Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202228Saturday

ശബരിമല പ്രക്ഷോഭകാലത്ത് എല്ലാ ബിജെപി നേതാക്കളെയും വേട്ടയാടിയ പിണറായി സർക്കാർ സുരേന്ദ്രനെ മാത്രം ജയിലിലടച്ചത് ഭയം കൊണ്ട്; കൊടകര കള്ളപ്പണക്കേസിൽ സുരേന്ദ്രനെ വളഞ്ഞിട്ട് ആക്രമിക്കുന്നു; ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചതിന് എതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി

ശബരിമല പ്രക്ഷോഭകാലത്ത് എല്ലാ ബിജെപി നേതാക്കളെയും വേട്ടയാടിയ പിണറായി സർക്കാർ സുരേന്ദ്രനെ മാത്രം ജയിലിലടച്ചത് ഭയം കൊണ്ട്;  കൊടകര കള്ളപ്പണക്കേസിൽ സുരേന്ദ്രനെ വളഞ്ഞിട്ട് ആക്രമിക്കുന്നു; ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചതിന് എതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കൊടകര കള്ളപ്പണക്കേസിൽ സംസ്ഥാന സർക്കാർ കെ സുരേന്ദ്രനെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് ബിജെപി. ഒരു രാഷ്ട്രീയ നേതാവിനോട് ഒരു ഭരണകൂടവും ചെയ്യാത്തത്ര ക്രൂരതയാണ് കെ.സുരേന്ദ്രനോട് സർക്കാർ ചെയ്തത്. ജനപിന്തുണയും ശക്തമായ സംഘടനയുടെ പിൻബലവുമുള്ള കരുത്തനായ അമരക്കാരനാണ് സുരേന്ദ്രനെന്നും ഈ പോരാട്ടത്തിൽ സുരേന്ദ്രൻ ഒരിക്കലും തോൽക്കാൻ പാടില്ലെന്നും ബിജെപി പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം, സുരേന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ പ്രതിഷേധിച്ച് പ്രതിഷേധങ്ങൾ അരങ്ങേറി.

ബിജെപി സംസ്ഥാന അധ്യക്ഷനെ വേട്ടയാടൽ തുടർന്ന് സർക്കാർ നടപടിക്കെതിരെ യുവമോർച്ച പത്തനാപുരം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.ചൊവ്വാഴ്‌ച്ച രാവിലെ 10ന് തൃശൂർ പൊലീസ് ക്ലബ്ബിൽ ഹാജർ ആകാൻ ആണ് നോട്ടീസ് നൽകിയത്. കോഴിക്കോട് ഉള്ള വീട്ടിൽ നേരിട്ട് എത്തി ആണ് നോട്ടീസ് നൽകിയത്.

ബിജെപിയുടെ പ്രസ്താവന:

സമകാലിക കേരളം കക്ഷിരാഷ്ട്രീയത്തിനപ്പുറം കെ. സുരേന്ദ്രൻ എന്ന ഭാരതീയ ജനതാപാർട്ടിയുടെ അദ്ധ്യക്ഷന്റെ വാക്കുകളല്ലാതെ ഇത്രയേറെ കാതോർത്ത മറ്റൊരു നേതാവും ഉണ്ടായിട്ടില്ല. ആത്മാർത്ഥമായ ഇടപെടലുകളും സമരസപ്പെടാത്ത സമരവീര്യവും കൊണ്ടാണ് കെ.സുരേന്ദ്രൻ രാഷ്ട്രീയ കേരളത്തിൽ തന്റെതായ ഇരിപ്പിടമുണ്ടാക്കിയത്. ഈയൊരു ഒറ്റ കാരണം കൊണ്ടാണ് സിപിഎമ്മും അവരുടെ സർക്കാരും ബിജെപി അദ്ധ്യക്ഷനെ വളഞ്ഞിട്ട് ആക്രമിക്കുന്നത്. ഇതിന് മുമ്പ് ശബരിമല പ്രക്ഷോഭകാലത്താണ് ഇത്തരത്തിലുള്ള ഒരു വേട്ട സുരേന്ദ്രനെതിരെ പിണറായി സർക്കാർ നടത്തിയത്. അന്ന് എല്ലാ ബിജെപി നേതാക്കളെയും വേട്ടയാടിയ പിണറായി സർക്കാർ സുരേന്ദ്രനെ മാത്രം ജയിലിലടച്ചത് അദ്ദേഹത്തോടുള്ള ഭയം കൊണ്ടു കൂടിയാണന്ന് വ്യക്തം. ഓരോ ദിവസവും നിരവധി കള്ളക്കേസുകൾ ചുമത്തി ജയിലുകളിൽ നിന്നും ജയിലുകളിലേക്ക് സുരേന്ദ്രനെ മാറ്റി കൊണ്ടിരുന്നത് വിശ്വാസി സമൂഹത്തിന്റെ ഹൃദയത്തെ മുറിവേൽപ്പിച്ചു.

ഒരു രാഷ്ട്രീയ നേതാവിനോട് ഒരു ഭരണകൂടവും ചെയ്യാത്തത്ര ക്രൂരതയാണ് കെ.സുരേന്ദ്രനോട് മാർകിസ്റ്റ് സർക്കാർ ചെയ്തത്. 250 ഓളം കേസുകൾ അദ്ദേഹത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തു. എന്നാൽ സിപിഎമ്മിന്റെ പ്രതീക്ഷയ്ക്ക് വിപരീതമായ കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്. ഇരുമുടിക്കെട്ടുമായി ജയിലിലേക്ക് പോവുന്ന സുരേന്ദ്രന്റെ ചിത്രം ലക്ഷക്കണക്കിന് വിശ്വാസികളിൽ സർക്കാർ വിരുദ്ധ വികാരമുണ്ടാക്കി. ശബരിമല സമരത്തിൽ 22 ദിവസം ജയിൽവാസമനുഷ്ഠിച്ചതോടെ അദ്ദേഹം ഹൈന്ദവവിശ്വാസികളുടെ പ്രിയങ്കരനായി മാറി. ജയിൽ മോചിതനായി മടങ്ങിയെത്തിയ സുരേന്ദ്രന് വീരോചിതമായ വരവേൽപ്പാണ് കേരളത്തിലങ്ങിങ്ങോളം ലഭിച്ചത്. കെ.എസ് എന്നത് ഒരു ബ്രാൻഡായി മാറാൻ ശബരിമല സമരം കാരണമായി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംത്തിട്ടയിൽ മത്സരിച്ച അദ്ദേഹം മൂന്ന് ലക്ഷത്തോളം വോട്ട് നേടി ഇരുമുന്നണികളെയും ഞെട്ടിക്കുകയും ചെയ്തു. ഇടതുപക്ഷമാവട്ടെ 19 സീറ്റിലും ദയനീയമായി തോറ്റ് കനലൊരു തരിയായി മാറുകയും ചെയ്തു. അന്നത്തെ വേട്ടയാടലിന് സമാനമായാണ് പിണറായി വീണ്ടും സുരേന്ദ്രനെതിരെ ഗൂഢാലോചന നടത്തുന്നത്. കൊടകര കവർച്ചാക്കേസിൽ അദ്ദേഹത്തെ കുടുക്കാൻ ആവുന്നത്ര ശ്രമിച്ച പൊലീസ് അദ്ദേഹത്തിന്റെ മകനെ പോലും അതിലേക്ക് വലിച്ചിഴച്ചു. മാധ്യമങ്ങളും സുരേന്ദ്രനെ വളഞ്ഞിട്ടാക്രമിക്കാൻ സിപിഎമ്മിനൊപ്പം ചേർന്നു. പൊലീസ് നൽകിയ വ്യാജവാർത്തകൾ മാത്രം ബ്രേക്കിംഗായി നൽകി അവർ അന്തി ചർച്ചയിൽ അദ്ദേഹത്തെ വിചാരണ ചെയ്തു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കേരളത്തിന്റെ പൊതുസമൂഹത്തിൽ നിറഞ്ഞുനിൽക്കുന്ന ഒരു പൊതുപ്രവർത്തകനെ ഒരു തെളിവിന്റെയും പിന്തുണയില്ലാതെ ക്രൂശിച്ചു. എന്നിട്ട് അവസാനം തലങ്ങും വിലങ്ങും അന്വേഷിച്ച പൊലീസ് ഇരുട്ടിൽ തപ്പിയപ്പോൾ കൊടകരയിലെ പണം ധർമ്മരാജന്റെ തന്നെയായിരുന്നെന്ന് ഉൾപേജിൽ ഒരു കോളം വാർത്ത കൊടുത്ത് തലയൂരി. കൊടകര നനഞ്ഞ പടക്കമായതോടെ മഞ്ചേശ്വരത്തെ സുന്ദരയുടെ പിന്നാലെയായി പൊലീസും മാധ്യമങ്ങളും. എകെജി സെന്ററിൽ നിന്നും തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് ഒരു ചാനൽ റിപ്പോർട്ട് സുന്ദരയുടെ അടുത്ത് പോവുന്നു. തനിക്ക് ബിജെപി 2.5 ലക്ഷം കൈക്കൂലി തന്നതു കൊണ്ടാണ് സ്ഥാനാർത്ഥിത്വം പിൻവലിച്ചതെന്ന് അദ്ദേഹത്തെ കൊണ്ടു പറയിപ്പിക്കുന്നു. പിറ്റേന്ന് തന്നെ സുരേന്ദ്രന്റെ പേരിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുന്നു. കൈക്കൂലി വാങ്ങിയെന്ന് സമ്മതിക്കുന്ന സുന്ദരയുടെ പേരിൽ കേസെടുക്കാതെ കൈക്കൂലി നൽകിയതിന് ഒരു തെളിവുമില്ലാത്ത സുരേന്ദ്രന്റെ പേരിൽ കേസെടുക്കുന്നു. അതും തന്നെ ആരു തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് സുന്ദര പോലും പറഞ്ഞിട്ടും പൊലീസ് ചേർത്ത വകുപ്പിൽ തട്ടിക്കൊണ്ടു പോകലും അന്യായമായി തടവിൽ വെക്കലും ചേർക്കുന്നു. ശബരിമല സമരത്തിന്റെ കേസിലും ഇത് തന്നെയായിരുന്നു സ്ഥിതി. ഒരു സ്ത്രീയെ തേങ്ങ കൊണ്ട് തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ചെന്നായിരുന്നു കേസ്. പിന്നീട് നിരവധി കള്ളക്കേസുകൾ ചാർത്തി അദ്ദേഹത്തെ ദിവസങ്ങളോളം ജയിലിലടച്ച് പീഡിപ്പിച്ചു. ഇപ്പോൾ ആ കേസുകളുടെ അവസ്ഥ എന്താണ്? ഒന്നിലും സുരേന്ദ്രനെതിരെ തെളിവുകളില്ലെന്ന് പൊലീസ് തന്നെ സമ്മതിച്ചു. വിട്ടുവീഴ്ചയില്ലാതെ സർക്കാരിന്റെ അഴിമതികൾക്കെതിരെ നിലപാടെടുത്ത സുരേന്ദ്രനുള്ള മറുപടി പിന്നീട് വേറെ രീതിയിൽ കൊടുത്തോളാം എന്ന് ഒരു വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആ മറുപടിയാണ് ഇപ്പോൾ കൊടകര കവർച്ചാ കേസിലൂടെയും മഞ്ചേശ്വരത്തെ സുന്ദരയെ ഉപയോഗിച്ച് നടത്തുന്ന പൊറാട്ട് നാടകത്തിലൂടെയും സർക്കാർ നൽകുന്നത്. ബിജെപി അദ്ധ്യക്ഷനെ തകർക്കാൻ വർഷങ്ങളുടെ സമരപോരാട്ട ചരിത്രമുള്ള ആദിവാസി നേതാവ് സികെ ജാനുവിനെ പോലും സിപിഎം അപമാനിക്കുകയാണ്. അതിനും മാധ്യങ്ങൾ കൂട്ടുനിൽക്കുന്നുവെന്നത് ഈ മേഖലയിൽ സിപിഎം ഫ്രാക്ഷൻ എത്രത്തോളം ശക്തമാണെന്നതിന്റെ ഉദാഹരണമാണ്.

ബിജെപിക്ക് അധികാരത്തിന്റെ വിദൂര സാധ്യത പോലും ഇല്ലാത്ത ഒരു കാലത്തായിരുന്നു തന്റെ നിസ്വാർത്ഥ രാഷ്ട്രീയപ്രവർത്തനം കെ.സുരേന്ദ്രൻ ആരംഭിക്കുന്നത്. കേരളീയ സമരചരിത്രത്തിലെ സാംസ്‌കാരിക ഭൂമിയായ കോഴിക്കോടിന്റെ മണ്ണിൽ നിന്നാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. സിപിഎം ശക്തി കേന്ദ്രമായ ഉള്ള്യേരിയിൽ ജനിച്ച് സംഘപ്രസ്ഥാനങ്ങളിലൂടെ വളർന്ന് ഇന്ന് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെത്തിയ പൊതുപ്രവർത്തകനെ സിപിഎം ഭയക്കുന്നത് സ്വാഭാവികമാണ്. കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ഫ്യൂഡൽ മനോഭാവത്തെ അംഗീകരിച്ച് കൊടുക്കാത്തതു കൊണ്ട് വിദ്യാർത്ഥി സംഘടനാ പ്രവർത്തകനായിരുന്നപ്പോൾ മുതൽ അവർ സുരേന്ദ്രനെ വേട്ടയാടി കൊണ്ടിരിക്കുന്നു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ പഠിക്കുന്ന കാലം മുതൽ എബിവിപിയുടെ നേതാവായിരുന്ന സുരേന്ദ്രന് നേരെ എസ്എഫ്ഐ-ഡിവൈഎഫ്ഐ അക്രമമുണ്ടായി തുടങ്ങി. ഏതാണ്ട് 30 വർഷങ്ങൾക്ക് ശേഷം ഇന്ന് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെത്തിയപ്പോഴും അവർ അദ്ദേഹത്തെ വേട്ടയാടുകയാണ്. വിദ്യാര്ത്ഥി നേതാവായിരുന്നപ്പോൾ ധാരാളം കള്ളക്കേസുകളിലും അദ്ദേഹത്തെ കുടുക്കാൻ കുട്ടി സഖാക്കൾ ശ്രമിച്ചു. അതിന് ഒരൊറ്റ കാരണം മാത്രമേയുള്ളൂ സിപിഎമ്മിന്റെ മുമ്പിൽ തലകുനിക്കാൻ കെ.സുരേന്ദ്രൻ തയ്യാറല്ല.

തന്റെ രാഷ്ട്രീയ ജീവിതത്തിലൊരിക്കലും സമരസപ്പെടാത്ത സമരനായകനാണ് അദ്ദേഹം. കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം അവരുടെ ഹിറ്റ്ലിസ്റ്റിലെ ഒന്നാംപേരുകാരനായി സുരേന്ദ്രൻ മാറാൻ നിരവധി കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം സുരേന്ദ്രൻ സംഘാടകപാടവവും ജനകീയതയും ഒരുപോലെയുള്ള നേതാവാണെന്നതാണ്. ജനങ്ങളെ സംഘടിപ്പിച്ച് സിപിഎമ്മിനെ പ്രതിരോധിക്കാൻ ശേഷിയുള്ള ഒരു നേതാവ് ബിജെപിയുടെ തലപ്പത്ത് ഇരിക്കുന്നതിലും വലിയ അപകടം വേറെയില്ലെന്ന് പിണറായി വിജയന് നന്നായറിയാം. യുവമോർച്ചാ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് സുരേന്ദ്രൻ എത്തിയ ശേഷം സിപിഎമ്മിന് അദ്ദേഹം വലിയ ഒരു തലവേദനയായി മാറുന്ന കാഴ്ചയാണ് കേരളം കണ്ടത്. കോടിയേരിയുടെ മക്കളുടെ അനധികൃത ഇടപാടുകൾക്കെതിരെ ആദ്യമായി ശബ്ദമുയർത്തിയത് കെ.എസ് ആയിരുന്നു. അതുവരെ ഒരു രാഷ്ട്രീയ നേതാവും പറയാൻ മടിച്ചിരുന്ന കാര്യം സുരേന്ദ്രൻ ഒരു കൂസലുമില്ലാതെ വിളിച്ചു പറഞ്ഞു. കോടിയേരിയും പാർട്ടിയും അസ്വസ്ഥരായി. അന്നും അവർ അദ്ദേഹത്തെ ഒറ്റതിരിഞ്ഞു അക്രമിക്കാൻ ശ്രമിച്ചു. എന്നാൽ ബിജെപിയും സംഘപരിവാറും സുരേന്ദ്രന് സംരക്ഷണകവചമൊരുക്കിയതുകൊണ്ടാണ് ശാരീരികമായ അക്രമണങ്ങളിൽ നിന്നും പോലും അദ്ദേഹം രക്ഷപ്പെട്ടത്. ഉജ്ജ്വലമായ സമരപോരാട്ടങ്ങളിലൂടെ കേരളത്തിൽ മാറി മാറി വന്ന ഇടത്- വലത് മുന്നണികളെ അദ്ദേഹം സമ്മർദ്ദത്തിലാക്കി. യുവജന നേതാവെന്ന രീതിയിലുള്ള സുരേന്ദ്രന്റെ പ്രവർത്തനം രാഷ്ട്രീയത്തിനധീതമായ പ്രശംസയും നേടി കൊടുത്തു. സുരേന്ദ്രനുമായി തുലനം ചെയ്യാൻ പറ്റിയ ഒരു നേതാവ് പോലും ഇടത് യുവജനസംഘടനയിൽ ഇല്ല എന്നതും സിപിഎമ്മിനെ പ്രകോപിപ്പിച്ചു. കോവളം കൊട്ടാരം സമരം, കേരളാ യൂണിവേഴ്സിറ്റി അസിസ്റ്റൻഡ് ഗ്രേഡ് അഴിമതിക്കെതിരായ സമരം, ടോട്ടൽ ഫോർ യു തട്ടിപ്പ്, മലബാർ സിമന്റ്സ് അഴിമതി, സോളാർ തട്ടിപ്പ് തുടങ്ങിയ അഴിമതികൾക്കെതിരെ സമരം നയിച്ച സുരേന്ദ്രൻ കേരളത്തിലെ തെരുവുകളിൽ അഗ്നി പടർത്തി. യുവമോർച്ചയിൽ നിന്നും ബിജെപിയിലെത്തിയ അദ്ദേഹം പാർട്ടിയുടെ ജനറൽ സെക്രട്ടറി പദവിയിലും മികച്ച പ്രവർത്തനമാണ് നടത്തിയത്. പൊതു രാഷ്ട്രീയ സംഭവവികാസങ്ങളോട് പെട്ടെന്ന് പ്രതികരിക്കുന്ന സുരേന്ദ്രൻ സോഷ്യൽ മീഡിയയിയിലും ഏറ്റവും ജനപിന്തുണയുള്ള രാഷ്ട്രീയ നേതാക്കളിലൊരാളായി മാറി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകളെല്ലാം മാധ്യമ വാർത്തകളിൽ ഇടംപിടിക്കാറുമുണ്ട്.

സോളാർ അഴിമതിയിൽ സുരേന്ദ്രൻ എന്ത് പറയുന്നു എന്ന് നോക്കി പ്രതികരിക്കേണ്ട ഗതികേടിലായിരുന്നു ഇടതുപക്ഷത്തെ എല്ലാ നേതാക്കളും. സുരേന്ദ്രൻ പറഞ്ഞതിലേക്ക് കാര്യങ്ങൾ എത്തിയെങ്കിലും ഭരണത്തിലെത്തിയ ശേഷം പിണറായി സർക്കാർ കോൺഗ്രസ് നേതാക്കളെ രക്ഷിച്ചെടുത്തു. ജനകീയ പിന്തുണ വർദ്ധിപ്പിച്ചു കൊണ്ടിരുന്ന സുരേന്ദ്രനെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ യുഡിഎഫിനെ സഹായിക്കുന്ന അവസ്ഥയിലേക്ക് ഇടതുപക്ഷം മാറിയത് തന്നെ അദ്ദേഹത്തെ അവർ എത്രത്തോളം ഭയക്കുന്നു എന്നതിന്റെ ഉദ്ദാഹരമാണ്. 2016ലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും മുസ്ലിംലീഗിന് സിപിഎം വോട്ട് മറിച്ചില്ലായിരുന്നെങ്കിൽ കെ.എസ് നിയമസഭയിലുണ്ടാകുമായിരുന്നു. കേരളത്തിലെ ബിജെപി പ്രവർത്തകർ ഏറെ ആഗ്രഹിച്ച തീരുമാനമായിരുന്നു കെ.സുരേന്ദ്രന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനാരോഹണം. കോവിഡ് മഹാമാരിയുടെ പ്രതിസന്ധികൾക്കിടയിലും പതറാതെ പാർട്ടിയെ നയിച്ച അദ്ദേഹം സ്വർണ്ണക്കടത്ത്,ഡോളർക്കടത്ത്,വടക്കാഞ്ചേരി ലൈഫ്മിഷൻ തട്ടിപ്പ് തുടങ്ങി പിണറായി സർക്കാരിന്റെ അഴിമതികൾക്കെതിരെ മുന്നിൽ നിന്നും പോരാടി യഥാർത്ഥ പ്രതിപക്ഷ നേതാവായി മാറി. തങ്ങൾക്ക് മെരുങ്ങാത്ത സുരേന്ദ്രനെ തകർക്കുക എന്നതാണ് മാർകിസ്റ്റു ഭരണകൂടത്തിന്റെ ലക്ഷ്യം. എന്നാൽ കാറും കോളും കണ്ടാൽ വിറക്കുന്ന കപ്പിത്താനല്ല കെ.സുരേന്ദ്രൻ. ജനപിന്തുണയും ശക്തമായ സംഘടനയുടെ പിൻബലവുമുള്ള കരുത്തനായ അമരക്കാരനാണ് അയാൾ. ഈ പോരാട്ടത്തിൽ സുരേന്ദ്രൻ ഒരിക്കലും തോൽക്കാൻ പാടില്ല. സുരേന്ദ്രൻ തോറ്റാൽ തോൽക്കുന്നത് ജനാധിപത്യവും അഭിപ്രായ സ്വാതന്ത്രവുമായിരിക്കും. എതിർക്കുന്നവരെ അടിച്ചമർത്താനുള്ള പിണറായിയുടെ ഏകാധിപത്യത്തെ ചെറുത്ത് തോൽപ്പിക്കാൻ ഇന്ന് കേരളത്തിൽ സുരേന്ദ്രനും ബിജെപിക്കും മാത്രമേ സാധിക്കുകയുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP