Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളം പിടിക്കണമെങ്കിൽ ക്രൈസ്തവരെ ഒപ്പം കൂട്ടിയേ മതിയാകൂ എന്ന തിരിച്ചറിവിൽ അമിത്ഷാ; ശ്രീലങ്കയിലെ പള്ളികളിലെ ഭീകരാക്രമണം ആയുധമാക്കിക കേരളത്തിൽ ക്രൈസ്തവ സംരക്ഷണ സേന രൂപീകരിക്കാൻ ബിജെപി ഒരുങ്ങുന്നു; പി സി ജോർജ്ജിനെ ഒപ്പം കൂട്ടിയതും അൽഫോൻസിന്റെ കേന്ദ്രമന്ത്രി പദവിയും ചൂണ്ടിക്കാട്ടി ബിജെപിക്കാർ ക്രൈസ്തവരോട് അനുകൂല നിലപാടുകാരെന്ന് വിശ്വസിപ്പിക്കാൻ ശ്രമം; മുസ്ലിം തീവ്രവാദ ഭീതി പടർത്തി ഹിന്ദു-ക്രൈസ്തവ ഐക്യനിര ഉറപ്പിക്കാനുള്ള നീക്കം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്

കേരളം പിടിക്കണമെങ്കിൽ ക്രൈസ്തവരെ ഒപ്പം കൂട്ടിയേ മതിയാകൂ എന്ന തിരിച്ചറിവിൽ അമിത്ഷാ; ശ്രീലങ്കയിലെ പള്ളികളിലെ ഭീകരാക്രമണം ആയുധമാക്കിക കേരളത്തിൽ ക്രൈസ്തവ സംരക്ഷണ സേന രൂപീകരിക്കാൻ ബിജെപി ഒരുങ്ങുന്നു; പി സി ജോർജ്ജിനെ ഒപ്പം കൂട്ടിയതും അൽഫോൻസിന്റെ കേന്ദ്രമന്ത്രി പദവിയും ചൂണ്ടിക്കാട്ടി ബിജെപിക്കാർ ക്രൈസ്തവരോട് അനുകൂല നിലപാടുകാരെന്ന് വിശ്വസിപ്പിക്കാൻ ശ്രമം; മുസ്ലിം തീവ്രവാദ ഭീതി പടർത്തി ഹിന്ദു-ക്രൈസ്തവ ഐക്യനിര ഉറപ്പിക്കാനുള്ള നീക്കം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓരോ സംസ്ഥാനങ്ങളിലും ബിജെപി രാഷ്ട്രീയം രൂപപ്പെടുന്നത് അവിടുത്തെ ജാതീയ സമവാക്യങ്ങളുടെ ചുവടുപിടിച്ചാണ്. അടുത്തകാലത്ത് കേരളത്തിൽ മുന്നേറ്റം ഉണ്ടാക്കാൻ വേണ്ടി ബിജെപി പയറ്റിയ തന്ത്രം ശബരിമല വിഷയമായിരുന്നു. ഇവിടുത്തെ രാഷ്ട്രീയ സാഹചര്യത്തിൽ സമുദായ രാഷ്ട്രീയം തന്നെ കളിക്കാനാണ് ബിജെപിയുടെ നീക്കം. മുസ്ലിം സമുദായം ഒരു കാരണവശാലും ബിജെപിയോട് അടുക്കില്ലെന്ന് ബോധ്യമായതോടെ ക്രൈസ്തവരെ ഒപ്പം നിർത്തി രാഷ്ട്രീയ കരുക്കൾ നീക്കാനാണ് അമിത്ഷായുടെ തന്ത്രം. ഇതിനുള്ള അവസരം രൂപപ്പെടുത്താൻ ലോക്‌സഭാ തെരഞ്ഞടുപ്പു ഫലം വരുന്നത് വരെ കാത്തുനിൽക്കേണ്ടെന്ന നിലപാട് അദ്ദേഹം നൽകി കഴിഞ്ഞു.

എൻഡിഎ എന്ന നിലയിൽ കേരളത്തിൽ ഇപ്പോൾ ക്രൈസ്തവർ നേതൃത്വം കൊടുക്കുന്ന പാർട്ടികൾ മുന്നണിയിലുണ്ട്. പി സി തോമസും ബിജെപിയുമായുള്ള ബന്ധം കുറച്ചുകാലങ്ങളായി തന്നെ നിലനിന്നു പോകുന്നതാണ്. ഇത് കൂടാതെ പി സി ജോർജ്ജും ഇപ്പോൾ ബിജെപി പാളയത്തിലാണ്. ഇതോടെ കേരളത്തിൽ എൻഡിഎക്കുള്ള സാധ്യതകൾ വർദ്ധിക്കുകയാണ്. ഇത് ലക്ഷ്യമിട്ടുകൊണ്ടുള്ള പുതിയ തന്ത്രമാണ് ബിജെപി ഇപ്പോൾ പറയുന്നത്. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളിലേക്കിറങ്ങാൻ ക്രൈസ്തവ സംരക്ഷണ സേന രൂപീകരിക്കാനൊരുങ്ങുതയാണ് ബിജെപി. ശ്രീലങ്കൻ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് സേന രൂപീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ബിജെപിയുടെ ഭാഗമായ ന്യൂനപക്ഷ മോർച്ചയെ മുൻനിർത്തിയാണ് ക്രൈസ്തവ സംരക്ഷണ സേന രൂപീകരിക്കുക.

ഇതിന്റെ ഭാഗമായി മെയ് 29 ന് ശ്രീലങ്കൻ സ്ഫോടനത്തിൽ മരിച്ചവരുടെ ചിത്രങ്ങൾ വെച്ചുകൊണ്ടുള്ള പ്രത്യേക പ്രാർത്ഥന സംഘടിപ്പിക്കും. അന്നേദിവസം ഉപവാസവും സംഘടിപ്പിക്കും. സംരക്ഷണ സേനയുടെ ഭാഗമായി കൂടുതൽ സമര പരിപാടികൾ ഭാവിയിൽ നടത്തും. കൊച്ചിയിൽ ന്യൂനപക്ഷ മോർച്ചയുടെ സംസ്ഥാന സമ്മേളനം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള പങ്കെടുക്കും. ഇതിന് ശേഷം ക്രൈസ്തവ സംരക്ഷണ സേനയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ സംഘടനാ രൂപീകരണം. ക്രൈസ്തവ സംഘടനകളുടെ പിന്തുണ ഇക്കാര്യത്തിൽ ഉണ്ടാകുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്. ആഗോള ഭീകരതയ്ക്കെതിരായ നീക്കം എന്ന നിലയിലാണ് ഇതിനെ മുന്നോട്ടുകൊണ്ടുപോവുക. ശ്രീലങ്കയിൽ ഉണ്ടായ സ്‌ഫോടനം കേരളത്തിൽ വലിയ ഭീതിയാണ് വിതച്ചത്. കേരളത്തിലും സമാനമായ വിധത്തിൽ സ്‌ഫോടനങ്ങൽ ഉണ്ടായേക്കാമെന്ന അവസ്ഥയും നിലവിലുണ്ട്. ഐസിസ് ഭീതി അടക്കമുള്ള പശ്ചാത്തലത്തിലാണ് ഈ അവസരത്തിൽ ക്രൈസ്തവരിലേക്ക് ഇറങ്ങാൻ ബിജെപി ലക്ഷ്യമിടുന്നത്. അതിനായാണ് ഈ സംരക്ഷണ സേനയിലേക്ക് ലക്ഷ്യം വെക്കുന്നതും.

ക്രൈസ്തവ സംഘടനകളിലെ പ്രമുഖ പുരോഹിതരും സംഘടനകളുമായി അടുത്ത ബന്ധമാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന് ഉള്ളത്. ഈ ബന്ധം കൂടുതൽ ഊഷ്മളമാക്കാനാണ് നീക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും മോദി അധികാരത്തിൽ എത്തിയാൽ പിന്നീട് രണ്ട് വർഷത്തിന് ശേഷം നടക്കുന്ന കേരളാ നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യുക എന്നതാണ് തന്ത്രം. നിലവിൽ നേമത്ത് മാത്രമാണ് ബിജെപി വിജയിച്ചത്. ഈപ്പോഴത്തെ സാഹചര്യത്തിൽ ബിജെപിക്ക് സാധ്യതകൾ കൂടി വരികയാണ്. കൂടുതൽ പേരെ വിജയിപ്പിച്ചെടുക്കാവുന്ന സാഹചര്യമുണ്ട്. ഇത് മുതലാക്കാനാണ് ഇപ്പോൾ ക്രൈസ്തവ സമുദായത്തിന്റെ രക്ഷകവേഷം കെട്ടുന്നത്.

അടുത്തകാലത്തായി ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ വഴി ബിജെപിയിലേക്ക് ക്രൈസ്തവരെ അടുപ്പിക്കാനുള്ള ശ്രമം നടത്തിവരികയാണ്. അൽഫോൻസ് കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രിസ്ഥാനത്തിലൂടെ ബിജെപി ലക്ഷ്യമിട്ടത് ക്രൈസ്തവ മേഖലയിൽ ചുവടുറപ്പിക്കുക എന്നതാണ്. എന്നാൽ, അൽഫോൻസിലൂടെ പോലും തങ്ങളുടെ ലക്ഷ്യങ്ങൾ സാധിക്കാൻ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. പി സി തോമസിലൂടെ ക്രൈസ്തവ മേഖലയിൽ കൂടുതൽ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമങ്ങളും വേണ്ടവിധത്തിൽ ഫലിക്കാതെ പോയിടത്താണ് ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ നേട്ടമുണ്ടാക്കുകയും ചെയ്തിരുന്നു.

ലൗ ജിഹാദ് വിഷയത്തിൽ അടക്കം ക്രൈസ്തവ സംഘടനകളും സംഘപരിവാറും ഒരേ നിലപാടായിരുന്നു കൈക്കൊണ്ടിരുന്നത്. കുമ്മനം രാജശേഖരൻ സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും സജീവമായതും ക്രൈസ്തവരെ ബിജെപിയിലേക്ക് അടുപ്പിക്കുന്നതാണ്. കത്തോലിക്കാ ബിഷപ്പുമാർ അടക്കമുള്ളവരോട് അടുപ്പത്തിലാണ് കുമ്മനം. കെ എം മാണി എന്ന ക്രൈസ്തവ അതികായൻ അരങ്ങൊഴിഞ്ഞ സ്‌പേസിൽ തങ്ങൾക്കുള്ള സാധ്യത കൂടി തേടുകയാണ് ബിജെപി. പാലയിൽ ഉപതിരഞ്ഞെടുപ്പ് അടക്കം വരുമ്പോൾ കരുത്ത് തെളിയിക്കുക എന്ന ലക്ഷ്യവുമുണ്ട്. മധ്യകേരളത്തിലും, തെക്കൻ കേരളത്തിലുമായി പത്തോളം നിയമസഭാ സീറ്റുകൾ വരെ ക്രൈസ്തവ സംഘടനകളുമായി കൈകോർത്താൽ ബിജെപിക്ക് നേടാൻ സാധിക്കും. ഇതിന് ക്രൈസ്തവ പിന്തുണ അത്യാവശ്യമാണെന്നും സംഘടന കരുതുന്നു. ക്രൈസ്തവരുമായി സഖ്യത്തിലേർപ്പെടുന്നതിനുള്ള സാധ്യതകളാണ് ബിജെപി സഭാ നേതാക്കളെ കാണുന്നതിലൂടെ ലക്ഷ്യമിടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP