Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പ് മുന്നിൽ; വിശ്രമ ദിനത്തിൽ വിവിധ സംസ്ഥാനങ്ങളിലെ മുതിർന്ന നേതാക്കളുമായി തിരക്കിട്ട ചർച്ച; ഭാരത് ജോഡോ യാത്രയുടെ പര്യടനം ഇന്ന് തൃശൂരിൽ; രാഹുൽ ഗാന്ധി പൊതുയോഗത്തിൽ പ്രസംഗിക്കും

എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പ് മുന്നിൽ; വിശ്രമ ദിനത്തിൽ വിവിധ സംസ്ഥാനങ്ങളിലെ മുതിർന്ന നേതാക്കളുമായി തിരക്കിട്ട ചർച്ച; ഭാരത് ജോഡോ യാത്രയുടെ പര്യടനം ഇന്ന് തൃശൂരിൽ;  രാഹുൽ ഗാന്ധി പൊതുയോഗത്തിൽ പ്രസംഗിക്കും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് തൃശൂർ ജില്ലയിൽ പര്യടനം തുടരും. രാവിലെ ഏഴ് മണിക്ക് ചാലക്കുടിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര ഉച്ചയ്ക്ക് ആമ്പല്ലൂരിൽ അവസാനിക്കും. ഉച്ച കഴിഞ്ഞ് ആരംഭിക്കുന്ന യാത്ര തൃശൂർ തേക്കിൻകാട് മൈതാനത്ത് എത്തിച്ചേരും. തുടർന്ന് പൊതു യോഗത്തിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും. നാളെ പാലക്കാട് അതിർത്തിയായ ചെറുതുരുത്തിയിൽ ആണ് ജില്ലയിലെ പദയാത്ര അവസാനിക്കുക.

ഭാരത് ജോഡോ യാത്ര രണ്ടാഴ്ച പിന്നിട്ടതിന്റെ ക്ഷീണം മാറ്റാനാണ് ഇന്നലെ പൂർണ വിശ്രമം തീരുമാനിച്ചതെങ്കിലും എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചയുടെ തിരക്കിലായിരുന്നു രാഹുൽ ഗാന്ധി. പല സംസ്ഥാനങ്ങളിലെയും പിസിസി അധ്യക്ഷന്മാരും എഐസിസി നേതാക്കളുമായി ഫോണിൽ ചർച്ച നടത്തി.

കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ച ദിനത്തിൽ ഭാരത് ജോഡോ യാത്ര വിശ്രമ ദിനമായി തെരഞ്ഞെടുത്തത് വിവാദത്തിൽ കലാശിച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചതോടെ കോൺഗ്രസ് ഭാരത് ജോഡോ യാത്ര നിർത്തിവച്ചെന്നുള്ള ആരോപണമാണ് ബിജെപി നേതാവ് കപിൽ മിശ്ര ഉന്നയിച്ചത്. ഇത് ലജ്ജാകരമാണെന്നായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം.

എൻഐഎ നടത്തിയ റെയ്ഡിനെ തുടർന്നുണ്ടായ അറസ്റ്റിൽ പ്രതിഷേധിച്ചാണ് പോപ്പുലർ ഫ്രണ്ട് ഇന്നലെ കേരളത്തിൽ ഹർത്താൽ നടത്തിയത്. എന്നാൽ, പിഎഫ്‌ഐ ഹർത്താൽ പ്രഖ്യാപിച്ച ദിവസം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നിർത്തിവച്ചെന്ന് ആരോപണം ഉന്നയിച്ചാണ് ബിജെപി നേതാവ് വിമർശിച്ചത്. അതേസമയം, കപിൽ മിശ്രയുടെ വിമർശനത്തോട് കോൺഗ്രസ് പ്രതികരിക്കുകയും ചെയ്തു.

ഭാരത് ജോഡോ യാത്രയ്ക്ക് ഓരോ ആഴ്ചയിലും ഒരു ദിവസം വിശ്രമ ദിനമുണ്ടെന്ന് കോൺഗ്രസിന്റെ മീഡിയ ആൻഡ് പബ്ലിസിറ്റി വിഭാഗം ചെയർമാൻ പവൻ ഖേര പറഞ്ഞു. കഴിഞ്ഞയാഴ്ച ഇത് സെപ്റ്റംബർ 15ന് ആയിരുന്നു. ആർഎസ്എസ് തലവൻ മോഹൻ ഭഗവത് മുസ്ലിംപള്ളിയിൽ സന്ദർശനം നടത്തിയതിനെ കുറിച്ചുള്ള ചോദ്യങ്ങളും പവൻ ഉന്നയിച്ചു. പിഎഫ്‌ഐയോട് മാപ്പ് ചോദിക്കാൻ മോഹൻ ഭഗവത് ഒരു പദയാത്ര തുടങ്ങാൻ പോവുകയാണോയെന്ന് പറയാനും അദ്ദേഹം ആവശ്യപ്പെട്ടു.

ക്രസന്റ് സ്‌കൂൾ മൈതാനിയിൽ പ്രത്യേക വാഹനത്തിൽ ഒരുക്കിയ താമസസ്ഥലത്തു രാഹുൽ ഗാന്ധിയെ കാണാൻ അനുവാദം ചോദിച്ചവരോടെല്ലാം, വിശ്രമം മാത്രമാണ് അജൻഡയെന്നു പറഞ്ഞ് നേതാക്കൾ വിലക്കുകയായിരുന്നു.

രാഹുൽ ഉൾപ്പെടെ 117 പേരാണ് ഇവിടെ താമസിച്ചിരുന്നത്. ഇവർക്കു കഴിക്കാനായി കെപിസിസിയുടെ നേതൃത്വത്തിൽ ഉത്തരേന്ത്യൻ വിഭവങ്ങളാണു തയാറാക്കി എത്തിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കു ശേഷമാണു ഭക്ഷണം നൽകിയത്.

പദയാത്രയുടെ വിവരങ്ങൾ ആരായാൻ മുൻ നിശ്ചയപ്രകാരം ഇന്നലെ രാവിലെ 9.30ന് ടി.എൻ.പ്രതാപൻ എംപിയും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും എത്തിയെങ്കിലും കൂടിക്കാഴ്ച മിനിറ്റുകൾ മാത്രമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ യാത്രയുടെ ഭാഗമായ അറുന്നൂറോളം പേർ സ്വകാര്യ ലോഡ്ജുകളിലും ഹോട്ടലുകളിലുമായി തങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP