Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിയമസഭാ സീറ്റ് നിഷേധിച്ച് ആദ്യ അടി; ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി രണ്ടാമത്തെ വെട്ട്; ഒടുവിൽ കെപിസിസി ജന.സെക്രട്ടറി ആയപ്പോൾ തട്ടിക്കൂട്ട് സ്വീകരണമൊരുക്കി നാണം കെടുത്താൻ നാടകം; ആര്യാടൻ ഷൗക്കത്തിനെ വെട്ടാൻ കരുനീക്കം അവസാന നിമിഷം വരെ

നിയമസഭാ സീറ്റ് നിഷേധിച്ച് ആദ്യ അടി; ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി രണ്ടാമത്തെ വെട്ട്; ഒടുവിൽ കെപിസിസി ജന.സെക്രട്ടറി ആയപ്പോൾ തട്ടിക്കൂട്ട് സ്വീകരണമൊരുക്കി നാണം കെടുത്താൻ നാടകം; ആര്യാടൻ ഷൗക്കത്തിനെ വെട്ടാൻ കരുനീക്കം അവസാന നിമിഷം വരെ

ജംഷാദ് മലപ്പുറം

മലപ്പുറം: നിലമ്പൂരിൽ മത്സരിക്കാൻ സീറ്റു നിഷേധിച്ചപ്പോൾ സമവായമായി നൽകിയ ഡി.സി.സി പ്രസിഡന്റ് സ്ഥാനവും തട്ടിപ്പറിച്ചിട്ടും മതിവരാതെ കെപിസിസി ജനറൽ സെക്രട്ടറിയായ ആര്യാടൻ ഷൗക്കത്തിന് തണുപ്പൻ സ്വീകരണം നൽകി നാണംകെടുത്താൻ കരുനീക്കിയവർ നാണം കെട്ടു. കേട്ടറിഞ്ഞ് ഒഴുകിയെത്തിയ കോൺഗ്രസ് പ്രവർത്തകർ ആര്യാടൻ ഷൗക്കത്തിനെ ചുമലിലേറ്റി ആവേശക്കാഴ്ച ഒരുക്കിയപ്പോൾ നാണംകെട്ടത് കുതികാൽവെട്ടാൻ കരുനീക്കിയവരാണ്. അത്യന്തം നാടകീയ രംഗങ്ങൾക്കാണ് ഇന്ന് മലപ്പുറം ഡി.സി.സി ഓഫീസ് സാക്ഷ്യം വഹിച്ചത്.

ഇന്ധനവില വർധനക്കെതിരെ ഡി.സി.സിയുടെ നേതൃത്വത്തിലുള്ള സമരം കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇതോടൊപ്പം ഭാരവാഹികളെപ്പോലും അറിയിക്കാതെ തിടുക്കപ്പെട്ടാണ് ജില്ലയിലെ കെപിസിസി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്തിനും ആലിപ്പറ്റ ജമീലക്കും സ്വീകരണം ഒരുക്കിയത്. സ്വീകരണവിവരം ഡി.സി.സിയുടെ വാർത്തകൾ മാധ്യമപ്രവർത്തകരെ അറിയിക്കുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പോലും നൽകിയില്ല. പാർട്ടിപത്രമായ വീക്ഷണത്തിലും വാർത്ത നൽകിയില്ല. രാവിലെയാണ് ഭാരവാഹികളും പ്രവർത്തകരുംപോലും വിവരമറിഞ്ഞത്.

ആളില്ലാത്ത തണുപ്പൻ സ്വീകരണം നൽകി ആര്യാടൻ ഷൗക്കത്തിനെ നാണംകെടുത്താനുള്ള അണിയറ നീക്കമാണ് അരങ്ങേറിയത്. എന്നാൽ രാവിലെ വിവരമറിഞ്ഞ് എത്തിയ നേതാക്കളും പ്രവർത്തകരും സ്വീകരണത്തിന് ആവേശക്കാഴ്ചയൊരുക്കി. ആര്യാടൻ ഷൗക്കത്തിനെ മുദ്രാവാക്യം വിളികളുമായി ചുമലിലേറ്റിയാണ് പ്രവർത്തകർ ഡി.സി.സി ഓഫീസിലെത്തിച്ചത്. സമ്മേളനഹാളും ഓഫീസും പ്രവർത്തകരെകൊണ്ട് നിറഞ്ഞ്കവിഞ്ഞു.

വി എസ് ജോയിയെ ഡി.സി.സി പ്രസിഡന്റായി നോമിനേറ്റ് ചെയ്തപ്പോൾ ഒരാഴ്ച കഴിഞ്ഞാണ് സ്ഥാനമേറ്റെടുക്കലും സ്വീകരണ ചടങ്ങും സംഘടിപ്പിച്ചത്. അന്നുപോലുമില്ലാത്ത ആവേശമാണ് മുന്നൊരുക്കമില്ലാതെ ഞൊടിയിടയിൽ നടത്തിയ സ്വീകരണത്തിലുണ്ടായത്.
ആര്യാടൻ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കാതിരിക്കാൻ എ.പി അനിൽകുമാർ എംഎ‍ൽഎയുടെ നേതൃത്വത്തിൽ ശക്തമായ കരുനീക്കങ്ങളാണ് നടത്തിയത്. ആര്യാടനെ തഴഞ്ഞ് മലപ്പുറത്ത് കോൺഗ്രസിന്റെ അവസാനവാക്കാകാൻ അനിൽകുമാർ നടത്തിയ നീക്കങ്ങളാണ് ജില്ലയിലെ കോൺഗ്രസിൽ കലാപക്കൊടി ഉയർത്തിയത്.

സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ കരുത്തിലാണ് അനിൽകുമാർ കരുനീക്കിയത്. നിലമ്പൂരിൽ നിയമസഭാ സീറ്റ് വി.വി പ്രകാശിന് നൽകിയപ്പോൾ ആര്യാടൻ ഷൗക്കത്തിന് ഡി.സി.സി പ്രസിഡന്റ് സ്ഥാനമെന്ന സമവായ ഫോർമുല എ.ഐ.സി.സിയുടെ അനുമതിയോടെ നടപ്പാക്കാൻ തീരുമാനിച്ചു.ആര്യാടന് പകരം രണ്ടാം ആര്യാടൻ വരുന്നതിൽ മുസ്ലിം ലീഗ് ഇടഞ്ഞതോടെ ആര്യാടൻ ഷൗക്കത്തിന്റെ ഡി.സി.സി പ്രസിഡന്റ് സ്ഥാനം ത്രിശങ്കുവിലായി. ഒടുവിൽ എ.കെ ആന്റണി കടുത്ത നിലപാടെടുത്തതോടെയാണ് ആര്യാടൻ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കിയത്. ആര്യാടൻ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കിയതിൽ കെപിസിസി ജനറൽ സെക്രട്ടറി ഇ. മുഹമ്മദ്കുഞ്ഞി പരസ്യപ്രതികരണം നടത്തുകയും കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന വി എസ് ജോയി ചടങ്ങിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ജില്ലയിൽ ഉടനീളം ഓടിനടന്ന് പ്രവർത്തിച്ച് ആവേശം വിതറിയ ആര്യാടൻ ഷൗക്കത്തിനെ വോട്ടെടുപ്പ് കഴിഞ്ഞതോടെ 20 ദിവസം കൊണ്ടുതന്നെ മാറ്റി പകരം വി.വി പ്രകാശിനെ ഡി.സി.സി പ്രസിഡന്റാക്കി. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കടുത്ത അതൃപ്തിയറിയിച്ചെങ്കിലും ഡി.സി.സി പുനഃസംഘടനയിൽ ആര്യാടൻ ഷൗക്കത്ത് തന്നെ എന്ന ഉറപ്പ് നേതൃത്വം വീണ്ടും നൽകി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഹൃദയാഘാതത്തെ തുടർന്ന് വി.വി പ്രകാശ് മരണപ്പെട്ടതോടെ വീണ്ടും ആര്യാടൻ ഷൗക്കത്തിനെ വെട്ടി എ ഗ്രൂപ്പ് വിട്ട് എ.പി അനിൽകുമാറിനൊപ്പം പോയ ഇ. മുഹമ്മദ്കുഞ്ഞിയെ താൽക്കാലിക പ്രസിഡന്റാക്കി.

മലപ്പുറം ജില്ലയിലെ എ ഗ്രൂപ്പ് നേതൃത്വവും ഭൂരിപക്ഷം ഡി.സി.സി ഭാരവാഹികളും ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരും ആര്യാടൻ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കണമെന്നാണ് നിലപാടെടുത്ത്. എ.ഐ.സി.സി നേതൃത്വത്തിനും കെപിസിസിക്കും നിവേദനവും നൽകി. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി അജയ്‌മോഹന്റെ നേതൃത്വത്തിൽ ഐ ഗ്രൂപ്പിൽ എ.പി അനിൽകുമാറിനെതിരെയുള്ള വിഭാഗവും ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്യാടൻ ഷൗക്കത്തിനെയാണ് പിന്തുണച്ചത്.

എന്നാൽ ആര്യാടൻ ഷൗക്കത്തിനെ വെട്ടാൻ പ്രായംകുറഞ്ഞ ഡി.സി.സി പ്രസിഡന്റെന്ന പേരിൽ എ ഗ്രൂപ്പിൽ നിന്നും വി എസ് ജോയിയെ അടർത്തിയെടുത്ത് ഡി.സി.സി പ്രസിഡന്റാക്കുകയായിരുന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റായശേഷം യൂത്ത്‌കോൺഗ്രസിൽ പ്രവർത്തിക്കാതെയാണ് ജോയി കെപിസിസി ജനറൽ സെക്രട്ടറിയായത്. തൊട്ടുപിന്നാലെ ഡി.സി.സി പ്രസിഡന്റ് സ്ഥാനം നൽകിയതിൽ ജില്ലയിലെ യൂത്ത്‌കോൺഗ്രസ് നേതൃത്വവും പ്രതിഷേധത്തിലായിരുന്നു. നിരവധി പൊലീസ് മർദ്ദനങ്ങൾക്കിരയായ സമരമുഖങ്ങളിലെ ശക്തമായ സാന്നിധ്യമായിരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി അടക്കമുള്ളവരെ തഴഞ്ഞായിരുന്നു ജോയിയുടെ നിയമനം. ഡി.സി.സി പ്രസിഡന്റ് സ്ഥാനം നഷ്ടമായിട്ടും പ്രതികരിക്കാതെ സ്വീകരണചടങ്ങിലും പാർട്ടിപരിപാടികളിലും സജീവമായിരുന്നു ആര്യാടൻ ഷൗക്കത്ത്.

കെപിസിസി പുനഃസംഘടനയിൽ അവസാനനിമിഷവും ആര്യാടൻ ഷൗക്കത്തിനെ വെട്ടാൻ കരുനീക്കമുണ്ടായിരുന്നു. മുസ്ലിം വനിതയെ ജനറൽ സെക്രട്ടറിയാക്കി വെട്ടാനായിരുന്നു നീക്കം. മലപ്പുറത്ത് കോൺഗ്രസിന്റെ അസ്തിത്വം പണയംവെക്കുന്ന തീരുമാനമുണ്ടാകരുതെന്ന കടുത്ത നിലപാടാണ് ഉമ്മൻ ചാണ്ടി സ്വീകരിച്ചത്.മുസ്ലിം ലീഗിന്റെ താൽപര്യത്തിനനുസരിച്ചല്ല കോൺഗ്രസ് നേതൃത്വത്തെ തീരുമാനിക്കേണ്ടതെന്ന നിലപാട് എ.കെ ആന്റണിയും പ്രകടിപ്പിച്ചു. മുസ്ലിം ലീഗിന്റെ അപ്രമാദിത്യത്തിനെതിരെ പൊരുതിയാണ് മലപ്പുറം ജില്ലയിൽ ആര്യാടൻ മുഹമ്മദ് കോൺഗ്രസിനെ വളർത്തിയത്. ഇന്ത്യാ വിഭജനത്തെ ശക്തിയുക്തം എതിർത്ത് വർഗീയതക്കും തീവ്രവാദത്തിനുമെതിരെ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ മതേതരനിലപാട് ഉയർത്തിപ്പിടിക്കുന്ന ദേശീയ മുസ്ലിം ധാരക്കൊപ്പം നിന്ന നേതാവാണ് ആര്യാടൻ. ആര്യാടന്റെ മതേതര നിലപാട് മുറുകെ പിടിച്ചാണ് ഷൗക്കത്തും രാഷ്ട്രീയ പ്രവർത്തനം നടത്തിയത്.

നിലമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയർമായിരിക്കെ നൂതനമായ വിദ്യാഭ്യാസ, ആര്യോഗ്യ, സാമൂഹിക വികസന പദ്ധതികളിലൂടെ ഇന്ത്യയിലെ മികച്ച പഞ്ചായത്തും നഗരസഭയുമായി നിലമ്പൂരിനെ മാറ്റിയ കഴിവുറ്റ ഭരണാധികാരികൂടിയാണ് ആര്യാടൻ ഷൗക്കത്ത്. നിലവിൽ കെപിസിസി സാംസ്കാരിക വിഭാഗമായ സംസ്‌ക്കാര സാഹിതിയുടെ സംസ്ഥാന ചെയർമാനാണ്. മൂന്നു വർഷം കൊണ്ട് തെരുവുനാടകങ്ങളും കലാരൂപങ്ങളുമായി കാസർകോട്ടുനിന്നും തിരുവനന്തപുരത്തേക്ക് സംസ്‌ക്കാര സാഹിതിയുടെ അഞ്ച് കലാജാഥകൾ നടത്തിയ മികച്ച സംഘാടകൻകൂടിയാണ്.

രാജീവ്ഗാന്ധി പഞ്ചായത്തീരാജ് സംഘധൻ മുൻ ദേശീയ കൺവീനർകൂടിയാണ്. കോൺഗ്രസ് നേതാവ് എന്നതിനപ്പുറം സംസ്ഥാന, ദേശീയ അവാർഡ് ജോതാവായ സിനിമാ കഥാ, തിരക്കഥാകൃത്തും നിർമ്മാതാവും കൂടിയാണ്. പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തിൽ, വിലാപങ്ങൾക്കപ്പുറം എന്നീ മൂന്ന് സിനിമകൾക്ക് മികച്ച കഥക്കും തിരക്കഥക്കും സിനിമക്കുമുള്ള സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നാലാമത്തെ സിനിമയായ വർത്തമാനത്തിലൂടെ കാമ്പസുകളിലെ വെറുപ്പിന്റെ രാഷ്ട്രീയത്തെയാണ് ചോദ്യം ചെയ്തത്. പതിനാലാം വയസിൽ മാനവേദൻ സ്‌കൂളിൽ പാർലമെന്റ് ലീഡറായ ഷൗക്കത്ത്, കെ.എസ്.യു ഏറനാട് താലൂക്ക് സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹി, കെപിസിസി മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മികച്ച സംഘാടകനായ ആര്യാടൻ ഷൗക്കത്തിന്റെ കരങ്ങളിൽ ജില്ലയിലെ എ ഗ്രൂപ്പ് നേതൃത്വം എത്തുന്നതാണ് കോൺഗ്രസിലെ എതിരാളികളെ അസ്വസ്ഥരാക്കുന്നത്.

കെ.കരുണാകരൻ പ്രതാപശാലിയായ മുഖ്യമന്ത്രിയായിരുന്ന കാലത്തും എംപി ഗംഗാധരനും പി.ടി മോഹനകൃഷ്ണനും ടി.കെ ഹംസയുമടക്കമുള്ളവർ ഐ ഗ്രൂപ്പിൽ അണിനിരന്നിട്ടും കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ ആര്യാടനനും എ ഗ്രൂപ്പിനുമൊപ്പം അടിയുറച്ചുനിന്ന ജില്ലയാണ് മലപ്പുറം. നേതാക്കന്മാരുടെ ഇഷ്ടക്കാരെ ഭാരവാഹികളാക്കുന്ന നോമിനേഷൻ രീതിവിട്ട് കോൺഗ്രസ് സംഘടനാതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതോടെ മലപ്പുറത്ത് കോൺഗ്രസിൽ മാറ്റത്തിന്റെ കാറ്റ് വീശുകയാണ്. ഇതിന്റെ മാറ്റൊലിയാണ് നാണംകെടുത്താൻ ഒരുക്കിയ സ്വീകരണം ആവേശതിമർപ്പാക്കിയ പ്രവർത്തകരുടെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP