Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആറ്റിങ്ങലിൽ മുരളീധരനും തൃശൂരിൽ സുരേഷ് ഗോപിയും? പത്തനംതിട്ടയിൽ സുരേന്ദ്രനും മാവേലിക്കരയിൽ സുധീറും മത്സരിച്ചേക്കും; തിരുവനന്തപുരത്ത് അപ്രതീക്ഷിത സ്ഥാനാർത്ഥിയെത്തും; പാലക്കാട്ടെ മുഖത്തിലും സൂചനകളില്ല; സിപിഎമ്മിനെ കടന്നാക്രമിച്ച് വോട്ട് കൂട്ടും; ലോക്‌സഭയിലെ എ പ്ലസ് ബിജെപി പട്ടികയിൽ നിന്ന് കാസർകോട് പുറത്താകുമ്പോൾ

ആറ്റിങ്ങലിൽ മുരളീധരനും തൃശൂരിൽ സുരേഷ് ഗോപിയും? പത്തനംതിട്ടയിൽ സുരേന്ദ്രനും മാവേലിക്കരയിൽ സുധീറും മത്സരിച്ചേക്കും; തിരുവനന്തപുരത്ത് അപ്രതീക്ഷിത സ്ഥാനാർത്ഥിയെത്തും; പാലക്കാട്ടെ മുഖത്തിലും സൂചനകളില്ല; സിപിഎമ്മിനെ കടന്നാക്രമിച്ച് വോട്ട് കൂട്ടും; ലോക്‌സഭയിലെ എ പ്ലസ് ബിജെപി പട്ടികയിൽ നിന്ന് കാസർകോട് പുറത്താകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ജയ സാധ്യതയുള്ള ആറ് ലോക്‌സഭ മണ്ഡലങ്ങളിൽ കാസർഗോഡിനെ ഉൾപ്പെടുത്താതെ ബിജെപി. കണ്ടെത്തിയ ആറു മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ഉടൻ പ്രവർത്തനം ശക്തമാക്കാൻ നിർദ്ദേശിച്ചു ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. ബൂത്ത് ഇൻ ചാർജുമാർ മുതൽ മുതിർന്ന നേതാക്കൾ വരെ സജീവമായി വീട് കയറൽ അടക്കം നടത്തണമെന്നാണ് നിർദ്ദേശം. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂർ, പാലക്കാട് സീറ്റുകൾ ലക്ഷ്യമിട്ടാണ് കർമ്മ പദ്ധതി.

ആറ്റിങ്ങലിൽ കേന്ദ്രമന്ത്രി വി മുരളീധരൻ മത്സരിക്കുമെന്ന് ഉറപ്പാണ്. തൃശൂരിൽ സുരേഷ് ഗോപിക്കാണ് പരിഗണന. തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയെ ദേശീയ നേതൃത്വം നിശ്ചയിക്കും. പാലക്കാടും പത്തനംതിട്ടയിലും നല്ല സ്ഥാനാർത്ഥികൾ വരും. പത്തനംതിട്ടയിൽ കെ സുരേന്ദ്രനും മാവേലിക്കരയിൽ ബിജെപി ജനറൽ സെക്രട്ടറി സുധീറും മത്സരിക്കാനാണ് സാധ്യത. കഴിഞ്ഞ തെരഞ്ഞെടുപ്പിലും സുരേന്ദ്രനും സുധീറും ഈ മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു. മഞ്ചേശ്വരത്തും കാസർകോട്ടും ബിജെപിക്ക് വലിയ സ്വാധീനമുണ്ടെങ്കിലും കാസർകോട്ടെ ലോക്‌സഭയിലെ സാമുദായിക സമവാക്യം ബിജെപിക്ക് അനുകൂലമല്ലെന്നാണ് വിലയിരുത്തൽ. പാലക്കാട്ടെ സ്ഥാനാർത്ഥിയിലും ഉടൻ ബിജെപി തീരുമാനം എടുക്കും.

തിരുവനന്തപുരത്ത് ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ ആയിരുന്നു നിർദ്ദേശം. മത സാമുദായിക സംഘടനകകളുടെയും റെസിഡൻസ് അസോസിയേഷനുകളുടെയും പരിപാടികളിൽ പങ്കെടുക്കണം എന്നും ദേശീയ അധ്യക്ഷൻ ആവശ്യപ്പെട്ടു. മണ്ഡലത്തിന്റെ ചുമതലയുള്ള ദേശീയ നേതാക്കൾ ഓരോ മാസവും നേരിട്ടത്തി പ്രവർത്തനം ഏകോപിപ്പിക്കും. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂർ, പാലക്കാട് സീറ്റുകളിൽ ബിജെപി ഇടപെടലുകൾ ശക്തമാക്കും. എല്ലാ ലോക്‌സഭാ മണ്ഡലത്തിലും വോട്ടുയർത്തണം. ഇത്തവണ കേരളത്തിൽ നിന്ന് ലോക്‌സഭയിലേക്ക് ബിജെപി പ്രതിനിധി ഉണ്ടായേ മതിയാകൂവെന്നതാണ് നദ്ദയുടെ നിർദ്ദേശം.

കേരളം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കർമ്മ പദ്ധതി ദേശീയ അധ്യക്ഷൻ തന്നെ മുന്നോട്ട് വച്ചിട്ടുള്ളത്. ഇന്ന് മുതൽ ആറ് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം തുടങ്ങണമെന്നാണ് നദ്ദയുടെ നിർദ്ദേശം. ദേശീയ തലത്തിൽ തയാറാക്കിയ പട്ടികയിൽ ബിജെപിക്ക് ജയസാധ്യതയുണ്ടെന്ന് പാർട്ടി വിലയിരുത്തിയ ആറ് മണ്ഡലങ്ങളിലാണ് കർമ്മ പദ്ധതി നടപ്പാക്കുന്നത്. കേരള സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ജെ പി നദ്ദ ഉയർത്തിയത്. പോപ്പുലർ ഫ്രണ്ട് റെയ്ഡ് അടക്കം പ്രചരണത്തിൽ ഉയർത്തി കേരളത്തിൽ വേരുറപ്പിക്കാനാണ് നീക്കം. സിപിഎമ്മിനെ കടന്നാക്രമിച്ച് നേട്ടമുണ്ടാക്കാനാണ് തീരുമാനം.

ദേശീയ തലത്തിൽ കോൺഗ്രസാണ് പ്രധാന രാഷ്ട്രീയ എതിരാളി. എന്നാൽ കേരളത്തിൽ വോട്ടു കൂട്ടാൻ സിപിഎമ്മിനേയും കടന്നാക്രമിക്കണം. ക്രൈസ്തവ സഭയെ പരാമവധി അടുപ്പിക്കണം. തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും ക്രൈസ്തവ വോട്ടുകൾ നിർണ്ണായകമാണ്. മോദി വികാരമാകണം ചർച്ചയാക്കേണ്ടതെന്നും നദ്ദ നിർദ്ദേശിച്ചിട്ടുണ്ട്. കേരളത്തിലെ സംഘടനാ കാര്യങ്ങളിൽ ഇനി പ്രകാശ് ജവദേക്കർ അന്തിമ തിരുമാനം എടുക്കും. ദേശീയ നേതൃത്വത്തിന്റെ നിയന്ത്രണം കേരള ഘടകത്തിൽ ഇനി എന്നും ഉണ്ടാകും.

ഇടത് സർക്കാർ കേരളത്തിന് ഭീഷണിയാണെന്ന് ജെ.പി നദ്ദ പറഞ്ഞു. സാധാരണക്കാരനു കേരളത്തിൽ സുരക്ഷയില്ലാതെയായെന്നു നഡ്ഡ പറഞ്ഞു. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ പരാമർശിച്ച നഡ്ഡ സർവ്വകലാശാലകളിൽ ബന്ധു നിയമനം നടക്കുന്നുവെന്നും ലോകായുക്തയെ ഇല്ലാതാക്കുന്നുവെന്നും വിമർശിച്ചു. വർഗീയസംഘർഷങ്ങൾ സംസ്ഥാനത്തു വർധിച്ചെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് വാങ്ങിയ മരുന്നുകളിലും സാധനങ്ങളിലും ക്രമക്കേട് നടന്നെന്ന് അദ്ദേഹം ആരോപിച്ചു.

സർവകലാശാലകളിൽ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമുള്ളവരെയാണ് നിയമിക്കുന്നത്. ലോകായുക്ത നിയമത്തെ ദുർബലമാക്കാൻ ശ്രമിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റുകാർക്ക് പണ്ട് ഈ രീതിയില്ലായിരുന്നു. ഇപ്പോൾ അവരും അഴിമതിയിലേക്ക് പോയി. സാമ്പത്തിക അച്ചടക്കമില്ലാതെ തകർന്ന സംസ്ഥാനമായി കേരളം മാറിയെന്നും ജെപി നദ്ദ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP