Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചെഗുവേരയെ നെഞ്ചോട്‌ ചേർത്തു ഡി വൈ എഫ് ഐ; ചെഗുവേരാ ചിത്രം പതിച്ച ഹെൽമറ്റ് ധരിച്ച് ബൈക്കിൽ പോയവരെ ആക്രമിച്ചു; കണ്ണൂർ- കാസർകോട് ജില്ലകളിൽ ചെഗുവേര ചിത്രങ്ങൾ കൊണ്ടു നിറയുന്നു

ചെഗുവേരയെ നെഞ്ചോട്‌ ചേർത്തു ഡി വൈ എഫ് ഐ; ചെഗുവേരാ ചിത്രം പതിച്ച ഹെൽമറ്റ് ധരിച്ച് ബൈക്കിൽ പോയവരെ ആക്രമിച്ചു; കണ്ണൂർ- കാസർകോട് ജില്ലകളിൽ ചെഗുവേര ചിത്രങ്ങൾ കൊണ്ടു നിറയുന്നു

രഞ്ജിത് ബാബു

കാസർഗോഡ്: ബിജെപി. സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ. രാധാകൃഷ്ണന്റെ ചെഗുവേരാ പ്രചാരണത്തിനിടയിലും ചെഗുവേരാ ചിത്രങ്ങളേന്തി ഡിവൈഎഫ്ഐ.യുടെ ശക്തിപ്രകടനം. ചുവന്ന മുണ്ടുടുത്ത് യാത്ര ചെയ്തതിന്റെ പേരിലും ചെഗുവേരാ ചിത്രം പതിച്ച ഹെൽമറ്റ് ധരിച്ച് ബൈക്കിൽ സഞ്ചരിച്ചതിന്റെ പേരിലും കണ്ണൂർ സ്വദേശികളായ യുവാക്കളെ ബിജെപി. കേന്ദ്രമായ പറക്കളായിൽ വച്ചും കോട്ടപ്പാറയിൽ വച്ചും അക്രമിച്ചിരുന്നു.

ഈ അക്രമങ്ങളഴിച്ചു വിട്ട ബിജെപി- ആർഎസ്.എസ്. നയത്തിൽ പ്രതിഷേധിച്ചാണ് കാഞ്ഞങ്ങാട് പ്രകടനവും പൊതുയോഗവും അരങ്ങേറിയത്. പ്രകടനത്തിൽ പങ്കെടുത്തവർ മഹാഭൂരിപക്ഷവും ചുവന്ന മുണ്ടുടുത്തും ചെഗുവേരാ ചിത്രങ്ങളേന്തിയും അണിചേർന്നത് കാഴ്ചക്കാർക്ക് കൗതുകമായി. ഡിവൈഎഫ്ഐ. ജില്ലാ കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ചാണ് ഇത്തരത്തിൽ പ്രകടനവും പൊതുയോഗവും നടന്നത്.

ചെഗുവേര ചിത്രങ്ങളും അദ്ദേഹത്തിന്റെ പോരാട്ടങ്ങളും ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ആവേശകരമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിജു കണ്ടക്കൈ മറുനാടൻ മലയാളിയോട് പറഞ്ഞു. ചെഗുവേരയുടെ ത്യാഗത്തിലധിഷ്ഠിതമായ പോരാട്ടം ഡിവൈഎഫ്ഐ. ഉൾപ്പെടെയുള്ള ഇടതുപക്ഷ യുവജന സംഘടനകൾക്ക് ആവേശകരമാണ്. ചെഗുവേരയുടെ പോരാട്ടവീര്യം പഠിക്കാൻ അത് യുവാക്കൾക്ക് പ്രചോദനമാവുന്നു. ലോകത്തെ വിപ്ലവ പ്രസ്ഥാനത്തെക്കുറിച്ച് അറിയാനും പഠിക്കാനും, ഫിഡൽ കാസ്ട്രോ മന്ത്രിസഭയിൽ അംഗമായിരുന്നിട്ടും ബൊളീവിയൻ കാടുകളിൽ പോരാട്ടത്തിനിറങ്ങിയ ചെഗുവേരയുടെ ചിത്രങ്ങൾ ആവേശകരമാണെന്ന് ബിജു പറഞ്ഞു. ഇക്കാര്യത്തിൽ ബിജെപി. നേതാക്കളുടെ ഉപദേശം തങ്ങൾക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി. നേതാവ് എത്ര കണ്ട് ചെഗുവേരയെ കൊലയാളിയായും അക്രമിയായും ഇടിച്ചു താഴ്‌ത്തുന്നുണ്ടെങ്കിലും അത്രകണ്ട് ചെഗുവേരയെ ഉയർത്തിക്കാട്ടുകയാണ് ഡിവൈഎഫ്ഐ. അതിന്റെ ഉത്തമ ഉദാഹരണമാണ് കാഞ്ഞങ്ങാട്ടെ പ്രകടനത്തിൽ ദൃശ്യമായത്. സിപിഐ(എം) പാർട്ടി ഗ്രാമങ്ങളിലൂടെയല്ലാം കടന്നു പോയ ബി,ജെ.പി. നേതാവ് രാധാകൃഷ്ണന്റെ പ്രധാന പ്രചാരണവിഷയം ചെഗുവേരയെ ആദരിക്കുന്ന സിപിഐ(എം) നിലപാടിനെതിരെയായിരുന്നു. എന്നാൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ബിജെപി. പ്രചാരണം സമാപിക്കുംമുമ്പുതന്നെ ചെഗുവേര ചിത്രങ്ങൾ പതിന്മടങ്ങായി വർദ്ധിക്കുകയാണ്. ബനിയനുകളിലും തൊപ്പികളിലും ഹെൽമറ്റുകളിലും ചെഗുവേര ചിത്രങ്ങൾ നിറഞ്ഞു കഴിഞ്ഞു.

മന്ത്രിസ്ഥാനത്തിരുന്നപ്പോൾ കറുത്ത വർഗ്ഗക്കാരായ 700 ഓളം പേരെ കൂട്ടക്കൊല ചെയ്ത വ്യക്തിയെയാണ് നിങ്ങൾ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് ബിജെപി. നേതാവിന്റെ വിമർശനം. മാത്രമല്ല ചെഗുവേരയുടെ പ്രേതം സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനിൽ ആവേശിച്ചിരിക്കയാണെന്നും രാധാകൃഷ്ണൻ പരിഹസിച്ചു. കൊലയാളിയായ ഒരാളുടെ ചിത്രം വ്യാപകമാകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

മഹാത്മാഗാന്ധിയുടേയും സ്വാമി വിവേകാനന്ദന്റേയും ശ്രീനാരായണ ഗുരുവിന്റേയും ചിത്രങ്ങൾക്കൊപ്പം കൊച്ചിയിൽ നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന പ്രചാരണത്തിലും ചെഗുവേരയുടെ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട് . സി.പി എം തന്നെ ചെഗുവേര ചിത്രങ്ങൾ നീക്കം ചെയ്യുന്ന അവസ്ഥയുണ്ടാകുമെന്നാണ് ബിജെപി. നേതാവിന്റെ പരാമർശം. എന്നാൽ ഇതിന് മറുപടിയെന്നോണം ചെഗുവേര ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുകയാണ് ഡിവൈഎഫ്ഐ. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP