Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹരിതകേരളവും ലൈഫും അടക്കം നാലുമിഷനുകളും റീബിൽഡ് കേരളയും ചേർത്ത് ഏകോപിത നവകേരളം കർമ്മപദ്ധതി രൂപീകരിക്കും; നടത്തിപ്പിനായി സെൽ; മൂന്നുവർഷത്തേക്ക് 88 തസ്തികകൾ; സർക്കാർ പ്ലീഡർമാരുടെ നിയമനം അംഗീകരിച്ചു: മന്ത്രിസഭാ യോഗതീരുമാനങ്ങൾ

ഹരിതകേരളവും ലൈഫും അടക്കം നാലുമിഷനുകളും റീബിൽഡ് കേരളയും ചേർത്ത് ഏകോപിത നവകേരളം കർമ്മപദ്ധതി രൂപീകരിക്കും;  നടത്തിപ്പിനായി സെൽ; മൂന്നുവർഷത്തേക്ക് 88 തസ്തികകൾ; സർക്കാർ പ്ലീഡർമാരുടെ നിയമനം അംഗീകരിച്ചു: മന്ത്രിസഭാ യോഗതീരുമാനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിലവിലുള്ള നാലു മിഷനുകളായ ലൈഫ്, ആർദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയും റീബിൽഡ് കേരള ഇനിഷ്യേറ്റീവും ഉൾപ്പെടുത്തി ഏകോപിത നവകരളം കർമ്മപദ്ധതി -2 രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന ആശയം ഏതാണ്ട് പൂർത്തീകരിച്ചതിനാലും ഇനി ഗുണമേന്മാ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകേണ്ടതിനാലും വിദ്യാഭ്യാസ മിഷന്റെ പേര് 'വിദ്യാകിരണം' എന്ന് പുനർനാമകരണം ചെയ്യും.

നവകേരളം കർമ്മപദ്ധതിയുടെ നടത്തിപ്പിന് മുഖ്യമന്ത്രി അദ്ധ്യക്ഷനായും ചീഫ് സെക്രട്ടറി കൺവീനറായും നവകേരളം കർമ്മപദ്ധതി കോർഡിനേറ്റർ ജോ. കൺവീനറായും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ, സെക്രട്ടറിമാർ എന്നിവർ അംഗങ്ങളായും നവകേരളം കർമ്മപദ്ധതി സെൽ രൂപീകരിക്കും.

കർമ്മപദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും സംഘടനാ സംവിധാനം രൂപപ്പെടുത്തുന്നതിനും ആവശ്യമായ തസ്തികകൾ സൃഷ്ടിക്കും. 88 തസ്തികകൾ 3 വർഷത്തേക്കാണ് സൃഷ്ടിക്കുക. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും ഏകോപനത്തിനും ഒരു കോർഡിനേറ്ററെ നിയമിക്കും.

സർക്കാർ പ്ലീഡർമാരുടെ നിയമനം അംഗീകരിച്ചു

സർക്കാർ പ്ലീഡർമാരുടെ നിയമനം അംഗീകരിച്ചു. സ്‌പെഷ്യൽ ഗവ. പ്ലീഡർ 20, സീനിയർ ഗവ. പ്ലീഡർ 53, പ്ലീഡർമാർ 52 എന്നിങ്ങനെയാണിത്.

സ്വാതന്ത്ര്യദിനാഘോഷം - മുഖ്യമന്ത്രിയും മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും

2021 ലെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ സ്ഥലങ്ങളിൽ അഭിവാദ്യം സ്വീകരിക്കും. തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കും.

ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാരായ കെ.എൻ ബാലഗോപാൽ - കൊല്ലം, വീണാജോർജ്ജ് - പത്തനംതിട്ട, സജി ചെറിയാൻ - ആലപ്പുഴ, വി.എൻ വാസവൻ - കോട്ടയം, റോഷി അഗസ്റ്റിൻ - ഇടുക്കി, പി. രാജീവ് - എറണാകുളം, കെ. രാജൻ - തൃശ്ശൂർ, കെ. കൃഷ്ണൻകുട്ടി - പാലക്കാട്, വി. അബ്ദുറഹിമാൻ - മലപ്പുറം, എ.കെ ശശീന്ദ്രൻ - കോഴിക്കോട്, അഡ്വ. പി.എ മുഹമ്മദ് റിയാസ് - വയനാട്, എം.വി ഗോവിന്ദൻ മാസ്റ്റർ - കണ്ണൂർ, അഹമ്മദ് ദേവർകോവിൽ - കാസർഗോഡ് എന്നിങ്ങനെ അഭിവാദ്യം സ്വീകരിക്കും.

മഞ്ചേശ്വരം താലൂക്കിൽ കോയിപ്പാടി വില്ലേജിൽ 1.96 ഏക്കർ ഭൂമി ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി മത്സ്യത്തൊഴിലാളികൾക്ക് കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിനുള്ള പുനർഗേഹം പദ്ധതിക്കായി ഫിഷറീസ് വകുപ്പിന് കൈമാറും.

ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡിന്റെ സർക്കാർ ഗ്യാരന്റി പരിധി 51.50 കോടി രൂപയിൽ 100 കോടി രൂപയായി ഉയർത്താൻ തീരുമാനിച്ചു.

കണ്ണൂർ സഹകരണ സ്പിന്നിങ് മില്ലിന് ആവശ്യമായ പരുത്തി, വിളപ്പെടുപ്പ് കാലത്ത് വലിയതോതിൽ വാങ്ങുന്നതിന് കണ്ണൂരിലെ കാനറാ ബാങ്ക് എസ് എംഇ ബ്രാഞ്ചിൽ നിന്നും 2 കോടി രൂപയുടെ ഓവർഡ്രാഫ്റ്റ് സൗകര്യം ലഭിക്കുന്നതിന് സർക്കാർ ഗ്യാരന്റി ലഭ്യമാക്കാൻ തീരുമാനിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പ് കെയുആർഡിഎഫ്‌സിയിലെ ജീവനക്കാരുടെ സ്റ്റാഫ് പാറ്റേൺ പരിഷ്‌കരിക്കാൻ തീരുമാനിച്ചു.

ബേക്കൽ റിസോർട്ട്‌സ് ഡവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്, കേരള ടൂറിസം ഇൻഫ്രാസ്‌ട്രെക്ച്ചർ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾ പി.എസ്.സി യുടെ പരിധിയിൽ കൊണ്ടുവരുന്നതിന് പി.എസ്.സി റൂൾസിൽ ഭേദഗതി വരുത്തും. ഇത് സംബന്ധിച്ച് കരട് ഭേദഗതി വിജ്ഞാപനം പുറപ്പെടുവിക്കാനും തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP