Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

മുസ്ലീങ്ങൾ രാജ്യം വിടേണ്ടി വരുമെന്ന തരത്തിലുള്ള പ്രചാരണം ചെറുക്കണം; പൗരത്വം നൽകുന്നതിൽ നിന്ന് അഭയാർഥികളായ മുസ്ലീങ്ങളെ ഒഴിവാക്കിയതാണ് ചോദ്യം ചെയ്യപ്പെടേണ്ടത്; ഹിന്ദുക്കളെ മുഴുവൻ ശത്രുക്കളായി കണ്ടുള്ള സമരരീതി തിരിച്ചടിക്കും; എസ്ഡിപിഐയും വെൽഫയർ പാർട്ടിയും രാഷ്ട്രീയ മുതലെടുപ്പിന് നോക്കുമ്പോൾ സിപിഎമ്മിന്റെ ലക്ഷ്യം മുസ്ലിം വോട്ട് ബാങ്ക്; ലീഗിന്റെ പേടി പരമ്പരാഗത വോട്ടുകൾ തീവ്രവാദ സംഘടനകൾ കൈക്കലാക്കുമെന്നും; ജന്മഭൂമി അഭിമുഖത്തിൽ എല്ലാം തുറന്നടിച്ച് ആര്യാടൻ മുഹമ്മദ്

മുസ്ലീങ്ങൾ രാജ്യം വിടേണ്ടി വരുമെന്ന തരത്തിലുള്ള പ്രചാരണം ചെറുക്കണം; പൗരത്വം നൽകുന്നതിൽ നിന്ന് അഭയാർഥികളായ മുസ്ലീങ്ങളെ ഒഴിവാക്കിയതാണ് ചോദ്യം ചെയ്യപ്പെടേണ്ടത്; ഹിന്ദുക്കളെ മുഴുവൻ ശത്രുക്കളായി കണ്ടുള്ള സമരരീതി തിരിച്ചടിക്കും; എസ്ഡിപിഐയും വെൽഫയർ പാർട്ടിയും രാഷ്ട്രീയ മുതലെടുപ്പിന് നോക്കുമ്പോൾ സിപിഎമ്മിന്റെ ലക്ഷ്യം മുസ്ലിം വോട്ട് ബാങ്ക്; ലീഗിന്റെ പേടി പരമ്പരാഗത വോട്ടുകൾ തീവ്രവാദ സംഘടനകൾ കൈക്കലാക്കുമെന്നും; ജന്മഭൂമി അഭിമുഖത്തിൽ എല്ലാം തുറന്നടിച്ച് ആര്യാടൻ മുഹമ്മദ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുസ്ലിം മതവിശ്വാസികൾ രാജ്യത്തിന് പുറത്തേക്ക് പോകേണ്ടി വരുമെന്ന രീതിയിൽ നടക്കുന്ന പ്രചാരണത്തെ ചെറുക്കണമെന്ന് കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്. പൗരത്വം നൽകുന്നതിൽ നിന്ന് അഭയാർത്ഥികളായ മുസ്ലിങ്ങളെ ഒഴിവാക്കിയതാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. അതിന് പകരം നിലവിലെ പൗരന്മാരെയടക്കം ആശങ്കയിലേക്ക് തള്ളി വിടുന്ന രീതിയിൽ അസത്യങ്ങൾ പ്രചരിപ്പിക്കുന്നതാണ് പ്രശ്നം. ഇത് സമരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സത്യം തിരിച്ചറിയുമ്പോൾ ഇത്രയും നാൾ കള്ളം പറഞ്ഞവരെ ഈ ജനസമൂഹം തള്ളിപ്പറയും. നിയമഭേദഗതിയിലെ കാതലായ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുള്ള സമരമാണ് നടത്തേണ്ടത്. ഹിന്ദുക്കളെ മുഴുവൻ ശത്രുക്കളായി കണ്ടുള്ള സമരരീതി രാജ്യത്തിന്റെ മതേതര മൂല്യങ്ങളെ ഇല്ലാതാക്കുന്നതിന് തുല്യമാണ്. 'ജന്മഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ആര്യാടൻ മുഹമ്മദ് ഇക്കാര്യങ്ങൾ തുറന്നടിച്ചത്.

എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും പൗരത്വ നിയമത്തിനെതിരെയുള്ള സമരം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണ്. മുസ്ലിം വോട്ടുകളിൽ ആകൃഷ്ടരായ സിപിഎമ്മും ഇവർക്ക് പിന്തുണ നൽകുകയാണെന്നും ആര്യാടൻ കുറ്റപ്പെടുത്തി. അതേസമയം, അഭയം തേടിയെത്തുന്നവർക്കെല്ലാം പരിശോധനകൾക്ക് ശേഷം പൗരത്വം നൽകണമെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം മത വിശ്വാസിയായിട്ടും മുസ്ലിമായി അംഗീകരിക്കപ്പെടാത്ത ആയിരങ്ങൾ പാക്കിസ്ഥാനിലുണ്ട്. അവർ നമ്മുടെ രാജ്യത്തേക്ക് വരാൻ താൽപര്യം കാണിച്ചാൽ അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. വിഭജനത്തിന്റെ പേരിൽ ഒരുവിഭാഗത്തെ മാറ്റി നിർത്തുന്നത് ശരിയല്ല. മഹാത്മാ ഗാന്ധിജിയുടെ വീക്ഷണത്തിലാകണം പൗരത്വ പ്രശ്നം പരിഗണിക്കേണ്ടത്.

Stories you may Like

പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള സമരം അതിരുവിടരുത്. സമരം ചെയ്യാൻ ആർക്കും അവകാശമുണ്ട്. പക്ഷേ അത് സഹജീവികളെ ഉപദ്രവിച്ചാവരുത്. കുടിവെള്ളം മുട്ടിച്ചും, വഴി തടഞ്ഞും, സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുമുള്ള സമരങ്ങൾ വലിയ അപകടം ക്ഷണിച്ചു വരുത്തും. വർഗീയതയെ നേരിടേണ്ടത് വർഗീയത കൊണ്ടല്ല. വർഗീയതയെ നേരിടാനുള്ള നല്ല ആയുധം മതേതരത്വമാണ്. പൗരത്വ സമരം രാഷ്ട്രീയ പാർട്ടികൾക്ക് വലിയ ക്ഷീണമാണ് സമ്മാനിക്കുന്നത്. സമരങ്ങൾക്കിടയിൽ നുഴഞ്ഞു കയറുന്ന വർഗീയ ശക്തികൾ മനഃപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതൊരിക്കലും അംഗീകരിക്കാനാവില്ല. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമടക്കം എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ സമരം വിജയിക്കൂ. പൗരത്വ നിയമ ഭേദഗതിയെ ശക്തമായി എതിർക്കുന്ന ഒരുവിഭാഗം ഹിന്ദുക്കൾ സമൂഹത്തിന്റെ വിവിധ തലങ്ങളിലുണ്ട്. ഇവരെയടക്കം ശത്രുക്കളായി പ്രഖ്യാപിച്ച് വർഗീയമായ രീതിയിൽ നടക്കുന്ന സമരം ഗുണത്തേക്കാൾ ഏറെ ദോഷമാണ്.

പൗരത്വ നിയമ ഭേദഗതിയിലെ അപാകതയേക്കാൾ മുസ്ലിം ലീഗ് ഭയക്കുന്നത് അവരുടെ പരമ്പരാഗത വോട്ടുകൾ തീവ്രവാദ സംഘടനകൾ കൈക്കലാക്കുമോയെന്ന കാര്യത്തിലാണ്. എസ്ഡിപിഐ, വെൽഫെയർ പാർട്ടി എന്നിവരുടെ സമരങ്ങളെ തുടക്കത്തിലേ വെട്ടാൻ ലീഗ് ശ്രമിച്ചിരുന്നു. മുസ്ലിങ്ങളുടെ സംരക്ഷകർ എക്കാലവും തങ്ങൾ തന്നെയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ലീഗ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വേഗം സുപ്രീംകോടതിയെ സമീപിച്ചതും മറ്റും.പൗരത്വ ഭേദഗതിക്കെതിരെ തീവ്രസ്വഭാവമുള്ള സംഘടനകളെ വരെ കൂട്ടുപിടിച്ച് സമരം ചെയ്യുന്ന സിപിഎമ്മിന്റെ യഥാർത്ഥ ലക്ഷ്യം മുസ്ലിം വിശ്വാസികളെ സംരക്ഷിക്കുകയെന്നതല്ല. വരാൻ പോകുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് ഉറപ്പിക്കുകയെന്നതാണ്്. ഈ സമരത്തിന് ശേഷം ഏറ്റവും കൂടുതൽ നഷ്ടം സംഭവിക്കാൻ പോകുന്ന പാർട്ടിയും സിപിഎമ്മായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

യോഗം നടത്താനുള്ള അവകാശം ബിജെപിക്ക് മാത്രം അത് നിഷേധിക്കുന്നത് മര്യാദകേടാണ്. തിരൂരിൽ ബിജെപി യോഗം നടത്തിയപ്പോൾ ഹർത്താൽ ആചരിച്ചത് അംഗീകരിക്കാനാവില്ല. കടകളടച്ചും ബസുകളടക്കം ഓടാതെയും നടത്തിയ പ്രതിഷേധത്തിന് പിന്നിൽ സാമൂഹ്യവിരുദ്ധരാണെന്നും ആര്യാടൻ ആരോപിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP