Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുന്നോക്കത്തിലെ പിന്നോക്കക്കാർക്കുള്ള 10 % ഉദ്യോഗ സംവരണം: ജസ്റ്റിസ് കെ. ശ്രീധരൻ നായർ കമ്മീഷൻ ശുപാർശകൾക്ക് അംഗീകാരം; നിലവിലുള്ള സംവരണത്തിന് അർഹതയില്ലാത്തവരും കുടുംബ വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ കവിയാത്തവരുമായ എല്ലാവർക്കും ആനുകൂല്യം; കാർഷിക കടങ്ങളുടെ മൊറട്ടോറിയം നീട്ടാൻ ആർബിഐക്ക് അപേക്ഷ നൽകും; മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

മുന്നോക്കത്തിലെ പിന്നോക്കക്കാർക്കുള്ള 10 % ഉദ്യോഗ സംവരണം: ജസ്റ്റിസ് കെ. ശ്രീധരൻ നായർ കമ്മീഷൻ ശുപാർശകൾക്ക് അംഗീകാരം; നിലവിലുള്ള സംവരണത്തിന് അർഹതയില്ലാത്തവരും കുടുംബ വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ കവിയാത്തവരുമായ എല്ലാവർക്കും  ആനുകൂല്യം; കാർഷിക കടങ്ങളുടെ മൊറട്ടോറിയം നീട്ടാൻ ആർബിഐക്ക് അപേക്ഷ നൽകും; മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം ഉദ്യോഗ സംവരണം നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിന് നിയോഗിക്കപ്പെട്ട ജസ്റ്റിസ് കെ. ശ്രീധരൻ നായർ കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകൾ നിയമവകുപ്പ് നിർദ്ദേശിച്ച ഭേദഗതികളോടെ അംഗീകരിക്കാൻ തീരുമാനിച്ചു.

നിലവിലുള്ള സംവരണത്തിന് അർഹതയില്ലാത്തവരും കുടുംബ വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ കവിയാത്തവരുമായ എല്ലാവർക്കും സംവരണത്തിന്റെ ആനുകൂല്യമുണ്ടാകും. പഞ്ചായത്തിൽ 2.5 ഏക്കറിൽ അധികവും മുനിസിപ്പാലിറ്റിയിൽ 75 സെന്റിലധികവും കോർപ്പറേഷനിൽ 50 സെന്റിലധികവും ഭൂമിയുള്ളവർ സംവരണത്തിന്റെ പരിധിയിൽ വരില്ല.

മുനിസിപ്പൽ പ്രദേശത്ത് 20 സെന്റിൽ അധികം വരുന്ന ഹൗസ് പ്ലോട്ട് ഉള്ളവരും കോർപ്പറേഷൻ പ്രദേശത്ത് 15 സെന്റിലധികം വരുന്ന ഹൗസ് പ്ലോട്ട് ഉള്ളവരും സംവരണത്തിന്റെ പരിധിയിൽ വരില്ല.

സംസ്ഥാന സർവ്വീസിലും സംസ്ഥാനത്തിന് ഭൂരിപക്ഷം ഓഹരിയുള്ള പൊതുമേഖല സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം നൽകും.സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും (ന്യൂനപക്ഷ സ്ഥാപനങ്ങളൊഴികെ) 10 ശതമാനം സംവരണം നൽകണമെന്ന് കമ്മിഷൻ ശുപാർശ ചെയ്തിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും ഇക്കാര്യം പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കും.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണ പദ്ധതി പ്രാബല്യത്തിൽ വരുന്ന തീയതി സർക്കാർ തീരുമാനിക്കും. ഓരോ മൂന്നുവർഷം കൂടുമ്പോഴും പൊതുവിഭാഗത്തിലെ ?സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളെ? നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ അവലോകനം ചെയ്യും. ഈ വിഭാഗത്തിനുള്ള സംവരണം ഉറപ്പാക്കുന്നതിന് സെക്രട്ടറിയേറ്റിൽ പരിശോധനാസെൽ ഉണ്ടാകും.

പ്രകൃതി ദുരന്തം നേരിടാൻ 3.4 ലക്ഷം പേരുള്ള സാമൂഹിക സന്നദ്ധസേന

പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിനും രക്ഷാപ്രവർത്തനം നടത്തുന്നതിനും സംസ്ഥാനത്ത് 3.4 ലക്ഷം പേരുള്ള സാമൂഹിക സന്നദ്ധസേന രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ജനസംഖ്യയിൽ നൂറു പേർക്ക് ഒരു സാമൂഹിക സന്നദ്ധപ്രവർത്തകൻ എന്ന നിലയിലാണ് സേനയുടെ എണ്ണം കണക്കാക്കിയത്. 16 നും 65 വയസ്സിനും ഇടയിൽ പ്രായമുള്ള ഏത് വ്യക്തിക്കും (മുഴുവൻ സമയ ജോലിയുള്ളവർ ഒഴികെ) ഈ സേനയിൽ ചേരാവുന്നതാണ്. സേനാംഗങ്ങൾക്ക് പരിശീലനം നൽകുന്നതിന് മാസ്റ്റർ ട്രെയിനർമാരുടെ സംഘം രൂപീകരിക്കും. ഏതു സമയത്തും എളുപ്പത്തിൽ സേനയുടെ സേവനം ലഭിക്കാവുന്ന തരത്തിലുള്ള സംവിധാനമാണ് സർക്കാർ ഒരുക്കുന്നത്.

സന്നദ്ധസേനയുടെ ഘടനയും പരിശീലന പരിപാടിയും മന്ത്രിസഭ അംഗീകരിച്ചു. സേനയുടെ മേൽനോട്ടത്തിന് ഡയറക്ടറേറ്റ് രൂപീകരിക്കാനും തീരുമാനിച്ചു. സേനയുടെ പ്രഖ്യാപനം പുതുവർഷ ദിനത്തിൽ നടക്കും. ജനുവരി 15ന് മുൻപായി 700 മാസ്റ്റർ ട്രെയിനർമാരെ കണ്ടെത്തും. സേനയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് പേര് രജിസ്റ്റർ ചെയ്യാൻ ഓൺലൈൻ പോർട്ടൽ ജനുവരി 10 മുതൽ 31 വരെ ലഭ്യമാകും. ഫെബ്രുവരി മാസം മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലന പരിപാടി നടക്കും. ഏപ്രിൽ 1 മുതൽ മെയ് 15 വരെ 14 ജില്ലകളിലും മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിൽ സേനാംഗങ്ങൾക്ക് പിശീലനം നൽകും.

അഗ്‌നിരക്ഷാസേന, പൊലീസ്, സംസ്ഥാന ദുരന്തപരിപാലന അഥോറിറ്റി, അഥോറിറ്റിയുടെ ഭരണ ചുമതലയുള്ള റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, എൻ.സി.സി., എൻ.എസ്.എസ്., എന്നീ വിഭാഗങ്ങൾ ഉൾപ്പെടുന്നതാണ് സേനയുടെ ഡയറക്ടറേറ്റ്. സംസ്ഥാനത്തെ കര-നാവിക-വ്യോമസേനാ വിഭാഗങ്ങളുടെ തലവന്മാരുംഡയറക്ടറേറ്റിന്റെ ഭാഗമായ സ്റ്റിയറിങ് കമ്മിറ്റിയിൽ ഉണ്ടാവും. ഡയറക്ടറേറ്റിന്റെ ഭരണ ചുമതല പൊതുഭരണവകുപ്പിനായിരിക്കും.

ജില്ലാതലത്തിൽ ജില്ലാകലക്ടറുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കോർപ്പറേഷൻ മേയറും ഉൾപ്പെടുന്ന സ്റ്റിയറിങ് കമ്മിറ്റിയാണ് ഉണ്ടാവുക.
പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനുള്ള പ്രതികരണ സംവിധാനമായാണ് സാമൂഹിക സന്നദ്ധസേന രൂപീകരിക്കുന്നത്. പ്രകൃതി ദുരന്തങ്ങൾക്കു പുറമേ പ്രാദേശികമായി ഉണ്ടാകുന്ന ഏത് അപകട ഘട്ടത്തിലും സേനയുടെ സഹായം ഉറപ്പുവരുത്തും. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ ആവർത്തിച്ചുണ്ടായ പ്രകൃതി ദുരന്തങ്ങൾ നേരിടാൻ സമൂഹമൊന്നാകെ ഒന്നിച്ചു നിൽക്കുകയുണ്ടായി. പ്രത്യേക ആഹ്വാനമൊന്നുമില്ലാതെ സമൂഹം വളരെവേഗം പ്രതികരിച്ചു. ഈ സന്നദ്ധത മികച്ച ദുരന്ത പ്രതികരണ സംവിധാനമായി മാറ്റുന്നതിനാണ് സേന രൂപീകരിക്കുന്നത്.

നിയമനങ്ങൾ

പി.ഡബ്ല്യൂ. ഡി. പ്രിൻസിപ്പൽ സെക്രട്ടറി ആർ.കെ. സിങിനെ ധനകാര്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു. മൃഗസംരക്ഷണ - ക്ഷീര വകുപ്പിന്റെ അധിക ചുമതല അദ്ദേഹം തുടർന്നും വഹിക്കും.ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിക്ക് പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല നൽകി.
അവധികഴിഞ്ഞ് തിരിച്ചെത്തുന്ന ഹരിത വി. കുമാറിനെ പൊതുഭരണവകുപ്പിൽ ഡപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു.

ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാലിന് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെയും സിവിൽസപ്ലൈസ് കമ്മിഷണറുടെയും അധിക ചുമതല നൽകി.

മൊറട്ടോറിയം നീട്ടാൻ അപേക്ഷിക്കും

കാർഷിക കടങ്ങളുടെ മൊറട്ടോറിയവും വായ്പകൾ പുനഃക്രമീകരിക്കുന്നതിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയും 2020 മാർച്ച് 31 വരെ ദീർഘിപ്പിക്കുന്നതിന് റിസർവ്വ് ബാങ്കിനോട് അഭ്യർത്ഥിക്കാൻ തീരുമാനിച്ചു.സംസ്ഥാനത്ത് പൊതു ആവശ്യത്തിന് സാധാരണമണ്ണ് ഖനനം ചെയ്യുന്നതിന് അനുമതി നൽകാൻ കഴിയുംവിധം 2015 ലെ കേരള മൈനർ മിനറൽ കൺസഷൻ ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചു.

ബസ് അപകടത്തിൽപ്പെട്ടപ്പോൾ യാത്രക്കാരെ രക്ഷിക്കുന്നതിനിടയിൽ പൊള്ളലേറ്റു മരണപ്പെട്ട കെ.എസ്.ആർ.ടി.സി. ഡ്രൈവർ പി. പ്രകാശിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അഞ്ചു ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചു.

കൊച്ചി മെട്രോ ലിമിറ്റഡിന്റെ പ്രവർത്തനത്തിന് സംസ്ഥാന വ്യവസായ സംരക്ഷണ സേനയിൽ 80 പൊലീസ് സേനാംഗങ്ങളുടെ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ചെലവ് കൊച്ചി മെട്രോ വഹിക്കണമെന്ന നിബന്ധനയോടെയാണ് തസ്തികകൾ അനുവദിക്കുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP