Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരൻ ബിജെപിയിൽ; സിപിഎം സജീവ പ്രവർത്തകനായിരുന്ന ശശി ബിജെപി അംഗത്വമെടുത്തത് ബിജെപി തലശേരി മണ്ഡലം ഓഫീസിലെത്തി; കൂടുതൽ കാര്യങ്ങൾ പരസ്യമായി പിന്നീട് പറയുമെന്നും വെളിപ്പെടുത്തൽ; സിപിഎമ്മിന്റെ മുഖത്തേറ്റ കനത്ത പ്രഹരമായി കൂത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷിയുടെ സഹോദരന്റെ നിലപാട് മാറ്റം

സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരൻ ബിജെപിയിൽ; സിപിഎം സജീവ പ്രവർത്തകനായിരുന്ന ശശി ബിജെപി അംഗത്വമെടുത്തത് ബിജെപി തലശേരി മണ്ഡലം ഓഫീസിലെത്തി; കൂടുതൽ കാര്യങ്ങൾ പരസ്യമായി പിന്നീട് പറയുമെന്നും വെളിപ്പെടുത്തൽ; സിപിഎമ്മിന്റെ മുഖത്തേറ്റ കനത്ത പ്രഹരമായി കൂത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷിയുടെ സഹോദരന്റെ നിലപാട് മാറ്റം

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരൻ ബിജെപിയിൽ ചേർന്നു. സഹോദരൻ പുതുക്കിടി ശശിയാണ് ബിജെപിയിൽ ചേർന്നത്. വിവിധ വിഷയങ്ങളിലുള്ള സിപിഎം നിലപാടിൽ പ്രതിഷേധിച്ചാണ് കൂത്തുപറമ്പ് വെടിവയ്പിൽ ഗുരുതരമായി പരിക്കേറ്റ് വർഷങ്ങളായി കിടക്കയിൽ കഴിയുന്ന പുഷ്പന്റെ സഹോദരൻ ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ, പി പ്രകാശ് ബാബുവാണ് മെമ്പർഷിപ്പ് നൽകിയത്. പാർട്ടിയിൽ ചേർന്ന കാര്യം ബിജെപി കണ്ണൂർ ജില്ലാഘടകത്തിന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.

ഫെയസ്ബുക്ക് കുറിപ്പ് ഇങ്ങനെ

സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരനും സിപിഎം സജീവ പ്രവർത്തകനുമായ ശശി ബിജെപി അംഗത്വമെടുത്തു. കണ്ണൂരിൽ ബിജെപി തലശേരി മണ്ഡലം ഓഫീസിൽ നടക്കുന്ന ചടങ്ങിൽ ആണ് അദ്ദേഹം അംഗത്വമെടുത്തത്. സി പി എമ്മിന്റെ നിലപാടിലെ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ചാണ് സഹോദരൻ സി പി എമ്മിൽ നിന്ന് രാജി വെച്ച് ബിജെപിയിൽ ചേർന്നത്. ഇനി ബിജെപിയിൽ സജീവമായി പ്രവർത്തിക്കാനാണ് തീരുമാനമെന്ന് പുഷ്പന്റെ സഹോദരൻ ശശി അറിയിച്ചു. ഇനിയും കൂടുതൽ ആളുകൾ ബിജെപിയിലേക്ക് എത്തി ചേരുമെന്നും കൂടുതൽ കാര്യങ്ങൾ പരസ്യമായി പിന്നീട് പറയാമെന്നും അദ്ദേഹം അറിയിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു ശശിയെ പാർട്ടിയിലേക്ക് സ്വീകരിച്ചു

സഖാവ് പുഷ്പൻ

പുഷ്പനെ അറിയാമോ സഖാവ് പുഷ്പനെ അറിയാമോ.. ഈ ​ഗാനം ഒരു തവണയെങ്കിലും കേൾക്കാത്ത മലയാളിയുണ്ടാകില്ല. അവശതയുടെ കിടക്കയിൽ ഇരുപത്തി ആറ് വർഷങ്ങൾ തികയ്ക്കുകയാണു പുഷ്പൻ. കേരളത്തിലെ സിപിഎമ്മിന് പുഷ്പനെക്കാൾ വലിയ വൈകാരിക പ്രതീകമില്ല. ചെറുകുടലിൽ സങ്കീർണമായ ശസ്ത്രക്രിയ, ആഴ്ചകൾ നീണ്ട ആശുപത്രിവാസം. ദേഹപീഡകൾ പുഷ്പനെ വിട്ടൊഴിയുന്നതേയില്ല. 27-ാം കൂത്തുപറമ്പ് രക്തസാക്ഷിത്വദിനം ആചരിക്കാനുള്ള ഒരുക്കത്തിലാണു സംഘടനയും പാർട്ടിയും. രക്തസാക്ഷിത്വദിനാചരണ വേദികളിൽ ഇക്കുറി പുഷ്പന്റെ സാന്നിധ്യമുണ്ടാകുമോ എന്നുറപ്പില്ല. ഇരുപത്തിനാലാണ്ട് മലർന്നു മാത്രം കിടന്ന ശരീരത്തിൽ കഴിഞ്ഞിട്ടും, പണ്ട് നിറതോക്കിനു മുൻപിലേക്ക് എടുത്തുചാടിയിടത്തു തന്നെയാണു മനസ്സ്. പക്ഷേ, അകത്തും പുറത്തും വേദന പേറുന്ന ശരീരം ചെറുയാത്രയ്ക്കുപോലും പുഷ്പനെ അനുവദിക്കുന്നില്ല.

കൂത്തുപറമ്പിൽ സംഭവിച്ചത്

1994 നവംബർ 25 ഒരു വെള്ളിയാഴ്ചയായിരുന്നു. സ്വാശ്രയവിദ്യാഭ്യാസ പ്രശ്‌നവുമായി ബന്ധപ്പെട്ടു മന്ത്രിമാരെ വഴിയിൽ തടയാൻ ഡിവൈഎഫ്‌ഐ പരിപാടിയിട്ടിരിക്കുന്ന സമയം. കൂത്തുപറമ്പിൽ അർബൻ സഹകരണ ബാങ്ക് സായാഹ്‌നശാഖ ഉദ്‌ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി എം വി രാഘവൻ. ചടങ്ങിൽ അധ്യക്ഷത വഹിക്കേണ്ട മന്ത്രി എൻ. രാമകൃഷ്‌ണൻ സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന പൊലീസ് മുന്നറിയിപ്പിനെ തുടർന്നു പിൻവാങ്ങുന്നു. പിന്മാറാതെ രാഘവൻ. കൂത്തുപറമ്പിലും പരിസരത്തും വൻ പൊലീസ് സന്നാഹം. രണ്ടായിരത്തോളം ഡിവൈഎഫ്ഐ പ്രവർത്തകർ. പകൽ 11.55 ആയപ്പോഴേക്കും പൊലീസ് സംരക്ഷണത്തോടെ മന്ത്രിയെത്തി. മുദ്രാവാക്യം മുഴക്കി ഇരമ്പിയ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിച്ചാർജ്. തിരിച്ചു കല്ലേറ്. ചിതറി ഓടിയവർക്കിടയിലൂടെ വഴിയുണ്ടാക്കി മന്ത്രിയുടെ വാഹനം ടൗൺഹാളിലേക്ക്. മന്ത്രി ഹാളിൽ കയറുന്നതിനിടയിൽ റോഡിൽ വെടിവയ്‌പു തുടങ്ങി. ഹാളിനുള്ളിലും ലാത്തിച്ചാർജ്. പലരും അടിയേറ്റു വീണു.

പൊലീസുകാർ ഒരുക്കിയ വലയത്തിനുള്ളിൽനിന്നു നിലവിളക്കുകൊളുത്തി ബാങ്ക് ഉദ്‌ഘാടനം ചെയ്‌ത എംവിആർ 13 മിനിറ്റ് പ്രസംഗിച്ചു. സ്വതസിദ്ധ ശൈലിയിലുള്ള ഈ പ്രസംഗവും പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചു. പൊലീസുകാരുടെ കനത്ത വലയത്തിലൂടെ പുറത്തേക്കിറങ്ങിയ മന്ത്രി തിരിച്ചു കണ്ണൂരിലേക്ക്. ഇതിനിടയിൽ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പൊട്ടിച്ചു. എന്നിട്ടും പിരിഞ്ഞു പോകാതിരുന്ന ജനക്കൂട്ടത്തിനു നേരെ വീണ്ടും വെടിവയ്‌പും തുടങ്ങി. രണ്ടുമണിക്കൂറോളം തുടർന്ന വെടിവയ്‌പിനൊടുവിൽ ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. രാജീവൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. റോഷൻ, പ്രവർത്തകരായ വി. മധു, ഷിബുലാൽ, കുണ്ടുചിറ ബാബു എന്നിവർ മരിച്ചു വീണു. പുഷ്‌പൻ, മാങ്ങാട്ടിടം മങ്ങാട് സജീവൻ, കൂത്തുപറമ്പ് ചാലിൽ സജീവൻ, തലശ്ശേരി കപ്പണപുങ്ങാംചേരി പ്രസാദ് എന്നിവർക്കു പരുക്കേറ്റു.

തോക്കിനു മുൻപിൽ

കർഷകത്തൊഴിലാളി കുടുംബത്തിൽ പിറന്ന പുഷ്പന് എട്ടാംക്ലാസ് വരെ മാത്രമാണ് ഔപചാരിക വിദ്യാഭ്യാസം. സംഘടനാപ്രവർത്തനത്തിൽ സജീവമായിരുന്നെങ്കിലും കുടുംബം പോറ്റാൻ ജോലി ആവശ്യമാണെന്ന ഘട്ടത്തിൽ ബെംഗളൂരുവിനു വണ്ടി കയറി. അവിടെ പലചരക്കുകടയിലായിരുന്നു ജോലി. അവധിക്കു നാട്ടിലെത്തിയപ്പോൾ സ്വാശ്രയവിദ്യാഭ്യാസ വിരുദ്ധ സമരത്തിന്റെ നടുവിലായിരുന്നു സംഘടന. അതിന്റെ ഒത്തനടുവിലേക്കു തന്നെ പുഷ്പനും എടുത്തുചാടുകയായിരുന്നു. കഴുത്തിനു പിന്നിലേറ്റ വെടിയുണ്ട പുഷ്പന്റെ സുഷുമ്ന നാഡിക്കാണു പ്രഹരമേൽപിച്ചത്. കഴുത്തിനു താഴേക്കു തളർന്നു. അന്നു കിടപ്പിലായതാണു പുഷ്പൻ. പാർട്ടിയുടെ വലയത്തിൽ, പ്രവർത്തകരുടെ കൈപിടിച്ചാണ് പിന്നത്തെ ജീവിതം. ബ്രാഞ്ച് സെക്രട്ടറി മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ വരെയുള്ളവർ അക്കൂട്ടത്തിലുണ്ട്.

സൗകര്യപ്രദമായി കൂത്തുപറമ്പ് സ്മരണകൾ മറന്നിട്ടുമുണ്ടു കണ്ണൂരിലെ പാർട്ടി. പാർട്ടി ഭരണകാലത്ത് സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയപ്പോഴോ, പരിയാരം മെഡിക്കൽ കോളജിന്റെ ഭരണം പിടിച്ചപ്പോഴോ മാത്രമല്ലത്. കൂത്തുപറമ്പ് വെടിവയ്പിൽ പാർട്ടി പ്രതിസ്ഥാനത്തു നിർത്തിയ എംവിആറിനെ രണ്ടു പതിറ്റാണ്ടിനുശേഷം രാഷ്ട്രീയാലിംഗനം ചെയ്തതു കേരളം കണ്ടു. അദ്ദേഹത്തിന്റെ മകനു നിയമസഭാ സീറ്റും സമ്മാനിച്ചു. പാർട്ടിക്കപ്പുറം ഒരു വാക്കില്ലാത്ത പുഷ്പൻ ഒരെതിർശബ്ദവും ഉയർത്തിയില്ല.

സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരനും സിപിഎം സജീവ പ്രവർത്തകനുമായ ശശി ബിജെപി അംഗത്വമെടുത്തു. കണ്ണൂരിൽ...

Posted by BJPKannur on Sunday, October 18, 2020

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP