Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

ബിജെപിക്ക് 150 ൽ കൂടുതൽ സീറ്റ് കിട്ടില്ല; കോൺഗ്രസ് 100 തികയ്ക്കാൻ പാടുപെടും; കാര്യങ്ങൾ തീരുമാനിക്കുക പ്രാദേശിക പാർട്ടികൾ: ഈ വിശ്വാസത്തിൽ ബിജെപി-കോൺഗ്രസ് ഇതര ഫെഡറൽ മുന്നണി രൂപീകരിക്കാനുള്ള നീക്കങ്ങൾ ചൂട് പിടിപ്പിച്ച് കെ.ചന്ദ്രശേഖർ റാവു; പിണറായി വിജയനുമായി കൂടിക്കാഴ്ചയ്ക്ക് പ്രത്യേക വിമാനത്തിൽ പറന്നെത്തിയത് തന്നെ ഒരേ രീതിയിൽ ചിന്തിക്കുന്നവരെ ഒന്നിപ്പിക്കാൻ; തിരഞ്ഞെടുപ്പിന് ശേഷം റാവു ആഗ്രഹിക്കുന്നത് കിങ് മേക്കറുടെ റോൾ

ബിജെപിക്ക് 150 ൽ കൂടുതൽ സീറ്റ് കിട്ടില്ല; കോൺഗ്രസ് 100 തികയ്ക്കാൻ പാടുപെടും; കാര്യങ്ങൾ തീരുമാനിക്കുക പ്രാദേശിക പാർട്ടികൾ: ഈ വിശ്വാസത്തിൽ ബിജെപി-കോൺഗ്രസ് ഇതര ഫെഡറൽ മുന്നണി രൂപീകരിക്കാനുള്ള നീക്കങ്ങൾ ചൂട് പിടിപ്പിച്ച് കെ.ചന്ദ്രശേഖർ റാവു; പിണറായി വിജയനുമായി കൂടിക്കാഴ്ചയ്ക്ക് പ്രത്യേക വിമാനത്തിൽ പറന്നെത്തിയത് തന്നെ ഒരേ രീതിയിൽ ചിന്തിക്കുന്നവരെ ഒന്നിപ്പിക്കാൻ; തിരഞ്ഞെടുപ്പിന് ശേഷം റാവു ആഗ്രഹിക്കുന്നത് കിങ് മേക്കറുടെ റോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം പിന്നിടുമ്പോൾ കോൺഗ്രസ് -ബിജെപി ഇതര ഫെഡറൽ മുന്നണി രൂപീകരിക്കാനുള്ള നീക്കങ്ങൾ സജീവമാക്കി തെലങ്കാന രാഷ്ട്ര സമിതി നേതാവും, മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖർ റാവു. ഈ ലക്ഷ്യം മുൻനിർത്തി റാവു കേരള മുഖ്യമന്ത്രി പിണറായി വിജയനെ തിങ്കളാഴ്ച കണ്ടതിന് പുറമേ ഡിഎംകെ.അദ്ധ്യക്ഷൻ എം.കെ.സ്റ്റാലിനുമായും കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയെ കണ്ട ശേഷം ചന്ദ്രശേഖര റാവു പറഞ്ഞത് രാഷ്ട്രീയമായി ഒന്നും തന്നെ ചർച്ച ചെയ്തില്ലെന്നും കൂടിക്കാഴ്ച അനൗദ്യോഗികമായിരുന്നു എന്നുമാണ്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ടി.ആർ.എസ്. എംപിമാരായ സന്തോഷ്‌കുമാർ, വിനോദ്കുമാർ എന്നിവരും തെലങ്കാന മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി തിങ്കളാഴ്ച വൈകുന്നേരമാണ് ചന്ദ്രശേഖർ റാവു തിരുവനന്തപുരത്തെത്തിയത്. ഭാര്യ കെ ശോഭയും രണ്ടു പേരക്കുട്ടികളും അദ്ദേഹത്തോടൊപ്പമുണ്ട്. കോവളത്ത് തങ്ങുന്ന അദ്ദേഹം 8-ന് ഉച്ചയ്ക്കു ശേഷം കന്യാകുമാരിയിലേക്ക് പോകും. കന്യാകുമാരി സന്ദർശനം കഴിഞ്ഞ് ഹൈദരാബാദിലേക്ക് മടങ്ങും.

Stories you may Like

റാവു പിണറായി വിജയനെ കണ്ടത് തിങ്കളാഴ്ച വൈകിട്ടാണെങ്കിൽ, സ്റ്റാലിനെ ചെന്നൈയിലെ വസതിയിൽ മെയ് 13 നാണ് കാണുന്നത്. ജെഡിഎസ് നേതാവും കർണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമിയും തെലങ്കാന മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. റാവുവും പിണറായിയും തമ്മിൽ കൂടിക്കാഴ്ച നടത്തുമ്പോൾ സമകാലിക രാഷ്ട്രീയവും ലോക്സഭാ തിരഞ്ഞെടുപ്പും തന്നെയാവും ചർച്ച ചെയ്യുക. തമിഴ്‌നാട്ടിലും കേരളത്തിലും റാവു വരുന്നതറിഞ്ഞാണ് കുമാരസ്വാമി റാവുവിനെ ടെലിഫോണിൽ ബന്ധപ്പെട്ടത്.

നേരത്തെ റാവുവിന്റെ മകളും നിസാമബാദിൽ നിന്നുള്ള എംപിയുമായ കെ.കവിത കോൺഗ്രസ്-ബിജെപി ഇതര കക്ഷികൾ ചേർന്ന് തിരഞ്ഞെടുപ്പിൽ 120 സീറ്റുകൾ നേടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് സർക്കാർ രൂപീകരണത്തിൽ നിർണായകമാകുമെന്നും അവർ പറഞ്ഞിരുന്നു. ബിജെപി നയിക്കുന്ന എൻഡിഎയുടെയും, കോൺഗ്രസ് നയിക്കുന്ന യുപിഎയുടെയും ഭാഗമല്ലാത്ത പ്രാദേശിക കക്ഷികളെ കൂട്ടിച്ചേർത്ത് മുന്നണിയുണ്ടാക്കാനുള്ള ശ്രമം തുടങ്ങിയതായും അവർ വ്യക്തമാക്കിയിരുന്നു. ഏതായാലും തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമായിരിക്കും ഈ സഖ്യം അന്തിമരൂപം കൊള്ളുക.

രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തെ എതിർത്ത് ടിആർഎസും

രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വത്തെ ടിആർഎസ് ശക്തമായി എതിർത്തിരുന്നു. ഇടതുപക്ഷത്തിനെതിരെയല്ല രാഹുൽ മത്സരിക്കേണ്ടതെന്നും വയനാടിലെ സ്ഥാനാർത്ഥിത്വം ദക്ഷിണേന്ത്യയിലാകെ ഗുണം ചെയ്യുമെന്ന് കരുതുന്നില്ലെന്നും ചന്ദ്രശേഖര റാവുവിന്റെ മകൾ കെ.കവിത പറഞ്ഞു. രാഹുൽ വയനാട്ടിലേക്ക് വന്നതോടെ ഇടതുപക്ഷം കോൺഗ്രസിൽ നിന്ന് അകന്നു. ദക്ഷിണേന്ത്യയിൽ കരുത്ത് സ്വരൂപിക്കാനാണ് രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതെന്ന് രാഹുൽ വിശദീകരിക്കുന്നുണ്ടെങ്കിലും, അതുണ്ടാകുമോയെന്ന കാര്യം സംശയമാണ്. ഫലത്തിൽ ദേശീയതലത്തിൽ ബിജെപിക്ക് ബദലാകുന്നതിന് നേതൃത്വം നൽകാനുള്ള സുവർണാവസരം കോൺഗ്രസ് നഷ്ടപ്പെടുത്തി. ബിഎസ്‌പി-എസ്‌പി സഖ്യം കോൺഗ്രസിനെ ഒറ്റയ്ക്കാക്കി യുപിയിൽ മത്സരിക്കുകയാണ്. അമേഠിയിലും റായ്ബറേലിയിലും തുണയക്കാമെന്ന വാഗ്ദാനം മാത്രമാണ് കോൺ്ഗ്രസിന് ആശ്വാസം.

സഖ്യം തിരഞ്ഞടുപ്പിന് ശേഷം മാത്രം

തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബിജെപി-കോൺഗ്രസ് ഇതര സഖ്യം രൂപീകരിക്കാൻ ചന്ദ്രശേഖർ റാവു ശ്രമം നടത്തിയെങ്കിലും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അതുതള്ളിക്കളഞ്ഞിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പുള്ള ഇത്തരം സഖ്യങ്ങൾ വിജയിക്കാറില്ലെന്നും, അതിനുശേഷമാണ് അവയ്ക്ക് സാധ്യതയെന്നുമാണ് യെച്ചൂരിയുടെ നിലപാട്. തിരഞ്ഞെടുപ്പിന് ശേഷം വിലപേശൽ ശേഷി വർദ്ധിപ്പിക്കുകയാണ് റാവുവിന്റെ ലക്ഷ്യം. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മമത ബാനർജി, നവീൻ പട്‌നായിക്, മായാവതി, അഖിലേഷ് യാദവ്, അരവിന്ദ്് കെജ്രിവാൾ എന്നിവരുമായി റാവു കൂടിക്കാഴ്ച നടത്തിയിരുന്നു. ഫെഡറൽ മുന്നണിയുടെ സാധ്യത ആരും തള്ളിപ്പറഞ്ഞിട്ടുമില്ല.

ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടില്ലെന്ന വിശ്വാസത്തിൽ റാവു

കഴിഞ്ഞ വർഷം മാർച്ച് മുതൽ തന്നെ ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടില്ലെന്ന വിശ്വാസത്തിലാണ് ചന്ദ്രശേഖർ റാവു. പ്രാദേശിക പാർട്ടികളുടെ ഒരു മുന്നണി, അതാണ് റാവുവിന്റെ മോഹം. ഡിസംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന റാലികളിലും അദ്ദേഹം പ്രാദേശിക കക്ഷികൾ ദേശീയ രാഷ്ട്രീയത്തിൽ വഹിക്കാൻ പോകുന്ന പങ്കിനെ കുറിച്ച് ആവർത്തിച്ച് പറഞ്ഞിരുന്നു. ബിജെപിക്ക് 150 ൽ കൂടുൽ സീറ്റ് കിട്ടില്ല. കോൺഗ്രസ് 100 ന് അടുത്തു പോലും എത്താൻ പാടുപെടും, ഇതാണ് റാവു പറയുന്നത്. കഴിഞ്ഞ മാർച്ചിൽ ടിആർഎസ് മേധാവി മമതയെ കണ്ടശേഷം പറഞ്ഞത് ഇങ്ങനെ: രാജ്യത്ത് യഥാർഥ ഫെഡറൽ മുന്നണി രൂപീകരിക്കാനാണ് ഞങ്ങളുടെ ശ്രമം. ഒരേ രീതിയിൽ ചിന്തിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ കൂട്ടായ്മയായിരിക്കും ഇത്. ഏപ്രിലിൽ അദ്ദേഹം എച്ച്.ഡി.ദേവഗൗഡയെയും കുമാരസ്വാമിയെയും കണ്ടിരുന്നു. തെലങ്കാനയിൽ 17 ലോക്‌സാ സീറ്റിൽ 16 ഉം ജയിക്കുമെന്നാണ് ടിആർഎസ് പ്രതീക്ഷ. അസദുദീൻ ഒവൈസിയുടെ എഐഎംഐഎമ്മിനാണ് ഒരു സീറ്റ് കൊടുത്തിരിക്കു്ന്നത്. ഫലപ്രഖ്യാപനത്തിന് ശേഷം പ്രാദേശിക പാർട്ടികളായിരിക്കും കാര്യങ്ങൾ തീരുമാനിക്കുക എന്ന കണക്കുകൂട്ടലിലാണ് റാവു കിങ് മേക്കറുടെ റോൾ കളിക്കാൻ ശ്രമിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP