Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാർത്തികേയനുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രിയും ആന്റണിയും; രണ്ടാം സ്ഥാനമായതിൽ നിരാശയെന്ന് രാജഗോപാൽ; പണമിറക്കിയുള്ള വിജയമെന്ന് പിണറായി; അഴിമതിപ്പണം ഒഴുക്കി നേടിയ വിജയമെന്ന് വി എസ്‌

കാർത്തികേയനുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രിയും ആന്റണിയും; രണ്ടാം സ്ഥാനമായതിൽ നിരാശയെന്ന് രാജഗോപാൽ; പണമിറക്കിയുള്ള വിജയമെന്ന് പിണറായി; അഴിമതിപ്പണം ഒഴുക്കി നേടിയ വിജയമെന്ന് വി എസ്‌

തിരുവനന്തപുരം: അരുവിക്കരയിൽ നേടിയ വിജയം സിപിഎമ്മിനേറ്റ കനത്ത തിരിച്ചടിയാണ്. എന്നാൽ, വിജയത്തിന് പിന്നിൽ ജാതിമത ശക്തികളാണെന്ന് ആരോപിച്ച് സിപിഐ(എം) രംഗത്തെത്തി. ഭരണം ഉപയോഗിച്ച് ജാതിമത ശക്തികളെ യുഡിഎഫിന്റെ പിന്നിൽ അണിനിരത്തിയതിന്റെ വിജയമാണ് അരുവിക്കരയിൽ ഉണ്ടായത്. അധികാരവും പണവും മദ്യവും ഉപയോഗിച്ച് പ്രലോഭനങ്ങളിലൂടെ നേടിയ വിജയമാണിത്. തെരഞ്ഞെടുപ്പുഫലം പാർട്ടി വിശദമായി പരിശോധിക്കുമെന്ന് സിപിഐ(എം) പ്രസ്താവനയിൽ അറിയിച്ചു.

ബിജെപിയുടെ വോട്ടിൽ വന്ന വർദ്ധനവ് കേരളത്തിൽ വർഗീയ ചേരിതിരിവ് യുഡിഎഫ് ഭരണത്തിൽ ശക്തിപ്പെട്ടിരിക്കുകയാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഇതൊരു മുന്നറിയിപ്പാണ്. ഇതിനെതിരെ കേരളം ജാഗ്രത പാലിക്കണം. ജാതിമത ശക്തികൾ ചേരിതിരിഞ്ഞ് വരുന്ന ഈ ധ്രൂവീകരണത്തിനെതിരെ ഇടതുപക്ഷ ജനാധിപത്യമതനിരപേക്ഷ കക്ഷികളുടെ വിശാലമായ യോജിപ്പ് വളർത്തിയെടുത്തുകൊണ്ട് ഈ വെല്ലുവിളിയെ നേരിടാനുള്ള ദൗത്യം സിപിഐ (എം) ഏറ്റെടുക്കും.

ഈ ജനവിധി യുഡിഎഫ് ഗവൺമെന്റിന് ലഭിച്ച അംഗീകാരമല്ല. യുഡിഎഫിന് 39.66 ശതമാനം വോട്ട് മാത്രമേ ലഭിച്ചിട്ടുള്ളൂ. ഭൂരിപക്ഷം ജനങ്ങളും യുഡിഎഫിനെതിരെയാണ് വിധിയെഴുതിയിട്ടുള്ളത്. സർക്കാരിനെതിരെ ചിന്തിക്കുന്ന ജനവിഭാഗങ്ങളിൽ ഭിന്നത സൃഷ്ടിച്ചുകൊാണ് യു.ഡി.എഫ് ഈ വിജയം നേടിയത്. ഈ വിജയത്തിന്റെ മറവിൽ അഴിമതിയും ജനവിരുദ്ധ നിലപാടുകളും മുന്നോട്ടുകൊണ്ടുപോകാനുള്ള യുഡിഎഫിന്റെ ഏതൊരു നീക്കത്തിനെതിരെയും ശക്തമായ ചെറുത്തുനിൽപ്പ് സിപിഐ എം സംഘടിപ്പിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

ഇത് അച്ഛന്റെ വിജയം; അച്ഛനെ സ്‌നേഹിച്ച ജനത്തിന്റെ വിജയം: ശബരിനാഥൻ

അരുവിക്കരയിലുണ്ടായ വൻ വിജയം തന്റെ അച്ഛൻ ജി. കാർത്തികേയന്റെ വിജയമാണെന്നു കെ.എസ്. ശബരീനാഥൻ പ്രതികരിച്ചു. അച്ഛൻ ചെയ്ത കാര്യങ്ങൾ ജനങ്ങൾ സ്വീകരിച്ചതിനു തെളിവാണ് ഈ വൻ ഭൂരിപക്ഷം. അച്ഛന്റെ ആത്മബന്ധം മുന്നോട്ടുകൊണ്ടുപോകണമെന്ന ജനങ്ങളുടെ ആഗ്രഹമാണിത്. യുഡിഎഫ് സർക്കാർ മുന്നോട്ടുപോകണമെന്ന ആഗ്രഹം കേരള ജനതയ്ക്കുണ്ട്. താഴേത്തട്ടുമുതലുള്ള പ്രവർത്തനത്തിന്റെ ഫലമാണ് ഈ വിജയം. നല്ലതേ സംഭവിക്കൂ എന്ന് ആദ്യംമുതൽ അറിയാമായിരുന്നു. പാർട്ടി അംഗങ്ങളോടും കടപ്പാടുണ്ട്. കോരിച്ചൊരിയുന്ന മഴയത്തുപോലും ജനമെത്തി വോട്ട്‌ചെയ്തു. റോഡ് വികസനമടക്കമുള്ള പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകും. പുതിയ ചില പദ്ധതികളും പ്ലാൻ ചെയ്യുന്നുണ്ടെന്നും ശബരീനാഥൻ പറഞ്ഞു.

പരാജയം രാഷ്ട്രീയമല്ല: വിജയകുമാർ

എൽഡിഎഫ് പരാജയം അപ്രതീക്ഷിതമാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എം വിജയകുമാർ പറഞ്ഞു. ഇതു രാഷ്ട്രീയ കാരണത്താലല്ല. ഒരുപാടു കാര്യങ്ങൾ പഠിക്കാനുണ്ട്. അതു പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം സ്ഥാനം നേടാത്തതിൽ നിരാശ: രാജഗോപാൽ

അഭിമാനകരമായ നേട്ടമാണു ബിജെപിക്കുണ്ടായിരിക്കുന്നതെന്ന് ഒ രാജഗോപാൽ പ്രതികരിച്ചു. കുച്ചുകൂടി വോട്ടുകൾ നേടാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം സ്ഥാനത്ത് എത്താൻ സാധിക്കാത്തതിൽ നിരാശയുണ്ടെന്ന് രാജഗോപാൽ പ്രതികരിച്ചു.

കാർത്തികേയന് ജനങ്ങൾ നൽകിയ ആദരാഞ്ജലിയെന്ന് മുഖ്യമന്ത്രി

മുൻ സ്പീക്കർ ജി.കാർത്തികേയന് ജനങ്ങൾ നൽകിയ ആദരാഞ്ജലിയാണ് അരുവിക്കരയിലെ വിജയമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വിജയത്തിന് പിന്നിലെ പ്രധാന ഘടകം യു.ഡി.എഫിന്റെ ഒറ്റക്കെട്ടായ പ്രവർത്തനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരീനാഥിന് അഭിനന്ദനമറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് സർക്കാരിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പെന്ന് താൻ നേരത്തേ പറഞ്ഞിരുന്നു. ചെറിയ ഭൂരിപക്ഷത്തിലാണ് തന്റെ സർക്കാർ ഭരണം തുടങ്ങിയത്. ഇതുവരെ ഒരു മന്ത്രിയേയും തള്ളിപ്പറയേണ്ടി വന്നിട്ടില്ല. എല്ലാം പരസ്പരം ചർച്ച ചെയ്താണ് മുന്നോട്ടു നീങ്ങിയത്.

മദ്യമൊഴുക്കിയാണ് അരുവിക്കരയിൽ ജയിച്ചുകയറിയതെന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണ്. എല്ലാം ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിന്റെ വിജയമെന്ന് ആന്റണി

അരുവിക്കരയിലെ വിജയം സർക്കാരിന്റെ വിജയമെന്ന് എ.കെ ആന്റണി. കനത്ത മഴയെ അവഗണിച്ച് വോട്ടു ചെയ്യാനെത്തിയ ജനങ്ങളോടാണ് താൻ ആദ്യം നന്ദി പറയുന്നതെന്നും ആന്റണി പറഞ്ഞു.

ചരിത്രവിജയമാണ് അരുവിക്കരയിലേത്. കുടുംബാംഗത്തേപ്പോലെ തങ്ങൾക്കൊപ്പം നിന്ന, കേരള രാഷ്ട്രീയം കണ്ട മാന്യതയുടേയും മര്യാദയുടേതും പ്രതീകവുമായ കാർത്തികേയനോടുള്ള ആദരവാണ് ഇവിടെ പ്രതിഫലിച്ചത്. ശബരീനാഥനിലൂടെ അവർ കാർത്തികേയനെ കണ്ടു.

മാർക്‌സിസ്റ്റുകാരുടെ ജനങ്ങൾക്ക് സ്വീകാര്യമല്ലാത്ത നടപടികളോടുള്ള പ്രതികരണമാണിത്. അവരെ രാഷ്ട്രീയ വനവാസത്തിലേക്ക് വിടാനുള്ള കേരള ജനതയുടെ തീരുമാനത്തിന്റെ സൂചന കൂടിയാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്നും ആന്റണി പറഞ്ഞു.

 അഴിമതിപ്പണം ഒഴുക്കി നേടിയ വിജയം: വി എസ്

അഴിമതിയിലൂടെ ഉണ്ടാക്കിയ കോടിക്കണക്കിന് രൂപ ഉണ്ടാക്കിയ യു.ഡി.എഫ് ഉപതിരഞ്ഞെടുപ്പിൽ ചെലവഴിച്ച് നേടിയതാണ് അരുവിക്കരയിലെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ പറഞ്ഞു. ഇതോടൊപ്പം ന്യൂനപക്ഷ പ്രീണനവും യു.ഡി.എഫ് നടത്തിയെന്ന് വി എസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാൻ ശ്രമിച്ചത് ബിജെപിക്ക് ഗുണം ചെയ്തു എന്നും വി എസ് പറഞ്ഞു. ഇത് കണിശമായി ജനങ്ങൾക്ക് പഠിക്കാനും അഴിമതി വീരന്മാരെ കൈകാര്യം ചെയ്യാനുമുള്ള അവസരമാണെന്നും വി എസ് പറഞ്ഞു.

പണമിറക്കി നേടിയ വിജയമെന്ന് പിണറായി

യുഡിഎഫ് പണമിറക്കി നേടിയ വിജയമാണ് അരുവിക്കരയിലേതെന്ന് സിപിഐ(എം) പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ പ്രതികരിച്ചു. ആർക്കും എന്തും ചെയ്യാമെന്ന അവസ്ഥ അരുവിക്കരയിലുണ്ടായിരുന്നു. ഒട്ടേറെ വാർത്തകൾ മുഖ്യമന്ത്രിയുടെ യോഗത്തിൽനിന്നടക്കമുള്ള കാര്യങ്ങൾ പുറത്തുവന്നതാണ്. ഇങ്ങനെയെല്ലാമുള്ള നീക്കങ്ങളുടെ ഭാഗമായി ആസൂത്രിതമായ രീതിയിൽത്തന്നെ പണമിറക്കി. അത് പലതലങ്ങളിൽ പ്രകടമായിരുന്നു. പണമിറക്കിയാലും ജനവികാരത്തെ അട്ടിമറിക്കാൻ കഴിയുമോയെന്ന സംശയമായിരുന്നു തെരഞ്ഞെടുപ്പു രംഗത്ത് പ്രവർത്തിക്കുമ്പോഴുണ്ടായിരുന്നത്.

കേരളത്തിലെ പ്രബലമായ ചില സാമൂഹിക ശക്തികളിൽ ചിലതിനെ വിലക്കെടുക്കാൻ കഴിഞ്ഞതിന്റെ പ്രതിഫലനം ഇതിൽ കാണാൻ കഴിയും. യുഡിഎഫ് മുന്നിട്ടുനിൽക്കുന്നത് കേരളത്തിന്റെ ആകെ വികാരമായി കാണേണ്ടതില്ല. യുഡിഎഫിനു വിജയിക്കാൻ കഴിഞ്ഞു. ജനവിധി അംഗീകരിക്കുന്നു. എൽഡിഎഫിനെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുപോകാനുള്ള നടപടികൾ സ്വീകരിക്കും. യുഡിഎഫിനു വിജയിച്ചുവരാൻ കഴിയുമെന്ന് ഇതിന്റെ അടിസ്ഥാനത്തിൽ കണക്കുകൂട്ടാൻ കഴിയില്ല. തകരുന്ന മുന്നണി എല്ലാ ചട്ടങ്ങളും ലംഘിച്ച് നടത്തിയ പ്രവർത്തനത്തിന്റെ ഫലമായുണ്ടാക്കാൻ കഴിയുന്ന വിജയമാണ് -പിണറായി പറഞ്ഞു.

ആറാമത്തെ വട്ടവും കാർത്തികേയൻ വിജയിച്ചെന്ന് സുലേഖ

അരുവിക്കര: ശബരീനാഥന് അവസരം നൽകിയതിലൂടെ അരുവിക്കര ആറാമത്തെ വട്ടവും കാർത്തികേയനെ വിജയിപ്പിച്ചുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ സുലേഖ. കാർത്തികേയന്റെ ആത്മാവിനെ വേദനിപ്പിച്ച ആരോപണങ്ങൾക്ക് ജനങ്ങൾ നൽകിയ മറുപടിയാണ് ഈ വിജയമെന്നും അവർ പറഞ്ഞു.

കാർത്തികേയൻ മരിച്ചയുടൻ അരുവിക്കരയിലെ വികസന പ്രവർത്തനങ്ങൾകൊണ്ട് നിറഞ്ഞ മാദ്ധ്യമങ്ങൾ മൂന്നു മാസത്തിന് ശേഷം ഇവിടെ വികസനമില്ലെന്ന് ചർച്ച ചെയ്യുന്നത് കാണേണ്ടി വന്നു. ആരോപണത്തെ വെറും ആരോപണമായി കണ്ട ജനങ്ങൾ കണ്ണിൽ കണ്ട സത്യത്തെ അംഗീകരിച്ചുവെന്നും സുലേഖ പറഞ്ഞു. അരുവിക്കര മണ്ഡലത്തിലെ ഏറ്റവും നല്ല റോഡുകൾ മറച്ചു വച്ച് മോശമായ രണ്ടോ മൂന്നോ റോഡുകളെ ഉയർത്തിക്കാണിച്ചായിരുന്നു പ്രതിപക്ഷ പ്രചാരണം. അതിനുള്ള മറുപടിയായിരുന്നു തിരഞ്ഞെടുപ്പ് ഫലം. വികസന കാര്യങ്ങളിൽ എന്ത് ചെയ്യണമെന്ന് ശബരീനാഥന് താൻ പറഞ്ഞു കൊടുക്കേണ്ടതില്ലെന്നും അവർ പറഞ്ഞു.

അഴിമതി വിരുദ്ധ മുന്നണി പിരിച്ചുവിടണോ എന്ന്  രണ്ട്  ദിവസത്തിനകം തീരുമാനിക്കും: പി സി ജോർജ്ജ്

അഴിമതി വിരുദ്ധ മുന്നണി(എ.സി.ഡി.എഫ്) തുടരണോ അതോ പിരിച്ചുവിടണോ എന്ന് രണ്ട് ദിവസത്തിനുള്ളിൽ തീരുമാനിക്കുമെന്ന് പി.സി ജോർജ്. തന്റെ സ്ഥാനാർത്ഥിക്ക് കെട്ടിവച്ച കാശുപോലും കിട്ടാത്ത സാഹചര്യത്തിലായിരുന്നു ജോർജിന്റെ പ്രതികരണം. തന്റെ പാർട്ടിക്ക് കിട്ടേണ്ട വോട്ടുകൾ പണാധിപത്യത്തിലൂടെ വശീകരിച്ചെടുക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ വോട്ടുബാങ്കിലാണ് ചോർച്ചയുണ്ടായിരിക്കുന്നത്. കുടിലബുദ്ധിക്കാരനായ ഉമ്മൻ ചാണ്ടി ബിജെപി രണ്ടാം സ്ഥാനത്താകുമെന്ന് പറഞ്ഞത് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിന് കാരണമാക്കി. ഉമ്മൻ ചാണ്ടിക്ക് അവസരം മുതലാക്കാൻ കഴിഞ്ഞു. ആന്റണിയും സുധീരനും കൂടി വന്നതോടെ ജനങ്ങൾക്ക് വിശ്വാസമായി. തനിക്ക് ഇത് രാഷ്ട്രീയമായി തിരിച്ചടിയല്ലെന്നും ജോർജ് പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി നാലാം സ്ഥാനത്താകും എന്ന് അവകാശപ്പെട്ട് പോരാട്ടത്തിനിറങ്ങിയ പി.സി.ജോർജിന്റെ എ.സി.ഡി.എഫിന് കേവലം 1197 വോട്ട് മാത്രമാണ് കിട്ടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP