Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആര്യാടന്റെ വഴിയിൽ കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ചരിത്ര നിയോഗവുമായി മകൻ ആര്യാടൻ ഷൗക്കത്ത്; നിയമസഭ സീറ്റ് നിഷേധിച്ചപ്പോൾ പകരം നൽകിയ ഡി.സി.സി പ്രസിഡന്റ് സ്ഥാനം തട്ടിപ്പറിച്ചെടുത്തു നേതൃത്വം; കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം അർഹതയുടെ അംഗീകാരമാകുമ്പോൾ

ആര്യാടന്റെ വഴിയിൽ കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ചരിത്ര നിയോഗവുമായി മകൻ ആര്യാടൻ ഷൗക്കത്ത്; നിയമസഭ സീറ്റ് നിഷേധിച്ചപ്പോൾ പകരം നൽകിയ ഡി.സി.സി പ്രസിഡന്റ് സ്ഥാനം തട്ടിപ്പറിച്ചെടുത്തു നേതൃത്വം; കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം അർഹതയുടെ അംഗീകാരമാകുമ്പോൾ

ജംഷാദ് മലപ്പുറം

മലപ്പുറം: അടിയുറച്ച മതേതരനിലപാട് ഉയർത്തിപ്പിടിച്ച പിതാവ് ആര്യാടൻ മുഹമ്മദിന്റെ വഴിയിൽ കെപിസിസി ജനറൽ സെക്രട്ടറിയായി ആര്യാടൻ ഷൗക്കത്ത്. തെരഞ്ഞെടുപ്പിൽ നിലമ്പൂർ സീറ്റ് നിഷേധിച്ചപ്പോൾ പകരം നൽകിയ ഡി.സി.സി പ്രസിഡന്റ് സ്ഥാനം തട്ടിപ്പറിച്ചെടുത്ത നേതൃത്വം ഒടുവിൽ കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം നൽകുമ്പോൾ അത് അർഹതയുടെ അംഗീകാരം കൂടിയായി മാറുകയാണ്.

1978ൽ എ.കെ ആന്റണി കെപിസിസി പ്രസിഡന്റായപ്പോൾ സംഘടനാചുമതലയും കെപിസിസി ഓഫീസിന്റെയും ചുമതലയുണ്ടായിരുന്ന ജനറൽ സെക്രട്ടറിയായിരുന്നു ആര്യാടൻ മുഹമ്മദ്. അന്ന് കെപിസിസിസിക്ക് കേവലം നാല് ജനറൽ സെക്രട്ടറിമാർ മാത്രമാണുണ്ടായിരുന്നത്. ആന്റണിക്കൊപ്പം നീണ്ട 13 വർഷമാണ് ആര്യാടൻ കെപിസിസി ജനറൽ സെക്രട്ടറിയായത്.

മലപ്പുറവും കോഴിക്കോടും വയനാടും ചേർന്ന അവിഭക്ത കോഴിക്കോട് ഡി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന ആര്യാടൻ മുഹമ്മദ് 1969തിൽ മലപ്പുറം ജില്ല രൂപീകരിച്ചതോടെ ആദ്യ മലപ്പുറം ഡി.സി.സി പ്രസിഡന്റുമായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ മത്സിക്കാൻ വി.വി പ്രകാശിന് സീറ്റു നൽകിയപ്പോൾ ആര്യാടൻ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കി. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ 20 ദിവസം കൊണ്ട് ആര്യാടൻ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കി പകരം വി.വി പ്രകാശിന് തന്നെ ഡി.സിസി പ്രസിഡന്റ് സ്ഥാനം നൽകി.

ഹൃദയാഘാതത്തെ തുടർന്ന് വി.വി പ്രകാശിന്റെ മരണത്തോടെ കെപിസിസി ജനറൽ സെക്രട്ടറി ഇ. മുഹമ്മദ്കുഞ്ഞിക്കായി താൽക്കാലിക ഡി.സി.സി പ്രസിഡന്റ് സ്ഥാനം. സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പിന്തുണയിൽ എ.പി അനിൽകുമാർ എംഎ‍ൽഎ ജില്ലയിലെ കോൺഗ്രസിന്റെ നേതൃത്വം പിടിച്ചെടുക്കാൻ നടത്തിയ നീക്കങ്ങളാണ് ആര്യാടൻ ഷൗക്കത്തിന് തിരിച്ചടിയായത്. ഡി.സി.സി പുനഃസംഘടനയിൽ ആര്യാടൻ ഷൗക്കത്തിനെ വെട്ടി പകരം വി എസ് ജോയിയെ മലപ്പുറം ഡി.സി.സി പ്രസിഡന്റാക്കുകയായിരുന്നു.

ഉമ്മൻ ചാണ്ടിയും എ ഗ്രൂപ്പും കടുത്ത നിലപാടെടുത്തതോടെയാണ് കെപിസിസി ജനറൽ സെക്രട്ടറിസ്ഥാനത്തേക്ക് ആര്യാടൻ ഷൗക്കത്തിനെ നിയോഗിച്ചത്. എ ഗ്രൂപ്പ് വിട്ട് എ.പി അനിൽകുമാറിനൊപ്പം പോയ കെപിസിസി ജനറൽ സെക്രട്ടറി ഇ.മുഹമ്മദ്കുഞ്ഞിക്ക് പുനഃസംഘടനയിൽ കെപിസിസി നിർവാഹക സമിതി അംഗത്വം പോലും ലഭിച്ചില്ല. കോൺഗ്രസ് പുനഃസംഘടന പ്രഖ്യാപിച്ചതിനാൽ വി എസ് ജോയിയെ ഡി.സി.സി പ്രസിഡന്റാക്കിയ എ.പി അനിൽകുമാറിന് ഡി.സി.സി പ്രസിഡന്റ് സ്ഥാനം നിലനിർത്തൽ വെല്ലുവിളിയാകും.

എ ഗ്രൂപ്പിന് മൃഗീയഭൂരിപക്ഷമുള്ള ജില്ലയാണ് മലപ്പുറം. കെ.കരുണാകരന്റെ കരുത്തിൽ എംപി ഗംഗാധരനും പി.ടി മോഹനകൃഷ്ണനും ഒന്നിച്ചുപൊരുതിയിട്ടും മലപ്പുറം ഡി.സി.സി പ്രസിഡന്റ് സ്ഥാനം ഐ ഗ്രൂപ്പിന് പിടിക്കാൻ കഴിഞ്ഞിരുന്നില്ല. ഐ ഗ്രൂപ്പിൽ എ.പി അനിൽകുമാറും യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി അജയ്‌മോഹനനും രണ്ടു തട്ടിലാണ്. അനിൽകുമാർ പ്രതിപക്ഷനേതാവ് വി.ഡി സതീശനൊപ്പം നിൽക്കുമ്പോൾ പി.ടി അജയ്‌മോഹൻ വിഭാഗം രമേശ് ചെന്നിത്തലക്കൊപ്പമാണ്. എ ഗ്രൂപ്പാവട്ടെ ആര്യാടന്റെ തണലിലും.

കേഡർ സംവിധാനമുള്ള എ ഗ്രൂപ്പിനെ മലപ്പുറത്ത് ഇപ്പോൾ ചലിപ്പിക്കുന്നത് ആര്യാടൻ ഷൗക്കത്താണ്. 15വർഷം ഡി.സി.സി പ്രസിഡന്റായിരുന്ന കെപിസിസി ജനറൽ സെക്രട്ടറി ഇ.മുഹമ്മദ്കുഞ്ഞിയെ കൈവിട്ടാണ് എ ഗ്രൂപ്പ് മലപ്പുറത്ത് ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ അണിനിരക്കുന്നത്. ആര്യാടൻ ഷൗക്കത്തിന് ഡി.സി.സി പ്രസിഡന്റ് സ്ഥാനം നിഷേധിച്ചതിൽ ശക്തമായ പ്രതിഷേധമാണ് ജില്ലയിലെ ഭൂരിഭാഗം ഡി.സി.സി ഭാരവാഹികളും ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരും കെപിസിസി, എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചത്.

നിലമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയർമായിരിക്കെ നൂതനമായ വിദ്യാഭ്യാസ, ആര്യോഗ്യ, സാമൂഹിക വികസന പദ്ധതികളിലൂടെ ഇന്ത്യയിലെ മികച്ച പഞ്ചായത്തും നഗരസഭയുമായി നിലമ്പൂരിനെ മാറ്റിയ കഴിവുറ്റ ഭരണാധികാരികൂടിയാണ് ആര്യാടൻ ഷൗക്കത്ത്. നിലവിൽ കെപിസിസി സാംസ്കാരിക വിഭാഗമായ സംസ്‌ക്കാര സാഹിതിയുടെ സംസ്ഥാന ചെയർമാനാണ്. മൂന്നു വർഷം കൊണ്ട് തെരുവുനാടകങ്ങളും കലാരൂപങ്ങളുമായി കാസർകോട്ടുനിന്നും തിരുവനന്തപുരത്തേക്ക് സംസ്‌ക്കാര സാഹിതിയുടെ അഞ്ച് കലാജാഥകൾ നടത്തിയ മികച്ച സംഘാടകൻകൂടിയാണ്.

രാജീവ്ഗാന്ധി പഞ്ചായത്തീരാജ് സംഘധൻ മുൻ ദേശീയ കൺവീനർകൂടിയാണ്. കോൺഗ്രസ് നേതാവ് എന്നതിനപ്പുറം സംസ്ഥാന, ദേശീയ അവാർഡ് ജോതാവായ സിനിമാ കഥാ, തിരക്കഥാകൃത്തും നിർമ്മാതാവും കൂടിയാണ്. പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തിൽ, വിലാപങ്ങൾക്കപ്പുറം എന്നീ മൂന്ന് സിനിമകൾക്ക് മികച്ച കഥക്കും തിരക്കഥക്കും സിനിമക്കുമുള്ള സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നാലാമത്തെ സിനിമയായ വർത്തമാനത്തിലൂടെ കാമ്പസുകളിലെ വെറുപ്പിന്റെ രാഷ്ട്രീയത്തെയാണ് ചോദ്യം ചെയ്തത്.

പതിനാലാം വയസിൽ മാനവേദൻ സ്‌കൂളിൽ പാർലമെന്റ് ലീഡറായ ഷൗക്കത്ത്, കെ.എസ്.യു ഏറനാട് താലൂക്ക് സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹി, കെപിസിസി മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബും സി.കെ ഗോവിന്ദൻനായരും ഉയർത്തിപ്പിടിച്ച അടിയുറച്ച മതേതരനിലപാടും സോഷ്യലിസ്റ്റ് നയങ്ങളുമായി കോൺഗ്രസിനെ വളർത്താൻ വിശ്രമമില്ലാത്ത പ്രവർത്തനമുണ്ടാകുമെന്ന ഉറപ്പാണ് ആര്യാടൻ ഷൗക്കത്ത് നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP