Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'കേരളം വിട്ടപ്പോൾ രാഹുൽ വേഷംമാറി കാവിഷാൾ അണിഞ്ഞു'; സിപിഎം കേന്ദ്രങ്ങളുടെ പ്രചാരണത്തിൽ പ്രതികരിച്ച് കെ എസ് ശബരിനാഥ്; 'നുണഫാക്ടറി'യെന്ന് പരിഹാസം

'കേരളം വിട്ടപ്പോൾ രാഹുൽ വേഷംമാറി കാവിഷാൾ അണിഞ്ഞു'; സിപിഎം കേന്ദ്രങ്ങളുടെ പ്രചാരണത്തിൽ പ്രതികരിച്ച് കെ എസ് ശബരിനാഥ്; 'നുണഫാക്ടറി'യെന്ന് പരിഹാസം

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: കേരളം പിന്നിട്ട് കർണാടകയിലേക്ക് പ്രവേശിച്ച ഭാരത് ജോഡോ യാത്രയേയും രാഹുൽ ഗാന്ധിയേയും വിമർശിച്ച് സിപിഎം സൈബർ അനുകൂലികൾ നടത്തിയ പരാമർശങ്ങൾക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി കെ എസ് ശബരിനാഥ്. രാഹുൽ ഗാന്ധിയുടെ വേഷത്തെ പരിഹസിച്ചുള്ള സിപിഎം കേന്ദ്രങ്ങളുടെ പ്രചാരണത്തിൽ വിമർശം ഉയരുന്നതിനിടെയാണ് പ്രതികരണം. 'നുണഫാക്ടറി' എന്നാണ് സൈബർ സഖാക്കൾക്ക് മറുപടിയായി ശബരിനാഥ് സാമൂഹ്യമാധ്യമത്തിൽ കുറിച്ചത്.

രാഹുലിന്റെ വസ്ത്രം വിവാദമാക്കി സോഷ്യൽമീഡിയയിലെ സിപിഎം അനുകൂല പ്രൊഫൈലുകൾ രംഗത്ത് വന്നിരുന്നു. കേരളത്തിൽ ടീ ഷർട്ട് ധരിച്ച് നടന്നിരുന്ന രാഹുൽ, അതിർത്തികടന്ന് ബിജെപി ഭരിക്കുന്ന കർണാടകയിൽ എത്തിയ അന്നു തന്നെ 'ഓം' എന്ന് എഴുതിയ കാവിഷാൾ ധരിച്ചുവെന്നാണ് ആരോപണം. 'വേഷങ്ങൾ ജന്മങ്ങൾ വേഷം മാറാൻ നിമിഷങ്ങൾ...' എന്ന പാട്ടിലെ വരികൾ ബി.ജി.എം ചേർത്ത് രണ്ട് സംസ്ഥാനങ്ങളിലെ ജോഡോയാത്രയുടെയും ചിത്രങ്ങൾ എന്ന പേരിൽ ഈ ദൃശ്യങ്ങൾ അവർ വിഡിയോ ആക്കി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒന്നരലക്ഷത്തോളം ഫോളോവേഴ്‌സ് ഉള്ള 'Pinarayi Vijayan For Kerala' എന്ന ഫേസ് ബുക് പേജിലടക്കം ഈ ചിത്രം പങ്കുവെച്ചിരുന്നു.

'ഓം നമ ശിവായ' എന്ന് മുദ്രണം ചെയ്ത കാവി, ചുവപ്പ്, വെള്ള നിറങ്ങൾ ചേർന്ന ഷാൾ തോളിലിട്ട് രാഹുലും പ്രിയങ്കയും അനുയായികളോടൊപ്പം നടന്നു നീങ്ങുന്നതാണ് ചിത്രം. ഇന്ന് കർണാടകയിൽനിന്ന് പകർത്തിയ ഫോട്ടോ എന്ന പേരിലാണ് ഇവ പ്രചരിക്കുന്നത്. എന്നാൽ, ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ ഈ ഫോട്ടോ 2022 മാർച്ച് നാലിന് ദീപക് ഖത്രി എന്നയാൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തിയിരുന്നു. ' ഓം നമഃ ശിവായ!, രാഹുൽ ഗാന്ധി കാശി വിശ്വനാഥിൽ' എന്ന ഹിന്ദിയിലുള്ള അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

യു.പി തെരഞ്ഞെടുപ്പ് കാമ്പയിനിടെ രാഹുൽ ഗാന്ധി കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ചുവെന്ന അടിക്കുറിപ്പോടെ ഔട്‌ലുക്ക് ഇന്ത്യ ഇതിന്റെ വിഡിയോ 2022 മാർച്ച് ആറിന് യൂട്യൂബിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത്, കേരളത്തിൽ ടീ ഷർട്ട് ധരിച്ച് നടന്നിരുന്ന രാഹുൽ അതിർത്തികടന്ന് ബിജെപി ഭരിക്കുന്ന കർണാടകയിൽ എത്തിയ ആദ്യദിനം തന്നെ 'ഓം' എന്ന് എഴുതിയ കാവിഷാൾ ധരിച്ചു എന്ന് സി.പിഎം ഹാൻഡിലുകൾ പ്രചരിപ്പിക്കുന്ന ആരോപണം വസ്തുതാ വിരുദ്ധമാണ്. ഈ ചിത്രം ഇന്ന് കർണാടകയിൽ വെച്ച് എടുത്തതല്ല. കർണാടകയിലും ടീഷർട്ട് ധരിച്ച് ഭാരത് ജോഡോ യാത്ര നടത്തുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക ഫേസ്‌ബുക് ഐ.ഡിയിൽ ഇന്ന് രാത്രിയടക്കം പോസ്റ്റ് ചെയ്തിട്ടുണ്ട്.

യാത്രയുടെ തുടക്കത്തിൽ ബിജെപിയാണ് രാഹുലിന്റെ വസ്ത്രത്തിൽ 'കയറിപ്പിടിച്ചതെങ്കിൽ' ഇത്തവണ സിപിഎം സൈബർ അനുകൂലികൾ ആണെന്നുമാത്രം. ജോഡോ യാത്രയിൽ രാഹുൽ ധരിച്ചിരിക്കുന്ന ടീഷർട്ടിന് 41000 രൂപ വിലയുണ്ടെന്ന ആരോപണവുമായാണ് ബിജെപി ആദ്യം രംഗത്തുവന്നത്. ടീഷർട്ടിന്റെ ചിത്രവും വിലയുമടക്കം ബിജെപി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. വിദേശ നിർമ്മിത ടീ ഷർട്ട് ധരിച്ചാണ് രാഹുൽ പദയാത്ര നടത്തുന്നതെന്ന് കുറ്റപ്പെടുത്തി സാക്ഷാൽ അമിത് ഷാ തന്നെ രംഗത്തുവരികയും ചെയ്തു. 'രാഹുൽ ബാബ ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള കാൽനട യാത്രയിലാണ്, പക്ഷേ അദ്ദേഹം ധരിച്ചിരിക്കുന്നത് വിദേശ ടീ ഷർട്ടാണ്. ഇന്ത്യയെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നതിന് മുമ്പ് രാഹുൽ ബാബ രാജ്യത്തിന്റെ ചരിത്രം വായിക്കേണ്ടതുണ്ട്' എന്നായിരുന്നു രാജസ്ഥാനിലെ ജോധ്പൂരിൽ നടന്ന പൊതുയോഗത്തിൽ അമിത്ഷാ പറഞ്ഞത്.

വ്യാഴാഴ്ച കേരള പര്യടനം പൂർത്തിയാക്കിയ യാത്ര ഭാരത് ജോഡോ യാത്ര ഇന്നാണ് കർണാടകയിൽ പര്യടനം തുടങ്ങിയത്. ഗുണ്ടുൽപേട്ടിലെ ചാമരാജനഗരത്തിൽ കർണാടക പി.സി.സി വരവേൽപ്പ് നൽകി. ജാഥയിൽ ഉപയോഗിക്കുന്ന ത്രിവർണ പതാക പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ രാഹുൽ ഗാന്ധിയിൽ നിന്ന് ഏറ്റുവാങ്ങി. തുടർന്ന് നടന്ന യോഗത്തിൽ രാഹുൽ ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. രാവിലെ ഒമ്പരക്ക് ഊട്ടി-കോഴിക്കോട് ജങ്ഷനിൽ നിന്ന് ഭാരത് ജോഡോ യാത്ര കർണാടക പര്യടനം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP