Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്സഭ സീറ്റ് നിഷേധിച്ചതോടെ പാർട്ടിക്കും മുന്നണിക്കും 'പണി' കൊടുത്ത് സി.എൻ.ജയദേവൻ; ഗുരുവായൂർ റെയിൽവെ മേൽപ്പാല നിർമ്മാണത്തിൽ വീഴ്ച വരുത്തിയത് എൽഡിഎഫ് സർക്കാരെന്ന് പ്രസംഗത്തിനിടെ ആഞ്ഞടിച്ച് എംപി; സോഷ്യൽ മീഡിയയിൽ പ്രസംഗം പ്രചരിച്ചതോടെ സിപിഎം അണികളിൽ പ്രതിഷേധം; വെട്ടിലായി സിപിഐയും തൃശൂർ ലോക്സഭ സ്ഥാനാർത്ഥി രാജാജി മാത്യു തോമസും; പുതിയ തലവേദന ജയദേവനെതിരായ വാട്‌സാപ് സന്ദേശവിവാദത്തിന് പിന്നാലെ

ലോക്സഭ സീറ്റ് നിഷേധിച്ചതോടെ പാർട്ടിക്കും മുന്നണിക്കും 'പണി' കൊടുത്ത് സി.എൻ.ജയദേവൻ; ഗുരുവായൂർ റെയിൽവെ മേൽപ്പാല നിർമ്മാണത്തിൽ വീഴ്ച വരുത്തിയത് എൽഡിഎഫ് സർക്കാരെന്ന് പ്രസംഗത്തിനിടെ ആഞ്ഞടിച്ച് എംപി; സോഷ്യൽ മീഡിയയിൽ പ്രസംഗം പ്രചരിച്ചതോടെ സിപിഎം അണികളിൽ പ്രതിഷേധം; വെട്ടിലായി സിപിഐയും തൃശൂർ ലോക്സഭ സ്ഥാനാർത്ഥി രാജാജി മാത്യു തോമസും; പുതിയ തലവേദന ജയദേവനെതിരായ വാട്‌സാപ് സന്ദേശവിവാദത്തിന് പിന്നാലെ

കെ എം അക്‌ബർ

ഗുരുവായൂർ: ലോക്സഭ സീറ്റ് നിഷേധിച്ചതിന് പാർട്ടിക്കും മുന്നണിക്കും 'പണി' കൊടുത്ത് സി.എൻ ജയദേവൻ എംപി. ഗുരുവായൂർ റെയിൽവേ മേൽപ്പാല നിർമ്മാണത്തിൽ വീഴ്ച വരുത്തിയത് സംസ്ഥാന സർക്കാറാണെന്ന് സി എൻ ജയദേവൻ പറഞ്ഞു. ഗുരുവായൂർ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച വികസന സെമിനാറിന്റെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് മേൽപ്പാലം യാഥാർഥ്യമാകാത്തതിന് കാരണക്കാർ സംസ്ഥാന സർക്കാരാണെന്ന് പറഞ്ഞ് ഇടതുസർക്കാരിനെതിരേ ജയദേവൻ ആഞ്ഞടിച്ച്. അഞ്ചു വർഷ കാലയളവിനുള്ളിൽ മേൽപാലത്തിന്റെ പണി പൂർത്തീകരിക്കാൻ കഴിയുമെന്ന് താൻ എംപി ആയ സമയം പറഞ്ഞിരുന്നു. എന്നാൽ അഞ്ചു കൊല്ലം കഴിഞ്ഞിട്ടും പണി ആരംഭിക്കാൻ പോലും സംസ്ഥാന സർക്കാറിന് സാധിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഐയിലെ ഗ്രൂപ്പിസമാണ് സി എൻ ജയദേവന് ലോക്സഭ സീറ്റ് നിഷേധിച്ചതിന് പ്രധാന കാരണമെന്ന ആരോപണം ഉയരുന്നതിനിടയിലാണ് ഈ വിവാദ പ്രസ്താവന. കൂടാതെ മേൽപ്പാലത്തിന് പദ്ധതി തയ്യാറാക്കി സ്ഥലമേറ്റെടുപ്പിലേക്കും കടന്ന് പാലത്തിന്റെ അവകാശം ഇടതുമുന്നണി സ്വന്തമാക്കിയിരിക്കുകയുമായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണം നടന്നുകൊണ്ടിരിക്കെ നിലവിലെ എംപി കൂടിയായ ജയദേവന്റെ പ്രസ്താവന സിപിഎം അണികളിൽ പ്രതിഷേധത്തിനിടയാക്കി കഴിഞ്ഞു. പലരും ഇത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ വെട്ടിലായിരിക്കുന്നത് സിപിഐ നേതൃത്വവും തൃശൂർ ലോക്സഭ സ്ഥാനാർത്ഥി രാജാജി മാത്യു തോമസുമാണ്. ഒരാഴ്ചമുമ്പ് പത്രസമ്മേളനം നടത്തി തൃശൂർ ലോക്സഭ മണ്ഡലത്തിലേക്ക് ഇത്തവണയും താൻ മത്സരിക്കാൻ തയാറാണെന്ന് സി എൻ ജയദേവൻ പ്രസ്താവന നടത്തിയിരുന്നു. തൃശൂരിൽ സ്ഥാനാർത്ഥിയാവുമെന്ന തികഞ്ഞ പ്രതീക്ഷയിലായിരുന്നു ജയദേവൻ.

എന്നാൽ, ഇത്തവണ സി.എൻ ജയദേവനെ മൽസരിപ്പിക്കരുതെന്ന് സിപിഎം ജില്ലാ നേതൃത്വം സിപിഐയെ അറിയിച്ചിരുന്നു. ജയദേവൻ സിപിഎമ്മിനെതിരേ നിരവധി തവണ വിമർശനം നടത്തിയിരുന്നതാണ് ഇത്തരത്തിൽ നീക്കം നടത്താൻ സിപിഎമ്മിനെ പ്രേരിപ്പിച്ചിരുന്നത്. എന്നാൽ കെ പി രാജേന്ദ്രൻ സ്ഥാനാർത്ഥിയാകുമെന്ന് കണ്ടതോടെ ജനയുഗം എഡിറ്റർ കൂടിയായ രാജാജി മാത്യു തോമസിന്റെ പേര് നിർദ്ദേശിക്കുകയായിരുന്നു ജയദേവൻ ചെയ്തത്. അതേ സമയം, സിപിഎം പ്രവർത്തകരെ പ്രകോപിപ്പിച്ച് രാജാജി മാത്യു തോമസിനെ പരാജയപ്പെടുത്താനാണ് ജയദേവൻ ഈ സമയത്ത് സംസ്ഥാന സർക്കാറിനെ പ്രതികൂട്ടിലാക്കുന്ന പ്രസ്താവന നടത്തിയിട്ടുള്ളതെന്നാണ് സിപിഐ യിലെ ഒരു വിഭാഗം കരുതുന്നത്.

പ്രളയകാലത്ത് സി എൻ ജയദേവനെതിരെ മുതിർന്ന നേതാവായ കെ പി രാജേന്ദ്രന്റെ കുടുംബഗ്രൂപ്പിൽ വാട്സ്ആപ് സന്ദേശം പ്രചരിച്ച വിവാദം കെട്ടടങ്ങും മുമ്പേയാണ് ജയദേവൻ കഥാപാത്രമായ മറ്റൊരു വിവാദം ഉയർന്നിട്ടുള്ളത്. എംപിയായ സി എൻ ജയദേവനെ മണ്ഡലത്തിൽ 'കാണാനില്ലെ'ന്നായിരുന്നു അന്ന് പ്രചരിച്ചിരുന്ന സന്ദേശം. ഇത് പാർട്ടി ഗ്രൂപ്പുകളിൽ രാജേന്ദ്രന്റെ അടുപ്പക്കാർ പ്രചരിപ്പിച്ചിരുന്നു. ജയദേവന്റ വീട്ടുകാർ കൂടി അംഗമായ ഗ്രൂപ്പിലും സിപിഐ ജില്ലാ കൗൺസിലിലെയും എക്സിക്യൂട്ടിവിലെയും അംഗങ്ങൾ ഉൾപ്പെട്ട ഗ്രൂപ്പിലും സന്ദേശം എത്തി. ഇതോടെ ജയദേവൻ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. സംസ്ഥാന നേതൃത്വം ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കണ്ടെങ്കിലും പുതിയ വിവാദം സിപിഐ നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. അതേസമയം സിപിഐ നേതാവും എംപിയുമായ സി എൻ ജയദേവന്റെ പ്രസ്താവന ഉയർത്തിക്കാട്ടി എൽഡിഎഫിനെ നേരിടാനാണ് കോൺഗ്രസ് തീരുമാനം. ഗുരുവായൂർ റെയിൽവേ മേൽപ്പാല നിർമ്മാണത്തിന് പാലം വലിക്കുന്നത് എൽഡിഎഫ് സർക്കാറാണെന്ന് എൽഡിഎഫിലെ എംപി തന്നെ പ്രസ്താവന നടത്തിയ സാഹചര്യത്തിൽ ഇത് ഏതു വിധത്തിൽ വോട്ടാക്കി മാറ്റാൻ കഴിയും എന്ന ചിന്തയിലാണ് കോൺഗ്രസ് നേതൃത്വം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP