Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹൈക്കമാൻഡും കൈവിട്ടു; കെ എം മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും; ബാർകോഴ കേസിൽ ധനമന്ത്രിയുടെ നാണംകെട്ട പടിയിറക്കം ഉറപ്പ്; നാളെ യുഡിഎഫ് യോഗം; കേരള രാഷ്ട്രീയത്തിലെ അതികായന് രാജിയല്ലാതെ മറ്റ് വഴിയില്ല

ഹൈക്കമാൻഡും കൈവിട്ടു; കെ എം മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും; ബാർകോഴ കേസിൽ ധനമന്ത്രിയുടെ നാണംകെട്ട പടിയിറക്കം ഉറപ്പ്; നാളെ യുഡിഎഫ് യോഗം; കേരള രാഷ്ട്രീയത്തിലെ അതികായന് രാജിയല്ലാതെ മറ്റ് വഴിയില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാർകോഴ കേസിൽ ആരോപണ വിധേയനായ ധനമന്ത്രി കെ എം മാണി ഇന്ന് തന്നെ രാജിവച്ചേക്കും. മനസാക്ഷിയുണ്ടെങ്കിൽ മന്ത്രി കസേരയിൽ നിന്നും മാണി രാജിവെക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് മാണി രാജിവെക്കാൻ ഒരുങ്ങുന്നത്.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും തീരുമാനിച്ചിട്ടുണ്ട്. ഈ ആവശ്യം തന്നെയാണ് മുസ്ലിംലീഗിനും ഉള്ളതെന്നാണ് അറയുന്നത്. കൂടിയാലോചനകളുടെ പശ്ചാത്തലത്തിൽ മാണി രാജിവെക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ഹൈക്കോടതി പരാമർശത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് ഹൈക്കമാൻഡും മാണി രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. അതേസമയം കെ എം മാണി ഇതുവരെ പ്രതികരിച്ചിട്ടില്ല. മാണി ഇപ്പോൾ കൊച്ചിയിൽ ആണ് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. ഹൈക്കോടതി പരാമർശത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാക്കൾ മാണിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു. എന്തായായും കേരള രാഷ്ട്രീയത്തിലെ അതികായന്റെ പതനം ബാർകേസിൽ ആസന്നമാണെന്നാണ് ഇപ്പോൾ വ്യക്തമാക്കുന്നത്.

ബാറുകൾ പൂട്ടാനുള്ള സർക്കാർ തീരുമാനത്തെക്കുറിച്ച് നടന്ന കൈരളി ചാനൽ ചർച്ചയിൽ, മന്ത്രി കെ.എം. മാണി കോഴ വാങ്ങിയെന്ന ബാർ ഓണേഴ്‌സ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണമാണ് കെ എം മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ കറുത്ത ഏടായി മാറുന്നത്.

രാജി വയ്ക്കണമെന്ന് കെപിസിസി, നാളെ യുഡിഫ്

അതിനിടെ കെ.എം.മാണി വിഷയം ചർച്ച ചെയ്യാൻ ഇന്നു വൈകിട്ട് ചേരാനിരുന്ന അടിയന്തര യുഡിഎഫ് യോഗം മാറ്റി. ചൊവ്വാഴ്ച രാവിലെ യോഗം തിരുവനന്തപുരത്ത് നടക്കും. അടിയന്തരയോഗം ചേരാൻ മുസ്‌ലിം ലീഗ് ഉൾപ്പടെയുള്ള ഘടകകക്ഷി നേതാക്കളോട് കൊച്ചിയിലെത്താൻ കോൺഗ്രസ് നേതൃത്വം നിർദ്ദേശിച്ചെങ്കിലും പല നേതാക്കളും അസൗകര്യം അറിയിക്കുകയായിരുന്നു. ഇതേതുടർന്നാണ് ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് യോഗം നടത്താൻ തീരുമാനിച്ചത്. നാളെ മാണിയുടെ വിഷയമാകും യുഡിഎഫ് ചർച്ച ചെയ്യുക. അതിന് ശേഷമാകും മാണി രാജിവയ്ക്കുകയെന്ന സൂചനയാണ് ഇപ്പോൾ കിട്ടുന്നത്. യുഡിഎഫ് നേതാക്കൾ മാണിയോട് രാജി വയ്ക്കുന്നതാണ് നല്ലതെന്ന് വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. കേരളാ കോൺഗ്രസിലെ പിജെ ജോസഫ് വിഭാഗവും എതിരായതോടെ മാണി രാജിവയ്ക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.

എല്ലാ നേതാക്കളുമായി ബന്ധപ്പെട്ടുവെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. നാളെ ഇക്കാര്യം യുഡിഎഫ് ചർച്ച ചെയ്യും. അതിന് ശേഷം തീരുമാനം അറിയിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് കക്ഷികൾ കൂടിയതാണ്. എല്ലാ നേതാക്കളുമായി ബന്ധപ്പെടണം. നാളെ എല്ലാവരും തിരുവനന്തപുരത്തേക്ക് വരും. അതിന് ശേഷം ചർച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതായത് നാളെ രാജിവയ്ക്കുമെന്ന സൂചനയാണ് മുഖ്യമന്ത്രിയും നൽകുന്നത്. കനത്ത പ്രതിസന്ധിയിലാണ് സർക്കാരെന്ന സൂചനയാണ് മുഖ്യമന്ത്രിയുടെ വാക്കുകളിലുമുള്ളത്. കെപിസിസിയും മാണിയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയോട് രാജി ചോദിച്ച് വാങ്ങാനാണ് കെപിസിസി നൽകിയിരിക്കുന്ന നിർദ്ദേശം.

പൂട്ടിയ ബാറുകൾ തുറക്കാനും തുറന്നവ പൂട്ടാതിരിക്കാനും മന്ത്രി മാണി അഞ്ചുകോടി ആവശ്യപ്പെട്ടെന്നും ഒരു കോടി വാങ്ങിയെന്നുമായിരുന്നു ആരോപണം. പരാതിയും കേസുമായി ആരോപണം ഒരു വർഷം നീണ്ടു. ഒരു വർഷക്കാലം മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്ന ആരോപണത്തിൽ മറ്റൊന്നുണ്ടായിട്ടില്ല. കുടത്തിൽനിന്ന് തുറന്നുവിട്ട ഭൂതത്തെപ്പോലെയായിരുന്നു പിന്നീട് ആരോപണങ്ങളും പ്രത്യാരോപണങ്ങളും. മാണിക്കുപിന്നാലെ മന്ത്രി കെ.ബാബുവിനെതിരെയും ആരോപണമുയർന്നു. 2014 ഒക്ടോബർ 30ന് സർക്കാരിന്റെ മദ്യനയം അംഗീകരിച്ച് 62 ബാറുകളൊഴികെ എല്ലാം പൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് ബാർവിഷയം വൻ ചർച്ചയായത്. കോടതിയുത്തരവിന് പിന്നാലെയായിരുന്നു ബിജുവിന്റെ വെളിപ്പെടുത്തൽ. ഇതിനിടെ പല അവസരങ്ങളിൽ മാണിക്ക് രാജി വയ്ക്കാൻ അവസരം ഉണ്ടായിരുന്നു. എന്നാൽ ഇതൊന്നും ഉപയോഗിക്കാതെ അധികാരത്തിൽ തുടരുകയായിരുന്നു. ഇപ്പോൾ കോൺ്ഗ്രസ് ഹൈക്കമാണ്ടും കൈവിട്ട് രാജിവയ്‌ക്കേണ്ട അവസ്ഥയിൽമ ാണി എത്തിയിരിക്കുന്നു.

ഇന്നത്തെ കോടതി വിധിയോടെ കെഎം മാണിയുടെ എല്ലാ പ്രതീക്ഷകളും പൊളിയുന്നു. ഹൈക്കോടതി ഉത്തരവോടെ കൂടെ നിന്നവരും മാണിയെ കൈവിട്ടു. ബാർ കേസിൽ ധനമന്ത്രി കെ.എം. മാണിക്കെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി എത്തിയത് തീർത്തും അപ്രതീക്ഷിതമായിരുന്നു. മാണി മന്ത്രിസ്ഥാനത്തു തുടരണോയെന്ന കാര്യം അദ്ദേഹം മനഃസാക്ഷിയനുസരിച്ചു തീരുമാനിക്കട്ടെയെന്നും, മന്ത്രിസ്ഥാനത്ത് അദ്ദേഹം തുടരുന്നതു ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സംസ്ഥാന സർക്കാറിന് ഏറ്റ കനത്ത തിരിച്ചടികൂടിയാണു ഹൈക്കോടതിയുടെ ഇന്നത്തെ നടപടികൾ. അതുകൊണ്ട് തന്നെ മാണിയുടെ രാജി അനിവാര്യമായ സാഹചര്യമാണ് ഹൈക്കോടതി ഉത്തരവ് ഉണ്ടാക്കുന്നത്. ഇതോടെയാണ് രാജി വയ്ക്കാൻ മാണിയോട് മുഖ്യമന്ത്രിക്ക് ആവശ്യപ്പെടേണ്ടി വന്നത്. കോൺഗ്രസ് ഹൈക്കമാണ്ടും ഇതിന് മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകി.

ഇത്രയും രൂക്ഷമായ സാഹചര്യം ഉണ്ടാകുമെന്ന് മാണി കരുതിയിരുന്നില്ല. വിജിലൻസ് കോടതി വിധിക്കെതിരെ അപ്പീൽ പോകാത്തതും തന്ത്രമായിരുന്നു. മാണിയുടെ അപ്പീൽ തള്ളിയാൽ അത് തിരിച്ചടി ഇരട്ടിയാക്കുമെന്ന നിലപാടായിരുന്നു ഇതിന് കാരണം. അതുകൊണ്ട് കൂടിയാണ് വിജിലൻസ് അപ്പീലുമായി പോയത്. വിജിലൻസ് കോടതി ഉത്തരവിനെ ചോദ്യം ചെയ്യരുതെന്നും ഡയറക്ടർക്ക് എതിരായ പരമാർശങ്ങൾ നീക്കുന്ന തരത്തിൽ റിവ്യൂ ഹർജി നൽകാനുമായിരുന്നു മാണിയുടെ നിർദ്ദേശം. എന്നാൽ ഹൈക്കോടതിയിൽ റിവിഷൻ എന്നത് റിട്ട് ഹർജിയായി. കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യവും ഉയർന്നു. ഇതോടെ കാര്യങ്ങൾ കൈവിട്ടു. കേസിന്റെ മെരിറ്റിലേക്ക് ഹൈക്കോടതിയും പോയി. എല്ലാ സീമകളും വിട്ട് കോടതി വിമർശനം ഉന്നയിക്കുകയും ചെയ്തു. ഇതോടെ കൂടെയുണ്ടായിരുന്ന മന്ത്രി പിജെ ജോസഫ് പോലും മാണിയെ കൈവിട്ടു. മാണി രാജിവയ്ക്കണെന്നും കോടതി വിധിയെ മാനിക്കണമെന്നും കേരളാ കോൺഗ്രസിലെ സഹപ്രവർത്തകർ പോലും ആവശ്യപ്പെട്ടു കഴിഞ്ഞു.

മാണിക്കെതിരെ ബിജു രമേശ് ബാർ കോഴയിൽ ആരോപണം ഉന്നയിച്ചതു മുതൽ രാജി ആവശ്യം മുന്നിലുണ്ട്. സത്യം തെളിയിക്കും വരെ മാണി മാറി നിൽക്കട്ടേ എന്നായിരുന്നു യുഡിഎഫിന്റെ പൊതുവികാരം. എന്നാൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭൂരിപക്ഷക്കുറവ് മാണി ആയുധമാക്കി. തന്നെ തൊട്ടാൽ സർക്കാർ വീഴുമെന്ന ഭീഷണി ഉയർത്തി. ഇതോടെ മുസ്ലിം ലീഗും മറ്റും മാണിക്കൊപ്പം ചേർന്നു. ബാർ കോഴയിലെ തന്ത്രശാലികളെ തുറന്നുകാട്ടി മാണി സ്‌കോർ ചെയ്തു. പിസി ജോർജിനെ പുറത്താക്കിയതോടെ താരവുമായി. അപ്പോഴൊക്കെ ക്വിക്ക് വെരിഫിക്കേഷന് ശേഷം മാണി രാജിവയ്ക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ക്വിക്ക് വെരിഫിക്കേഷന് ശേഷം എഫ് ഐ ആർ വന്നപ്പോഴും മാണി കുലുങ്ങിയില്ല. തൊടു ന്യായങ്ങൾ പറഞ്ഞു പിടിച്ചു നിന്നു. ഭൂരിപക്ഷക്കുറവ് കാരണം മുഖ്യമന്ത്രിക്കും ഉറച്ച നിലപാട് എടുത്തില്ല. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ജയത്തോടെ എല്ലാം അനുകൂലമാകുമെന്ന് കരുതി. കേസ് എഴുതി തള്ളാനുള്ള വിജിലൻസ് ഡയറക്ടറുടെ ഉത്തരവ് പ്രതീക്ഷയോടെ കണ്ടു.

എന്നാൽ എസ്‌പി സുകേശനെ പിണക്കിയത് വിനയായി. വിജിലൻസ് കോടതിക്ക് മുന്നിൽ താനെല്ലാം ചെയ്തു കഴിഞ്ഞെന്ന പരമാർശവും നടത്തി. ഈ സാഹചര്യത്തിൽ വന്ന വാർത്തകളും വിജിലൻസ് കോടതി ഗൗരവത്തോടെ കണ്ടിട്ടുണ്ടാകണം. ഇതോടെ കേസ് ഡയറിയെല്ലാം കോടതി വിളിച്ചു വരുത്തി. എല്ലാം സമൂലമായി പരിശോധിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന പരമാർശവുമായി കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. മാണിക്ക് രാജിവയ്‌ക്കേണ്ട എല്ലാ സാഹചര്യവും തുറന്നിടുന്നതായിരുന്നു കോടതി വിധി. അപ്പോഴും മാണി കുലുക്കമില്ലാതെ തുടർന്നു. ടൈറ്റാനിയവും പാമോയിലിനും എല്ലാം ഉയർത്തി മുഖ്യമന്ത്രി പ്രതിരോധം തീർത്തു. എല്ലാം തദ്ദേശ തെരഞ്ഞെടുപ്പ് വിധി നിശ്ചയിക്കുമെന്ന് മാണിക്കും അറിയാമായിരുന്നു. അതുകൊണ്ട് തന്നെ പാലയിലും കോട്ടയത്തും മാണി ആഞ്ഞു പ്രവർത്തിച്ചു.

കേരളം ആകെ യുഡിഎഫ് തോറ്റപ്പോഴും മാണിയുടെ കോട്ടകൾ കൈവിട്ടില്ല. അപ്പോഴും വിജയാഹ്ലാദത്തിൽ മാണിക്ക് രാജി വയ്ക്കാമായിരുന്നു. എന്നാൽ പാലയിലെ വിജയം ഉയർത്തി മന്ത്രി സ്ഥാനത്ത് തുടരാനായിരുന്നു മാണിയുടെ നീക്കം. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നത് അറിഞ്ഞു കൊണ്ട് തന്നെയായിരുന്നു ഇത്. മാണി രാജിവയ്‌ക്കേണ്ടതില്ലെന്ന് പിജെ ജോസഫ് ഈ ഘട്ടത്തിൽ പറഞ്ഞതും ഉയർത്തിക്കാട്ടി. എന്നാൽ ഹൈക്കോടതിയുടെ ഇപ്പോഴത്തെ വിധി മാണിയുടെ രാജിയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നു. ചർച്ചകൾക്കിടയിൽ മാണിയുടെ രാജിയെ കുറിച്ച് പലരും പറഞ്ഞത് അത് മനസാക്ഷി അനുസരിച്ച് എടുക്കേണ്ട തീരുമാനമെന്നായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയാണ് ഏറ്റവും രൂക്ഷമായി പ്രതികരിച്ചത്. രാജിവയ്ക്കാൻ താനല്ല മാണിയെന്നായിരുന്നു ആന്റണിയുടെ പ്രതികരണം.

ഇതെല്ലാം കേട്ടിട്ടും കേൾക്കാത്ത മാണിയെ തകർക്കുന്നതാണ് കോടതിയുടെ പരാമർശം. വിജിലൻസ് കോടതിയുടെ കണ്ടെത്തലുകൾ എല്ലാം ഹൈക്കോടതി ശരിവയ്ക്കുന്നു. അതായത് മാണി കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന് വിജിലൻസ് കോടതി കണ്ടെത്തൽ ശരിവയ്ക്കുകയാണ് ഹൈക്കോടതി. ഒപ്പം ചിലത് കൂടി പറഞ്ഞു. കെ.എം മാണി ധനമന്ത്രി സ്ഥാനത്ത് തുടരണോയെന്ന് അദ്ദേഹത്തിന്റെ മനസാക്ഷി തീരുമാനിക്കട്ടെയെന്ന് ജസ്റ്റിസ് ബി. കമാൽ പാഷ അഭിപ്രായപ്പെട്ടു. സീസറിന്റെ ഭാര്യ സംശയങ്ങൾക്ക് അതീതയായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ കഥ കഴിയുകയാണ്. ഈ പരമാർശം വന്നയുടൻ രാജി ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച് പിജെ ജോസഫ് തന്നെ രംഗത്ത് വന്നു. ഈ വിഷയം ചർച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കണമെന്നാണ് പിജെ ജോസഫിന്റെ പ്രതികരണം. മുസ്ലിം ലീഗും ആർഎസ്‌പിയും ജനതാദൾ വീരേന്ദ്രകുമാറും രാജി വയ്ക്കണമെന്ന ആവശ്യത്തിലാണ്. മുഖ്യമന്ത്രിയെ അവരും ഇക്കാര്യം അറിയിച്ചു കഴിഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP