Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമാക്കേണ്ട, നേതൃത്വത്തെ ഞാൻ കുറ്റപ്പെടുത്തിയില്ല; കോൺഗ്രസ് മൂല്യങ്ങൾ പണയം വെക്കില്ലെന്നാണ് പറഞ്ഞത്; പിന്നിൽ നിന്നും കഠാരയിറക്കി കീഴ്‌പ്പെടുത്തിയെന്ന ഫേസ്‌ബുക്ക് പോസ്റ്റിൽ വിശദീകരണവുമായി ആര്യാടൻ ഷൗക്കത്ത്

തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമാക്കേണ്ട, നേതൃത്വത്തെ ഞാൻ കുറ്റപ്പെടുത്തിയില്ല; കോൺഗ്രസ് മൂല്യങ്ങൾ പണയം വെക്കില്ലെന്നാണ് പറഞ്ഞത്; പിന്നിൽ നിന്നും കഠാരയിറക്കി കീഴ്‌പ്പെടുത്തിയെന്ന ഫേസ്‌ബുക്ക് പോസ്റ്റിൽ വിശദീകരണവുമായി ആര്യാടൻ ഷൗക്കത്ത്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പദവികൾക്കുവേണ്ടി മതേതര മൂല്യങ്ങൾ അടിയറവ് വെക്കില്ലെന്ന ഫേസ്‌ബുക്ക് നേതൃത്വത്തിന് എതിരായ വിമർശനമായി വ്യാഖ്യാനിക്കപ്പെട്ടതോടെ തന്റെ വാക്കുകൾക്ക് വിശദീകരണവുമായി കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് രംഗത്തെത്തി. തന്റെ പോസ്റ്റ് വിവാദമാക്കേണ്ടതില്ലെന്നും കോൺഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തി ഒന്നുംതന്നെ പറഞ്ഞിട്ടില്ലെന്നും ആര്യാടൻ ഷൗക്കത്ത് വിശദീകരിച്ചു.

ഡിസിസി അധ്യക്ഷൻ വിവി പ്രകാശ് നിലമ്പൂർ സ്ഥാനാർത്ഥിയായപ്പോൾ ഷൗക്കതിന് നൽകിയ താൽക്കാലിക ചുമതല തെരഞ്ഞെടുപ്പിന് ശേഷം തിരിച്ചെടുത്തതിന്റെ വിമർശനമായാണ് ഷൗക്കത് കഴിഞ്ഞ ഗിവസം ഫേസ്‌ബുക്ക് പോസ്റ്റിട്ടതെന്ന് പരക്കെ വിലയിരുത്തലുണ്ടായിരുന്നു. പോസ്റ്റ് വിവാദമായതോടെ കോൺഗ്രസിന് ഒരു പൈതൃകം ഉണ്ട് എന്നാണ് താൻ ഉദ്ദേശിച്ചതെന്നും മറ്റെന്തിനേക്കാളും പ്രധാനം അതാണെന്നും ഷൗക്കത് വിശദീകരണം നൽകുകയായിരുന്നു. ഫേസ്‌ബുക്ക് പോസ്റ്റ് കോൺഗ്രസ് നേതൃത്വത്തിനെതിരായ ഒളിയമ്പാണെന്ന വാദവും ആര്യാടൻ ഷൗക്കത് തള്ളി.

ആര്യാടൻ ഷൗക്കത്ത് കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ കുറിച്ചത്:

പിന്നിൽ നിന്നും കഠാരയിറക്കി കീഴ്‌പ്പെടുത്തി കഴിവ്‌കെട്ട യോദ്ധാവെന്ന് മുദ്രകുത്താം. പദവികളുടെ പടി വാതിലടച്ച് പുറത്ത് നിർത്താം. പദവികൾക്ക് വേണ്ടി മതേതര മൂല്യങ്ങൾ പണയം വെച്ച്, മതാത്മക രാഷ്ട്രീയത്തിന്റെ ഉപജാപങ്ങൾക്ക് മുന്നിൽ മുട്ടിലിഴയുന്നവർ അറിയുക. ഇനിയും ഒരുപാട് തോറ്റാലും ശരി, നാടിന്റെ മോചനം സാധ്യമാക്കിയ ദേശീയ കുലത്തിന്റെ ആത്മാഭിമാനം കളങ്കപ്പെടുത്തി ആരുടെ മുന്നിലും കീഴ്‌പ്പെടാനില്ല. ഇനിയും നടക്കാനേറെയുണ്ട്. ഒട്ടേറെ സൂര്യോദയങ്ങൾ കാണാനുണ്ട്.

തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ആര്യാടൻ ഷൗക്കത്തിന് നൽകിയ മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും വി.വി.പ്രകാശിനെ നിയോഗിച്ചിരുന്നു. ഷൗക്കത്തിന് നൽകിയ താൽക്കാലിക പദവി തിരിച്ചെടുത്തതോടെ കടുത്ത അമർഷമാണ് പാർട്ടിക്കുള്ളിൽ ഉണ്ടായിരിക്കുന്നത്. നേരത്തേ സീറ്റുതർക്കത്തിന്റെ ഭാഗമായാണ്, ഒരു നീക്കുപോക്കെന്ന നിലയിൽ ഷൗക്കത്തിന് ഡി.സി.സി. പ്രസിഡന്റ് സ്ഥാനം നൽകിയത്. അഞ്ചു ജില്ലകളിലെ ഡി.സി.സി. പ്രസിഡന്റുമാരെ തിരഞ്ഞെടുപ്പു കാലത്ത് തത്സ്ഥാനത്തുനിന്ന് നീക്കിയിരുന്നെങ്കിലും മലപ്പുറത്തെ മാറ്റം ഒരു പ്രത്യേക സാഹചര്യത്തിലായിരുന്നു.

നിലമ്പൂർ സീറ്റിനുവേണ്ടി വി.വി. പ്രകാശും ആര്യാടൻ ഷൗക്കത്തും തമ്മിലുണ്ടായിരുന്ന തർക്കം സംസ്ഥാനതലത്തിൽ തന്നെ കോൺഗ്രസ്സിന് വലിയ തലവേദനയായിരുന്നു. ഇതിനെത്തുടർന്ന് സ്ഥാനാർത്ഥിനിർണയം നീണ്ടുപോവുകയുംചെയ്തു. കഴിഞ്ഞതവണ ഷൗക്കത്തിനുവേണ്ടി ഒഴിഞ്ഞുകൊടുത്തതിനാൽ ഇത്തവണ മാറിനിൽക്കാൻ തയ്യാറല്ലെന്ന് വി.വി പ്രകാശും നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കുമെന്ന് ഷൗക്കത്തും നിലപാടെടുത്തതോടെയാണ് നേതൃത്വം കുഴങ്ങിയത്.

ഷൗക്കത്തിന് പട്ടാമ്പി സീറ്റ് വാഗ്ദാനംചെയ്‌തെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. അതോടെയാണ് ഡി.സി.സി. പ്രസിഡന്റായി നിയമിച്ചത്. താത്കാലിക ഡി.സി.സി. പ്രസിഡന്റ് സ്ഥാനത്തിനുവേണ്ടി പട്ടാമ്പി സീറ്റ് തിരസ്‌കരിച്ചത് രാഷ്ട്രീയ മണ്ടത്തരമായിപ്പോയെന്ന ചിന്തയാണ് ഷൗക്കത്തിനും അദ്ദേഹത്തെ അനുകൂലിക്കുന്നവർക്കും.

കെപിസിസി. പ്രസിഡന്റിന്റെ അറിയിപ്പ് വന്നയുടൻ, ഡി.സി.സി. പ്രസിഡന്റിന്റെ ചുമതല നിർവഹിക്കാൻ 20 ദിവസം അവസരം തന്നതിന് നന്ദി രേഖപ്പെടുത്തി ഷൗക്കത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റുണ്ടായിരുന്നു. നിലമ്പൂരിൽ യു.ഡി.എഫ്. വിജയിച്ചാൽ വീണ്ടും ഡി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് ഷൗക്കത്തിനുതന്നെ നറുക്കുവീണേക്കാം. എന്നാൽ സീറ്റ് നഷ്ടപ്പെട്ടാൽ ഷൗക്കത്തിന് എന്തുസ്ഥാനം കൊടുക്കണമെന്ന കാര്യത്തിൽ തർക്കം ഉടലെടുത്തേക്കും. ഷൗക്കത്ത് ഡിസിസി അധ്യക്ഷനാകുന്നതിൽ എതിർപ്പുള്ളത് മുസ്ലിംലീഗുകാർക്കാണ്. അദ്ദേഹവുമായി ഒരുമിച്ചു പോകാൻ സാധിക്കില്ലെന്നാണ് ലീഗിലെ ചില നേതാക്കൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP