Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202227Sunday

കഴിഞ്ഞ 19 ദിവസം കേരളത്തിലെ കോൺഗ്രസ് സംഘടനാ പ്രവർത്തിച്ചത് എണ്ണയിട്ട യന്ത്രം പോലെ! രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര കെപിസിസിക്കും യുഡിഎഫിനും സമ്മാനിച്ചത് പുത്തൻ ഉണർവ്വ്; അനാരോഗ്യം മാറ്റിവച്ച് രാഹുലിനൊപ്പം നടന്നു നേതാക്കൾ; സ്ത്രീജനങ്ങളിൽ അടക്കം യാത്ര ആവേശം പകർന്നെന്ന് വിലയിരുത്തൽ

കഴിഞ്ഞ 19 ദിവസം കേരളത്തിലെ കോൺഗ്രസ് സംഘടനാ പ്രവർത്തിച്ചത് എണ്ണയിട്ട യന്ത്രം പോലെ! രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര കെപിസിസിക്കും യുഡിഎഫിനും സമ്മാനിച്ചത് പുത്തൻ ഉണർവ്വ്; അനാരോഗ്യം മാറ്റിവച്ച് രാഹുലിനൊപ്പം നടന്നു നേതാക്കൾ; സ്ത്രീജനങ്ങളിൽ അടക്കം യാത്ര ആവേശം പകർന്നെന്ന് വിലയിരുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിലെ കോൺഗ്രസിന് പകർന്നത് പുത്തൻ ഉണർവ്വാണ്. നേതാക്കളെല്ലാം ഒറ്റക്കെട്ടായി ജാഥ വിജയിപ്പിക്കാൻ വേണ്ടി 19 ദിവസം ഒരുമിച്ചു നടന്നു. ബൂത്ത് തലത്തിൽ മുതൽ കോൺഗ്രസിന് വലിയ ഉണർവ്വാണ് ഈ യാത്രയിലൂടെ ഉണ്ടായത്. ഇന്ന് കേരളത്തിന്റെ അതിർത്തി കടക്കുമ്പോഴും രാഹുലിനെ അനുഗമിച്ചു കൊണ്ട് കേരളത്തിലെ ചില നേതാക്കളുമുണ്ടാകും. യുഡിഎഫ് മുന്നണിക്കും പുത്തൻ ആവേശമാണ് യാത്ര നൽകിയത്.

മതനിരപേക്ഷ ചേരിയുടെ നേതൃസ്ഥാനം കോൺഗ്രസിനു തന്നെ അവകാശപ്പെട്ടതാണെന്നു രാഹുൽ ഗാന്ധിയോടുള്ള ഇഷ്ടം കോൺഗ്രസിനോടു കൂടിയായി മാറുമെന്നും പാർട്ടി വിലയരുത്തുന്നു. സംഘാടകരെപ്പോലും വിസ്മയിപ്പിച്ച പിന്തുണയാണു രാഹുൽ ഗാന്ധി നയിക്കുന്ന യാത്രയ്ക്ക് കേരളത്തിലുടനീളം ലഭിച്ചത്. കോൺഗ്രസിനും യുഡിഎഫിനുമപ്പുറം ജനങ്ങൾ യാത്രയെ ഏറ്റെടുത്ത പ്രതീതിയാണു സജീവ പങ്കാളിത്തവും ആവേശക്കാഴ്ചകളും സമ്മാനിച്ചത്. വഴിയോരങ്ങളിൽ രാഹുലിനെ കാണാൻ വേണ്ടി വലിയ പങ്കാളിത്തമാണ് ഉണ്ടായത്. സ്ത്രീകളും കുട്ടികളും അടക്കം വഴിയോരങ്ങളിൽ കാത്തു നിന്നു.

പാർട്ടിയിലെ എല്ലാ വിഭാഗത്തെയും ചേർത്തു പിടിച്ച് ഒരുമയോടെ മുന്നേറി എന്നതു തന്നെയാണു യാത്രയുടെ കേരളത്തിലെ പാർട്ടി മിച്ച മൂല്യം. അപശബ്ദം ഒരിടത്തും ഉണ്ടായില്ല. പരാതികളും ആക്ഷേപങ്ങളും ഉന്നയിക്കുന്ന കോൺഗ്രസിന്റെ പതിവു രീതിക്കു പകരം എല്ലാവരും ഒറ്റക്കെട്ടായി പങ്കു ചേർന്നു. അനാരോഗ്യം മാറ്റിവച്ച് രാഹുലിനൊപ്പം ഏറെ നേതാക്കൾ നടന്നു. ദിവസം 25-30 കിലോമീറ്റർ വച്ച് 19 ദിവസമായി ഏതാണ്ട് 450-500 കിലോമീറ്ററാണ് രാഹുലും സംഘവും കേരളത്തിൽ നടന്നു തീർക്കുന്നത്. തുടക്കത്തിൽ രാവിലെ 7 ന് തുടങ്ങിയ യാത്ര പിന്നീട് 6.30 ന് ആക്കി. കൃത്യസമയത്തു രാഹുൽ റെഡി എന്നതിനാൽ മറ്റുള്ളവരും ഉഴപ്പിയില്ല. ആറര മുതൽ പത്തര വരെയും പിന്നീടു നാലു മുതൽ സന്ധ്യ വരെയും യാത്ര മുന്നേറി. ചിലയിടത്തു മാത്രം പൊതുയോഗം. സംസാരിക്കുന്നതു രാഹുൽ മാത്രം. ഏറിയാൽ 15 മിനിറ്റ്. തനിക്കു സംസാരിക്കാനല്ല, മറ്റുള്ളവരെ കേൾക്കാനാണു യാത്ര എന്നതാണു നയം.

ഉച്ചയ്ക്കുള്ള ഇടവേളയിൽ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായും ചർച്ചകൾ. കൂടെ നടക്കാൻ വന്ന വിവിധ മേഖലകളിൽ നിന്നുള്ളവരോടു പ്രശ്‌നങ്ങൾ ചോദിച്ചു മനസ്സിലാക്കി. സ്ത്രീകൾ, ഭിന്നശേഷിക്കാർ, വിദ്യാർത്ഥികൾ തുടങ്ങിയവർക്കു മുൻഗണന നൽകി. അങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുമായും രാഹുൽ സംവദിച്ചു. തന്നെക്കുറിച്ചു കേരള നേതൃനിരയിലെ ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അതും മാറ്റുന്നതായിരുന്നു രാഹുലിന്റെ സമീപനം. ഏറെ സൗഹാർദത്തോടെ ഓരോ നേതാവിനോടും ഇടപെട്ട അദ്ദേഹം ഒപ്പം നടക്കുന്നവരുടെ കാര്യത്തിൽ പ്രത്യേക കരുതൽ കാട്ടി.

കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി.സതീശൻ, എം.എം.ഹസൻ, കെ.മുരളീധരൻ, യാത്രയുടെ കേരള കോഓർഡിനേറ്റർ കൂടിയായ കൊടിക്കുന്നിൽ സുരേഷ് എന്നിവരാണു മുഴുവൻ സമയവും ഒപ്പം ഉണ്ടായിരുന്ന പ്രമുഖ നേതാക്കൾ. എ.കെ.ആന്റണിയും ഉമ്മൻ ചാണ്ടിയും കെ.സുധാകരനും അവരുടെ റോൾ നിർവഹിച്ചു. എംപിമാർ, കെപിസിസി ഭാരവാഹികൾ തുടങ്ങിയവരും നേതൃപരമായ പങ്ക് വഹിച്ചു. ചാലക്കുടിയിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഒപ്പം നടന്നത് ആവേശം ഇരട്ടിപ്പിച്ചു. യുഡിഎഫ് ഘടകകക്ഷി നേതാക്കൾ പിന്തുണയുമായി നിറഞ്ഞുനിന്നു. ന്യൂനപക്ഷ വിഭാഗങ്ങൾക്കും സ്ത്രീകൾക്കും രാഹുലിൽ ഉള്ള വിശ്വാസവും സ്‌നേഹവും യാത്രയിൽ പ്രതിഫലിച്ചു.

യാത്രയ്‌ക്കെതിരെ ആദ്യം തിരിഞ്ഞ സിപിഎമ്മും പിന്നാലെ ആ വിമർശനം ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിൽ പിൻവലിഞ്ഞു. എൽഡിഎഫ് സർക്കാരിനെയോ സിപിഎമ്മിനെയോ വിമർശിക്കാൻ രാഹുലും മുതിർന്നില്ല. കേന്ദ്ര ബിജെപി നേതാക്കളും തുടക്കത്തിൽ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടെങ്കിലും പിന്നീടു പരിധി വിട്ടില്ല. ഗോവയിൽ 8 എംഎൽഎമാർ കോൺഗ്രസ് വിട്ടതും പാർട്ടി അധ്യക്ഷ സ്ഥാനം സംബന്ധിച്ച അനിശ്ചിതത്വവും ഇതിനിടെ കോൺഗ്രസിൽ ഖിന്നത പരത്തിയെങ്കിലും രണ്ടും യാത്രയെ നേരിട്ടു ബാധിച്ചില്ല.

യാത്രയുടെ തുടക്കം മുതൽ സംസ്ഥാനത്ത് സിപിഎം ഉയർത്തിയ വിമർശനങ്ങൾക്ക് യാത്രയിൽ അണിചേർന്ന ആയിരക്കണക്കിനു പേരെ ചൂണ്ടിക്കാണിച്ച് കോൺഗ്രസ് നൽകിയ മറുപടിയോടെയാണ് സമാപനം. സംഘ്പരിവാറിനെതിരെ സംസാരിക്കുന്നില്ലെന്നതാണ് സിപിഎം ഉയർത്തിയ പ്രധാന ആരോപണം. വെറുപ്പിന്റെയും വർഗീയതയുടെയും സംഘ്പരിവാർ രാഷ്ട്രീയത്തെ തുറന്നു കാണിച്ചും രാജ്യത്തെ ഒന്നിപ്പിക്കാൻ ആഹ്വാനം ചെയ്തുമാണ് യാത്ര മുന്നോട്ടു പോകുന്നതെന്നാണ് ഇതിന് കോൺഗ്രസ് മറുപടി നൽകിയത്. മലപ്പുറം ജില്ലയിലെ ആദ്യദിന സമാപനത്തിലും ബിജെപിക്കും ആർ.എസ്.എസിനുമെതിരെയായിരുന്നു രാഹുൽ നടത്തിയ പ്രസംഗം. ഇക്കാര്യവും കോൺഗ്രസ് ഉയർത്തിക്കാണിക്കുന്നു.

സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തിൽ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. യാത്രയിലുടനീളം ഉപയോഗിക്കുന്ന ത്രിവർണ പതാക രാഹുൽ ഗാന്ധിക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കൈമാറി. സെപ്റ്റംബർ 11നാണ് കേരള അതിർത്തിയായ പാറശ്ശാലയിൽ പ്രവേശിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി 18 ദിവസത്തിനിടെ നാനൂറോളം കിലോമീറ്ററാണ് രാഹുൽ ഗാന്ധിയും സംഘവും നടന്നത്.

തിരുവനന്തപുരം മുതൽ തൃശൂർ വരെ ദേശീയപാത വഴിയും തുടർന്ന് നിലമ്പൂർവരെ സംസ്ഥാനപാത വഴിയുമായിരുന്നു പദയാത്ര. ഇതര ജില്ലകളിൽ നിന്നുള്ള പ്രവർത്തകരുടെയും നേതാക്കളുടെയും വൻ പങ്കാളിത്തവും യാത്രയിലുണ്ടായി. ഓരോ ദിവസവും 25 കി.മീറ്റർ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്നു പോയത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ രാജ്യം എല്ലാ മേഖലയിലും വലിയ വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് ഏറ്റവും വലിയ രാഷ്ട്രീയദൗത്യം ഏറ്റെടുത്ത് പദയാത്ര നടത്താൻ കോൺഗ്രസ് തീരുമാനിച്ചത്. എ.ഐ.സി.സി നിശ്ചയിക്കുന്ന 100 സ്ഥിരാംഗങ്ങൾ കന്യാകുമാരി മുതൽ കാശ്മീർ വരെ 150 ദിവസങ്ങളായി 3571 കി.മീറ്റർ രാഹുൽ ഗാന്ധിയോടൊപ്പം പദയാത്രയിൽ അണിചേരും. മൂന്നൂറ് സ്ഥിരാംഗങ്ങളാണ് യാത്രയെ അനുഗമിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP