെന്നാണു റിപ്പോർട്ട്. തീർത്തും അപ്രതീക്ഷിത വിലയിരുത്തലുകളാണ് ഇതിലുള്ളത്. മംഗളം തിരുവനന്തപുരം ബ്യൂറോ ചീഫ് എസ് നാരായണനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഖജനാവിന്റെയും പൊതുമുതലിന്റെയും സംരക്ഷണത്തിനു വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളുടെ പേരിലാണ് ജനം ചെന്നിത്തലയെ ഓർക്കുന്നത്. പിണറായി സർക്കാർ അധികാരമേറ്റതിനു തൊട്ടുപിന്നാലെ വ്യവസായ മന്ത്രി ഇ.പി. ജയരാജനു രാജിവയ്ക്കേണ്ടി വന്ന ബന്ധു നിയമന വിവാദം ആഴക്കടൽ മത്സ്യബന്ധനവും അദാനിക്കു വൈദ്യുതി കരാർ നൽകിയതിലെ ദുരൂഹതയും വരെ പ്രതിപക്ഷത്തിന്റെ എല്ലാ ഇടപെടലുകളുടെയും സൂത്രധാരൻ ചെന്നിത്തലയായിരുന്നു. കേരള രാഷ്ടീയം കഴിഞ്ഞ അഞ്ചു വർഷവും ഏറ്റവുമധികം ശ്രദ്ധിച്ച നേതാക്കളുടെ മുൻനിരയിൽത്തന്നെയാണ് അദ്ദേഹത്തിന്റെ സ്ഥാനം-മംഗളം വാർത്ത പറയുന്നു.

ഈ സർക്കാർ വന്നശേഷം ആദ്യം ഉണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടൽ കൊലയ്ക്കെതിരേ മുൻ ആഭ്യന്തര മന്ത്രികൂടിയായ അദ്ദേഹം ശക്തമായി രംഗത്തുവന്നിരുന്നു. യു.എ.പി.എ. കേസ് ചുമത്തപ്പെട്ട അലനും ഷുഹൈബിനും വേണ്ടി വാദിക്കാനും അവരുടെ വീടുകൾ സന്ദർശിക്കാനും തയാറായത് പതിവു കോൺഗ്രസ് പ്രതിപക്ഷ നേതാക്കളുടെ ശൈലിയിൽ നിന്നു വ്യത്യസ്തമായിരുന്നു. ഇതെല്ലാം ജനപ്രിയ ഉയർത്തിയെന്നാണ് വിലയിരുത്തൽ.

സ്പ്രിങ്ളർ മുതൽ ഇരട്ട വോട്ട് വരെ പിണറായി സർക്കാരിനെതിരേ രമേശ് ചെന്നിത്തല കൊണ്ടുവന്ന വിഷയങ്ങൾ മാധ്യമങ്ങൾ ഏറ്റെടുത്തു. പ്രതിപക്ഷത്തിനു വേണ്ടിയാണ് പ്രധാന മാധ്യമങ്ങളെല്ലാം നിലകൊള്ളുന്നതെന്ന് മുഖ്യമന്ത്രിയും എൽ.ഡി.എഫും ആരോപിക്കുകവരെ ചെയ്തു. എന്നാൽ അതേ മാധ്യമങ്ങൾ പ്രീ പോൾ സർവേകളിൽ യു.ഡി.എഫിനും ചെന്നിത്തലയ്ക്കും പ്രാധാന്യം നൽകിയില്ല. ഈ പ്രവചനങ്ങളാണ് കേന്ദ്ര ഏജൻസികൾ തള്ളിക്കളയുന്നതെന്ന് നാരായണൻ റിപ്പോർട്ട് ചെയ്യുന്നു.

യു.ഡി.എഫിന് മുൻതൂക്കം പ്രവചിച്ച് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്ന് മംഗളം നേരത്തെയും വാർത്ത നൽകിയിരുന്നു. യു.ഡി.എഫിന് 92-102 സീറ്റുകൾവരെ പ്രവചിക്കുന്ന റിപ്പോർട്ടിൽ ബിജെപിക്ക് പരമാവധി നേടാൻ കഴിയുന്നത് രണ്ട് സീറ്റുകൾ വരെയാണെന്നും വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏഴ് മന്ത്രിമാർ പരാജയപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് കേന്ദ്ര ഇന്റലിജൻസ് മൂന്ന് അന്വേഷണങ്ങളാണ് നടത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് സമർപ്പിച്ച റിപ്പോർട്ടിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. സ്ഥാനാർത്ഥി നിർണ്ണയം എല്ലാം മാറ്റി മറിച്ചു.

ഒന്നരയാഴ്‌ച്ച മുമ്പ് സമർപ്പിച്ച റിപ്പോർട്ടിൽ യു.ഡി.എഫിന് 75-84 സീറ്റുകൾ വരെ ലഭിക്കുമെന്ന് പറയുന്നു. . സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ടിലും ഇതാണ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഓരോ ദിവസം കഴിയും തോറും യു.ഡി.എഫിന്റെ സാധ്യതകൾ വർദ്ധിച്ചുവന്നതായി പുതിയ റിപ്പോർട്ട് വിലയിരുത്തുന്നുവെന്നും മംഗളം പറയുന്നു. ആഴക്കടൽ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട വിഷയം തീരദേശത്തെ ആകെ ഇളക്കി മറിച്ചതായി റിപ്പോർട്ട് പറയുന്നു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരേ കൊല്ലം ജില്ല അടക്കമുള്ള തീരദേശ മേഖലയിൽ ശക്തമായ ജനവികാരമാണ് അലയടിക്കുന്നത്.

2001-ന് ശേഷം യു.ഡി.എഫ്. നേടുന്ന വൻ വിജയമായിരിക്കും ഇത്തവണ സംഭവിക്കുക. അടുത്ത കാലത്ത് സ്വർണകടത്ത്, സ്പ്രിങ്‌ളർ, ലൈഫ് മിഷൻ ഭവന നിർമ്മാണ അഴിമതി, കിഫ്ബി തുടങ്ങിയ വിവിധ വിഷയങ്ങൾ യു.ഡി.എഫ് ഉയർത്തിയെങ്കിലും ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് ആഴക്കടൽ മത്സ്യബന്ധന വിഷയമാണെന്നും കണ്ടെത്തൽ. ബിജെപി ഏറെ പ്രതീക്ഷ പുലർത്തുന്ന നേമത്ത് കുമ്മനം രാജശേഖരൻ പരാജയപ്പെടും. ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ നല്ല ഭൂരിപക്ഷത്തിൽ വിജയിക്കും. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിക്ക് മൂന്നാം സ്ഥാനം മാത്രം.

മെട്രോമാൻ ഇ. ശ്രീധരൻ മത്സരിക്കുന്ന പാലക്കാട്ടും ബിജെപിക്ക് പ്രതീക്ഷയില്ല. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പലിന് വൻ വിജയം. എൽ.ഡി.എഫിന് മൂന്നാം സ്ഥാനം. കഴക്കൂട്ടത്ത് മന്ത്രി കടകമ്പള്ളി സുരേന്ദ്രനെ പരാജയപ്പെടുത്തി ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ വിജയിക്കും. യു.ഡി.എഫ് മൂന്നാം സ്ഥാനത്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP