Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സി എഫ് തോമസിനെ കേരള കോൺഗ്രസ് എം ചെയർമാനായി തെരഞ്ഞെടുക്കുക കോടതി വിധിക്ക് ശേഷം; പാലായിൽ സ്ഥാനാർത്ഥിയായി യുഡിഎഫ് നിശ്ചയിച്ചാൽ നിഷയേയും പിന്തുണയ്ക്കും; റോഷി അഗസ്റ്റിനും ജയരാജും നിയമസഭയിൽ നൽകുന്ന പിന്തുണ ഭാവിയിൽ പുറത്തും ഉണ്ടാകും എന്നും ജോസഫിന്റെ ശുഭാപ്തി വിശ്വാസം; ഗ്രൂപ്പ് യോഗത്തിൽ നേതൃസമിതിയിലെ ഭൂരിപക്ഷം പേരും പങ്കെടുത്തെന്നും പി ജെ ജോസഫ്

സി എഫ് തോമസിനെ കേരള കോൺഗ്രസ് എം ചെയർമാനായി തെരഞ്ഞെടുക്കുക കോടതി വിധിക്ക് ശേഷം; പാലായിൽ സ്ഥാനാർത്ഥിയായി യുഡിഎഫ് നിശ്ചയിച്ചാൽ നിഷയേയും പിന്തുണയ്ക്കും; റോഷി അഗസ്റ്റിനും ജയരാജും നിയമസഭയിൽ നൽകുന്ന പിന്തുണ ഭാവിയിൽ പുറത്തും ഉണ്ടാകും എന്നും ജോസഫിന്റെ ശുഭാപ്തി വിശ്വാസം; ഗ്രൂപ്പ് യോഗത്തിൽ നേതൃസമിതിയിലെ ഭൂരിപക്ഷം പേരും പങ്കെടുത്തെന്നും പി ജെ ജോസഫ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോടതി വിധി വന്നതിന് ശേഷം കേരള കോൺഗ്രസ് എം ചെയർമാനായി സി.എഫ് തോമസിനെ തിരഞ്ഞെടുക്കുമെന്ന് പി.ജെ.ജോസഫ്. കേരള കോൺഗ്രസ് എമ്മിൽ പി ജെ ജോസഫിനെ അനുകൂലിക്കുന്ന നേതാക്കളുടെ യോഗത്തിന് ശേഷമാണ് പി.ജെ.ജോസഫ് ഇക്കാര്യം അറിയിച്ചത്. പാർട്ടിയുമായി ബന്ധപ്പെട്ട് കോടതിയിൽ കേസുള്ളതിനാൽ അതിന്റെ വിധി വന്ന ശേഷം സി.എഫ്.തോമസിനെ പാർട്ടി ചെയർമാനായി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പാർട്ടിയിൽ നിന്ന് പോയവർ തെറ്റുതിരുത്തി മടങ്ങി വന്നാൽ ഒരുമിച്ച് മുന്നോട്ട് പോകാം. പാർട്ടി ഭരണഘടനയനുസരിച്ച് അധികാരമുള്ള ഞങ്ങൾ ഇന്ന് ചേർന്നതാണ് ഔദ്യോഗിക യോഗം. ഭരണഘടനാപരമായി അധികാരമില്ലാത്തയാളാണ് മൂന്നര മിനിറ്റിൽ ചെയർമാനെ തിരഞ്ഞെടുത്ത യോഗം വിളിച്ചത്. ആ യോഗത്തിൽ കള്ള ഒപ്പുകളും തട്ടിപ്പുകളും നടന്നു.

പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് നിശ്ചയിക്കുന്ന സ്ഥാനാർത്ഥിക്ക് പിന്തുണ നൽകും. നിഷ ജോസ് കെ.മാണിയെയാണ് യുഡിഎഫ് തീരുമാനിക്കുന്നതെങ്കിൽ അവരേയും പിന്തുണക്കുമെന്നും ജോസഫ് അറിയിച്ചു. നിയമസഭയിൽ കക്ഷി നേതാവായ ഞാൻ ഇറങ്ങിപ്പോക്ക് പ്രഖ്യാപിക്കുമ്പോൾ റോഷി അഗസ്റ്റിനും എൻ.ജയരാജ് എന്നിവരും അതിനൊപ്പം ചേരാറാറുണ്ട്. ഭാവിയിൽ അവർ പാർട്ടി ചെയർമാനെ ഉൾപ്പടെ അംഗീകരിക്കും. പാർട്ടിയിലെ 2 ഗ്രൂപ്പുകളിൽ ആരുടെ കൂടെയാണ് ആളുള്ളതെന്ന് കാലം തെളിയിക്കും'- പി.ജെ.ജോസഫ് വ്യക്തമാക്കി. ഇതാണു യഥാർഥ പാർട്ടി യോഗമെന്നും തങ്ങൾ ഒറ്റക്കെട്ടാണെന്നും സി.എഫ്.തോമസ് പറഞ്ഞു.

ലക്ഷക്കണക്കിന് പാവപ്പെട്ട രോഗികൾക്ക് ആശ്രയമായി കെ.എം.മാണി ആവിഷ്‌ക്കരിച്ച കാരുണ്യ ലോട്ടറി പദ്ധതി അവസാനിപ്പിച്ച സംസ്ഥാന സർക്കാർ നടപടി ശരിയല്ലെന്നും പുതിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി പ്രാവർത്തികമാവും വരെയെങ്കിലും കാരുണ്യ പദ്ധതി തുടരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗം സംസ്ഥാന സമിതി യോഗം വിളിച്ച ശേഷം ആദ്യമായാണ് ജോസഫ് അനുകൂലികളുടെ നേതൃയോഗം ചേരുന്നത്. നേതൃ സമിതിയിൽ ആകെയുള്ള 27 അംഗങ്ങളിൽ പതിനഞ്ചിലേറെ പേർ യോഗത്തിൽ പങ്കെടുത്തതായി പി.ജെ.ജോസഫ് പറഞ്ഞു. സി.എഫ്.തോമസ് എംഎ‍ൽഎയും മുതിർന്ന നേതാവ് ജോയ് എബ്രഹാമും, സജി മഞ്ഞക്കടമ്പൻ എന്നിവരും യോഗത്തിനെത്തി. നേരത്തെ കെ.എം.മാണിക്കൊപ്പം ഉറച്ച് നിന്ന നേതാക്കളായിരുന്നു ഇവർ.

അതേസമയം, കേരള കോൺഗ്രസിന്റെ ഭരണഘടന നേതാക്കൾ പഠിക്കണമെന്ന് ജോസ് കെ.മാണി പറഞ്ഞു. ആക്ടിങ്, വർക്കിങ് ചെയർമാൻ സ്ഥാനങ്ങൾ ഭരണഘടനാപരമല്ല. താൽക്കാലിക ചെയർമാനും ഭരണഘടനയിൽ ഇല്ല. കേരള കോൺഗ്രസ് എം മുന്നോട്ടു പോകും. യഥാർഥ പാർട്ടി ഏതെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിക്കട്ടേയെന്നും ജോസ് കെ. മാണി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP