Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗ്രൂപ്പിസം ഗ്രഹിച്ച സംസ്ഥാന നേതൃത്വം തെരഞ്ഞെടുപ്പിനെ നയിച്ചാൽ റിസൽട്ടുണ്ടാകില്ലെന്ന് ഭയം; കേരളത്തിലെ തെരഞ്ഞെടുപ്പു ദൗത്യം ബിജെപി കേന്ദ്രനേതൃത്വം ഏറ്റെടുക്കുന്നു; മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്താൻ കേന്ദ്രനേതൃത്വം സർവേ നടത്തുന്നു; തെക്കൻ കേരളത്തിലെ സീറ്റുകളിൽ ക്രിസ്ത്യൻ സഭകൾക്ക് സ്വീകാര്യരായ പൊതുസമ്മതരെ കണ്ടെത്താൻ ശ്രമം

ഗ്രൂപ്പിസം ഗ്രഹിച്ച സംസ്ഥാന നേതൃത്വം തെരഞ്ഞെടുപ്പിനെ നയിച്ചാൽ റിസൽട്ടുണ്ടാകില്ലെന്ന് ഭയം; കേരളത്തിലെ തെരഞ്ഞെടുപ്പു ദൗത്യം ബിജെപി കേന്ദ്രനേതൃത്വം ഏറ്റെടുക്കുന്നു; മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്താൻ കേന്ദ്രനേതൃത്വം സർവേ നടത്തുന്നു; തെക്കൻ കേരളത്തിലെ സീറ്റുകളിൽ ക്രിസ്ത്യൻ സഭകൾക്ക് സ്വീകാര്യരായ പൊതുസമ്മതരെ കണ്ടെത്താൻ ശ്രമം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കച്ചമുറുക്കി ഒരുക്കത്തിലാണ് മുന്നണികൾ. യുഡിഎഫ് മുന്നണിയും ബിജെപി മുന്നണിയിലും ഇക്കുറി തെരഞ്ഞെടുപ്പിനെ നയിക്കാൻ കേന്ദ്രനേതൃത്വങ്ങൾ നേരിട്ടിറങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട്. രണ്ടിടത്തും തലവേദനയായി ഗ്രൂപ്പിസം നിലനിൽക്കുന്നതു കൊണ്ടു കൂടിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് പാർട്ടി നേതൃത്വങ്ങൾ നീങ്ങുന്നത്. ബിജെപി ഇക്കുറി ഏറെ പ്രതീക്ഷകളോടെയാണ് കളത്തിലിറങ്ങുന്നത്. അതുകൊണ്ട് തന്നെ വിജയസാധ്യതയുള്ള സീറ്റുകളിലെ സ്ഥാനാർത്ഥി നിർണയം മികവുറ്റതാക്കാനാണ് പാർട്ടിയുടെ ശ്രമം.

പാർട്ടിക്ക് ഇപ്പോഴും വൻകുതിപ്പ് നേടിയെടുക്കാൻ കഴിയാത്ത കേരളത്തിൽ തന്ത്രാവിഷ്‌കരണം മുതൽ സ്ഥാനാർത്ഥി നിർണയം വരെയുള്ള കാര്യങ്ങളിൽ നേരിട്ടുള്ള നിയന്ത്രണത്തിനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. സംസ്ഥാന നേതൃത്വം മാത്രം പരിശ്രമിച്ചാൽ വിജയം നേടാൻ സാധിക്കില്ലെന്നാണ് കണക്കുകൂട്ടൽ. അതുകൊണ്ട് കൂടിയാണ് കേന്ദ്ര നേതൃത്വം കളത്തിലിറങ്ങുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബിജെപി. സർവേ നടത്തും. ബിജെപി. ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയ ഏജൻസിയാണ് സർവേ നടത്തുന്നത്.

സംസ്ഥാന പാർട്ടി ഘടകവുമായി യാതൊരുതരത്തിലും ബന്ധപ്പെടാതെയാണ് സർവേ. കേരളത്തിലെ ജനങ്ങളിൽ ബിജെപി നേതാക്കളുടെ ജനസമ്മതി അളക്കുക എന്നൊരു ഉദ്ദേശ്യം കൂടി സർവേക്കുണ്ട്. ആഴ്ചകൾക്ക് മുൻപ് ആരംഭിച്ച സർവേ ജനുവരി അവസാനം പൂർത്തിയാകും. എല്ലാ മണ്ഡലങ്ങളിലും താെഴതട്ടുവരെ പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും അഭിപ്രായം തേടിയാണ് സർവേ. ഓരോ മണ്ഡലത്തിലും വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ കണ്ടെത്തുകയാണ് ലക്ഷ്യം. പാർട്ടിക്ക് കാര്യമായ വേരോട്ടമില്ലാത്ത മണ്ഡലങ്ങളിൽ ശക്തമായ മത്സരം കാഴ്ചവെക്കാവുന്ന നേതാക്കളെ തീരുമാനിക്കാനും സർവേയിൽ ശ്രമിക്കുന്നു.

പരമ്പരാഗതമായി സംസ്ഥാനത്ത് ബിജെപി. അനുവർത്തിച്ചുവരുന്ന സ്ഥാനാർത്ഥിനിർണയ രീതിയിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മാറ്റം വരും. ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ള സ്ഥാനാർത്ഥികളുടെ എണ്ണവും കൂട്ടും. ക്രൈസ്തവസമുദായത്തിന് നിർണായകസ്വാധീനമുള്ള മണ്ഡലങ്ങളിൽ വിവിധ സഭകൾക്ക് സ്വീകാര്യരായ െപാതുസമ്മതരെ കണ്ടെത്തി മത്സരിപ്പിക്കും. പരമാവധി യുവസ്ഥാനാർത്ഥികളെ രംഗത്തിറക്കും. സ്ത്രീകളുടെയും പട്ടികജാതി, പട്ടികവർഗ സമുദായങ്ങളുടെയും പ്രാതിനിധ്യം വർദ്ധിപ്പിക്കാനും നിർദേശമുണ്ട്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവരെ മത്സരിപ്പിച്ചു കൊണ്ടുള്ള തന്ത്രമാണ് ബിജെപി കേരളത്തിൽ പയറ്റുന്നത്.

സർവേ റിപ്പോർട്ട് ദേശീയ നേതൃത്വത്തിന് വൈകാതെ നൽകും. ഓരോ മണ്ഡലത്തിൽനിന്നും മൂന്നുപേരുടെ പട്ടിക ജില്ലാ നേതൃത്വം വഴി സംസ്ഥാന നേതൃത്വത്തിന് കൈമാറും. സംസ്ഥാന നേതൃത്വം മുന്നോട്ടുവെക്കുന്ന പേരുകൾക്കൂടി ഉൾപ്പെടുത്തി കേന്ദ്രനേതൃത്വത്തിന് നൽകും. സർവേയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനം നൽകുന്ന പട്ടികയിൽ ദേശീയ നേതൃത്വം തീരുമാനമെടുക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP