Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒടുവിൽ ജോസഫ് ഗ്രൂപ്പിലെ പിളർപ്പ് പൂർണ്ണമായി; മാണിക്കെതിരെ കടുത്ത വിമർശനവുമായി രാജി പ്രഖ്യാപിച്ച് ആന്റണിരാജു; ഫ്രാൻസിസ് ജോർജും പുറത്തേക്ക്; കെസി ജോസഫിനെ പിടിച്ചു നിർത്താൻ അവസാന ശ്രമം തുടരുന്നു

ഒടുവിൽ ജോസഫ് ഗ്രൂപ്പിലെ പിളർപ്പ് പൂർണ്ണമായി; മാണിക്കെതിരെ കടുത്ത വിമർശനവുമായി രാജി പ്രഖ്യാപിച്ച് ആന്റണിരാജു; ഫ്രാൻസിസ് ജോർജും പുറത്തേക്ക്; കെസി ജോസഫിനെ പിടിച്ചു നിർത്താൻ അവസാന ശ്രമം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനുള്ളിലെ പിജെ ജോസഫ് വിഭാഗത്തിലെ പിളർപ്പ് പൂർത്തിയായി. കെഎം മാണിക്കും ജോസ് കെ മാണിക്കും എതിരെ കടുത്ത ആരോപണവുമായി ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിലെ വിമതർ പാർട്ടിയിൽ നി്ന്ന് രാജിവച്ചു. മാണിയും മകനും നടത്തുന്നതു ബിജെപിയുമായുള്ള രഹസ്യബാന്ധവത്തിനുള്ള ശ്രമമാണു നടത്തുന്നതെന്ന് പിളർപ്പ് പ്രഖ്യാപിച്ച് ആന്റണി രാജു ആരോപിച്ചു. തെരഞ്ഞെടുപ്പു കഴിഞ്ഞാൽ ജോസ് കെ മാണി കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും അതിനുള്ള നീക്കങ്ങൾ നടത്തുകയാണെന്നും ആന്റണി രാജു പറഞ്ഞു.

ഫ്രാൻസിസ് ജോർജ്, ഡോ.കെ.സി.ജോസഫ്, പി.സി.ജോസഫ് എന്നിവരാണ് പാർട്ടി വിടുന്നതെന്ന് ആന്റണിരാജു വിശദീകരിച്ചു. പാർട്ടി വിടുന്നതായി ആന്റണി രാജു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പഴയ കേരളാ കോൺഗ്രസ്(ജെ) പുനരുജ്ജീവിപ്പിക്കുമെന്നും ഫ്രാൻസിസ് ജോർജായിരിക്കും ചെയർമാനെന്നും ആന്റണി രാജു പറഞ്ഞു. ഒമ്പതാം തീയതി പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ചേരും. രാജി തീരുമാനം വ്യക്തമാക്കി പിന്നീട് ഫ്രാൻസിസ് ജോർജും പത്രസമ്മേളനം നടത്തി. കെഎം മാണിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഫ്രാൻസിസ് ജോർജും നടത്തിയത്. ബാർ കോഴ വിവാദം കേരളാ കോൺഗ്രസ് പാർട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കിയെന്നും ഫ്രാൻസിസ് ജോർജ് വ്യക്തമാക്കി.

പാർട്ടി ചെയർമാൻ കെ.എം.മാണി അധികാരങ്ങൾ മകൻ ജോസ് കെ. മാണിയിലേക്കു കേന്ദ്രീകരിക്കാൻ ശ്രമിക്കുകയാണെന്ന് ആന്റണി രാജു ആരോപിച്ചു. പാർട്ടി ഉന്നതാധികാര സമിതിയിലെ ഏഴ് അംഗങ്ങളിൽ നാല് പേർ രാജിവച്ചു. മകനുവേണ്ടി മാണി പാർട്ടിയിലെ തഴക്കവും പഴക്കവും ചെന്ന നേതാക്കളെ തഴയുകയാണ്. മക്കൾ രാഷ്ട്രീയത്തിനു ഇരയാകാൻ വിധിക്കപ്പെട്ടവർക്കു മാത്രമേ കേരള കോൺഗ്രസ്-എമ്മിൽ തുടരാൻ കഴിയൂ എന്നും വിമതർ ആരോപിക്കുന്നു. ബാർ കോഴ ആരോപണത്തെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവച്ച മാണി പാർട്ടിയിലെ ഒരു എംഎൽമാർക്കും മന്ത്രിസ്ഥാനം നൽകാൻ തയാറായില്ല.

ആരെയും വിശ്വാസമില്ലാത്തതിനാലാണു മാണി പാർട്ടി മന്ത്രിസ്ഥാനം കോൺഗ്രസിനു നൽകിയത്. ബിജെപിയുമായി രഹസ്യനീക്കം മാണി നടത്തുന്നുണ്‌ടെന്നും ഫെബ്രുവരി രണ്ടിനു രാത്രി ജോസ് കെ. മാണി ഡൽഹിയിലെ അമിത് ഷായുടെ വസതിയിൽ എത്തി കൂടിക്കാഴ്ച നടത്തിയെന്നും വിമതർ ആരോപിച്ചു. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ജോസ് കെ. മാണി കേന്ദ്രമന്ത്രിസഭയിൽ സഹമന്ത്രിയാകുമെന്നും ആന്റണി രാജു പറഞ്ഞു. എൽഡിഎഫുമായി യാതൊരു ചർച്ചയും തങ്ങൾ നടത്തിയിട്ടില്ല. ഭാവി കാര്യങ്ങൾ ഈ മാസം ഒൻപതിനു ചേരുന്ന സംസ്ഥാന കമ്മിറ്റി തീരുമാനിക്കും. എൽഡിഎഫിൽനിന്നു വാഗ്ദാനങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. സീറ്റ് മോഹിച്ച് മറുപക്ഷത്ത് പോകുന്നവരല്ല തങ്ങൾ. ഒരു അധികാരസ്ഥാനവും ലഭിച്ചില്ലെങ്കിലും കുഴപ്പമില്ല: ആന്റണി രാജു പറഞ്ഞു.

അതിനിടെ എൽഡിഎഫുമായി സഹകരണത്തിന് ആലോചന തുടങ്ങിയെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു. ചർച്ചകളിൽ സംതൃപ്തിയുണ്ടെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. അതേസമയം, കേരള കോൺഗ്രസ് വിടുന്നതിന് മുന്നോടിയായി ഫ്രാൻസിസ് ജോർജ് കേരള ഫീഡ്‌സ് ചെയർമാൻ സ്ഥാനം രാജിവച്ചു. ഇരിങ്ങാലക്കുടയിലെ കേരള ഫീഡ്‌സ് ആസ്ഥാനത്തെത്തി കൃഷിവകുപ്പ് മന്ത്രി കെ.പി മോഹനന് രാജിക്കത്ത് ഫാക്‌സ് ചെയ്തു. അതിനിടെ ഡോക്ടർ കെസി ജോസഫിനെ പിടിച്ചു നിർത്താൻ പിജെ ജോസഫ് നേരിട്ട് ശ്രമം തുടങ്ങിയിട്ടുണ്ട്. കുട്ടനാട് സീറ്റ് ജോസഫിന് നൽകുമെന്നാണ് വാഗ്ദാനം. എന്നാൽ ചങ്ങനാശ്ശേരി വേണമെന്നാണ് ജോസഫിന്റെ ഉറച്ച നിലപാട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP