Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പി കെ കൃഷ്ണദാസ് പക്ഷത്തെ നേതാക്കളെ തഴയുന്നത് പതിവു പരിപാടി; ഗ്രൂപ്പില്ലാതെ നിൽക്കുന്നവരെയും വെട്ടിനിരത്തുന്നത് പതിവ്; സീനിയർ നേതാവായ കുമ്മനത്തെ അവഗണിച്ചത് പൊറുക്കാൻ കഴിയില്ലെന്നും വാദം; കേന്ദ്രത്തിലെയും കേരളത്തിലെയും അധികാര സ്ഥാനങ്ങളിൽ ഇടംപിടിച്ചിരിക്കുന്നത് മുരളീധര പക്ഷത്തുള്ള നേതാക്കൾ; കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ ഏകപക്ഷീയമായി പോകുന്നതിൽ അതൃപ്തിയുമായി നേതാക്കൾ; വി മുരളീധര പക്ഷത്തിനെതിരെ പടയൊരുക്കം

പി കെ കൃഷ്ണദാസ് പക്ഷത്തെ നേതാക്കളെ തഴയുന്നത് പതിവു പരിപാടി; ഗ്രൂപ്പില്ലാതെ നിൽക്കുന്നവരെയും വെട്ടിനിരത്തുന്നത് പതിവ്; സീനിയർ നേതാവായ കുമ്മനത്തെ അവഗണിച്ചത് പൊറുക്കാൻ കഴിയില്ലെന്നും വാദം; കേന്ദ്രത്തിലെയും കേരളത്തിലെയും അധികാര സ്ഥാനങ്ങളിൽ ഇടംപിടിച്ചിരിക്കുന്നത് മുരളീധര പക്ഷത്തുള്ള നേതാക്കൾ; കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ ഏകപക്ഷീയമായി പോകുന്നതിൽ അതൃപ്തിയുമായി നേതാക്കൾ; വി മുരളീധര പക്ഷത്തിനെതിരെ പടയൊരുക്കം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കെ സുരേന്ദ്രൻ ബിജെപി നേതൃത്വം ഏറ്റെടുത്തതോടെ തങ്ങളെ അവഗണിക്കുന്നു എന്ന പരാതിയുമായി പി കെ കൃഷ്ണദാസ് പക്ഷത്തെ നേതാക്കൾ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോൾ കേന്ദ്ര നേതൃത്വത്തിലേക്ക് എ പി അബ്ദുള്ളക്കുട്ടി അടക്കമുള്ളവർ എത്തിയതോടെ സംസ്ഥാനത്തെ ബിജെപി നേതൃനിരയിൽ കടുത്ത അമർഷം ഉടലെടുത്തിട്ടുണ്ട്. സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രൻ ചുമതലയേറ്റശേഷം നടന്ന പുനഃസംഘടനയിൽ വെട്ടിനിരത്തപ്പെട്ട നേതാക്കൾക്കൊപ്പം മുതിർന്ന നേതാക്കളും പടപ്പുറപ്പാടുമായി രംഗത്തിറങ്ങിയിരിക്കയാണ്. വി മുരളീധര വിഭാഗന്റെ ഏകപക്ഷീയ നിലപാടുകൾക്കെതിരായണ് ഇവർ രംഗത്തുവരുന്നത്.

സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കുമ്പോൾ ദേശീയ തലത്തിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചുകൊണ്ടിരിക്കുമ്പോഴാണ് ശോഭാ സുരേന്ദ്രനെ സംസ്ഥാന വൈസ് പ്രസിഡന്റാക്കി കോർ-കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയത്. അധ്യക്ഷസ്ഥാനത്തേക്ക് കെ. സുരേന്ദ്രന് ഭീഷണിയായിരുന്ന ശോഭയെ കോർ കമ്മിറ്റിയിൽനിന്ന് മാറ്റിനിർത്തിയത് ബിജെപി.യിൽ വലിയ ചർച്ചയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രവർത്തനരംഗത്തുനിന്ന് മാറിനിൽക്കുകയായിരുന്ന അവർ അവഗണനക്കെതിരേ ശക്തമായി പ്രതികരിക്കാൻ മുന്നോട്ടുവരുകയാണ്.

ഗ്രൂപ്പില്ലെന്ന കാരണത്താൽ വെട്ടിനിരത്തപ്പെട്ടവരെ ഒന്നിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. പി.എം. വേലായുധൻ, കെ.പി. ശ്രീശൻ, ജെ.ആർ. പത്മകുമാർ, എ.കെ. നസീർ, ബാഹുലേയൻ തുടങ്ങി പല മുതിർന്ന നേതാക്കളും ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയിട്ടുണ്ട്. തൃശ്ശൂരിൽ ഇവർ രഹസ്യ യോഗം ചേർന്നുവെന്നാണ് ലഭിക്കുന്ന സൂചന. ചൊവ്വാഴ്ച കൊച്ചിയിൽ നടന്ന കോർ കമ്മിറ്റി യോഗത്തിലെ ചർച്ചകളുടെക്കൂടി അടിസ്ഥാനത്തിലായിരുന്നു യോഗമെന്നാണ് സൂചന. സംസ്ഥാന നേതൃത്വത്തോട് ചില കാര്യങ്ങളിൽ വിയോജിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ചുമതല ഏറ്റെടുക്കാതെ മാറിനിൽക്കുന്ന ദേശീയ നിർവാഹകസമിതിയംഗം ശോഭാ സുരേന്ദ്രൻ യോഗത്തിൽ പങ്കെടുത്തു.

ശോഭാ സുരേന്ദ്രനെ കൂടാതെ മുൻ വൈസ് പ്രസിഡന്റുമാരായ കെ.പി. ശ്രീശൻ, പി.എം. വേലായുധൻ, മുൻ സംസ്ഥാനവക്താവ് ജെ.ആർ. പത്മകുമാർ, സംസ്ഥാന സെക്രട്ടറി എ.കെ. നസീർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തതെന്നറിയുന്നു. പലപാർട്ടികളും വിട്ടെത്തിയ എ.പി. അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനും ടോം വടക്കനെ വക്താവുമാക്കിയുള്ള പുനഃസംഘടനയിലൂടെ വർഷങ്ങളായി ബിജെപി.യിൽ പ്രവർത്തിക്കുന്നവരെ അവഗണിച്ചതിലുള്ള പ്രതിഷേധം യോഗം പ്രകടിപ്പിച്ചു. സംസ്ഥാനത്തെ സംഘടനാപ്രശ്‌നങ്ങളിൽ നിലപാട് ശക്തമാക്കുന്നതിനുള്ള യോഗം ജില്ലാ അടിസ്ഥാനത്തിൽ ഉൾപ്പെടെ സമാന്തരപ്രവർത്തനങ്ങൾ സജീവമാക്കാൻ തീരുമാനവുമെടുത്തു.

അർഹരായ നേതാക്കളെ അവഗണിക്കുന്നതിനെതിരേയും സംഘടനാപ്രശ്‌നങ്ങളിലും ഇടപെടും. ജില്ലാതലങ്ങളിലും പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന യോഗങ്ങൾ ചേരുന്നതിനും ഗ്രൂപ്പ് യോഗത്തിൽ തീരുമാനിച്ചതായി അറിയുന്നു. ശോഭാ സുരേന്ദ്രൻ കുറേക്കാലമായി തൃശ്ശൂർ വടക്കാഞ്ചേരിയിലെ വീട്ടിലാണ് താമസിക്കുന്നത്. ശോഭയുടെ സൗകര്യം കണക്കിലെടുത്താണ് തൃശ്ശൂരിൽ യോഗം വെച്ചതെന്നാണ് നേതാക്കൾ പറയുന്നത്. വടക്കൻ മേഖലയിൽ കെ.പി. ശ്രീശനും മധ്യമേഖലയിൽ പി.എം. വേലായുധനും തെക്കന്മേഖലയിൽ ജെ.ആർ. പത്മകുമാറും ബാഹുലേയനും പാർട്ടിയിലെ അസംതൃപ്തരുടെ മുന്നേറ്റത്തിന് നേതൃത്വംനൽകും. ജെ.ആർ. പത്മകുമാർ സംസ്ഥാന ട്രഷററാണെങ്കിലും ആ സ്ഥാനത്ത് തളച്ചിട്ടിരിക്കുകയാണെന്ന പ്രചാരണമാണുള്ളത്.

ബിജെപി. സംസ്ഥാന കോർ കമ്മിറ്റികളിൽ മുൻ അധ്യക്ഷന്മാരെ ഉൾപ്പെടുത്താറുണ്ട്. എന്നാൽ ജില്ലാ അധ്യക്ഷന്മാരെ അത്തരത്തിൽ സമിതികളിൽ ഉൾപ്പെടുത്താറില്ല. ജില്ലാ അധ്യക്ഷസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെടുന്നവർ പലപ്പോഴും പൊതുരംഗത്തുനിന്നുതന്നെ ഒഴിവാക്കപ്പെടാറാണ് പതിവ്. എല്ലാ മുൻ ജില്ലാ പ്രസിഡന്റുമാരെയും മുൻനിരയിലേക്ക് തിരിച്ചെത്തിക്കാനാണ് ശ്രമം. രാജിവെച്ചുപോയ വനിതാ നേതാക്കളുടെ പട്ടികയും അസംതൃപ്തർ എടുക്കുന്നുണ്ട്. എന്തുകൊണ്ട് ഇവർ പാർട്ടിവിട്ടുപോയെന്ന ചോദ്യവും ഇവർ ഉന്നയിക്കുന്നുണ്ട്.

കുമ്മനത്തെ പോലൊരു നേതാവിനെ തഴഞ്ഞതിലും കടുത്ത അമർഷമാണ് നേതാക്കൾക്കിടയിൽ നിലനിൽക്കുന്നത്. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ കുമ്മനത്തിനു കാബിനറ്റ് മന്ത്രിപദം നൽകണമെന്ന ആവശ്യം ആർഎസ്എസ് സംസ്ഥാന നേതൃത്വം ബിജെപി ദേശീയ നേതൃത്വത്തിനു മുന്നിൽ വച്ചതായാണു വിവരം. എന്നാൽ, കുമ്മനത്തെ പരിഗണിക്കുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല.

കോർ കമ്മിറ്റി യോഗത്തിനു കൊച്ചിയിലുണ്ടായിരുന്ന സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് ആർഎസ്എസ് സംസ്ഥാന കാര്യാലയത്തിലെത്തിയപ്പോഴാണ് നേതൃത്വം ഈ ആവശ്യം മുന്നോട്ടുവച്ചത്. കുമ്മനത്തിനു സംഘടനാ പദവി നൽകാതിരുന്നതിലെ അതൃപ്തിയും ആർഎസ്എസ് സംസ്ഥാന നേതൃത്വം പ്രകടിപ്പിച്ചു. അതേസമയം കോർ കമ്മിറ്റി യോഗത്തിൽ നിന്നു മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭൻ വിട്ടുനിന്നു. അദ്ദേഹത്തെ നേരിട്ട് അറിയിക്കാതെയായിരുന്നു യോഗമെന്നാണറിയുന്നത്.

അബ്ദുല്ലക്കുട്ടിയുടെ സ്ഥാനലബ്ധിയിൽ കൂടുതൽ അതൃപ്തി പ്രകടിപ്പിച്ചതു കൃഷ്ണദാസ് പക്ഷമാണ്. പി.കെ.കൃഷ്ണദാസ് പക്ഷത്തെ അവഗണിക്കുകയാണെന്ന പരാതി ആ വിഭാഗത്തിനുണ്ട്. കേന്ദ്ര നേതൃത്വത്തിൽ വി മുരളീധരനുള്ള പിടിപാടാണ് ഇതിന് കാരണമെന്നും ഇവർ പറയുന്നു. സംഘടനാ പ്രവർത്തനത്തിൽ സജീവമായിരുന്ന പ്രമുഖ വനിതാ നേതാവ് ശോഭാ സുരേന്ദ്രൻ അടക്കമുള്ളവർ അവഗണിക്കപ്പെടുന്നുവെന്ന പരാതിയുള്ളവരാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ തൽക്കാലം സജീവമാകാൻ ഉദ്ദേശിക്കുന്നില്ലെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP