Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

എളുപ്പമല്ല കോൺഗ്രസ് നേതാക്കളെ കുടുക്കാൻ ഇനി പിണറായി സർക്കാരിന്; ബിജു രമേശിന്റെ ബാർകോഴ ആരോപണത്തിൽ വിജിലൻസ് പരിശോധിക്കുന്നത് സ്വമേധയാ ദ്രുതപരിശോധനയ്ക്കുള്ള സാധ്യത; ചെന്നിത്തലയും ബാബുവും ശിവകുമാറും കോഴ വാങ്ങിയെന്ന ആരോപണം വിജിലൻസ് പണ്ടേ തള്ളിയത്; കേസ് പൊടിതട്ടിയെടുക്കാൻ വിജിലൻസിന് മുന്നിലെ തടസ്സങ്ങൾ

എളുപ്പമല്ല കോൺഗ്രസ് നേതാക്കളെ കുടുക്കാൻ ഇനി പിണറായി സർക്കാരിന്; ബിജു രമേശിന്റെ ബാർകോഴ ആരോപണത്തിൽ വിജിലൻസ് പരിശോധിക്കുന്നത് സ്വമേധയാ ദ്രുതപരിശോധനയ്ക്കുള്ള സാധ്യത; ചെന്നിത്തലയും ബാബുവും ശിവകുമാറും കോഴ വാങ്ങിയെന്ന ആരോപണം വിജിലൻസ് പണ്ടേ തള്ളിയത്; കേസ് പൊടിതട്ടിയെടുക്കാൻ വിജിലൻസിന് മുന്നിലെ തടസ്സങ്ങൾ

എം മനോജ് കുമാർ

തിരുവനന്തപുരം: ബാർക്കോഴയുമായി ബന്ധപ്പെട്ടു ബിജു രമേശ് ഉന്നയിച്ച ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കെ.ബാബുവിനും വി എസ്.ശിവകുമാറിനും എതിരെ കേസ് എടുത്ത് അന്വേഷണം നടത്താൻ വിജിലൻസിന് മുന്നിൽ നിയമ തടസം ഉണ്ടെന്നു സൂചന. ബിജു രമേശിന്റെ ആരോപണത്തിൽ സ്വമേധയാ ദ്രുതപരിശോധനയ്ക്കുള്ള സാധ്യതയാണ് വിജിലൻസ് ഇപ്പോൾ പരിശോധിക്കുന്നത്. കേസ് എടുക്കാൻ കഴിയില്ലെന്ന് വിജിലൻസ് ഡയറക്ടർ തന്നെ കോടതിയിൽ പറഞ്ഞ കേസിനാണ് ഇപ്പോൾ വിജിലൻസ് ദ്രുതപരിശോധനയ്ക്കുള്ള സാധ്യത പരിശോധിക്കുന്നത്.

ബാറുകൾ തുറക്കാൻ വേണ്ടി കെപിസിസിക്ക് ഒരു കോടി രൂപയും അന്ന് മന്ത്രിയായിരുന്ന വി എസ് ശിവകുമാറിന് 25 ലക്ഷം രൂപയും കെ ബാബുവിന് 50 ലക്ഷം രൂപയും നൽകിയെന്ന പഴയ ആരോപണമാണ് ബിജു രമേശ് ഉന്നയിച്ചത്. ബാർ കോഴ ആരോപണം പിൻവലിക്കാൻ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ബാർക്കോഴ കേസ് മുന്നോട്ടു നീങ്ങുമ്പോൾ മജിസ്‌ട്രേട്ടിന് മുൻപിൽ ബിജു രമേശ് അന്ന് നേരിട്ട് നൽകിയ മൊഴിയാണിത്. ഈ മൊഴിയാണ് ബിജു രമേശ് വീണ്ടും ആവർത്തിച്ചത്. ഹൈക്കോടതിയുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ ഈ കേസ് വീണ്ടും പൊടി തട്ടിയെടുക്കാൻ വിജിലൻസ് കഴിയൂ എന്നാണ് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഈ ആരോപണത്തിന്റെ പേരിൽ കേസ് എടുത്ത് അന്വേഷണം നടത്തണം എന്ന ആവശ്യം മുൻപ് തന്നെ വന്നതാണ്. എന്നാൽ കേസ് എടുത്ത് അന്വേഷണം നടത്തുന്നത് വിജിലൻസും ഹൈക്കോടതിയും തടഞ്ഞതാണ്. അതിനാൽ ഈ ആരോപണത്തിൽ കേസ് എടുത്ത് അന്വേഷണം നടത്തണമെങ്കിൽ ഹൈക്കോടതിയുടെ അനുമതി തേടേണ്ടി വരും. അനുമതി തേടാതെ കേസ് എടുത്താൽ കോടതിയലക്ഷ്യം ആകുമെന്നാണ് സൂചന.

സർക്കാരിനു താത്പര്യമുള്ള കേസ് ആയതിനാൽ സ്വമേധയാ ദ്രുതപരിശോധനയ്ക്കുള്ള സാധ്യതയാണ് വിജിലൻസ് തേടുന്നത്. പക്ഷെ കേസ് എടുത്ത് അന്വേഷണം നടത്തുക ഈ കാര്യത്തിൽ ബുദ്ധിമുട്ടാകും. ഇപ്പോൾ സ്വമേധയാ ദ്രുതപരിശോധനയ്ക്കുള്ള സാധ്യത പരിശോധിക്കുന്ന വിജിലൻസിന്റെ മുൻ മേധാവി തന്നെയാണ് ഈ കേസിൽ അന്വേഷണം സാധ്യമല്ലെന്ന് കോടതിയെ ധരിപ്പിച്ചത്. കേസ് എടുക്കുന്നത് ഹൈക്കോടതിയും തടഞ്ഞിട്ടുണ്ട്. ഇനി കേസ് എടുക്കണമെങ്കിൽ കോടതിയിൽ വാദം കേട്ട ശേഷം മാത്രമേ സാധ്യമാകൂ എന്നാണ് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. വിജിലൻസ് ഡയരക്ടർ തന്നെ ഈ ആരോപണത്തിൽ കേസ് എടുക്കാൻ കഴിയില്ലെന്ന് എന്തുകൊണ്ട് കോടതിയിൽ ചൂണ്ടിക്കാട്ടി എന്നതിനും വിജിലൻസ് വിശദീകരണം നൽകേണ്ടി വരും. പ്രതിപക്ഷ നേതാവിന് എതിരെയുള്ള കേസ് ആയതിനാൽ മുഖ്യമന്ത്രി പിണറായി വിജയന് ഉൾപ്പെടെ താത്പര്യം ഉണ്ടെങ്കിൽ കേസുമായി മുന്നോട്ടു പോയാൽ കോടതിയലക്ഷ്യം നേരിടേണ്ടി വരുക വിജിലൻസ് തന്നെയാകും. അതുകൊണ്ട് തന്നെ ഈ കേസിൽ പുനരന്വേഷണം പ്രയാസമായ അവസ്ഥയാണ്.

ബാർക്കോഴ കേസ് മുന്നോട്ടു നീങ്ങുമ്പോഴാണ് 164 പ്രകാരം മജിസ്‌ട്രേട്ടിന് മുൻപിൽ ബിജു രമേശ് മൊഴി നൽകുന്നത്. ഈ മൊഴിയിലാണ് കെപിസിസിക്ക് ഒരു കോടി രൂപയും അന്ന് മന്ത്രിയായിരുന്ന വി എസ് ശിവകുമാറിന് 25 ലക്ഷം രൂപയും കെ ബാബുവിന് 50 ലക്ഷം രൂപയും നൽകിയെന്ന് ബിജു രമേശ് പറഞ്ഞത്. ഇത് വാർത്തയായി. വിജിലൻസ് ഡയരക്ടർ ഈ കാര്യത്തെക്കുറിച്ച് അന്വേഷിക്കാൻ അന്നത്തെ വിജിലൻസ് ഡയരക്ടർ എസ്‌പി സുകേശിനെ ചുമതലപ്പെടുത്തി. ബാർക്കോഴ കേസ് അന്വേഷണം മുന്നോട്ടു നീങ്ങുന്നതിനാൽ ഈ കേസ് പ്രത്യേകം അന്വേഷിക്കണം എന്നാണു സുകേശൻ റിപ്പോർട്ട് നൽകിയത്. അതനുസരിച്ച് ഡയരക്ടർ പ്രാഥമിക അന്വേഷണത്തിനു ഉത്തരവിട്ടു. ഒരു ഡിവൈഎസ്‌പിയെ അന്വേഷണത്തിനു ചുമതലപ്പെടുത്തി. മൊഴിയിൽ കഴമ്പില്ല എന്നാണ് വിജിലൻസ് ഡിവൈഎസ്‌പി റിപ്പോർട്ട് നൽകിയത്. ഇതിനെ തുടർന്ന് കേസ് എടുക്കേണ്ട കാര്യം ഇല്ലെന്നാണ് വിജിലൻസ് തീരുമാനിച്ചത്. ഈ ആരോപണത്തിന്റെ പേരിൽ തൃശൂർ വിജിലൻസ് കോടതിയിൽ പരാതി വന്നു. കോടതി അന്വേഷണത്തിനു ഉത്തരവിട്ടു. ക്വിക്ക് വെരിഫിക്കേഷൻ നടത്താനാണ് വിജിലൻസ് കോടതി ഉത്തരവിട്ടത്. അന്വേഷണ റിപ്പോർട്ട് ആയിട്ടുണ്ടെന്ന് വിജിലൻസ് കോടതിയിൽ അറിയിച്ചു. റിപ്പോർട്ട് നൽകിയപ്പോൾ വിജിലൻസ് കോടതി ഈ ആരോപണത്തിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്യാൻ പറഞ്ഞു. സർക്കാർ അതിനു ഹൈക്കോടതിയിൽ തടസവാദം ഉന്നയിച്ചു.

വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട് എന്നാണ് സർക്കാർ അറിയിച്ചത്. ഈ ഘട്ടത്തിൽ കെ.എം.മാണി പ്രതിയായ ബാർക്കോഴ കേസിന്റെ ഫൈനൽ റിപ്പോർട്ട് ഹൈക്കോടതിയിൽ നൽകി. ഇതോടെ ചെന്നിത്തല ഉൾപ്പെട്ട കേസിൽ കേസ് രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഹ്യൂമൻ റൈറ്റ്‌സ് പ്രോട്ടക്ഷൻ കൗൺസിൽ ബാർക്കോഴ കേസ് ശരിയായ രീതിയിൽ അല്ല അന്വേഷിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയുടെ പേരിൽ ബാർക്കോഴ കേസിന്റെ ഫൈനൽ റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഈ റിപ്പോർട്ടിന്റെ പേരിൽ വാദം കേട്ട് തീരുമാനം ഉണ്ടായാൽ മാത്രമേ ഇനിയൊരു അന്വേഷണം നടക്കുകയുള്ളൂ. സർക്കാരിനു അന്വേഷണത്തിനു ഉത്തരവിടാൻ കഴിയില്ല. ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് മാത്രമേ ഇനി അന്വേഷണത്തിനു സാധ്യതയുള്ളൂ. അതല്ലെങ്കിൽ, കോടതി അലക്ഷ്യമാകും. ഈ ആരോപണത്തിൽ കേസ് എടുക്കാൻ കഴിയില്ലെന്ന് വിജിലൻസ് ഡയരക്ടർ തന്നെ ഹൈക്കോടതിയിൽ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ വിജിലൻസിന് കേസ് എടുത്ത് അന്വേഷണം നടത്താൻ കഴിയില്ല. ഇനി കേസ് എടുക്കണമെങ്കിൽ കേസിന്റെ വാദം നടന്ന തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിക്കേണ്ടതായി വരും.

ബാർക്കോഴ കേസ് ഇങ്ങനെ:

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്ത് പൊന്തിവന്ന രാഷ്ട്രീയ വിവാദം. 2014ൽ പൂട്ടിയ 418 ബാറുകൾ തുറക്കുന്നതിനായി ബാറുടമകളുടെ സംഘടനയിൽ നിന്നും കോഴ വാങ്ങിയെന്ന ആരോപണമാണ് ബാർക്കോഴയായത്. ഇതിന്റെ പേരിൽ ഇടതുമുന്നണി സമരമുഖവും തുറന്നു. കെ.എം.മാണി ബജറ്റ് അവതരിപ്പിക്കാതിരിക്കാൻ നിയമസഭയും ഇടത് എംഎൽഎമാർ തല്ലി തകർത്തു. ഈ കേസ് ഇപ്പോൾ കോടതിയിലാണ്. ബാർ കോഴയിൽ മാണിക്കെതിരെ വിജിലൻസ് കേസെടുത്തു. ബാർകോഴയെ തുടർന്നുള്ള സംഭവവികാസങ്ങൾ കേരള കോൺഗ്രസിനെ യുഡിഎഫിൽ നിന്നും അകറ്റി. ചർച്ചകൾക്ക് ശേഷം മാണി വീണ്ടും യുഡിഎഫിൽ തിരികെ എത്തി. മാണിയുടെ മരണ ശേഷം യുഡിഎഫ് വിട്ട കേരളാ കോൺഗ്രസ് ഇടതുമുന്നണിയിൽ താവളം ഉറപ്പിച്ചു. ഇതോടെ ബാർക്കോഴ ആരോപണം വീണ്ടും പൊന്തിവന്നു. ഇതിനെ തുടർന്ന് തന്നെയാണ് ജോസ് കെ മാണി പത്ത് കോടി രൂപ വാഗ്ദാനം ചെയ്ത വിവാദം ബിജു രമേശ് വീണ്ടും തുറന്നു വിട്ടത്. ബിജു രമേശിന്റെ പ്രസ്താവനയിലുള്ള ആരോപണം ഊതിക്കത്തിച്ചാണ് ചെന്നിത്തലയ്ക്കും ബാബുവിന് ശിവകുമാറിനും എതിരെ കേസ് എടുക്കാനുള്ള നീക്കം പിണറായി സർക്കാർ ഊർജ്ജിതമാക്കിയത്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP