Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മത്സരിക്കാതെ മാറി നിൽക്കാൻ ശ്രമിച്ച സുരേന്ദ്രനോടും സുരേഷ് ഗോപിയോടും കളത്തിൽ ഇറങ്ങാൻ നിർദ്ദേശിച്ച് കേന്ദ്ര നേതൃത്വം; വി മുരളീധരനും സ്ഥാനാർത്ഥിയാകും; ഇന്ന് അമിത് ഷാ എത്തുന്നതോടെ തന്ത്രങ്ങൾക്ക് അന്തിമ രൂപമാകും; അരയും തലയും മുറുക്കി ബിജെപി ഇറങ്ങുന്നു

മത്സരിക്കാതെ മാറി നിൽക്കാൻ ശ്രമിച്ച സുരേന്ദ്രനോടും സുരേഷ് ഗോപിയോടും കളത്തിൽ ഇറങ്ങാൻ നിർദ്ദേശിച്ച് കേന്ദ്ര നേതൃത്വം; വി മുരളീധരനും സ്ഥാനാർത്ഥിയാകും; ഇന്ന് അമിത് ഷാ എത്തുന്നതോടെ തന്ത്രങ്ങൾക്ക് അന്തിമ രൂപമാകും; അരയും തലയും മുറുക്കി ബിജെപി ഇറങ്ങുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരനും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും രാജ്യസഭാംഗം സുരേഷ് ഗോപിയും ഉൾപ്പെടെ എല്ലാ പ്രധാന നേതാക്കളും മത്സരിക്കും. സുരേഷ് ഗോപി വട്ടിയൂർക്കാവിലോ തിരുവനന്തപുരത്തോ സ്ഥാനാർത്ഥിയാകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നു വൈകിട്ട് 6.30 ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനം നാളെ ശംഖുമുഖം കടപ്പുറത്ത് 5.30ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും. സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തിൽ അടക്കം അമിത് ഷാ അന്തിമ നിലപാട് എഠുക്കും.

സംഘടനാ ചുമതലയിൽ ഇല്ലാത്തതിനാൽ സുരേഷ് ഗോപിയുടെയും കേന്ദ്രമന്ത്രിയായതിനാൽ വി. മുരളീധരന്റെയും കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ദേശീയ നേതൃത്വമാണ്. സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനും അനുമതി തേടും. സുരേന്ദ്രനെ മഞ്ചേശ്വരത്തും കോന്നിയിലും പരിഗണിക്കുന്നുണ്ട്. വർക്കലയിലും സുരേന്ദ്രൻ മത്സരിക്കാൻ സാധ്യത ഏറെയാണ്. ആഭ്യന്തര മന്ത്രി നാളെ രാവിലെ റോഡ് മാർഗം കന്യാകുമാരിയിലേക്കു പോകും. കന്യാകുമാരി ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പു പ്രചാരണ പരിപാടികളിലും തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിലും പങ്കെടുക്കും. 3.50 നു തിരുവനന്തപുരത്തു മടങ്ങിയെത്തി ബിജെപി കോർ കമ്മിറ്റി യോഗത്തിലും തുടർന്നു ശ്രീരാമകൃഷ്ണ മഠത്തിൽ സന്ന്യാസി സംഗമത്തിലും പങ്കെടുക്കും.

ഇതിനിടെയാകും പാർട്ടി ചർച്ചകൾ നടക്കുക. കേരളത്തിലെ എല്ലാ സംഘടനാ പ്രശ്‌നങ്ങൾക്കും അമിത് ഷാ പരിഹാരം നിർദ്ദേശിക്കുമെന്നാണ് സൂചന. പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി, വി. മുരളീധരൻ, കർണാടക ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായൺ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, കേരള പ്രഭാരി സി.പി. രാധാകൃഷ്ണൻ, കർണാടക ചീഫ് വിപ് സുനിൽകുമാർ തുടങ്ങിയ നേതാക്കളും ചർച്ചകളിൽ പങ്കെടുക്കും.

നേമത്ത് കുമ്മനം രാജശേഖരനും കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസും ബിജെപി സ്ഥാനാർത്ഥികളായി മത്സരിക്കും. മെട്രോമാൻ ഇ.ശ്രീധരനെ തൃപ്പൂണിത്തുറ അല്ലെങ്കിൽ പാലക്കാട് സീറ്റിൽ പരിഗണിക്കും. ഏത് വേണമെന്ന് അദ്ദേഹത്തിനു തീരുമാനിക്കാമെന്ന് ബിജെപി കോർ കമ്മിറ്റിയിൽ ധാരണയായി. സ്ഥാനാർത്ഥികളുടെ കരടു പട്ടികയും കോർ കമ്മിറ്റി തയാറാക്കി. സുരേഷ് ഗോപി വട്ടിയൂർക്കാവിലും വി. മുരളീധരൻ കഴക്കൂട്ടത്തും മത്സരിപ്പിക്കണമെന്നാണ് കോർ കമ്മിറ്റിയുടെ ശുപാർശ. കെ.സുരേന്ദ്രൻ മഞ്ചേശ്വരത്തോ കോന്നിയിലോ തൃശൂരിലോ പരിഗണിക്കപ്പെടും. എം ടി. രമേശ് കോഴിക്കോട് നോർത്തിലും.

കോർ കമ്മിറ്റിയംഗങ്ങൾ എല്ലാവരും മത്സരരംഗത്തിറങ്ങാനും കൊല്ലം കല്ലുവാതുക്കലിൽ കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയുടെ സാന്നിധ്യത്തിൽ ചേർന്ന ആദ്യ ആലോചനാ യോഗത്തിൽ തീരുമാനമായി. വി.മുരളീധരൻ, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ഒ.രാജഗോപാൽ എംഎൽഎ, എം ടി.രമേശ്, സി.കെ.പത്മനാഭൻ, പി.കെ.കൃഷ്ണദാസ്, എം. ഗണേശ്, ജോർജ് കുര്യൻ, പി.സുധീർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ബിഡിജെഎസ് ഉൾപ്പെടെ ഘടകകക്ഷികൾക്ക് എത്ര സീറ്റ് നൽകണമെന്നും ഏതൊക്കെ സീറ്റിൽ മത്സരിപ്പിക്കണമെന്നും ഇന്ന് തീരുമാനമെടുക്കും. ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിലും അന്തിമരൂപം ഇന്നുണ്ടാകും. ഇന്നത്തെ യോഗത്തിൽ മന്ത്രി പ്രൾഹാദ് ജോഷിയും വിജയയാത്രയുടെ സമാപനത്തിനു തലസ്ഥാനത്തെത്തുന്ന അമിത് ഷായും പങ്കെടുക്കും. എല്ലാ മണ്ഡലങ്ങളിൽ നിന്നും നേതാക്കളിൽ നിന്നും അഭിപ്രായം തേടി ക്രോഡീകരിച്ച സ്ഥാനാർത്ഥി പട്ടികയാണ് ഇന്ന് ചർച്ചയ്‌ക്കെടുക്കുന്നത്.

പ്രചാരണരംഗത്ത് എന്തൊക്കെ ശ്രദ്ധിക്കണമെന്നതും ഏതൊക്കെ വിഷയങ്ങൾക്ക് ആദ്യപരിഗണന എന്നതിലും ഇന്നു തീരുമാനമെടുക്കും. മുഖ്യമന്ത്രിക്കെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ കണ്ടെത്തലുകളും സ്വപ്ന സുരേഷിന്റെ മൊഴിയും താഴെത്തട്ടിൽ വരെ അവതരിപ്പിക്കാനും തീരുമാനമായി. ലൗ ജിഹാദും പ്രചാരണ വിഷയമാക്കാനാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP