Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവനന്തപുരം പിന്നിട്ട് ഭാരത് ജോഡോ യാത്ര കൊല്ലത്ത്; രാഹുലിന് എങ്ങും ഊഷ്മള സ്വീകരണം; ആവേശത്തിൽ പ്രവർത്തകർ; വ്യാഴാഴ്ച വിശ്രമം; വെള്ളിയാഴ്ച യാത്ര തുടങ്ങുക പോളയത്തോട് നിന്നും; 17 ന് ആലപ്പുഴയിൽ

തിരുവനന്തപുരം പിന്നിട്ട് ഭാരത് ജോഡോ യാത്ര കൊല്ലത്ത്; രാഹുലിന് എങ്ങും ഊഷ്മള സ്വീകരണം; ആവേശത്തിൽ പ്രവർത്തകർ; വ്യാഴാഴ്ച വിശ്രമം; വെള്ളിയാഴ്ച യാത്ര തുടങ്ങുക പോളയത്തോട് നിന്നും; 17 ന് ആലപ്പുഴയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തിരുവനന്തപുരം ജില്ലയിലെ പര്യടനം പൂർത്തിയാക്കി കൊല്ലം ജില്ലയിലെത്തി. യാത്ര ഒരാഴ്ച പിന്നിടുമ്പോൾ ഒരു ദിവസം വിശ്രമം ക്രമീകരിച്ചിരിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച യാത്ര ഉണ്ടാവില്ല. 16 ന് പോളയത്തോട് യാത്ര പുനരാരംഭിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് നീണ്ടകരയിൽ കശുവണ്ടിതൊഴിലാളികളുമായി രാഹുൽ സംവദിക്കും. 16 ന് വൈകിട്ട് കരുനാഗപ്പള്ളിയിലാണ് സമാപനം. 17 ന് രാവിലെ 10ന് ഓച്ചിറ വഴി ആലപ്പുഴയിൽ പ്രവേശിക്കും.



ബുധനാഴ്ച രാവിലെ ആറരയ്ക്കു വർക്കല ശിവഗിരിയിൽ ശ്രീനാരായണ ഗുരുവിന്റെ സമാധിയിൽ തൊഴുതു വണങ്ങി മഠാധിപതി ഉൾപ്പെടെയുള്ള സ്വാമിമാരുടെ അനുഗ്രഹവും പ്രസാദവും സ്വീകരിക്കുകയും ചെയ്ത ശേഷം നാവായിക്കുളത്തുനിന്നാണ് കൊല്ലത്തേക്കുള്ള പ്രയാണം തുടങ്ങിയത്. ജില്ലാ അതിർത്തിയായ പാരിപ്പള്ളി മുക്കട കവലയിൽ രാഹുലും സംഘവും എത്തുമ്പോൾ നേതാക്കളും പ്രവർത്തകരും അടക്കം ഒരു വൻ ജനനിര അവിടെ കാത്ത് നിന്നിരുന്നു. രാഹുലിനെ ത്രിവർണ ഖദർമാല അണിയിച്ചാണ് കൊല്ലം ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് സ്വീകരിച്ചത്. എൻ.കെ.പ്രേമചന്ദ്രൻ എംപിയും രാഹുലിനെ സ്വീകരിക്കാനെത്തി.

വാദ്യമേളങ്ങളുടെ അകമ്പടിയിൽ രാഹുലിന്റെ നെറ്റിയിൽ സിന്ദൂരം തൊട്ടു. മോഹിനിയാട്ട കലാകാരികൾ ഒപ്പം നടന്നു. രാജ്‌മോഹൻ ഉണ്ണിത്താൻ ഡോ.ശൂരനാട് രാജശേഖരൻ, സി.ആർ.മഹേഷ്, ഷാനവാസ്ഖാൻ, ബിന്ദുകൃഷ്ണ, കെ.സി. രാജൻ, മോഹൻ ശങ്കർ, ആർ.ചന്ദ്രശേഖരൻ, കോയിവിള രാമചന്ദ്രൻ, എകെ ഹഫീസ്, സൂരജ് രവി, എൽ.കെ.ശ്രീദേവി, അഡ്വ ജർമിയാസ്, ഡോ നടക്കൽ ശശി, നെടുങ്ങോലം രഘു തുടങ്ങിയവർ രാഹുലിനെ സ്വീകരിച്ച് ആനയിച്ചു.



എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, മുൻ പ്രസിഡന്റുമാരായ രമേശ് ചെന്നിത്തല, കെ.മുരളീധരൻ, എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്, കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി.സിദ്ദിഖ്, വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ, ട്രഷറർ വി.പ്രതാപചന്ദ്രൻ, നേതാക്കളായ വി.ടി.ബലറാം, ഷാഫി പറമ്പിൽ, ചാണ്ടി ഉമ്മൻ, പഴകുളം മധു, ജെബി മേത്തർ രാഹുൽ മാംകൂട്ടത്തിൽ, യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് ബി.വി. ശ്രീനിവാസ് എന്നിവർ യാത്രയെ അനുഗമിച്ചിരുന്നു

ചാത്തന്നൂർ ജംക്ഷനു അടുത്തുള്ള എംപയർ കൺവൻഷൻ സെന്ററിൽ ആയിരുന്നു ഉച്ചവിശ്രമം. പിന്നീട് പ്ലസ് ടു വരെയുള്ള സ്‌കൂൾ കുട്ടികളുമായി രാഹുൽ ഗാന്ധി സംവദിച്ചു. ചിത്രകലാമത്സരങ്ങളിൽ വിജയികളായവർക്ക് രാഹുൽ സമ്മാനങ്ങൾ നൽകി. മുൻ കെപിസിസി പ്രസിഡന്റ് സി.വി. പത്മരാജനുമായി ചർച്ച നടത്താനും രാഹുൽ സമയം കണ്ടെത്തി.



വൈകിട്ട് ഇരവിപുരം നിയോജകമണ്ഡലത്തിലെ പ്രവർത്തകർ രാഹുലിന് വൻ സ്വീകരണമൊരുക്കി. ബേബിസൺ, അൻസാർ അസീസ് തുടങ്ങിയവർ സ്വീകരണങ്ങൾക്ക് നേതൃത്വം നൽകി. പള്ളിമുക്കിലെ സമാപനയോഗത്തിൽ രാഹുൽ പ്രസംഗിച്ചു. മുസ്ലിം ലീഗ് നേതാവ് പരേതനായ യൂനുസ്‌കുഞ്ഞിന്റെ പേരിലുള്ള എൻജിനീയറിങ് കോളജിൽ ആണ് പദയാത്ര സംഘം ക്യാംപ് ചെയ്യുന്നത്. സാംസ്‌കാര സാഹിതി സംസ്ഥാന കൺവീനർ എൻ.വി.പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള നാടകസംഘം പദയാത്ര അംഗങ്ങൾക്കായി 'ഞാൻ ഭാരതീയൻ' എന്ന നാടകവും ഒരുക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP