Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വി.മുരളീധരൻ എന്തുപറഞ്ഞാലും കോവിഡ് വ്യാപനം തടയാൻ കേരള സർക്കാർ സ്വീകരിച്ച പ്രായോഗിക സമീപനത്തിന് കേന്ദ്ര സർക്കാരിന്റെ അഭിനന്ദനം; എൻ 95 മാസ്‌ക്, ഫേസ് ഷീൽഡ്, കൈയുറകൾ എന്നിങ്ങനെ സംസ്ഥാന നിർദ്ദേശങ്ങളെല്ലാം രോഗവ്യാപനം തടയാൻ സഹായിക്കും; പ്രവാസികളുടെ മടക്കത്തിനായി ഉന്നയിച്ച ആവശ്യങ്ങൾ വിമാനക്കമ്പനികളെയും ഗൾഫിലെ അംബാസഡർമാരെയും അറിയിക്കാം; സംസ്ഥാനത്തെ അഭിനന്ദിച്ച് കേന്ദ്ര വിദേശകാര്യ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയുടെ കത്ത് ചീഫ് സെക്രട്ടറിക്ക്

വി.മുരളീധരൻ എന്തുപറഞ്ഞാലും കോവിഡ് വ്യാപനം തടയാൻ കേരള സർക്കാർ സ്വീകരിച്ച പ്രായോഗിക സമീപനത്തിന് കേന്ദ്ര സർക്കാരിന്റെ അഭിനന്ദനം; എൻ 95 മാസ്‌ക്, ഫേസ് ഷീൽഡ്, കൈയുറകൾ എന്നിങ്ങനെ സംസ്ഥാന നിർദ്ദേശങ്ങളെല്ലാം രോഗവ്യാപനം തടയാൻ സഹായിക്കും; പ്രവാസികളുടെ മടക്കത്തിനായി ഉന്നയിച്ച ആവശ്യങ്ങൾ വിമാനക്കമ്പനികളെയും ഗൾഫിലെ അംബാസഡർമാരെയും അറിയിക്കാം; സംസ്ഥാനത്തെ അഭിനന്ദിച്ച്  കേന്ദ്ര വിദേശകാര്യ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയുടെ കത്ത് ചീഫ് സെക്രട്ടറിക്ക്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രതിപക്ഷത്തിന്റെയും കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്റെയും രൂക്ഷ വിമർശനങ്ങൾ ഏറ്റുവാങ്ങുമ്പോഴും ഔദ്യോഗികമായി കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര സർക്കാർ. പ്രവാസികളുടെ മടക്കം, കോവിഡ് പ്രതിരോധം എന്നിവയിലടക്കമാണ് കേരളത്തെ കേന്ദ്രം പ്രശംസിച്ചത്. കേന്ദ്ര വിദേശകാര്യ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

മാസ്‌ക്, ഫേസ് ഷീൽഡ്, എന്നീ നിയന്ത്രണങ്ങൾ സർക്കാർ കർശനമായി നടപ്പാക്കിയതാണ് രോഗം വ്യാപിക്കാതിരുന്നതിനു പ്രധാന കാരണം. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ക്രമീകരണങ്ങളാണ് വന്ദേഭാരത് മിഷനിലൂടെ പ്രവാസികൾക്ക് സുരക്ഷിതമായി നാട്ടിലെത്താൻ സഹായകരമായതെന്നും കത്തിൽ പറയുന്നു.പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട് സംസ്ഥാനം ഉന്നയിക്കുന്ന ആവശ്യങ്ങൾ എയർലൈൻ കമ്പനികളെ നേരിട്ടറിയിക്കാമെന്ന് കത്തിലുണ്ട്. അംബാസഡർമാരുടെ സഹകരണവും വിദേശകാര്യമന്ത്രാലയം കത്തിൽ ഉറപ്പ് നൽകി.

പ്രവാസികളുടെ സുരക്ഷയ്ക്ക് സ്വീകരിച്ചിട്ടുള്ള നടപടികളിലും കേന്ദ്രം തൃപ്തി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. കേരളത്തിലേക്കു പ്രവാസികളെ െകാണ്ടുവരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി കേരളത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിനെ കേന്ദ്ര മന്ത്രി വി മുരളീധരൻ ഇന്നും രൂക്ഷമായി വിമർശിച്ചു. വിവാഹ വീടുകളെ കൊറോണ വൈറസ് ഒഴിവാക്കുമെന്ന് ഏതെങ്കിലും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ടോ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ചോദ്യം. വിവാഹം കഴിക്കാൻ വരുന്നവരും അവരുടെ ബന്ധുക്കളും ക്വാറന്റീനിൽ കഴിയേണ്ടതില്ല എന്ന കേരള സർക്കാരിന്റെ നയം ചൂണ്ടിക്കാട്ടിയായിരുന്നു വി മുരളീധരന്റെ പരിഹാസം. സംസ്ഥാനങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ വിദേശ രാജ്യങ്ങളിൽ നടപ്പിലാക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് സാധിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന പ്രവാസികളെ കോവിഡ് പരിശോധന നടത്തിയശേഷം കൊണ്ടുവരണമെന്ന കേരളത്തിന്റെ ആവശ്യം നടക്കാത്ത കാര്യമാണെന്നും അദ്ദഹം വ്യക്തമാക്കി.

കേരളത്തിനു വേണ്ടിമാത്രം പ്രത്യേക സംവിധാനം ഏർപ്പെടുത്താൻ സാധിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. തിരിച്ചെത്താൻ ആഗ്രഹിക്കുന്ന പ്രവാസികളെ മുഴുവൻ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാനങ്ങൾ അവരെ ക്വാറന്റീനിൽ വെക്കണം. അവരെ പരിശോധനയ്ക്ക് വിധേയരാക്കണമെങ്കിൽ സംസ്ഥാനങ്ങൾക്ക് അതിന് പൂർണ സ്വാതന്ത്ര്യമുണ്ടെന്നും കേന്ദ്ര വിദേശകാര്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.'കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവുമാണ് പ്രവാസികളെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്. അതുപ്രകാരം മാത്രമെ പ്രവർത്തിക്കാൻ കഴിയൂ. ട്രൂനാറ്റ് പരിശോധന നടത്താനുള്ള സംവിധാനം ഗൾഫ് രാജ്യങ്ങളിൽ ഏർപ്പെടുത്തണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്. ട്രൂനാറ്റ് പരിശോധന ഈ രാജ്യങ്ങളിൽ അംഗീകരിച്ചിട്ടുണ്ടോ എന്ന് അദ്ദേഹത്തിന് ലോക കേരളസഭ വഴി അന്വേഷിക്കാമായിരുന്നു. പ്രവാസികൾക്ക് നാട്ടിൽനിന്ന് അച്ചാറും മറ്റും കൊടുത്തയയ്ക്കുന്നതുപോലെ ട്രൂനാറ്റ് കൊടുത്തുവിടാൻ കഴിയില്ല.

ചെലവു കുറഞ്ഞ പരിശോധനയെപ്പറ്റി വാദിക്കുന്ന മുഖ്യമന്ത്രി കേരളത്തിൽ എത്ര പരിശോധന നടത്തുന്നുവെന്ന് വ്യക്തമാക്കണം. ചെലവ് കുറഞ്ഞ പരിശോധന കേരളത്തിൽ നടപ്പാക്കാതെ വിദേശത്തേക്ക് കയറ്റി അയയ്ക്കണമെന്ന നിർബന്ധം എന്തിനാണ്? കോവിഡ് പരിശോധനകളുടെ കാര്യത്തിൽ പിന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. വിദേശരാജ്യങ്ങളിൽ യാത്രയ്ക്ക് ഒരുങ്ങി നിൽക്കുന്ന രോഗലക്ഷണമില്ലാത്തവർ പോലും ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് വാങ്ങണമെന്ന് പറയുന്നതിലെ യുക്തി എന്താണ്?

കേരളത്തിൽനിന്ന് തമിഴ്‌നാട്ടിലെത്തിയ നിരവധി പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. കേരളത്തിൽനിന്ന് വരുന്നവർക്കെല്ലാം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടാൽ സാധിക്കുമോ? വിമാനത്തിൽ സൂപ്പർ സ്പ്രെഡ് നടക്കുമെന്നാണ് മറ്റൊരു വാദം. വിദേശത്തുനിന്ന് ഇതുവരെ വന്ന ഒരു ലക്ഷത്തോളം പേരിൽ 1666 പേർക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഒന്നര ശതമാനത്തിൽ താഴെ. അത് സൂപ്പർ സ്പ്രെഡ്ഡാണോ? ആഭ്യന്തര വിമാനങ്ങളിലും ട്രെയിനുകളിലും സൂപ്പർ സ്പ്രെഡ്ഡിന് സാധ്യതയില്ലേ? ഗൾഫിൽനിന്ന് വരുന്നവർ മാത്രമാണോ രോഗബാധിതർ? ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്നവരെപ്പറ്റി യാതൊരു ആശങ്കയുമില്ലേ എന്നും അദ്ദഹം ചോദിച്ചു. കേരളം രാജ്യത്ത് കോവിഡ് പരിശോധനയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനമാണ്. കേരളത്തിന്റേതാണ് മികച്ച ശൈലിയെന്ന വാദം തലകീഴായി നടക്കുന്നതുപോലെയാണന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ കുറ്റപ്പെടുത്തി.

അതേസമയം, പ്രധാനമന്ത്രി നരോന്ദ്ര മോദിക്ക് പറ്റിയ കൂട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് കെ മുരളീധരൻ എം പി. പ്രവാസികൾക്ക് തിരിച്ചെത്താൻ പിപിഇ കിറ്റ് വേണമെന്ന നിർദ്ദേശത്തെ പരാമർശിച്ചാണ് മുരളീധരന്റെ പരിഹാസം. ഇന്ദുലേഖ അല്ലെങ്കിൽ തോഴി മതി എന്നത് പോലെയാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശമെന്നും അദ്ദേഹം പരിഹസിച്ചു.

കേന്ദ്രമന്ത്രി വി മുരളീധരനെയും അദ്ദേഹം വിമർശിച്ചു. കേരളത്തെ വിമർശിക്കൽ മാത്രമാണ് വി മുരളീധരന്റെ പണി. അവിടെ നിന്ന് അദ്ദേഹം ഇങ്ങോട്ട് തള്ളുമ്പോൾ ഇവിടെനിന്ന് മുഖ്യമന്ത്രി അങ്ങോട്ട് തള്ളുകയാണ്. അതിഥി തൊഴിലാളികൾക്കുള്ള മാന്യത പോലും പ്രവാസികൾക്ക് സർക്കാർ നൽകുന്നില്ലെന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP