Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചുവരിൽ തെളിഞ്ഞ 'താമര'യെല്ലാം ഇനി 'കുട'ത്തിലാക്കണം; തുഷാർ മൽസരിക്കുമെന്നുറപ്പായതോടെ തൃശൂരിലെ എൻഡിഎക്കാർക്ക് ഇരട്ടിപണി; വരച്ചവർ തന്നെ മായ്ക്കട്ടേയെന്ന് ബിഡിജെഎസ് പ്രവർത്തകർ; ആവശ്യക്കാർ മായ്ക്കുമെന്ന് ബിജെപിയും

ചുവരിൽ തെളിഞ്ഞ 'താമര'യെല്ലാം ഇനി 'കുട'ത്തിലാക്കണം; തുഷാർ മൽസരിക്കുമെന്നുറപ്പായതോടെ തൃശൂരിലെ എൻഡിഎക്കാർക്ക് ഇരട്ടിപണി; വരച്ചവർ തന്നെ മായ്ക്കട്ടേയെന്ന് ബിഡിജെഎസ് പ്രവർത്തകർ; ആവശ്യക്കാർ മായ്ക്കുമെന്ന് ബിജെപിയും

കെ എം അക്‌ബർ

തൃശൂർ: ശക്തന്റെ തട്ടകത്തിൽ എൻഡിഎക്കു വേണ്ടി ബിഡിജെഎസ് പ്രതിനിധി മൽസരിക്കുമെന്നുറപ്പായതോടെ തൃശൂരിലെ എൻഡിഎക്കാർക്ക് ഇരട്ടിപണി. തൃശൂരിൽ സ്ഥാനാർത്ഥി ആരായിരിക്കണമെന്ന കാര്യത്തിൽ ബിജെപി-ബിഡിജെഎസ് ചർച്ച അവസാന മണിക്കൂറുകളിലേക്ക് കടന്ന സമയത്ത് ബിജെപിക്കാർ ചുവരിൽ വരച്ചിട്ട താമര ചിഹ്നം ഇനി മായ്ച്ചു കളയണം. പകരം ബിഡിജെഎസ് ചിഹ്നമായ കുടം വരച്ചു ചേർക്കുകയും വേണം. മണ്ഡലത്തിലെ വിവിധയിടങ്ങളിലായി നൂറുകണക്കിന് താമര ചിഹ്നങ്ങളാണ് ബിജെപി പ്രവർത്തകർ മനോഹരമായി വരച്ചിട്ടത്. സ്ഥാനാർത്ഥിയുടെ പേര് എഴുതാതേയായിരുന്നു ചുവരെഴുത്ത് പ്രചാരണം. എൻഡിഎ സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്നായിരുന്നു താമര ചിഹ്നത്തോടൊപ്പമുള്ള എഴുത്ത്. കൂടാതെ പാർലമെന്റ്, മണ്ഡലം, ബൂത്ത് കമ്മിറ്റികൾ സജീവമായി രംഗത്തിറങ്ങി.

ബൂത്ത് കൺവൻഷനുകളും ഒരു റൗണ്ട് പൂർത്തിയാക്കി. ഇവിടേയെല്ലാം പറഞ്ഞത് സ്ഥാനാർത്ഥി ആരുമായിക്കൊള്ളട്ടേ... ചിഹ്നം താമര തന്നെ. അത്രയും ആത്മവിശ്വാസത്തിലായിരുന്നു ജില്ലയിലെ ബിജെപി ക്യാംപ്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ തൃശൂരിൽ മൽസരിക്കുമെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ കണക്കുക്കൂട്ടൽ. ഈ വിശ്വാസത്തിൽ തന്നേയായിരുന്നു സുരേന്ദ്രൻ മൂന്നു വർഷമായി തൃശൂരിൽ നിരന്തരം ക്യാംപ് ചെയ്തിരുന്നതും. തൃശൂർ സീറ്റ് കെ സുരേന്ദ്രൻ ഉറപ്പിച്ച മട്ടിലായിരുന്നു മുന്നൊരുക്കങ്ങൾ. കഴിഞ്ഞ രണ്ടു മാസത്തിനിടെ വിളിച്ചത് 500 കുടുംബ യോഗങ്ങളിൽ ഭൂരിഭാഗം കുടുംബയോഗങ്ങളിലും കെ സുരേന്ദ്രൻ പങ്കെടുക്കുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ രണ്ടു ലക്ഷത്തിലേറെ വോട്ട് കിട്ടിയത് ബിജെപിയുടെ പ്രതീക്ഷകൾ വർധിപ്പിച്ചിരുന്നു. സുരേന്ദ്രൻ കൂടി വന്നാൽ തൃശൂരിൽ ബിജെപിക്ക് വിജയിക്കാൻ കഴിയുകയോ അല്ലെങ്കിൽ രണ്ടാം സ്ഥാനത്തെത്താൻ കഴിയുമെന്നും അവർ ഉറപ്പിച്ചു. കണക്കുകൂട്ടലുകൾ കൃത്യമാവണമെങ്കിൽ ഒരു കാര്യവും ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ മാസങ്ങൾക്കു മുമ്പ് തന്നെ അറിയിച്ചിരുന്നു. സ്ഥാനാർത്ഥിയായി കെ സുരേന്ദ്രൻ വരികയും വേണം. ഇതോടെ സ്ഥാനാർത്ഥിയായി സുരേന്ദ്രൻ തന്നെ തൃശൂരിൽ മൽസരിക്കുമെന്ന് സംസ്ഥാന നേതാക്കൾ ഉറപ്പുനൽകുകയും ചെയ്തു. ഇതിനിടെയാണ്, തുഷാർ വെള്ളാപ്പള്ളിയുടെ രംഗപ്രവേശം.

ബിജെപി കേന്ദ്ര നേതൃത്വം ഘടകക്ഷിയായ ബിഡിജെഎസിന്റെ പ്രധാന നേതാവിനോട് മൽസരിക്കാൻ ആവശ്യപ്പെട്ടു. ഇതോടെ തുഷാറിന്റെ ഉന്നം തൃശൂർ സീറ്റിലേക്കായി. തൃശൂർ സീറ്റ് കിട്ടിയാൽ മാത്രമേ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളുവെന്ന് തുഷാർ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. ഇതിനിടയിലാണ് ടോം വടക്കൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ അംഗത്വമെടുക്കുന്നതും തൃശൂരിൽ സ്ഥാനാർത്ഥിയായേക്കുമെന്ന് പ്രചാരണം ശക്തമായതും. ഇതോടെ ടോം വടക്കൻ സ്ഥാനാർത്ഥിയാകുന്നതിനെതിരേ സുരേന്ദ്രൻ വിഭാഗം രംഗത്തെത്തി. കോൺഗ്രസ് പ്രവർത്തകർക്ക് പോലും വേണ്ടാത്ത ടോം വടക്കനെ സ്ഥാനാർത്ഥിയാക്കുന്നത് തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാകുമെന്ന് സുരേന്ദ്രൻ വിഭാഗം തന്നെ നേതൃത്വത്തെ അറിയിച്ചു. അതോടെ ആ പ്രചാരണം വേഗത്തിൽ കെട്ടടങ്ങി. പിന്നീട് ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന തൃശൂരിൽ തുഷാർ സ്ഥാനാർത്ഥിയാകുന്നത് തടയിടാനായുള്ള തന്ത്രമെന്നോണം ബിജെപി പ്രവർത്തകർ താമര ചിഹ്നം വരച്ചിട്ടു. ഇതോടെ ബിഡിജെഎസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ പ്രചാരണത്തിൽ നിന്നും ബിജെപി പ്രവർത്തകർ പിന്മാറിയില്ല. അവർ താമര ചിഹ്നം വരച്ചു കൊണ്ടേയിരുന്നു. ഇതിനിടയിലാണ് തൃശൂരിൽ എൻഡിഎക്ക് വേണ്ടി ബിഡിജെഎസ് സ്ഥാനാർത്ഥിയായി തുഷാർ വെള്ളാപ്പള്ളി മൽസരിച്ചേക്കുമെന്ന വിശ്വസനീയമായ വാർത്ത വന്നത്. അതോടെ ജില്ലാ നേതൃത്വം തങ്ങളെ നാണംകൊടുത്തിയെന്നും ഇനി പ്രചാരണ രംഗത്തേക്ക് തങ്ങളില്ലെന്നും പറഞ്ഞ് പ്രവർത്തകർ പ്രചാരണം നിർത്തിവെച്ച് മടങ്ങി. ബിജെപിയുടെ എ ക്ലാസ് മണ്ഡലം തുഷാർ പിടിച്ചെടുത്തത്തോടെ ഇതുവരെ വരച്ചിട്ട താമര ചിഹ്നം മാറ്റിവരയ്ക്കേണ്ട ഗതികേടിലാണ് ബിജെപി പ്രവർത്തകർ. അതേസമയം വരച്ചവർ തന്നെ മായ്ക്കട്ടേയെന്നാണ് ബിഡിജെഎസ് പ്രവർത്തകരുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP