Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനതാദളും കോൺഗ്രസും 20 വർഷമായി ബദ്ധവൈരികളായ മാണ്ഡ്യയിൽ ബിജെപിയുടെ മാസ്റ്റർ സ്‌ട്രോക്ക്; ജെഡിഎസ് വിരുദ്ധ വോട്ടുകളുടെ ഏകോപനം പ്രതീക്ഷിക്കുന്ന മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥി സുമലതയെ പിന്തുണയ്ക്കാൻ തീരുമാനം; വോക്കലിഗ കോട്ടയിൽ ജെഡിഎസിന് കോൺഗ്രസ് സീറ്റു വിട്ടുനൽകിയെങ്കിലും വിമതയ്ക്ക് പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുടെ ഉശിരൻ പിന്തുണ; ബിജെപി പിന്തുണയ്ക്കുന്നതോടെ ജയിക്കാൻ എതിരാളി നിഖിൽ ഗൗഡ വിയർക്കും

ജനതാദളും കോൺഗ്രസും 20 വർഷമായി ബദ്ധവൈരികളായ മാണ്ഡ്യയിൽ ബിജെപിയുടെ മാസ്റ്റർ സ്‌ട്രോക്ക്; ജെഡിഎസ് വിരുദ്ധ വോട്ടുകളുടെ ഏകോപനം പ്രതീക്ഷിക്കുന്ന മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥി സുമലതയെ പിന്തുണയ്ക്കാൻ തീരുമാനം; വോക്കലിഗ കോട്ടയിൽ ജെഡിഎസിന് കോൺഗ്രസ് സീറ്റു വിട്ടുനൽകിയെങ്കിലും വിമതയ്ക്ക് പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുടെ ഉശിരൻ പിന്തുണ; ബിജെപി പിന്തുണയ്ക്കുന്നതോടെ ജയിക്കാൻ എതിരാളി നിഖിൽ ഗൗഡ വിയർക്കും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 46 സ്ഥാനാർത്ഥികളുടെ പട്ടിക കൂടി ബിജെപി പുറത്തുവിട്ടു. ഗുജറാത്ത് , ഗോവ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ മൂന്ന് വീതം സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു.വടക്കൻ ഗോവയിൽ ശ്രീപദ് നായിക, മൊറേനയിൽ നരേന്ദ്ര സിങ് തോമാർ, റേവയിൽ ജനാർദ്ദൻ മിശ്ര. ജബൽപൂരിൽ രാകേഷ് മിശ്ര, ഹിമാചൽ പ്രദേശിലെ ഹാമിപൂരിൽ അനുരാഗ് ടാക്കൂർ, ഷിംലയിൽ സുരേഷ് കശ്യപ്, കാംഗ്രയിൽ കിഷൻ കപൂർ തുടങ്ങി 46 പേരുടെ പുതിയ സ്ഥാനാർത്ഥി പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. ഉമാ ഭാരതി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. അവരെ പാർട്ടി ദേശീയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. കർണാടകയിലെ മാണ്ഡ്യ മണ്ഡലത്തിൽ സുമലതയെ ബിജെപി പിന്തുണയ്ക്കും എന്നുള്ളതാണ് പുതിയ വാർത്ത. കേന്ദ്ര മന്ത്രി ജെ.പി.നഡ്ഡയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യമറിയിച്ചത്.

കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെതുടർന്ന് മാണ്ഡ്യയിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സുമലത പ്രഖ്യാപിച്ചിരുന്നു. കന്നഡ സിനിമാതാരവും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകനുമായ നിഖിൽ ഗൗഡയാണ് എതിർസ്ഥാനാർത്ഥി. മാണ്ഡ്യ സീറ്റിന് വേണ്ടി സുമലത അവകാശമുന്നയിച്ചിരുന്നെങ്കിലും വൊക്കലിഗ കോട്ടയായ മാണ്ഡ്യ ജെ.ഡി.എസിന് വിട്ടുനൽകാൻ കോൺഗ്രസ് സമ്മതിക്കുകയായിരുന്നു. ബിജെപിയുടെ ആദ്യസ്ഥാനാർത്ഥി പട്ടികയിൽ അവർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. അന്നുതന്നെ സുമലതയെ ബിജെപി പിന്തുണയ്ക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു.

അംബരീഷിന്റെ പാരമ്പര്യം നിലനിർത്താനാണ് താൻ ജനവിധി തേടുന്നതെന്നാണ് സുമലതയുടെ വാദം. 'മാണ്ഡ്യയിൽ ഞാൻ നേരിൽക്കണ്ട ജനങ്ങളെല്ലാം അംബരീഷിൽ അവർക്കുണ്ടായിരുന്ന വിശ്വാസത്തെക്കുറിച്ച് എന്നോട് പറഞ്ഞു. ആ വിശ്വാസം അവർക്ക് എന്നോടുമുണ്ട്. അദ്ദേഹത്തിന്റെ ഓർമ്മയും പാരമ്പര്യവും നിലനിർത്താനാണ് എന്റെയീ പോരാട്ടം. എന്റെ തീരുമാനം ആരെയെങ്കിലും വേദനിപ്പിക്കുന്നുവെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു.' സുമലത പറഞ്ഞിരുന്നു.

മാണ്ഡ്യ സീറ്റ് ജെഡിഎസിന് നൽകിയതോടെയാണ് കോൺഗ്രസുമായി സുമലത തെറ്റിപ്പിരിഞ്ഞത്. അതോടെ സുമലത സ്വതന്ത്രസ്ഥാനാർത്ഥിയാകുമെന്ന് സൂചന ലഭിച്ചിരുന്നു. മാണ്ഡ്യക്ക് പകരം മറ്റേതെങ്കിലും സീറ്റ് സുമലതയ്ക്ക് നല്കി പ്രശ്നം പരിഹരിക്കാനുള്ള ശ്രമവും കോൺഗ്രസ് നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ബിജെപി നേതാവ് എസ് എം കൃഷ്ണയുമായി കൂടിക്കാഴ്‌ച്ച നടത്തിയത് സുമലത ബിജെപിക്കൊപ്പം ചേരുകയാണെന്ന അഭ്യൂഹങ്ങൾക്കും കാരണമായി. ബിജെപി സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. മാണ്ഡ്യയിൽ കോൺഗ്രസ് വിമതയായി മത്സരിക്കുന്ന സുമലതയ്ക്ക് പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണയുമുണ്ട്. മാണ്ഡ്യയിൽ കാര്യമായ വേരോട്ടമില്ലാത്ത ബിജെപി സ്ഥാനാർത്ഥിയെ നിർത്താതെ സുമലതയെ പിന്തുണയ്ക്കുന്നതോടെ ജെഡിഎസ് വിരുദ്ധ വോട്ടുകൾ പൂർണ്ണമായും സുമലതയ്ക്ക് ലഭിക്കും. പത്രിക സമർപ്പണത്തിന് പിന്നാലെ നടന്ന റോഡ് ഷോയിലും ജൂബിലി പാർക്കിലെ മെഗാ റാലിയിലും ആയിരങ്ങൾ പെങ്കടുത്തു. നേതൃത്വത്തെന്റെ വിലക്ക് മറികടന്ന് പാർട്ടി പതാകയുമേന്തി സുമലതക്ക് ജയ് വിളിച്ച് കോൺഗ്രസ് പ്രവർത്തകരും റാലിക്കെത്തി.

കോൺഗ്രസ് ജില്ല നേതാക്കളായ സച്ചിദാനന്ദ ഇന്ദുവാല, ആനന്ദ്കുമാർ എന്നിവർ സുമലതയുമായി വേദി പങ്കിട്ടു. പിന്നാക്ക, ദലിത്, ന്യൂനപക്ഷ, കർഷക സംഘടന നേതാക്കളും കൂടെയുണ്ടായിരുന്നു. കോൺഗ്രസിെന്റയും ജെ.ഡി. എസിന്റെയും ശക്തികേന്ദ്രമായ മണ്ഡലത്തിൽ സഖ്യ സ്ഥാനാർത്ഥിയായ ജെ.ഡി.എസിന്റെ നിഖിൽ ഗൗഡ നേരിടാനിരിക്കുന്നത് കടുത്ത മത്സരമാണെന്ന സൂചനയാണ് ശക്തിപ്രകടനത്തിലൂടെ സുമലത നൽകിയത്.

കർണ്ണാടകയിലെ 21 ലോകസഭ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ച ബിജെപി മാണ്ഡ്യയടക്കം ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. അപ്പോൾ തന്നെ ഇത് സുമലതയെ പിന്തുണയ്ക്കാൻ വേണ്ടിയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ന് ഔദ്യോഗിക പ്രഖ്യാപനം കൂടി വരുന്നതോടെ മാണ്ഡ്യയിൽ പോര് സുമലതയും നിഖിൽ കുമാരസ്വാമിയും തമ്മിലായിരിക്കുമെന്ന് വ്യക്തമാകുകയാണ്.

താൻ ബിജെപിയിൽ ചേരില്ല എന്ന് നേരത്തെ തന്നെ സുമലത വ്യക്തമാക്കിയിരുന്നു. ഇരുപത് വർഷത്തിലധികമായി കോൺഗ്രസും ജനതാദളും ബദ്ധവൈരികളായി കഴിയുന്ന പ്രദേശമാണ് മാണ്ഡ്യ. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ദൾ സഖ്യം വന്നതും നിഖിലിന് സീറ്റ് നല്കിയതും ഇവിടുത്തെ കോൺഗ്രസ് പ്രവർത്തകരെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ കർഷക, സമുദായ സംഘടനകളും സുമലതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP