Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഖുർആൻ- ഈത്തപ്പഴക്കടത്തിൽ മന്ത്രി ജലീലിന് ക്ലീൻചിറ്റില്ല; കാരാട്ട് റസാഖും ഫൈസലും സ്വർണ്ണക്കടത്തിൽ സംശയത്തിൽ; വി കെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തത് ചന്ദ്രികയുടെ അക്കൗണ്ടിൽ വന്ന 10 കോടിയുടെ പേരിൽ; കെ എം ഷാജിക്കും ആരാട്യാൻ ഷൗക്കത്തിന് എതിരെയും അന്വേഷണം; ഇടതുവലതു ഭേദമില്ലാതെ കേരള നേതാക്കളെ വരിഞ്ഞു മറുക്കി കേന്ദ്ര ഏജൻസികൾ

ഖുർആൻ- ഈത്തപ്പഴക്കടത്തിൽ മന്ത്രി ജലീലിന് ക്ലീൻചിറ്റില്ല; കാരാട്ട് റസാഖും ഫൈസലും സ്വർണ്ണക്കടത്തിൽ സംശയത്തിൽ; വി കെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തത് ചന്ദ്രികയുടെ അക്കൗണ്ടിൽ വന്ന 10 കോടിയുടെ പേരിൽ; കെ എം ഷാജിക്കും ആരാട്യാൻ ഷൗക്കത്തിന് എതിരെയും അന്വേഷണം; ഇടതുവലതു ഭേദമില്ലാതെ കേരള നേതാക്കളെ വരിഞ്ഞു മറുക്കി കേന്ദ്ര ഏജൻസികൾ

എം മാധവദാസ്

കോഴിക്കോട്: ഇടതു വലതുഭേദമില്ലാതെ കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ വരിഞ്ഞു മറുക്കി കേന്ദ്ര ഏജൻസികൾ. എൻഐഎ തൊട്ട് നാർകോട്ടിക്ക് കൺട്രോൾ ബ്യൂറോവരെ ഇടപെട്ട കേസുകളാണ് എം ശിവശങ്കറിന്റെയം ബിനീഷ് കോടിയേരിയുടെയും കേസുകളിൽ നാം കണ്ടത്. ഇരുവരുടെയും അറസ്റ്റിന് പിന്നാലെ ഇപ്പോൾ ഏതാണ്ട് അരഡസനോളും നേതാക്കൾ കേന്ദ്ര ഏജൻസികളുടെ കാര്യണ്യം കാത്ത് കഴിയുന്നത്. മന്ത്രി കെ ടി ജലീൻ, എം എൽ കാരാട്ട് റസാഖ്, കൊടുവള്ളിയിലെ കൗൺസിലറും ഇടതു സ്വതന്ത്രനുമായ കാരാട്ട് ഫൈസൽ, ലീഗ് നേതാക്കളായ വി കെ ഇബ്രാഹീം കുഞ്ഞ്, കെ എം ഷാജി, കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് എന്നിവർ എൻഫോഴസ്മെന്റ് ഡയറക്ടറേറ്റ് എന്ന ഇ ഡിയുടെയും മറ്റ് കേന്ദ്ര ഏജൻസികളുടെയും അന്വേഷണ പരിധിയിലാണ്. പി ചിദംബരം അടക്കമുള്ള തമിഴ്‌നാട്ടിലെ കോൺഗ്രസ് നേതാക്കളെയും മറ്റും ഇ ഡിയെവെച്ച് വെള്ളം കുടിപ്പിച്ച പാരമ്പര്യമുള്ള അമിത്ഷായും കൂട്ടരും രംഗത്ത് ഇറങ്ങുമ്പോൾ കേരള നേതാക്കൾക്കും നെഞ്ചടിപ്പേറുകയാണ്.

ജലീലിനും കാരാട്ടുമാർക്കും ക്ലീൻചിറ്റില്ല

ഖുർആൻ- ഈത്തപ്പഴക്കടത്തിൽ മന്ത്രി ജലീലിന് കേന്ദ്ര ഏജൻസികളുടെ ക്ലീൻചിറ്റ്് ഇനിയും കിട്ടിയിട്ടില്ലസി ആപ്റ്റ് വഴി നടന്നതായി സംശയിക്കുന്ന സ്വർണ്ണക്കടത്ത് കേസിലും ജലീൽ സംശയ നിഴലിൽ ഉള്ളത്.കാരാട്ട് റസാഖ് എംഎൽഎ്ക്കും സ്വർണ്ണക്കടത്ത് കേസിൽ ഒഴിഞ്ഞുമാറാൻ കഴിയില്ല. സ്വർണ്ണക്കടത്ത് കേസിൽ കൊഫെപോസെ ചുമത്തപ്പെട്ടിട്ടുള്ള സന്ദീപും ചോദ്യം ചെയ്യൽ വേളയിൽ സന്ദീപിന്റെ ഭാര്യ നൽകിയ മൊഴിയും കാരാട്ട് റസാഖിന് എതിരാണ്. കാരാട്ട് റസാഖിനു വേണ്ടിയാണ് സ്വർണം കടത്ത് നടത്തുന്നത് എന്നാണ് സന്ദീപിന്റെ ഭാര്യ സൗമ്യ കസ്റ്റംസിന് നൽകിയ മൊഴിയിൽ പറഞ്ഞിരിക്കുന്നത്. ഒരിക്കലും കാരാട്ട് റസാഖിന്റെ പേര് പറയരുത് എന്നാണ് റമീസ് പറഞ്ഞത് എന്നാണ് സന്ദീപിന്റെ ഭാര്യയുടെ മൊഴി. കൊടുവള്ളിയിലുള്ള കാരാട്ട് റസാഖിനും ഫൈസലിനും വേണ്ടിയാണ് റമീസ് സ്വർണം കടത്തുന്നത് എന്നാണ് മൊഴി. സ്വപ്നയുടെ ഒത്താശയോടുകൂടിയാണ് സ്വർണക്കടത്തെന്നും മൊഴിയിൽ പറയുന്നുണ്ട്. ഇതോടെ ചോദ്യം ചെയ്യൽ ലിസ്റ്റിലേക്ക് കാരാട്ട് റസാഖ് കൂടി എത്തിപ്പെടുകയാണ്. നേരത്തെ കൊടുവള്ളി കൗൺസിലറും കാരാട്ട് റസാഖിന്റെ സുഹൃത്തുമാല കാരട്ട് ഫൈസലിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.ഫൈസലിനെ 12 മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. കേസിൽ 2 ആഴ്ചയ്ക്കു ശേഷം ഹാജരാകാനും നിർദ്ദേശമുണ്ട്.വേങ്ങര സ്വദേശി ഇ. സെയ്തലവിയടക്കം കേസിലെ 2 പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു ൈഫസലിനെ കസ്റ്റഡിയിലെടുത്തത്. നേരത്തേ സന്ദീപ് നായരുടെ ഭാര്യയും ഫൈസലിന്റെ പേരു പരാമർശിച്ചിരുന്നു. ഫൈസലിന്റെ വീട്ടിൽ നിന്നു മൊബൈൽ ഫോണുകളും ബാങ്ക് ഇടപാട് രേഖകളും പിടിച്ചെടുത്തിരുന്നു. ഇവയുടെ ഫൊറൻസിക് പരിശോധനകൾ കൂടി പൂർത്തിയാക്കിയ ശേഷമാകും തുടർ ചോദ്യം ചെയ്യൽ. കോഴിക്കോട് വിമാനത്താവളത്തിൽ 2013 നവംബർ 8ന് 1.84 കോടി രൂപ വിലയുള്ള 6 കിലോഗ്രാം സ്വർണം പിടികൂടിയ കേസിലെ പ്രതിയാണു കാരാട്ട് ഫൈസൽ.

ചന്ദ്രികയിലെ 10 കോടിയിൽ കുടുങ്ങി ഇബ്രാഹീം കുഞ്ഞ്

പാലാരിവട്ടം അഴിമതിക്കേസിൽ കുടുങ്ങിനിൽക്കുന്ന മുൻ മന്ത്രിയും എംഎൽഎയുമാല ഇബ്രാഹീം കുഞ്ഞ്, കള്ളപ്പണം വെളിപ്പിച്ച കേസിലാണ് ഇഡിക്ക് മുന്നിൽ പെട്ടത്. പാർട്ടി പത്രത്തിന്റെ അക്കൗണ്ടിലേക്കു 2016ൽ ഇബ്രാഹിം കുഞ്ഞ് 10 കോടി രൂപ നിക്ഷേപിച്ചെന്നും ഇതു പാലാരിവട്ടം മേൽപാലം നിർമ്മാണ ഇടപാടിൽ ലഭിച്ച കോഴയാണെന്നും ആരോപിച്ചു കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പരാതിയിൽ ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് ഇഡിയുടെ അന്വേഷണം. ഇതിനെതിരെ ഇബ്രാഹിം കുഞ്ഞ് സമർപ്പിച്ച ഹർജി തള്ളിയ ഹൈക്കോടതി അന്വേഷണം തുടരാൻ നിർദ്ദേശിച്ചിരുന്നു.

സംഭവത്തിൽ കഴിഞ്ഞ മാസം ഇബ്രാഹിം കുഞ്ഞിനെ ഇഡി ചോദ്യം ചെയ്തിരുന്നു. പത്രത്തിന്റെ വരിസംഖ്യ ഇനത്തിൽ ശേഖരിച്ച തുകയാണു നിക്ഷേപിച്ചതെന്നു കാണിക്കുന്ന രേഖകൾ ഇബ്രാഹിം കുഞ്ഞ് സമർപ്പിച്ചെന്നും ഇവ പരിശോധിക്കണമെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു. അതിനു ശേഷം ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യും. ഈ വിഷയത്തിലും ഇബ്രാഹിം കുഞ്ഞിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല.

കെ എം ഷാജിയെ കുടുക്കിയ കോഴിവിവാദം

അഴീക്കോട് ഹൈസ്‌കൂളിൽ പ്ലസ്ടു ബാച്ച് അനുവദിക്കാൻ കൈക്കൂലി വാങ്ങി എന്ന ആരോപണത്തെ തുടർന്നാണ് എംഎൽഎയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെഎം ഷാജിക്കുനേരെ ഇഡി ആന്വേഷണം ഉണ്ടായത്. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭനാണ് പരാതിക്കാരൻ. ഇതിന്റെ ഭാഗമായി അനധികൃത സ്വത്തു കണ്ടെത്തുന്നതിന്റെ ഭാഗമായാണ് കോഴിക്കോട്ടെ ഷാജിയുടെ വീട് അളന്നത്. ഇത് വലിയ വിവാദത്തിലാണ് അവസാനിച്ചത്. 3,000 ചതുരശ്ര അടിയിൽ താഴെ വിസ്തീർണമുള്ള വീട് പണിയാനുള്ള അനുമതി വാങ്ങി 5,260 ചത്രുരശ്ര അടി വിസ്തീർണമുള്ള വീടാണ് കെഎം ഷാജി നിർമ്മിച്ചത് എന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. 3,000 ചതുരശ്ര അടിയിൽ കൂടുതൽ വലിപ്പമുള്ള വീടുകൾക്ക് ആഡംബര നികുതി അടയ്ക്കണം. കോഴ വാങ്ങിയതായി പറയപ്പെടുന്ന 2014 കാലഘട്ടത്തിലാണ് വീടിന്റെ നിർമ്മാണവും നടന്നത് എന്നാണ് വിവരം. 2016ൽ നിർമ്മാണം പൂർത്തിയായി. വീടു നിർമ്മാണം സംബന്ധിച്ച് കോർപ്പറേഷൻ രേഖകളിൽ കംപ്ലീഷന്റെ എന്ന ഭാഗത്ത് റിജക്ടട് എന്നാണ് രേഖപ്പീടുത്തിയിരിക്കുന്നത്. നിർമ്മാണം പൂർത്തിയായി നാലുവർഷമായിട്ടും കെട്ടീട നികുതിയും ആഡംബര നികുതിയും അടച്ചിട്ടില്ല എന്നും കണ്ടെത്തിയിട്ടുണ്ട്.ഇതോടെ എംഎൽഎയുടെ വീട് പൊളിക്കാൻ കോഴിക്കോട് കോർപറേഷൻ ആദ്യം നോട്ടീസ് നൽകിയിരുന്നു. പിന്നീട് ഇത് പിഴയാക്കി ചുരുക്കുകയായിരുന്നു.

എന്തായാലും അഴിമതിക്കെതിരെ പ്രതികരിക്കുന്ന നേതാവ് എന്ന ഷാജിയുടെ പ്രതിഛായക്ക് വലിയ അടിയാണ് ഇതോടെ ഉണ്ടായത്. കേസിൽ 25ഓളം പേർക്ക് ഇ ഡി നോട്ടീസ് നൽകിയിട്ടുമുണ്ട്.

ആര്യാടൻ ഷൗക്കത്തിനെതിരെയും അന്വേഷണം

വിദേശത്ത് മെഡിസിൻ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന കേസിലെ പ്രതിയുമായി അടുപ്പമുണ്ടെന്ന കണ്ടെത്തലാണ്, നിലമ്പൂർ നഗരസഭ മുൻ ചെയർമാൻ കൂടിയായ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം ചോദ്യം ചെയ്യുന്നതിൽ എത്തിച്ചത്. മേരിമാത എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ സിബിയാണ് കേസിലെ പ്രതി. ആര്യാടൻ ഷൗക്കത്ത് ചെയർമാനായിരിക്കെ നഗരസഭയുടെ പാട്ടുത്സവം ഉൾപ്പെടെ ചില പരിപാടികളുടെ സ്‌പോൺസറായിരുന്നു സിബി. ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ബോർഡ് അംഗമാക്കാമെന്ന വാഗ്ദാനം നൽകി ആര്യാടൻ ഷൗക്കത്തും മാധ്യമപ്രവർത്തകൻ എംപി. വിനോദും ചേർന്ന് സിബിയിൽ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണവുമുണ്ട്.കഴിഞ്ഞ 30 നു ഷൗക്കത്തിനെ പത്ത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇന്നലെ വീണ്ടും കോഴിക്കോട് കല്ലായിയിലെ ഇ.ഡി സബ് സോണൽ ഓഫീസിൽ വിളിച്ചു വരുത്തിയായിരുന്നു മൊഴിയെടുക്കൽ.പാട്ടുത്സവത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് നൽകാനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായതെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

കേസിൽ അന്വേഷണം തുടരുകയാണ്. ഷൗക്കത്തിന് ഇഡി ക്ലീൻ ചിറ്റ് നൽകിയിട്ടുമില്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP