Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇവിടാരും.. ഒന്നും തന്നില്ല എന്നു പറഞ്ഞിട്ടും ആരും മൈൻഡ് ചെയ്യുന്നില്ല! അരൂർ ഉപേക്ഷിച്ചിട്ടും ബിഡിജെഎസിനെ ഗൗനിക്കാതെ ബിജെപി; അവഗണന തുടരുന്നതിലെ അതൃപ്തിയിൽ കടുത്ത തീരുമാനം കൈക്കൊള്ളും; ഇടതുമുന്നണിയിൽ കണ്ണുവെക്കുമ്പോഴും കാര്യത്തോട് അടുക്കുമ്പോൾ എതിർപ്പുയരുമെന്ന് വിലയിരുത്തി തുഷാറും കൂട്ടരും; അരൂരിലെ വോട്ടുകൾ എൻഡിഎ ബന്ധത്തിൽ നിർണായകം

ഇവിടാരും.. ഒന്നും തന്നില്ല എന്നു പറഞ്ഞിട്ടും ആരും മൈൻഡ് ചെയ്യുന്നില്ല! അരൂർ ഉപേക്ഷിച്ചിട്ടും ബിഡിജെഎസിനെ ഗൗനിക്കാതെ ബിജെപി; അവഗണന തുടരുന്നതിലെ അതൃപ്തിയിൽ കടുത്ത തീരുമാനം കൈക്കൊള്ളും; ഇടതുമുന്നണിയിൽ കണ്ണുവെക്കുമ്പോഴും കാര്യത്തോട് അടുക്കുമ്പോൾ എതിർപ്പുയരുമെന്ന് വിലയിരുത്തി തുഷാറും കൂട്ടരും; അരൂരിലെ വോട്ടുകൾ എൻഡിഎ ബന്ധത്തിൽ നിർണായകം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേന്ദ്രത്തിൽ നിന്നും പദവികൾ ഒന്നും ലഭിച്ചില്ലെന്ന പരാതിയുമായി നടന്ന ബിഡിജെഎസ് വഴിയാധാരമാകുമോ? ഉപതിരഞ്ഞെടുപ്പിൽ അരൂരിൽ മത്സരികകാതെ മാറി നിന്ന് പ്രതിഷേധിച്ചിട്ടും ബിജെപി നേതൃത്വം ഗൗനിക്കുന്നില്ല എന്നതാണ് ഇപ്പോൾ തുഷാർ വെള്ളാപ്പള്ളിയെയും കൂട്ടരെയും അലട്ടുന്ന പ്രധാന പ്രശ്‌നം. പാർട്ടി ഉന്നയിച്ച ആവശ്യങ്ങളിന്മേൽ ബിജെപി കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കാത്തതും ബിഡിജെഎസിനുള്ളിൽ അമർഷം ശക്തമാക്കിയിട്ടുണ്ട്. അരൂരിൽ എൻഡിഎ വോട്ടുകൾ എത്ര നേടാൻ കഴിയുമെന്നത് ബിഡിജെഎസുമായുള്ള ബന്ധം തുടരുന്നതിൽ നിർണായകമാവും.

പാർട്ടി ഉന്നയിച്ച ആവശ്യങ്ങളൊന്നും പരിഗണിക്കാതെ വന്നപ്പോഴാണ് ബിഡിജെഎസ് അരൂർ സീറ്റ് ഉപേക്ഷിച്ചത്. എന്നാൽ ബിഡിജെഎിന്റെ പ്രതിഷേധം അവഗണിച്ച ബിജെപി, അരൂർ സീറ്റിലേക്ക് പെട്ടെന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് അവരുടെ എതിർപ്പ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. സീറ്റ് ഉപേക്ഷിച്ചെങ്കിലും എൻഡിഎയ്ക്ക് ഒപ്പം നിൽക്കുമെന്ന ബിഡിജെഎസിന്റെ നിലപാടിനെയും ബിജെപി നേതൃത്വം കാര്യമായെടുത്തിട്ടില്ല. ഉപതെരഞ്ഞെടുപ്പായതിനാൽ പരസ്യ പ്രതികരണം നടത്താതെ ബിജെപി നേതാക്കൾ വിഷയം വിട്ടുകളയുകയാണ്.

പാലാ ഉപ തിരഞ്ഞെടുപ്പിൽ മുന്നണി വോട്ട് കുറഞ്ഞതിന്റെ പാപഭാരം ബിഡിജെഎസിന്റെ തലയിൽ വെക്കുന്ന തരത്തിൽ ബിജെപിയുടെ മുതിർന്ന നേതാക്കൾ പരസ്യമായി പ്രതികരിച്ചിരുന്നു. ഇതും ബിഡിജെഎസിനെ ചൊടിപ്പിച്ചിട്ടുണ്ട്. പാലായിൽ വോട്ട് കുറഞ്ഞതിന്റെ കാരണം ബിജെപിക്കുള്ളിൽ തന്നെയാണെന്നാണ് ബിഡിജെഎസിന്റെ അഭിപ്രായം. പാലാ തിരഞ്ഞെടുപ്പിനു ശേഷം ബിജെപി മണ്ഡലം പ്രസിഡന്റും ജില്ലാ പ്രസിഡന്റും തമ്മിൽ ഉണ്ടായ തർക്കത്തിൽ പരാജയത്തിന്റെ കാരണങ്ങളും കാണാമെന്നാണ് അവർ പറയുന്നത്.

പാലായിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ തങ്ങളെ അടുപ്പിച്ചില്ലെന്നും ബിഡിജെഎസ് ആരോപിക്കുന്നു. തുഷാർ വെള്ളാപ്പള്ളി പാലായിൽ നാല് സ്ഥലങ്ങളിൽ പ്രചാരണത്തിന് വന്നപ്പോൾ, തൊട്ടടുത്തുതന്നെ ഉണ്ടായിരുന്ന ബിജെപി സ്ഥാനാർത്ഥി അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ലെന്നും ബിഡിജെഎസ് പരാതിപ്പെടുന്നു. അരൂർ സീറ്റ് ഉപേക്ഷിച്ച ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യാനായി ബിഡിജെഎസ് സംസ്ഥാന കൗൺസിൽ ഇന്ന് യോഗം ചേരുന്നുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ പിണക്കം മാറില്ലെന്ന ബിഡിജെഎസിന്റെ സന്ദേശം കേന്ദ്ര നേതൃത്വം തള്ളിയിട്ടുണ്ട്. മുന്നണി വിടുന്നെങ്കിൽ വിടട്ടെയെന്ന നിലപാടിലാണ് ബിജെപി കേന്ദ്ര നേതാക്കൾ. സ്ഥാനങ്ങൾ ലഭിച്ചില്ലെന്നു ബിഡിജെഎസ് നേതൃത്വം പറയുമ്പോൾ, അവരുമായുള്ള ബന്ധം ഗുണം ചെയ്തില്ലെന്നു ബിജെപി സംസ്ഥാന നേതൃത്വവും പറയുന്നു. ഇതോടെ വെള്ളാപ്പള്ളിയും തുഷാറും തങ്ങളുടെ നിലപാട് വ്യക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. ബിഡിജെഎസ് ഇല്ലാതെ കേരളത്തിൽ തെരഞ്ഞെടുപ്പിൽ മുന്നേറ്റം ഉണ്ടാക്കാൻ ബിജെപിക്ക് സാധിക്കില്ലെന്ന് വരുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ബിഡിജെഎസ്, എസ്എൻഡിപി വോട്ടുകൾ അരൂരിൽ അടക്കം ഇടതുമുന്നണിക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഗ്ദാനം ചെയ്ത സ്ഥാനങ്ങൾ ലഭിച്ചില്ലെങ്കിൽ പ്രചാരണത്തിൽ സജീവമാകില്ലെന്നായിരുന്നു ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് സമയത്തെ ബിഡിജെഎസ് നിലപാട്. അന്ന് ചെങ്ങന്നൂരിൽ ഇടതു മുന്നണി വിജയിച്ചു. പിന്നീട് പാലയിലും വിജയം കൊയ്തു. മറ്റു പാർട്ടികൾ പ്രചാരണത്തിൽ മുന്നേറിയിട്ടും ബിഡിജെഎസ് നിലപാട് വ്യക്തമാക്കാത്തതിനെത്തുടർന്ന് അവരെ ഒഴിവാക്കി കൺവൻഷനുകൾ വിളിക്കാൻ ബിജെപി തീരുമാനിച്ചു. ഭീഷണിക്ക് വഴങ്ങി സ്ഥാനങ്ങൾ നൽകേണ്ടതില്ലെന്നായിരുന്നു കേന്ദ്ര തീരുമാനവും. അന്നു മത്സരത്തിൽ മൂന്നാം സ്ഥാനത്തായ പി.എസ്.ശ്രീധരൻപിള്ളയ്ക്ക് കിട്ടിയത് 35,270 വോട്ടായിരുന്നു.

2016ലെ തിരഞ്ഞെടുപ്പിൽ ലഭിച്ചത് 42,682 വോട്ട്. 7,412 വോട്ടു കുറഞ്ഞതു ബിഡിജെഎസിന്റെ നിസ്സഹകരണം കാരണം തന്നെയായിരുന്നു. തർക്കങ്ങൾ പരിഹിക്കുന്നതിന്റെ ഭാഗമായി ചെറിയൊരു സ്ഥാനവും ബിഡിജെഎസിന് കേന്ദ്രം നൽകിയിരുന്നു. സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനമാണ് ബിഡിജെഎസിനു നൽകിയത്. എന്നാൽ അന്ന് അതിന് ശേഷം കാര്യമായ സ്ഥാനമാനങ്ങൾ ലഭിച്ചില്ല. ഇതോടെ ബിഡിജെഎസ് ഉടക്കുമായി നീങ്ങി. ഇതിനിടെയാണ് ശബരിമല വിഷയം കേരളത്തിൽ സജീവമായി ചർച്ചയാകുന്നത്. ഇതോടെ, സർക്കാർ വെള്ളാപ്പള്ളിയുമായി കൂട്ടുകൂടി. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം തിരിച്ചടി നേരിട്ടു.

ഇപ്പോഴത്തെ നിലയിൽ അരൂരിൽ ബിഡിജെഎസ് കണ്ണുവെക്കുന്നത് ഇടതു മുന്നണിയിലേക്കാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ എൽഡിഎഫിൽ സാധ്യത തേടുകയാണ് തുഷാറും സംഘവും. വെള്ളാപ്പള്ളിയുടെ നിലപാട് തന്നെയാണ് ഇതിൽ പ്രധാനമായത്. അരൂരിൽ ബിജെപി സ്ഥാനാർത്ഥിയുടെ പത്രികാ സമർപ്പണത്തിനു ബിഡിജെഎസ് നേതാക്കൾ എത്തിയെങ്കിലും പ്രചാരണത്തിൽ സജീവമല്ലെന്ന ആക്ഷേപം പ്രാദേശിക നേതൃത്വം ഉയർത്തുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപു ബിഡിജെഎസിനെ എൽഡിഎഫിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ സിപിഎം ആരംഭിച്ചതായി പാർട്ടി കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP