Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അതിരപ്പിള്ളി പദ്ധതി ഏകപക്ഷീയമായി നടപ്പാക്കുന്നുവെന്ന പ്രചാരണം വാസ്തവവിരുദ്ധം; കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് പ്രതിപക്ഷ നേതാവും കൂട്ടരും ഇറങ്ങിയിരിക്കുന്നത്; കേന്ദ്രാനുമതികൾ പുതുക്കാൻ അപേക്ഷ നൽകാനാണ് കെഎസ്ഇബിക്ക് എൻഒസി നൽകിയത്; സമവായത്തിലൂടെ മാത്രമേ പദ്ധതി നടപ്പാക്കൂ എന്നും മന്ത്രി എം.എം.മണി; സർക്കാരിന്റെ ജനവഞ്ചനയെന്ന് രമേശ് ചെന്നിത്തല

അതിരപ്പിള്ളി പദ്ധതി ഏകപക്ഷീയമായി നടപ്പാക്കുന്നുവെന്ന പ്രചാരണം വാസ്തവവിരുദ്ധം; കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് പ്രതിപക്ഷ നേതാവും കൂട്ടരും ഇറങ്ങിയിരിക്കുന്നത്; കേന്ദ്രാനുമതികൾ പുതുക്കാൻ അപേക്ഷ നൽകാനാണ് കെഎസ്ഇബിക്ക് എൻഒസി നൽകിയത്; സമവായത്തിലൂടെ മാത്രമേ പദ്ധതി നടപ്പാക്കൂ എന്നും മന്ത്രി എം.എം.മണി; സർക്കാരിന്റെ ജനവഞ്ചനയെന്ന് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:അതിരപ്പിള്ളി പദ്ധതിക്ക് എൻഎസി കൊടുത്തുവെന്ന മട്ടിലുള്ള പ്രചാരണം വാസ്തവ വിരുദ്ധമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. പദ്ധതി സംബന്ധിച്ച് എതിർപ്പുകളെ അവഗണിച്ചുകൊണ്ട് സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോകുന്നു എന്ന തരത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ചില വാർത്തകൾ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ്,കെപിസിസി.പ്രസിഡന്റ്,ബിജെപി.സംസ്ഥാന പ്രസിഡന്റ് തുടങ്ങി പലരും പ്രസ്താവനകളും പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.യഥാർത്ഥത്തിൽ ഉണ്ടായിട്ടുള്ളത് എന്തെന്ന് അറിയാത്തതുകൊണ്ടോ അറിഞ്ഞിട്ടും കലക്കവെള്ളത്തിൽ മീൻ പിടിക്കാം എന്ന മനോഭാവം ഉള്ളതുകൊണ്ടോ ആണ് ഇത്തരം പ്രതികരണങ്ങൾ ഉണ്ടാകുന്നത്.

സെൻട്രൽ ഇലക്ട്രിസിറ്റി അഥോറിറ്റിയുടെ സാങ്കേതിക-സാമ്പത്തിക അനുമതി,കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിസ്ഥിതി-വനം അനുമതി തുടങ്ങി എല്ലാതരം അനുമതികളും ലഭിച്ചിട്ടുള്ള ഒരു പദ്ധതിയാണ് അതിരപ്പിള്ളി പദ്ധതി.ഈ അനുമതികളുടെ കാലാവധി തീരുന്നതിനാൽ അവ പുതുക്കുന്നതിന് അപേക്ഷ നൽകുന്നതിന് സംസ്ഥാനസർക്കാരിന്റെ എൻഒസി.ലഭ്യമാക്കണമെന്ന് കെ.എസ്.ഇ.ബി.അപേക്ഷിച്ചിരുന്നു.അതനുസരിച്ച് പദ്ധതിയുടെ അനുമതിക്കുള്ള അപേക്ഷയുമായി മുന്നോട്ടുപോകാൻ സർക്കാർ കെ.എസ്.ഇ.ബി.ക്ക് അനുമതി നൽകുകയുണ്ടായി.ഇതാണ് ഇപ്പോൾ പുതുതായെന്തോ ഉണ്ടായി എന്ന നിലയിൽ വാർത്ത സൃഷ്ടിക്കുന്നതിന് കാരണം.യഥാർത്ഥത്തിൽ ഇത് കാലാകാലങ്ങളിൽ നടക്കുന്ന ഒരു സാധാരണ നടപടിക്രമം മാത്രമാണ്.സമവായം ഉണ്ടായാൽ പദ്ധതി നടപ്പാക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്.പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല.അതുകൊണ്ടുതന്നെ പദ്ധതിയുടെ അനുമതികൾ പുതുക്കി നേടേണ്ടത് ആവശ്യമാണ് എന്നതിനാലാണ് സർക്കാർ കെ.എസ്.ഇ.ബി.ക്ക് എൻഒസി.നൽകിയിട്ടുള്ളത്.

അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തിൽ സർക്കാരിന്റെ നിലപാട് സുവ്യക്തമാണ്.ഇതുസംബന്ധിച്ച് ഇടതുപക്ഷമുന്നണിയിൽപ്പോലും ഒരു സമവായം ഉണ്ടായിട്ടില്ല.യു.ഡി.എഫിലും വ്യത്യസ്ഥ അഭിപ്രായങ്ങൾ ഉണ്ട്.ബിജെപിയിലും പദ്ധതി നടപ്പാക്കണമെന്നും നടപ്പാക്കരുതെന്നുമുള്ള അഭിപ്രായമുള്ളവർ ഉണ്ട്.ഇങ്ങിനെ തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സമവായം ഉണ്ടെങ്കിൽ പദ്ധതി നടപ്പാക്കാം എന്ന സമീപനം സർക്കാർ സ്വീകരിച്ചത്.സാധാരണ നടപടിക്രമം എന്ന നിലയിൽ അനുമതികൾ പുതുക്കി നേടുന്നതിന് പദ്ധതിക്ക് എൻഒസി.നൽകുന്നതിലൂടെ ഈ നിലപാടിൽ യാതൊരു വ്യത്യാസവും വന്നിട്ടില്ല.അല്ലാതുള്ള ചർച്ചകളെല്ലാം അനാവശ്യവും ദുരുദ്ദേശ പൂർവ്വവുമാണ്.

അതേസമയം, അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് എൻഒസി കൊടുത്തുകൊണ്ടുള്ള ഉത്തരവ് സർക്കാർ പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വൻപാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുകയും പ്രകൃതിയുടെ വരദാനമായ അതിമനോഹരമായ വെള്ളച്ചാട്ടത്തെ നശിപ്പിക്കുകയും ചെയ്യുന്ന ഈ പദ്ധതിക്ക് എൻഒസി കൊടുത്തത് തലമുറകളോട് കാട്ടിയ പാതകമാണ്.കോവിഡിന്റെ മറവിൽ എന്ത് തോന്നിയവാസവും സംസ്ഥാനത്ത് നടത്താമെന്ന അധികാരികളുടെ മനോഭാവത്തിന്റെ അവസാനത്തെ ഉദാഹരണമാണിത്.

സമാവായത്തിലൂടെ മാത്രമേ പദ്ധതി നടപ്പാക്കുകയുള്ളൂ എന്ന് നിയമസഭയിൽ വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞതാണ്. എന്നിട്ടും ഏകപക്ഷീയമായി പദ്ധതി നടപ്പാക്കാൻ സർക്കാർ നീങ്ങുന്നത് ജനവഞ്ചനയാണ്. അതിനെതിരെ ശക്തമായ പ്രക്ഷോഭം യു.ഡി.എഫിന്റെ ഭാഗത്ത് നിന്നുണ്ടാകും.കഴിഞ്ഞ വർഷങ്ങളിൽ രണ്ട് പ്രളയമാണ് നമ്മൾ നേരിട്ടത്. അതിന്റെ ആഘാതത്തിൽ നിന്ന് കേരളം ഇതുവരെ മോചിതമായിട്ടില്ല. അതോടൊപ്പം കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രശ്‌നങ്ങളും നമ്മളെ തുറിച്ച് നോക്കുന്നു. ഈ അവസരത്തിൽ പരിസ്ഥിതിക്ക് പോറലുപോലുമുണ്ടാക്കുന്ന ഒന്നിനെക്കുറിച്ചും കേരളത്തിന് ചിന്തിക്കാൻ പറ്റില്ല. പദ്ധതി നടപ്പായാൽ 140 ഹെക്ടർ വനഭൂമിയാണ് നഷ്ടപ്പെടുക. അപൂർവ്വമായ പക്ഷിമൃഗാദികളും മത്സ്യങ്ങളും സസ്യസമ്പത്തുമടങ്ങുന്ന ജൈവവൈവിദ്ധ്യം അപ്പാടെ നഷ്ടമാവും. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടും കസ്തൂരി രംഗൻ റിപ്പോർട്ടും ഈ പദ്ധതിയുടെ ആപത്ത് ചൂണ്ടിക്കാണിച്ചു തന്നിട്ടുണ്ട്.

കേരളത്തിൽ വൻപാരിസ്ഥിതിക ദുരന്തത്തിന് വഴി വയ്ക്കുന്ന ഈ പദ്ധതി ലാഭകരവുമാവുമല്ല. 163 മെഗാവാട്ട് ശേഷിയുള്ള ഈ പദ്ധതിക്ക് 300 കോടി രൂപയാണ് തുടക്കത്തിൽ ചെലവ് പ്രതീക്ഷിച്ചതെങ്കിലും ഇപ്പോൾ 1500-2000 കോടി വേണ്ടി വരും. പദ്ധതിയിൽ നിന്ന് ശരാശരി 200 ദശലക്ഷം വൈദ്യുതി മാത്രമാണ് ലഭിക്കുക. ഇതിന് യൂണിറ്റിന് 15 രൂപയെങ്കിലുമാകും.ലഭ്യമായ കണക്കനുസരിച്ച് 500 ദശലക്ഷം ഘനമീറ്റർ വെള്ളം മാത്രമേ പദ്ധതിക്കായി ലഭിക്കുകയുള്ളൂ. വൈദ്യുത നിലയം വെറും 12% സമയം മാത്രം പ്രവർത്തിപ്പിക്കാനേ ഇത് തികയൂ. കേന്ദ്ര സർക്കാരിന്റെ മാർഗ്ഗ രേഖ അനുസരിച്ച് 30% സമയമെങ്കിലും പ്രവർത്തിക്കണം. അതിരപ്പിള്ളി വനമേഖലയിലെ ഗോത്രവർഗമായ കാടർ ഇവിടെനിന്നും പുറത്താക്കപ്പെടും. ഇത് മനുഷ്യാവകാശ പ്രശ്നങ്ങളിലേക്കു വഴി തെളിക്കും. കുടിവെള്ളം ജലസേചനം എന്നിവക്കായി ചാലക്കുടി പുഴയെ ആശ്രയിക്കുന്ന അഞ്ച് ലക്ഷം ജനങ്ങളും പത്തൊമ്പത് പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലറ്റികളുമുണ്ട്. പദ്ധതി കുടിവെള്ള ജലസേചന സൗകര്യങ്ങൾ ഇല്ലാതാക്കും.
കേരളത്തിന്റെ നിലവിലുള്ള വൈദ്യുത പ്രശ്നങ്ങൾക്ക് ഒരു പരിഹാരവുമല്ല അതിരപ്പള്ളി പദ്ധതി. മാത്രമല്ല, സംസ്ഥാനത്തിന് കനത്ത സാമ്പത്തിക ബാദ്ധ്യതയും പ്രകൃതി നാശവും ഉണ്ടാക്കുകയും ചെയ്യും.

അതിരപ്പിള്ളിയിലെ ജനങ്ങൾ മാത്രമല്ല കേരളം ഒറ്റെക്കട്ടായി തന്നെ ഈ പദ്ധതിക്കെതിരെ അണിനിരക്കുമെന്നും യു ഡി എഫ് ഈ പദ്ധതി നടപ്പാക്കാൻ ഒരിക്കലും അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP