Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഡോ. സി വി ആനന്ദ ബോസ് പെരുന്നയിലെത്തി സുകുമാരൻ നായരെ കണ്ടു; എൻഎസ്എസ് ആസ്ഥാനത്തെ ഊഷ്മള സ്വീകരണത്തിന് ശേഷം ജനറൽ സെക്രട്ടറിയുമായി ബംഗാൾ ഗവർണറുടെ വിശദമായ കൂടിക്കാഴ്‌ച്ചയും; ബിജെപി കേരള നേതൃത്വത്തിന് അനഭിമതനെങ്കിലും സംസ്ഥാനത്തെ മോദിയുടെ ദൗത്യം ഏറ്റെടുക്കാൻ ആനന്ദബോസ്

ഡോ. സി വി ആനന്ദ ബോസ് പെരുന്നയിലെത്തി സുകുമാരൻ നായരെ കണ്ടു; എൻഎസ്എസ് ആസ്ഥാനത്തെ ഊഷ്മള സ്വീകരണത്തിന് ശേഷം ജനറൽ സെക്രട്ടറിയുമായി ബംഗാൾ ഗവർണറുടെ വിശദമായ കൂടിക്കാഴ്‌ച്ചയും; ബിജെപി കേരള നേതൃത്വത്തിന് അനഭിമതനെങ്കിലും സംസ്ഥാനത്തെ മോദിയുടെ ദൗത്യം ഏറ്റെടുക്കാൻ ആനന്ദബോസ്

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങനാശ്ശേരി: കേരളത്തിലെ പ്രബലരായ രണ്ട് ഹൈന്ദവ സമുദായ വിഭാഗങ്ങളെ ഒപ്പം നിർത്തി മുന്നേറണമെന്ന പക്ഷത്താണ് ബിജെപി കേന്ദ്ര നേതൃത്വം. അമിത്ഷാ അടക്കം ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണ്. എന്നാൽ, കേരള നേതൃത്വത്തിന്റെ കഴിവില്ലായ്മ കൊണ്ട് പലപ്പോഴും ഇത്തരം ശ്രമങ്ങൾ മുന്നോട്ടു പോയില്ല. ഇതിനിടെയാണ് ഡോ. സി വി ആനന്ദബോസ് കളത്തിലിറങ്ങുന്നത്. ബംഗാൾ ഗവർണറായ അദ്ദേഹം ഇപ്പോൾ കേരള സന്ദർശനത്തിലാണ്. കേരള ബിജെപി നേതൃത്വം അവഗണിക്കുമ്പോഴും സ്വന്തം നിലയിൽ മുന്നോട്ടു പോകുകയാണ് അദ്ദേഹം. മോദിയുടെ അനുഗ്രഹാശിസ്സുകളോടയാണ് ബോസ് കേരളത്തിലും ചില നീക്കങ്ങൾ നടത്തുന്നത്.

പശ്ചിമബംഗാൾ ഗവർണറായി ചുമതലേയറ്റശേഷം ആദ്യമായി കേരളത്തിലെത്തിയ ഡോ.സി.വി. ആനന്ദബോസ് എൻ.എസ്.എസ്. ആസ്ഥാനത്തെത്തി ജനറൽസെക്രട്ടറി ജി.സുകുമാരൻനായരുമായി കൂടിക്കാഴ്ച നടത്തി. കുടുംബസമേതമാണ് ഗവർണർ എത്തിയത്. ജനറൽ സെക്രട്ടറിക്കൊപ്പം രജിസ്ട്രാർ പി.എൻ. സരേഷ്, ഡയറക്ടർ ബോർഡംഗം ഹരികുമാർ കോയിക്കൽ എന്നിവരും ചേർന്ന് ഊഷ്മളമായ സ്വീകരണം തന്നെയാണ് സി വി ആനന്ദബോസിന് നൽകിയത്. അരമണിക്കൂറിലധികം സമയം ജി.സുകുമാരൻനായരുമായി സി.വി. ആനന്ദബോസ് ചർച്ച നടത്തി. രാഷ്ട്രീയ വിഷയങ്ങൾ അടക്കം ചർച്ചയായോ എന്നതിനെ കുറിച്ച് വിവരങ്ങൾ അറിവായിട്ടില്ല.

നേരത്തെ കേരളത്തിലെ ബിജെപി നേതാക്കൾ പോലും അറിയാതെയാണ് സി വി ആനന്ദബോസ് എന്ന മുൻ ഉദ്യോഗസ്ഥൻ ബംഗാളിൽ ഗവർണറായത്. ബംഗാൾ പോലെ പ്രധാനമായി സംസ്ഥാനത്തിന്റെ ഗവർണറായി ആനന്ദബോസിനെ നിയമിച്ചത് വലിയ നേട്ടം തന്നെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുപ്പമാണ് ഇതിലേക്ക് എത്തിച്ചത്. എന്നാൽ ബോസിന്റെ നേട്ടം കേരളത്തിലെ നേതാക്കൾക്ക് ഇത്രയ്ക്ക് സുഖിച്ചിട്ടില്ല. ഗവർണായി മടങ്ങിയെത്തിയ നേതാവിനെ അവഗണിക്കുകയും ചെയ്തിരുന്നു നേതൃത്വം.

നെടുമ്പാശേരിയിലെ സ്വീകരണത്തിൽ ബിജെപിയിലെ ഔദ്യോഗിക വിഭാഗം വിട്ടുനിന്നിരുന്നു. ഔദ്യോഗിക വിഭാഗത്തിലെ പ്രധാന നേതാക്കളാരും സ്വീകരിക്കാനെത്തിയില്ല. ഔദ്യോഗിക വിഭാഗത്തിനൊപ്പമുള്ള ജില്ലാ പ്രസിഡന്റ് അഡ്വ.ഷൈജുവും സ്വീകരണത്തിൽ നിന്നും വിട്ടു നിന്നു. സംസ്ഥാന നേതാക്കളിൽ എ.എൻ.രാധാകൃഷ്ണൻ മാത്രമാണ് പങ്കെടുത്തത്. ബിജെപി നേതൃത്വം ചുമതലയിൽ നിന്നൊഴിവാക്കിയ പി.ആർ.ശിവശങ്കറും ശോഭാ സുരേന്ദ്രനും സ്വീകരണത്തിനെത്തി. ബംഗാൾ ഗവർണറായ ശേഷം ആദ്യമായാണ് സി.വി.ആനന്ദബോസ് കേരളത്തിലെത്തുന്നത്. അതേസമയം, കേരളത്തിലെ സാധാരണ ജനങ്ങളോട് അതിയായ നന്ദിയുണ്ട് സി.വി.ആനന്ദബോസ് പറഞ്ഞു. മലയാളി എന്നതിൽ അഭിമാനിക്കുന്നു. കേരളത്തിലെ പുതുതലമുറ രാജ്യത്തെ നയിക്കും. കേരളത്തിലേയും ബംഗാളിലേയും പുതുതലമുറക്കായി എന്റെ സ്ഥാനം സമർപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കേരളത്തിൽ ബിജെപി. ദേശീയ നേതൃത്വത്തിന്റെ ഒട്ടുമിക്ക പരീക്ഷണങ്ങളും സംസ്ഥാന ഘടകം അറിയുന്നത് പ്രഖ്യാപനം വരുമ്പോൾ മാത്രമായിരുന്നു. അതിൽ ഒടുവിലത്തേതായിരുന്നു മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ സി.വി. ആനന്ദബോസിനെ പശ്ചിമ ബംഗാൾപോലൊരു സംസ്ഥാനത്തെ ഗവർണറാക്കിയത്. ഗവർണറുടെ നിയമനം പാർട്ടിയുടെ സംസ്ഥാനനേതൃത്വം മൂൻകൂട്ടി അറിയണമെന്നു നിബന്ധനയൊന്നുമില്ല, മുമ്പും അതുണ്ടായിട്ടില്ല. സംസ്ഥാന പ്രസിഡന്റുമാരായിരുന്ന കുമ്മനം രാജശേഖരനെയും പി.എസ്. ശ്രീധരൻപിള്ളയെയും മിസോറം ഗവർണറാക്കിയതും ഇ. ശ്രീധരനെ സ്ഥാനാർത്ഥിയാക്കിയതും അപ്രതീക്ഷിതമായിരുന്നു. ആനന്ദബോസിന്റെ സ്ഥാനലബ്ധിയിലുമുണ്ട് ഈ സമാനത.

കെ. കരുണാകരൻ സർക്കാരിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിപദം വഹിച്ചിട്ടുള്ള ആനന്ദബോസ് മികച്ച ഉദ്യോഗസ്ഥനെന്നു പേരുകേട്ടയാളാണ്. ഗവർണറുമായി നിരന്തരം ഏറ്റുമുട്ടിയിരുന്ന മമതാ സർക്കാരിന്റെ ബംഗാളിലാണ് ആനന്ദബോസിന്റെ അടുത്ത നിയോഗം എന്നതാണ് ശ്രദ്ധേയം. എന്നാൽ ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കുന്ന ഉദ്യോഗസ്ഥനല്ല ആനന്ദബോസ്. പകരം പ്രവർത്തനമേഖലയിൽ മികവുകാട്ടുന്ന സമീപനമാണ് അദ്ദേഹത്തിന്റേത്. മമതയുമായി പോരടിച്ച ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായപ്പോഴുണ്ടായ ഒഴിവിലേക്കാണ് ബോസിന്റെ നിയമനം.

ബിജെപി.യിൽ അംഗമായ ആനന്ദബോസിനെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് മത്സരിപ്പിക്കാൻ പാർട്ടി ആലോചിച്ചതാണെങ്കിലും അദ്ദേഹം അതിന് വഴങ്ങിയില്ല. പിന്നീട് മേഘാലയ സർക്കാരിന്റെ ഉപദേശക പദവിവരെ അദ്ദേഹത്തെ തേടിയെത്തി. ഇതിനിടെയാണ് കേരളത്തിലെ ബിജെപി. ക്കാരായ ഗവർണർമാർക്ക് കിട്ടാത്ത ബംഗാൾഭാഗ്യം ആനന്ദബോസിനെത്തുന്നത്. പി.സി. തോമസിനെയും അൽഫോൻസ് കണ്ണന്താനത്തിനെയും മന്ത്രിമാരാക്കിയതാണ് ബിജെപി.യുടെ ആദ്യകാല പരീക്ഷണം. ക്രൈസ്തവസമൂഹത്തെയാണ് ഇതുവഴി ലക്ഷ്യമിട്ടത്. ഒ. രാജഗോപാലിനെയും വി. മുരളീധരനെയും മന്ത്രിമാരാക്കിയതിലും നടൻ സുരേഷ്ഗോപിയെയും പി.ടി. ഉഷയെയും രാജ്യസഭയിലെത്തിച്ചതിലും ബിജെപി.ക്ക് കൃത്യമായ അജൻഡ ഉണ്ടായിരുന്നു.

ആനന്ദബോസിലൂടെ വോട്ടുബാങ്ക് ലക്ഷ്യമിടുന്നില്ലായിരിക്കാം. എന്നാൽ ഇന്ത്യയിലെ പ്രധാനപ്പെട്ടൊരു സംസ്ഥാനത്തിന്റെ ഗവർണറായി ഒരുമലയാളിയെ നിയമിച്ചതിലൂടെ കഴിവുള്ളവരെ പാർട്ടിക്കുവേണമെന്നു പറയുകയാണ് ബിജെപി. പ്രത്യേകിച്ചും ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ. ഐഎഎസ് 1977 ബാച്ച് ഉദ്യോഗസ്ഥനായ ആനന്ദബോസ് കേരളത്തിൽ വിവിധ ജില്ലകളിൽ കലക്ടറും വിവിധ സ്ഥാപനങ്ങളുടെ മേധാവിയുമായി സേവനമനുഷ്ഠിച്ചു. ചീഫ് സെക്രട്ടറി റാങ്കിൽ കേന്ദ്ര സെക്രട്ടറിയായാണ് വിരമിച്ചത്.

യുപിഎ ഭരണകാലത്ത് നാഫെഡ് എംഡി, നാളികേര വികസന ബോർഡ് ചെയർമാൻ, സെൻട്രൽ വെയർ ഹൗസിങ് കോർപറേഷൻ ചെയർമാൻ, റെയിൽ സൈഡ് വെയർഹൗസിങ് കമ്പനി ചെയർമാൻ, നാഷനൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എൻഎംഐ) വൈസ് ചാൻസലർ, കേന്ദ്ര കൃഷി വകുപ്പ് അഡീഷനൽ സെക്രട്ടറി, കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ സെക്രട്ടറി, വിവിധ മന്ത്രാലയങ്ങളിൽ പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങി ഒട്ടേറെ പദവികൾ വഹിച്ചു. മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതലയിലിരിക്കെ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള സമ്പത്തിന്റെ കണക്കെടുപ്പിനും മൂല്യനിർണയത്തിനുമായി കേന്ദ്രസർക്കാർ നിയമിച്ച സമിതിയുടെ തലവനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP