Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹാട്രിക് മത്സരത്തിൽ കാട്ടാക്കടയിൽ കൃഷ്ണദാസിനും വോട്ടു കുറഞ്ഞു; കാടിളക്കി പ്രചരണം നടത്തിയിട്ടും കഴക്കൂട്ടത്ത് ശബരിമല ഏശിയില്ല; എല്ലാത്തിനും കാരണം ആ ഹെലികോപ്ടറെന്ന് സുരേന്ദ്രനെ എതിർക്കുന്നവരും; വീണ്ടും പോർവിളികളും ബഹിഷ്‌കരണവും; കേരളാ ബിജെപിയുടെ യാത്ര മൂന്ന് വഴികളിൽ

ഹാട്രിക് മത്സരത്തിൽ കാട്ടാക്കടയിൽ കൃഷ്ണദാസിനും വോട്ടു കുറഞ്ഞു; കാടിളക്കി പ്രചരണം നടത്തിയിട്ടും കഴക്കൂട്ടത്ത് ശബരിമല ഏശിയില്ല; എല്ലാത്തിനും കാരണം ആ ഹെലികോപ്ടറെന്ന് സുരേന്ദ്രനെ എതിർക്കുന്നവരും; വീണ്ടും പോർവിളികളും ബഹിഷ്‌കരണവും; കേരളാ ബിജെപിയുടെ യാത്ര മൂന്ന് വഴികളിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ബിജെപിയിൽ വീണ്ടും ഗ്രൂപ്പിസം സജീവമാകുന്നു. തിരിഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാർട്ടിയിലെ ഭിന്നത എല്ലാം മറനീക്കം പുറത്തു വരികയാണ്. ബിജെപി ഒറ്റക്കെട്ടെന്ന് പറഞ്ഞാണ് എല്ലാവരും തിരഞ്ഞെടുപ്പിൽ മത്സരത്തിന് ഇറങ്ങിയത്. പാലക്കാടും മഞ്ചേശ്വരത്തും നേമത്തും തൃശൂരിലും മാത്രമായിരുന്ന തോൽവിയിലും തലയെടുപ്പ്. ബാക്കി എല്ലായിടത്തും തോറ്റു തുന്നംപാടി. എന്നിട്ടും ആരും പാഠം പഠിക്കുന്നില്ല. ഗ്രൂപ്പുകൾ വീണ്ടും പിടിമുറുക്കുകയാണ്.

തിരഞ്ഞെടുപ്പ് അവലോകനത്തിനുള്ള ബിജെപിയുടെ ജില്ലാതല ഓൺലൈൻ നേതൃയോഗങ്ങളിൽ നിന്നു പൂർണമായി വിട്ടുനിന്ന് കൃഷ്ണദാസ്‌ശോഭാ സുരേന്ദ്രൻ പക്ഷങ്ങൾ ഇനി യുദ്ധമെന്ന സന്ദേശം നൽകുകയാണ്. നേതൃമാറ്റത്തിനായി ഇവർ കേന്ദ്രനേതൃത്വത്തെ സമീപിക്കുമെന്ന് സൂചന. സംസ്ഥാന നേതൃത്വത്തിനെതിരെ മുതിർന്ന നേതാക്കൾ കഴിഞ്ഞയാഴ്ച ദേശീയ നേതൃത്വത്തിന് കത്തയച്ചിരുന്നു. ഓരോ ദിവസവും രണ്ടു ജില്ലകളുടെ യോഗങ്ങൾ വീതമാണ് നടത്തിയത്. ഇതാണ് ബഹിഷ്‌കരിക്കുന്നത്.

പ്രധാനമായും മൂന്ന് ഗ്രൂപ്പുകളാണ് കേരളത്തിലുള്ളത്. വിമുരളീധരനും സുരേന്ദ്രനും നയിക്കുന്ന ഗ്രൂപ്പ്. അവർക്കാണ് അധികാരം. പിന്നീട് പികെ കൃഷ്ണദാസിന്റേയും എംടി രമേശിന്റേയും ഗ്രൂപ്പ്. മൂന്നാമത്തേത് ശോഭാ സുരേന്ദ്രനും. കൃഷ്ണദാസും ശോഭാ സുരേന്ദ്രനും തോൽവിയുടെ ഉത്തരവാദിത്തം സുരേന്ദ്രനിൽ കെട്ടിവയ്ക്കുന്നു. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തു നിന്നും വി മുരളീധരനെ കേന്ദ്രമന്ത്രിപദത്തിൽ നിന്നും മാറ്റും വരെ നിസ്സഹകരണം തുടരുമെന്നാണ് സൂചന.

സുരേന്ദ്രന്റെ ഹെലികോപ്ടർ യാത്രയെ വിമർശിക്കുകയാണ് കൃഷ്ണദാസ് പക്ഷം. എന്നാൽ കാട്ടാക്കടയിൽ മൂന്നാം തവണ മത്സരിച്ച കൃഷ്ണദാസിന് കഴിഞ്ഞ തവണ പിടിക്കാനായ വോട്ടു പോലും നേടാനായില്ല. ഇത്തരം നേതാക്കളാണ് മഞ്ചേശ്വരത്തെ തകർപ്പൻ പ്രകടനം കാഴ്ച വച്ച സുരേന്ദ്രനെ കുറ്റപ്പെടുത്തുന്നതെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ മറുവാദം. എല്ലാം ഇളക്കി മറിച്ച് പ്രചരണം നടത്തിയിട്ടും കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും ദുർബ്ബലയായി. അതുകൊണ്ട് തന്നെ ബിജെപിയുടെ തോൽവിയുടെ കാരണങ്ങൾ ആഴത്തിൽ പരിശോധിക്കേണ്ടതുണ്ടെന്ന് സുരേന്ദ്രൻ അനുകൂലികളും പറയുന്നു. ശബരിമല കത്തിച്ചിട്ടും കഴക്കൂട്ടത്തെ തോൽവി തീർത്തും നിരാശ നൽകുന്നതാണെന്നും അവർ പറയുന്നു.

പാർട്ടിയിലെ ഏകപക്ഷീയമായ പുനഃസംഘടനയ്ക്കും വെട്ടിനിരത്തിലിനുമെതിരെ എതിർവിഭാഗം തിരിച്ചടിച്ചതാണ് വലിയ തകർച്ചയ്ക്കു കാരണമെന്നാണ് ജില്ലാ തല യോഗങ്ങളിലെ പ്രധാന വിലയിരുത്തൽ. ഒരുവിഭാഗം നേതാക്കൾ പൂർണമായും ഓൺലൈൻ യോഗത്തിൽനിന്നു വിട്ടുനിന്നതും ഇതിന്റെ ഭാഗമായാണ്. കേരളത്തിൽ 31 ലക്ഷം പ്രാഥമിക അംഗങ്ങളുള്ള ബിജെപിക്ക് 23.5 ലക്ഷം വോട്ടാണ് ലഭിച്ചത്. ഇത് വലിയ കുറവാണെന്ന് ബിജെപി കാണുന്നു.

ബിഡിജെഎസിന്റെ കണക്കുകൂടി ചേർത്താൽ ഭീമമായ വോട്ട് ചോർച്ച നടന്നതായി മുതിർന്ന നേതാക്കൾ പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം ബിജെപി സംസ്ഥാന പ്രസിഡന്റിന്റേതടക്കമുള്ള രാഷ്ട്രീയ നിലപാടുകൾ സാധൂകരിക്കപ്പെട്ടില്ല എന്ന വിമർശനവും ചർച്ചയിൽ ഉയർന്നുവന്നിട്ടുണ്ട്. സംസ്ഥാനത്തെ ഇരുപതിനായിരത്തോളം ബൂത്തുകളിൽ 10 ശതമാനത്തിൽ താഴെ ബൂത്തുകളിൽ മാത്രമേ ഗൃഹസമ്പർക്കം പോലുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനം നടന്നിരുന്നുള്ളൂവെന്നാണ് ആരോപണം.

ബൂത്തുതല സംവിധാനം നിഷ്‌ക്രിയമായിരുന്നുവെന്നും ആരോപണമുണ്ട്. എന്നാൽ ഈ ചർച്ചകളുടെ ഭാഗമാകാതെ രണ്ട് പ്രധാന ഗ്രൂപ്പുകൾ മാറി നിൽക്കുന്നത് ബിജെപിയിലെ തെറ്റു തിരുത്തൽ പ്രക്രിയയക്ക് തടസ്സമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP