Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാവിലെ ആ സർട്ടിഫിക്കറ്റ് ഒറിജിനലെന്ന് പറഞ്ഞ് ഉറഞ്ഞുതുള്ളി! വൈകീട്ട് വ്യാജമെന്ന് തെളിഞ്ഞതോടെ ഏജന്റു മാഫിയയുടെ തലയിലിട്ട് ഉരുണ്ടുകളി; സഖാവിന്റെ സർട്ടിഫിക്കറ്റിൽ ആകെ വാദിച്ചു വിയർത്തു ആർഷോയും സംഘവും; കേരള വിസി മോഹനൻ കുന്നുമ്മൽ രാഷ്ട്രീയം കളിക്കുന്നെന്ന് പറഞ്ഞ് തടിയൂരാനും എസ്എഫ്‌ഐ ശ്രമം

രാവിലെ ആ സർട്ടിഫിക്കറ്റ് ഒറിജിനലെന്ന് പറഞ്ഞ് ഉറഞ്ഞുതുള്ളി! വൈകീട്ട് വ്യാജമെന്ന് തെളിഞ്ഞതോടെ ഏജന്റു മാഫിയയുടെ തലയിലിട്ട് ഉരുണ്ടുകളി; സഖാവിന്റെ സർട്ടിഫിക്കറ്റിൽ ആകെ വാദിച്ചു വിയർത്തു ആർഷോയും സംഘവും; കേരള വിസി മോഹനൻ കുന്നുമ്മൽ രാഷ്ട്രീയം കളിക്കുന്നെന്ന് പറഞ്ഞ് തടിയൂരാനും എസ്എഫ്‌ഐ ശ്രമം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കായംകുളത്തെ എസ്.എഫ്.ഐ. നേതാവ് നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് വിഷയത്തിൽ ആകെപെട്ട് ആർഷോയും സംഘവും. എംഎസ്എം കോളേജിലെ വിദ്യാർത്ഥിയുടെ സർട്ടിഫിക്കറ്റും വ്യാജമാണെന്ന് തെളിയുമ്പോഴാണ് എസ്എഫ്‌ഐ കൂടുതൽ പ്രതിരോധത്തിലാകുന്നത്. രാവിലെ നിഖിൽ തോമസിന്റെ ബി.കോം സർട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് വാദിച്ച ആർഷോക്കും സംഘത്തിനും വൈകുന്നേരത്തോടെ ഈ നിലപാട് തിരുത്തേണ്ടി വന്നു. ഇതോടെ ജാള്യത മറയ്ക്കാൻ ഏജന്റു മാഫിയയുടെ തലയിലിട്ടാണ് മലക്കം മറിച്ചിൽ. കേരളാ വിസി മോഹൻ കുന്നുമ്മൽ രാഷ്ട്രീയം കളിക്കുന്നുവെന്നും കുറ്റപ്പെടുത്തി. ഇതോടെ എസ്എഫ്‌ഐ ആകെ വാദിച്ചു വിയർത്ത അവസ്ഥയിലാണ്.

നിഖിൽ തോമസിന്റെ ബി.കോം സർട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയെന്ന് രാവിലെ പറഞ്ഞ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ വൈകിട്ടായതോടെ പുതിയ വിശദീകരണവുമായി രംഗത്തെത്തേണ്ടി വരുന്നു. നിഖിൽ തോമസ് സമർപ്പിച്ച ബി.കോം സർട്ടിഫിക്കറ്റിന് കേരള സർവകലാശാല നൽകിയ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ട കാര്യങ്ങളാണ് നേരത്തെ പറഞ്ഞതെന്നും അത് ഇപ്പോഴും അങ്ങനെ തന്നെയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വ്യാജ സർട്ടിഫിക്കറ്റാണെന്ന ആരോപണം ഉയർന്നുവന്നഘട്ടത്തിൽ തന്നെ ഇതുസംബന്ധിച്ച് പരിശോധിക്കുമെന്നാണ് പറഞ്ഞത്. ഞങ്ങൾ പരിശോധിച്ച കാര്യങ്ങളാണ് തിങ്കളാഴ്ച രാവിലെ മാധ്യമങ്ങളുമായി പങ്കുവെച്ചത്. ഞങ്ങൾക്ക് കലിംഗ യൂണിവേഴ്സിറ്റിയിൽ പോയി പരിശോധിക്കാൻ കഴിയില്ല. ഞങ്ങൾക്ക് സാധ്യമാകുന്നത് ആ സർട്ടിഫിക്കറ്റുകൾ നേരിട്ട് പരിശോധിക്കുക, അതുപോലെ തന്നെ സർവകലാശാലയിൽ സമർപ്പിച്ചതുമായി ബന്ധപ്പെട്ട് സർവകലാശാല അധികൃതരുമായി ബന്ധപ്പെടുക, ആ സർട്ടിഫിക്കറ്റ് പരിശോധിച്ച് യൂണിവേഴ്സിറ്റി നൽകിയ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് വസ്തുതയാണോ എന്നത് പരിശോധിക്കുക എന്നതൊക്കെയാണ്. ഇവയെല്ലാം പരിശോധിച്ചഘട്ടത്തിൽ ഞങ്ങൾക്ക് ബോധ്യപ്പെട്ടത് സർവകലാശാലയിൽ സമർപ്പിച്ചത് ഒറിജിനലാണെന്നും അത് അടിസ്ഥാനമാക്കി എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നൽകിയെന്നുമാണ്. അത് ഇപ്പോഴും അങ്ങനെ തന്നെയാണ്.

കലിംഗ സർവകലാശാലയിൽ ഈ വിദ്യാർത്ഥിക്ക് ഹാജരുണ്ടായിരുന്നോ എന്ന സംശയം ഞങ്ങളാണ് ആദ്യം ഉന്നയിച്ചത്. കേരളത്തിന് പുറത്തെ വിവിധ സർവകലാശാലകൾ ഈ വിധത്തിലുണ്ട്. ഇത് ഇന്നുണ്ടായതല്ല. കാലങ്ങളായി ഞങ്ങൾ ഉന്നയിക്കുന്ന ആക്ഷേപമാണിത്. പരീക്ഷ എഴുതിയാൽ മാത്രം സർട്ടിഫിക്കറ്റ് നൽകുന്ന സർവകലാശാലകൾ കേരളത്തിന് പുറത്തുണ്ടെന്ന് ഞങ്ങൾ നേരത്തെ ഉന്നയിച്ചതാണ്. യുകെ അടക്കമുള്ള രാജ്യങ്ങൾ കലിംഗയുടെ സർട്ടിഫിക്കറ്റ് നിരോധിച്ചിട്ടുണ്ട്. ഇതുപോലെയുള്ള സർവകലാശാലയിൽ എസ്.എഫ്.ഐ.യുടെ ഉത്തരവാദിത്തപ്പെട്ട ചുമതല വഹിച്ചിരുന്നയാൾ പഠിക്കാൻ പോകാമോ എന്നത് സംബന്ധിച്ച് ആത്മപരിശോധന നടത്തണമെന്നതിൽ തർക്കമില്ല.

ഇത് എസ്എഫ്ഐ പ്രവർത്തകനെ മാത്രം കേന്ദ്രീകരിച്ച് മുന്നോട്ടുപോകേണ്ട വിഷയമല്ല, ഏജന്റുമാരെ കേന്ദ്രീകരിച്ച് അന്വേഷിക്കണം. അത്തരം ആളുകൾക്കെതിരേ നടപടി വേണം. ഇക്കാര്യത്തിൽ മറ്റ് അന്വേഷണങ്ങൾ പൊലീസ് സംവിധാനം നടത്തണം. ആ അന്വേഷണം നടക്കണം. അതിഭീകരമായ മാഫിയ സംഘങ്ങളിലേക്കാണ് ഇത് എത്തിനിൽക്കുന്നത്. ആ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണം. കേരള സർവകലാശാല നൽകിയ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ഒറിജിനലാണ്. ആ വസ്തുതയുടെ കൂടെ അടിസ്ഥാനത്തിലാണ് ഇത് ഒറിജിനൽ സർട്ടിഫിക്കറ്റാണെന്ന വാദം മുന്നോട്ടുവെച്ചത്. ഇതിൽ ആധികാരികമായി വിവരം നൽകാൻ കഴിയുക യൂണിവേഴ്സിറ്റിക്കാണ്. വിദ്യാർത്ഥി സമർപ്പിച്ച സർട്ടിഫിക്കറ്റ് പരിശോധിച്ചാണ് കേരള സർവകലാശാല എലിജബിലിറ്റി സർട്ടിഫിക്കറ്റ് നൽകിയത്.

ഈ വിദ്യാർത്ഥി ഒരേസമയം രണ്ട് കോഴ്സുകളും ചെയ്തിട്ടുണ്ടെന്നാണ് രാവിലെ പറഞ്ഞത്. ഇത് ക്യാൻസൽ ചെയ്ത് അവിടെ ജോയിൻചെയ്തെന്ന് അല്ല പറഞ്ഞത്. വി സി. പറഞ്ഞ കാര്യങ്ങളെക്കുറിച്ച് വലിയ പരിശോധന നടത്തണം. എസ്.എഫ്.ഐ.ക്ക് അന്വേഷിക്കാൻ പറ്റുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണിത്. ഈ വിഷയത്തിൽ ഞങ്ങൾക്ക് പരിശോധിക്കാൻ സാധ്യമാകുന്നത് എലിജബിലിറ്റി സർട്ടിഫിക്കറ്റ് ഒറിജിനലാണോ എന്നതാണ്. സർട്ടിഫിക്കറ്റുകൾ സർവകലാശാല പരിശോധിച്ചാണ് എലിജിബിലിറ്റി നൽകേണ്ടത്. ആ എലിജബിലിറ്റി സർട്ടിഫിക്കറ്റ് പരിശോധിക്കാനേ സാധ്യമാകൂ. അങ്ങനെ ഞങ്ങൾ പരിശോധിച്ചു. അതിൽ എലിജിബലിറ്റി സർട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് മനസിലായി'', പി.എം. ആർഷോ പറഞ്ഞു.

കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലുമായി ബന്ധപ്പെട്ട് നിരവധി അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും അദ്ദേഹവും സമാന ആരോപണം നേരിടുന്നയാളാണെന്നും പി.എം. ആർഷോ പറഞ്ഞു. 1989 മുതൽ 91 വരെ രണ്ട് സർവകലാശലകളിൽ ഒരേസമയം പിജി ചെയ്തെന്ന് വി സി.ക്കെതിരേ ആരോപണംവരികയുണ്ടായി. അന്നും ഈ വിഷയങ്ങളുണ്ട്. ഇത് ഗൗരവതരമായി കൈകാര്യംചെയ്യേണ്ട വിഷയമാണ്. ഈ സർട്ടിഫിക്കറ്റ് നൽകാൻ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്നത് വസ്തുതയാണ്. അത് ചർച്ച ചെയ്യണം. ഇത്തരം മാഫിയ സംഘങ്ങളെ കേന്ദ്രീകരിച്ച് വലിയ അന്വേഷണം നടക്കണം. നിഖിൽ ആ മാഫിയയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷിക്കണം. മോഹനൻ കുന്നുമ്മൽ ആദ്യമായിട്ടല്ല രാഷ്ട്രീയം കളിക്കുന്നത്. ഈ വിഷയത്തിൽ വിസി രാഷ്ട്രീയം കളിച്ചോ എന്നത് പരിശോധിക്കണമെന്നും എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് വ്യാജമല്ലെന്നായിരുന്നു എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയുടെ വാദം. എന്നാൽ മണിക്കൂറുകൾക്കകം ഈ വാദങ്ങൾ പൊളിഞ്ഞു. നിഖിൽ മൂന്നുവർഷവും കായംകുളത്തെ കോളേജിൽ പഠിച്ചിട്ടുണ്ടെന്നും ഇയാൾ സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ പ്രഥമദൃഷ്ട്യ വ്യാജമാണെന്നാണ് കരുതുന്നതെന്നും കേരള സർവകലാശാല വൈസ് ചാൻസലർ വ്യക്തമാക്കി. രാവിലെ കായംകുളത്തും വൈകിട്ട് റായ്പുരിലും ഒരാൾക്ക് പഠിക്കാൻ കഴിയുമോ എന്നും അദ്ദേഹം പരിഹസിച്ചു. ഇതിനുപിന്നാലെയാണ് നിഖിൽ തോമസ് എന്ന വിദ്യാർത്ഥി തങ്ങളുടെ സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കലിംഗ സർവകലാശാല അധികൃതരും രംഗത്തെത്തിയത്. നിഖിൽ തോമസ് എന്ന വിദ്യാർത്ഥി ഇവിടെ പഠിച്ചിട്ടില്ലെന്നും സർവകലാശാലയിൽ പരീക്ഷ നടക്കുന്നത് സെമസ്റ്ററിലാണെന്നുമായിരുന്നു കലിംഗ സർവകലാശാല രജിസ്ട്രാറുടെ വിശദീകരണം.

അതേസമയം വ്യാജ ഡിഗ്രി വിവാദത്തിൽ എസ് എഫ് ഐ നേതാവ് നിഖിൽ തോമസിന് സസ്പെൻഷൻ ലഭിച്ചിട്ടുണ്ട്. നിഖിലിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് കായംകുളം എം എസ് എം കോളേജ് പ്രിൻസിപ്പൽ ഡോ മുഹമ്മദ് താഹ അറിയിച്ചു. സംഭവം അന്വേഷിക്കാൻ ആറംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ സമിതിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും താഹ വ്യക്തമാക്കി. കലിംഗ യൂണിവേഴ്സിറ്റിയുടെ പേരിലുള്ള ബി കോം സർട്ടിഫിക്കറ്റ് ആദ്യം കൊണ്ടുവരുന്നത് കോളേജിലേക്കല്ല. സർവകലാശാലയിൽ നിന്നും തുല്യത സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷമാണ് കോളേജിൽ അഡ്‌മിഷൻ എടുക്കുന്നതെന്നും താഹ പറഞ്ഞു. സർവകലാശാല നിയമങ്ങൾ അനുസരിച്ച് മാത്രമേ വിദ്യാർത്ഥിക്ക് പ്രവേശനം നൽകിയിട്ടുള്ളുവെന്നും പ്രിൻസിപ്പൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP