Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹർത്താൽ ദിനത്തിൽ യൂത്ത് കോൺഗ്രസുമായുള്ള ഏറ്റുമുട്ടലിൽ മുസ്ലിം പള്ളിക്ക് കല്ലെറിഞ്ഞത് സിപിഎം നേതാവ്; പ്രകടനത്തിന് നേരെ കല്ലെറിഞ്ഞപ്പോൾ അബദ്ധം പറ്റിയതെന്ന് സിപിഎം നേതാക്കൾ; കല്ലെറിഞ്ഞത് സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ ബോംബെറിഞ്ഞെന്നാക്കി മാറ്റി യൂത്ത് ലീഗ് നേതാവ്; നജീബ് കാന്തപുരത്തിനെതിരെ വർഗീയ ലഹള സൃഷ്ടിക്കാൻ വ്യാജപ്രചരണം നടത്തിയതിന് കേസെടുത്ത് പൊലീസ്

ഹർത്താൽ ദിനത്തിൽ യൂത്ത് കോൺഗ്രസുമായുള്ള ഏറ്റുമുട്ടലിൽ മുസ്ലിം പള്ളിക്ക് കല്ലെറിഞ്ഞത് സിപിഎം നേതാവ്; പ്രകടനത്തിന് നേരെ കല്ലെറിഞ്ഞപ്പോൾ അബദ്ധം പറ്റിയതെന്ന് സിപിഎം നേതാക്കൾ; കല്ലെറിഞ്ഞത് സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ ബോംബെറിഞ്ഞെന്നാക്കി മാറ്റി യൂത്ത് ലീഗ് നേതാവ്; നജീബ് കാന്തപുരത്തിനെതിരെ വർഗീയ ലഹള സൃഷ്ടിക്കാൻ വ്യാജപ്രചരണം നടത്തിയതിന് കേസെടുത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്ത് നടന്ന വ്യാപക അക്രമത്തിൽ പേരാമ്പ്ര ജുമാ മസ്ജിദിന് നേരെ സിപിഎം ബ്രാഞ്ച് സെക്രട്ടറി നടത്തിയ കല്ലേറി സോഷ്യൽ മീഡിയിൽ ബോംബേറ് എന്ന് പ്രചരിപ്പിച്ച യൂത്ത് ലീഗ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്.യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനെതിരെയാണ് വ്യാജ പ്രചരണത്തിന് പേരാമ്പ്ര പൊലീസ് കേസെടുത്തത്. സിപിഎം മാണിക്കോട് ബ്രാഞ്ച് സെക്രട്ടറി അതുൽദാസാണ് പള്ളിക്ക് നേരെ കല്ലെറിഞ്ഞത്. ഇതിനെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു

ഇരു വിഭാഗങ്ങൾ തമ്മിൽ വർഗീയ ലഹള സൃഷ്ടിക്കാൻ ലക്ഷ്യം വച്ച് സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് 153-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഡിവൈഎഫ്ഐ- യൂത്ത് കോൺഗ്രസ് പ്രകടനത്തിന്റെ ഭാഗമായി നടന്ന കല്ലേറുമായി ബന്ധപ്പെട്ട് പള്ളിയുടേയും യൂത്ത് ലീഗ് ഓഫീസിന്റെയും ദൃശ്യങ്ങൾ മോർഫ് ചെയ്താണ് നജീബ് പ്രചരിപ്പിച്ചത് ഡിവൈഎഫ്ഐ- പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി എംഎം ജിജേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തുരിക്കുന്നത്.

പള്ളി ആക്രമിച്ചെന്ന അസത്യപ്രചരണം നടത്തിയായിരുന്നു ലീഗ് നേതാക്കളും യുഡിഎഫ് നേതാക്കളും ഡിവൈഎഫ്ഐ യെയും ഇടതുപക്ഷത്തേയും പ്രതിക്കൂട്ടിൽ നിർത്തി ആക്രമിച്ചത്. ഡിവൈഎഫ്ഐ പ്രവർത്തകർ പേരാമ്പ്രയിലെ പള്ളിക്ക് ബോംബെറിഞ്ഞുവെന്നാണ് ഫേസ്‌ബുക്കിൽ കലാപാഹ്വാനം നടത്തിക്കൊണ്ട് നജീബ് പോസ്റ്റ് ചെയ്തത്. ഡിജിപിക്കും പേരാമ്പ്ര സ്റ്റേഷനിലുമാണ് ജിജേഷ് പരാതി നൽകിയത്. പരാമ്പ്ര കോടതിയാണ് ജാമ്യം അനുവദിച്ചത്. മതസ്പർധ വളർത്താൻ ശ്രമിച്ചെന്ന കേസാണ് അതുൽദാസിനെതിരെ ചുമത്തിയിരുന്നത്.

ജനുവരി മൂന്നിലെ ഹർത്താലിനിടെയാണ് പള്ളിക്ക് നേരെ കല്ലേറുണ്ടായത്. അന്നേദിവസം വൈകുന്നേരത്തോടെ യൂത്ത് കോൺഗ്രസുകാർ പേരാമ്പ്രയിൽ ടൗണിൽ മാർച്ച് നടത്തിയിരുന്നു. ഇതിനെ നേരിടാൻ ഡിവൈഎഫ്ഐക്കാർ സംഘടിച്ചെത്തി. പിന്നീട് പേരാമ്പ്ര-വടകര റോഡിൽ ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടി. ഇതിനിടെയാണ് സമീപത്തുള്ള മുസ്ലിംലീഗ് ഓഫീസിനും ജുമാ മസ്ജിദിനും നേരെ കല്ലേറുണ്ടായത്. ദൃക്സാക്ഷി മൊഴികളുടേയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് ഒടുവിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ അതുൽ ദാസിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഡിവൈഎഫ്ഐയുടെ മേഖലാ ഭാരവാഹി കൂടിയാണ് അതുൽദാസ്.മസ്ജിദിന് നേരെ കല്ലെറിഞ്ഞത് കലാമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോട് കൂടിയുള്ളതായിരുന്നുവെന്ന് എഫ്.ഐ.ആർ റിപ്പോർട്ട്.അതുൽ ദാസ് അടക്കം 20 ഓളം ആളുകളാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.

ഇവർ സംഘം ചേർന്ന് മേപ്പയ്യൂർ റോഡ് ജംഗ്ഷന് സമീപം പേരാമ്പ്ര കുറ്റ്യാടി റോഡിൽ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തുള്ള ജുമാ മസ്ജിദിന് കല്ലെറിഞ്ഞ് കേട് വരുത്തുകയായിരുന്നുവെന്നും എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടുന്നു. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി തന്നെ അറസ്റ്റിലായതോടെ സിപിഎം നേതൃത്വം പ്രതിരോധത്തിലുമായിരുന്നു. സംഭവം മനഃപൂർവല്ലെന്നും ഇരുവിഭാഗങ്ങളുടെ പ്രകടനങ്ങൾ നടക്കുന്നതിനിടയിൽ ഉണ്ടായ കല്ലേറിൽ പള്ളിയുടെ ഒരു തൂണിന്റെ കോണിൽ നേരിയ പോറലേൽക്കുക മാത്രമാണുണ്ടായതെന്നുമാണ് പാർട്ടി ജില്ലാ സെക്രട്ടേറിയറ്റിന്റെ വിശദീകരണം. ഹർത്താൽ ദിനത്തിൽ യൂത്ത്‌കോൺഗ്രസിന്റേയും-സിപിഎമ്മിന്റേയും പ്രതിഷേധ പ്രകടനങ്ങൾ പേരാമ്പ്ര നഗരത്തിൽ എത്തിയതോടെ സംഘർഷമുണ്ടാവുകയും സമീപത്തെ പള്ളിക്ക് നേരെ കല്ലേറുണ്ടാവുകയുമായിരുന്നു.

കെ.എസ്.ആർ.ടി.സി ബസ് അടക്കം എറിഞ്ഞു തകർക്കുന്ന സ്ഥിതിയുമുണ്ടായി. കെ.എസ്.ആർ.ടി.സി എറിഞ്ഞ് തകർത്ത സംഭവത്തിൽ കൈതക്കൽ സന്തോഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് ചേരിയായി ഇരുകൂട്ടർ തമ്മിലുണ്ടായ സംഘർഷത്തിനും കല്ലേറിനുമിടയിൽ ആരുടെ ഭാഗത്ത് നിന്നുണ്ടായ കല്ലേറിലാണ് തൂണിന് പോറലേറ്റതെന്ന് വ്യക്തമായി പറയാൻ കഴിയില്ലെന്നും ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്തത് ലീഗിന്റെ സമ്മർദപ്രകാരമാണെന്നുമാണ് സിപിഎമ്മിന്റെ അന്നത്തെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP